Tuesday 20 October 2020 04:12 PM IST

കാരം കലക്കിയ വെള്ളം കുടിപ്പിച്ച് അറവു മൃഗത്തിന് തൂക്കം കൂട്ടൽ, വെറും തറയിലിട്ട് കശാപ്പ്: ഈ മാംസം കഴിച്ചാൽ രോഗം ഉറപ്പ് ; മാംസവിൽപനയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...

Asha Thomas

Senior Sub Editor, Manorama Arogyam

meatst345

നല്ല കുരുമുളകിട്ട് വരട്ടിയ ബീഫ്... തേങ്ങാപ്പാലൊഴിച്ച് വച്ച നാടൻ ചിക്കൻ കുറുമ, നല്ല എരിവുള്ള പന്നിയിറച്ചി. മാംസത്തിലെ രുചിഭേദങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കേരളത്തിൽ 70 ശതമാനത്തോളം പേരും നോൺവെജിറ്റേറിയൻ പ്രിയരാണെന്നു കണക്കുകൾ പറയുന്നു. ക്രിസ്മസ്സും പുതുവർഷവും പോലുള്ള ആഘോഷാവസരങ്ങളിൽ വിറ്റഴിക്കപ്പെടുന്ന മാംസത്തിന്റെ മാത്രം കണക്കെടുത്താൽ തന്നെ മലയാളിയുടെ മാംസപ്രിയം മനസ്സിലാക്കാം.

എന്നാൽ ഏറെ കൊതിയോടെ നാം വീട്ടിലേക്കു കൊണ്ടുവരുന്ന മാംസം രോഗകാരണമായേക്കുമോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാം രുചിയോടെ കഴിക്കുന്ന ഇറച്ചി ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളിൽ അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെട്ട്, രോഗങ്ങളുടെ കൂമ്പാരമായാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് ഏറ്റവുമാദ്യം കണ്ട ചൈനയിലെ വൂഹാനിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ അവിടുത്തെ മാംസ–മത്സ്യ മാർക്കറ്റുകളിലൂടെയാകാം വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വുഹാനിലെ മാംസവ്യാപാര മാർക്കറ്റ് അടച്ചുപൂട്ടുകയും ചെയ്തു.

പക്ഷേ, ഇതാദ്യത്തെ സംഭവമല്ല. ഭ്രാന്തിപ്പശു രോഗം (2003), ബേഡ് ഫ്ളൂ (2005), സ്വൈൻ ഫ്ളൂ (2009) എന്നിങ്ങനെയുള്ള പകർച്ചവ്യാധികളെല്ലാം പടർന്നുപിടിച്ച കാലത്തേ, അശാസ്ത്രീയമായ മാംസവിൽപന മാരകരോഗങ്ങളിലേക്കുള്ള വാതിൽ തുറക്കാമെന്ന് നമുക്ക് മുന്നറിയിപ്പ് ലഭിച്ചതാണ്. രോഗങ്ങൾ വരുമ്പോൾ അതു നിയന്ത്രിക്കാനായി അപ്പപ്പോൾ രോഗമുള്ള മൃഗങ്ങളെ കൊന്നുതള്ളുകയല്ല വേണ്ടത്, മാംസവിൽപന കൂടുതൽ ശാസ്ത്രീയമായും വൃത്തിയോടെയും നടത്താനുള്ള നടപടികളാണ് വേണ്ടതെന്ന് നാം എന്നാണ് തിരിച്ചറിയുക?

