Friday 06 November 2020 05:54 PM IST

ഒരാഴ്ച കൊണ്ട് പോഷകസമ്പന്നമായ ഇലകൾ റെഡി: മൈക്രോഗ്രീൻസ് എന്ന കുഞ്ഞൻ ഇലച്ചെടികളുടെ ഗുണങ്ങളറിയാം...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

micro435

ഇലക്കറികള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണെന്നു പറയേണ്ടതില്ലല്ലോ. ജീവകങ്ങളുടെയും ധാതുക്കളുടെയും ഏറ്റവും മികച്ച സ്രോതസ്സാണ് ഇലക്കറികള്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ 100 ഗ്രാം ഇലക്കറികള്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ ലഭ്യതക്കുറവുകൊണ്ടോ തയാറാക്കാന്‍ കൂടുതല്‍ സമയം വേണ്ടതുമൂലമോ ഇവ ആഴ്ചയില്‍ ഒരിക്കൽ പോലും പലരുടെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നില്ല. ഇവയിൽ നിന്നു ലഭിക്കേണ്ട പോഷകങ്ങളുടെ അഭാവം പ്രതിരോധശക്തിക്കുറവിനും വിളര്‍ച്ചയ്ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകാം.

മൈക്രോഗ്രീൻസ്

െെമക്രോഗ്രീന്‍സ് എന്നറിയപ്പെടുന്ന ചെറുചെടികള്‍ പ്രചാരത്തിലായതോടെ എല്ലാ ദിവസവും ഇലക്കറികള്‍ എന്ന മനോഹരമായ, ആരോ ഗ്യകരമായ തീരുമാനത്തിലേക്ക് നാം എത്തുകയാണ്. ഇവ ദിവസേന നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വലിയ ചെടികളില്‍ നിന്നും ലഭിക്കുന്ന, സാധാരണ ഉപയോഗിക്കുന്ന ഇലകളെക്കാള്‍ ഉയര്‍ന്ന പോഷകമൂല്യവും രുചിയും ഈ കുഞ്ഞന്‍ചെടികള്‍ക്കുണ്ട്. അതുകൊണ്ട് കഴിക്കുന്ന അളവ് കുറഞ്ഞാലും ആവശ്യത്തിനു പോഷകങ്ങള്‍ ലഭിക്കും.

1980കളില്‍ കാലിഫോര്‍ണിയയിലെ റെസ്റ്ററന്റുകളിലാണ് ആദ്യമായി െെമക്രോഗ്രീന്‍സ് ഉപയോഗിച്ചു തുടങ്ങിയത്. വിവിധ നിറങ്ങളിലുള്ള ഈ കുഞ്ഞുചെടികള്‍ കാഴ്ചയ്ക്കും മണത്തിനും വേണ്ടി സാലഡുകളിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാൽ ഉയര്‍ന്ന പോഷകമൂല്യവും കൃഷി ചെയ്യാനുള്ള എളുപ്പവും െെമക്രോഗ്രീനിനെ പ്രശസ്തമാക്കി. കുറച്ചു ദിവസങ്ങള്‍ക്കുള്ളിൽ വിളവെടുക്കാം,കീടനാശിനികളുടെയോ വളങ്ങളുടെയോ ആവശ്യമില്ല എന്നതാണ് പ്രത്യേകത. ഏതു കാലാവസ്ഥയിലും നടാം. കൃഷിക്കു സ്ഥലം ആവശ്യമില്ലാത്തതിനാല്‍ എല്ലാവര്‍ക്കും ഈ രീതി പ്രയോജനപ്പെടുത്താം.

എന്താണ് െെമക്രോഗ്രീന്‍സ് ?

വിത്തുകള്‍