മാംസത്തിൽ മയങ്ങും അപകടങ്ങൾ

‘‘അറക്കുന്നതിനു മുൻപ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ഘട്ടം തൊട്ട് രോഗപ്പകർച്ചയ്ക്കുള്ള സാധ്യത തുടങ്ങുന്നു. കൂട്ടത്തോടെ വണ്ടിയിൽ തിക്കിക്കയറ്റി കൊണ്ടുവരുമ്പോൾ പകർച്ചവ്യാധികൾ പകരാം.’’ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അസി. പ്രഫസർ ഡോ. രേണുക നായർ അശാസ്ത്രീയ മാംസവിൽപനയിലൂടെ പകരാവുന്ന രോഗങ്ങളെക്കുറിച്ച് പറയുന്നു. ‘‘ ചില മൃഗങ്ങൾക്ക് ടിബി, ആന്ത്രാക്സ് പോലുള്ള പകർച്ച വ്യാധികൾ കാണാം. ഇനി മാംസത്തിൽ സ്വതവേ തന്നെ ചില ബാക്ടീരിയകളും പരാദങ്ങളും വിരകളും ഉൾപ്പെടെയുള്ള രോഗാണുക്കളുണ്ടാകാം. വേണ്ടത്ര പരിശോധനകളില്ലാത്ത, അശാസ്ത്രീയമായ കശാപ്പിലൂടെ ഇവയൊക്കെ മനുഷ്യരിലേക്കു പകരാം. പച്ചമാംസം കൈകാര്യം ചെയ്യുന്ന പ്രതലങ്ങൾ, കത്തി പോലുള്ള ഉപകരണങ്ങൾ, വെള്ളം, സൂക്ഷിക്കുന്ന പാത്രം, കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ വൃത്തിയുള്ളതല്ലെങ്കിലും അപകടമാണ്.

കശാപ്പു നടത്തുന്ന ആളുകൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അവർ മാംസം കൈകാര്യം ചെയ്യുമ്പോൾ രോഗബാധയുണ്ടാകാം. അശാസ്ത്രീയമായ കശാപ്പു മൂലം മാംസത്തിന്റെ ഗുണമേന്മയിൽ കുറവു വരാം. വണ്ടിയിൽ തിക്കി ഞെരുക്കി കൊണ്ടുവന്ന് വെള്ളം പോലും നൽകാതെ കൊല്ലുന്നതും ഒന്നിന്റെ മുൻപിൽ വച്ച് മറ്റൊന്നിനെ കൊല്ലുന്നതും എല്ലാം മൃഗമാംസത്തിൽ ദോഷകരമായ രാസമാറ്റങ്ങൾക്ക് ഇടയാക്കും. ഇങ്ങനെ പിരിമുറുക്കം അനുഭവിച്ച മൃഗത്തിന്റെ മാംസത്തിന്റെ രുചിയിലും രൂപത്തിലും വ്യത്യാസം വരാം. അതിൽ സൂക്‌ഷ്മാണുക്കളുടെ അളവു കൂടാനും അതുകൊണ്ടു തന്നെ എളുപ്പം കേടായിപ്പോകാനും സാധ്യതയുണ്ട്. ’’ ഡോക്ടർ പറയുന്നു.

വേവിച്ചാലും തീരുന്നില്ല ദോഷങ്ങൾ

പലപ്പോഴും നമ്മൾ മാംസജന്യമായ രോഗങ്ങളിൽ നിന്നും രക്ഷപെടുന്നത് നമ്മുടെ പാചകരീതി കൊണ്ടാണെന്ന് ഡോക്ടർമാർ പറയാറുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ മാംസം വ്യത്യസ്ത രീതികളിൽ അവർ പാകപ്പെടുത്താറുണ്ട്. 52 ഡിഗ്രി വരെ മാത്രം വേവിച്ചുള്ള പാചകരീതികൾ പോലുമുണ്ട്. പക്ഷേ, നമ്മൾ പൊതുവേ വളരം ഉയർന്ന താപത്തിൽ ഏറെ നേരം വേവിച്ചേ ഇറച്ചി കഴിക്കാറുള്ളു. എന്നാൽ, നന്നായി വേവിച്ചതു കൊണ്ട് മാംസം നൂറുശതമാനം രോഗമുക്തമായി എന്നു തീർച്ചപ്പെടുത്താനാവില്ല എന്നു ഡോ. രേണുക പറയുന്നു. ‘‘ദീർഘനേരത്തെ പാചകത്തിനു ശേഷം ചില ബാക്ടീരിയകൾ നശിച്ചാലും അത് ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ മാംസത്തിൽ അവശേഷിക്കാം.നന്നായി വേവിക്കുന്നത് രോഗസാധ്യത കുറയ്ക്കും എന്നേ പറയാനാകൂ. ’’

പാലിക്കേണ്ട നിയമങ്ങൾ

ഇത്രയധികം അപകടസാധ്യതയുള്ള മാംസവിൽപനയിൽ യഥാർഥത്തിൽ നടക്കുന്നതെന്താണ്? കേര ളത്തിലെ മാംസവിൽപനയിൽ 90 ശതമാനവും ചെറുകിട ഇറച്ചിക്കടകളിലൂടെയാണ്. ഫ്രഷ് മാംസം ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. പക്ഷേ, അറവു മൃഗത്തെ തിരഞ്ഞെടുക്കുന്നതു മുതൽ കൊണ്ടുവരുന്നതിലും കൊല്ലുന്നതിലും വിൽക്കുന്നതിലും വരെ തുടർച്ചയായ നിയമലംഘനങ്ങളാണ് നടക്കുന്നത്. കാരം കലർത്തിയ വെള്ളം കുടിപ്പിച്ചു തൂക്കം വർധിപ്പിച്ചും വൃത്തിഹീനമായ സ്ഥലങ്ങളിൽ വെറും തറയിലിട്ട് കശാപ്പുനടത്തിയും അശാസ്ത്രീയമായ മാംസവിൽപന കൊഴുക്കുകയാണ്. ‘‘നഗ്നമായ നിയമലംഘനങ്ങളാണ് കേരളത്തിലെ മാംസവിൽപന മേഖലയിൽ നടക്കുന്നത്. പരമ്പരാഗതമായി ഈ തൊഴിലിലേക്ക് വരുന്നവരാണ് അധികവും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന 5000–ഒാളം തൊഴിലാളികൾക്ക് യാതൊരു പരിശീലനവും നൽകിയിട്ടില്ല. ’’ മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടറും പബ്ലിക് റിലേഷൻ ഒാഫിസറുമായ ഡോ. ഡി. ഷൈൻകുമാർ പറഞ്ഞുതുടങ്ങി.

‘‘പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യരുതെന്നാണ് ചട്ടം. പക്ഷേ, റയിൽവേ ട്രാക്കുകളും റബർ തോട്ടങ്ങളും പോലുള്ള സ്ഥലങ്ങളിൽ വച്ചുള്ള പ്രാകൃതമായ കശാപ്പാണ് പലയിടത്തും അനുവർത്തിക്കുന്നത്. അണുബാധയും പകർച്ചവ്യാധികളും കണ്ടെത്താനായി നിയമാനുസൃതം അറവിനു മുൻപും പിൻപും നടത്തേണ്ട ആന്റിമോർട്ടം–പോസ്റ്റ് മോർട്ടം പരിശോധനകൾ നടക്കുന്നില്ല. മിക്കയിടത്തും കോർപ്പറേഷൻ/നഗരസഭകൾ വെറ്ററിനറി സർജന്മാരെ നിയമിച്ചിട്ടില്ല. നിയമിച്ചിടത്താകട്ടെ, അംഗീകൃത കശാപ്പുശാലകൾ (സ്ലോട്ടർ ഹൗസ്) പ്രവർത്തിക്കുന്നില്ല. അറവിനുശേഷം മാംസത്തിൽ നഗരസഭ മുദ്ര പതിപ്പിക്കണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. കശാപ്പു നടത്തുന്നവർ രോഗമുക്തരാണെന്നുള്ള പരിശോധന നടത്തി ആരോഗ്യവകുപ്പിലെ അസി. സർജൻ സാക്ഷ്യപത്രം നൽകണമെന്നാണ്. ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ല എന്നാണ് സത്യം’’. അറവുശാലകളുടെ കാര്യത്തിലെ നഗ്നമായ നിയമലംഘനങ്ങൾ എണ്ണിയെണ്ണിപ്പറയുകയാണ് ഡോക്ടർ.

ഇറച്ചിക്കടകളുടെ മുൻപിൽ തന്നെ തൊലിയുരിഞ്ഞ മാംസം കെട്ടിത്തൂക്കുന്നതു നാമെല്ലാം കാണുന്നതാണ്. തെരുവോരങ്ങളിൽ ചോരയൊലിപ്പിക്കുന്ന മാംസം പ്രദർശിപ്പിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. തെരുവിൽ നിന്നും 30 മീറ്റർ അകലെയാകണം ഇറച്ചിക്കടകൾ എന്നു പഞ്ചായത്തീരാജ് ചട്ടത്തിലും പറയുന്നു. അതു മാത്രമല്ല പ്രശ്നം ഇങ്ങനെ മാംസം തുറന്നിടുന്നതുവഴി ഈച്ച പോലുള്ള രോഗവാഹകർ മാംസത്തെ മലിനമാക്കാം.

ലൈസൻസില്ലാതെ വിൽക്കുന്നവർ

കേരളത്തിൽ എത്ര അറവുശാലകളുണ്ടെന്നതിനു പോലും കൃത്യമായ കണക്ക് ലഭ്യമല്ല. ജേണൽ ഒഫ് ഡയറി, വെറ്ററിനറി ആൻഡ് ആനിമൽ റിസർച്ച് ജേണലിൽ 2016ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം 2100 അറവുശാലകളാണ് കേരളത്തിലുള്ളത്. അതിൽ 101 എണ്ണമേ അംഗീകൃതമായിട്ടുള്ളു. 1997 എണ്ണം നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്നവയാണ്. രണ്ടെണ്ണം മെക്കാനൈസ്ഡ് യൂണിറ്റുകളുമാണ്. 2013ൽ തിരുവനന്തപുരത്തെ എക്കണോമിക്സ് ആൻ‍് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം നടത്തിയ ഒരു സർവേയിൽ അറവുശാലകളിൽ ഭൂരിഭാഗവും യാതൊരു ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നു വെളിവായിരുന്നു.

സർവേ പ്രകാരം മാംസം–കോഴിയിറച്ചി വിൽപന കൈകാര്യം ചെയ്യുന്ന 15,680 യൂണിറ്റുകൾ കേരളത്തിലുണ്ട്. ഇതിൽ ഇറച്ചിക്കടകളും കോഴിക്കടകളും അറവുശാലകളും ഉൾപ്പെടുന്നു. അതിൽ 11,807 എണ്ണത്തിന് യാതൊരു ലൈസൻസും ഇല്ല. 807 യൂണിറ്റുകൾക്ക് മാലിന്യനിർമാർജനത്തിനു സൗകര്യമില്ല. 666 എണ്ണത്തിന് മാലിന്യസംസ്കരണ പ്ലാന്റില്ല. 14,867 യൂണിറ്റുകളിലും വെറ്ററിനറി സർജന്റെ മേൽനോട്ടമില്ല.

മാറേണ്ടതുണ്ട് നിയമം

വർഷംതോറും പുതിയ പകർച്ചവ്യാധികൾ ഭീഷണി ഉയർത്തിയിട്ടും, മാംസവിപണിയിലെ അശാസ്ത്രീയ പ്രവണതകളെ തടയാൻ പുതിയൊരു നിയമം പോലും വന്നിട്ടില്ല. കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരള പഞ്ചായത്തീ രാജ് റൂൾ (1996) ആണ് ഇപ്പോഴും ഇറച്ചിക്കടകളുടെയും അറവുശാലകളുടെയും പ്രവർത്തനത്തിന്റെ അടിസ്ഥാനനിയമം. കാലഹരണപ്പെട്ടുപോയ ആ നിയമം പോലും നടപ്പാകുന്നുമില്ല. പഞ്ചായത്തീ രാജ് നിയമം കുറേക്കൂടി വിശദമാകേണ്ടതുണ്ടെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ഡോ. പി. കെ. ജയശ്രീ ചൂണ്ടിക്കാണിക്കുന്നു. ‘‘ സാങ്കേതികമായ കാര്യങ്ങളിലും ശുചിത്വ സംബന്ധിയായ കാര്യങ്ങളിലും റൂളുകളിൽ പലതിനും വ്യക്തതയില്ല. എങ്ങനെ ശാസ്ത്രീയമായി കൊല്ലാം എന്നു ചട്ടത്തിൽ പറയുന്നില്ല. ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ എങ്ങനെ മറവു ചെയ്യണമെന്നില്ല. വെറ്ററിനറി ഡോക്ടർമാർ മൃഗപരിശോധന നടത്തണമെന്ന് ചട്ടത്തിലുണ്ടെങ്കിലും അവരുടെ നിർബന്ധിത ഡ്യൂട്ടി ആയി ഇതു നിജപ്പെടുത്തിയിട്ടില്ല. കോഴി, കാട, താറാവ് എന്നിങ്ങനെയുള്ള പക്ഷിമാംസത്തിന്റെ വിൽപന സംബന്ധിച്ച കാര്യങ്ങളേക്കുറിച്ച് റൂളിൽ പറയുന്നേയില്ല. സംസ്കരിച്ച മാംസ ഉൽപന്നങ്ങൾ, കോൾഡ് സ്േറ്റാറേജുകളിലെ മാംസവിൽപന ഇവയൊന്നും നിയമത്തിന്റെ പരിധിയിൽ ഇല്ല. ’’ ഡോ. ജയശ്രീ പറയുന്നു.

ദുരുപയോഗം ചെയ്യാവുന്ന ഒട്ടേറെ പഴുതുകൾ നിയമത്തിലുണ്ട്. ചില ഉദാഹരണങ്ങളിതാ. കശാപ്പിനു ലൈസൻസ് ലഭിക്കാൻ പ്രത്യേക യോഗ്യതയൊന്നും റൂളനുസരിച്ച് വേണ്ട. ഈ ആക്ടിന്റെ സമയത്ത് ഇത്ര ജനസാന്ദ്രത ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കശാപ്പുശാല തുടങ്ങുന്നതിനു മുൻപ് ഒരു പത്രപരസ്യം കൊടുക്കുക എന്നല്ലാതെ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. ആ പരസ്യം എങ്ങനെ നൽകണം എന്നു വ്യക്തതയില്ല. ലൈസൻസ് വേണ്ടുന്നയാൾ തന്നെ പരസ്യം നൽകുന്ന അവസ്ഥയാണുള്ളത്. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തന്നെ തുടങ്ങിക്കഴിഞ്ഞ് നൽകാം എന്നാണ് വ്യാഖ്യാനം. ഉത്സവങ്ങൾ, ആഘോഷങ്ങൾ പോലുള്ള അവശ്യസന്ദർഭങ്ങളിൽ ഗ്രാമപ്രദേശത്ത് കശാപ്പു നടത്താൻ താൽക്കാലിക അനുമതിയുണ്ട്. ഇതിനു ഫീസുമില്ല. ഇതു പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്നു.

ലൈസൻസ് റദ്ദാക്കുക പോലുള്ള ഗൗരവകരമായ ശിക്ഷണനടപടികൾ വന്നെങ്കിലേ ഈ മേഖലയെ ശുദ്ധീകരിക്കാനാകൂ എന്നിരിക്കെ നിലവിൽ ചട്ടപ്രകാരമുള്ള ശിക്ഷാരീതി കേട്ടാൽ ചിരിച്ചുപോകും. എന്തെങ്കിലും തരത്തിൽ നിയമലംഘനമുണ്ടായാൽ പിഴ 5000 രൂപ മാത്രമാണ്. തുടർകുറ്റത്തിന് ദിവസം 500 രൂപയും. ഇറച്ചിക്കടകൾക്കും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് കൃത്യമായി നടപ്പാകുന്നുണ്ടോ എന്നു സംശയമാണ്. ഇനി രുചിയോടെ കഴിക്കും മുൻപ് ഒന്നാലോചിച്ചു നോക്കൂ. നാം കഴിക്കുന്നത് യഥാർഥ ഇറച്ചിയാണോ? അതോ ഇറച്ചിയുടെ നിറവും മണവുമുള്ള രോഗവാഹിയായ ഉൽപന്നമോ? ജാഗ്രത.

Tags:
  • Manorama Arogyam
  • Health Tips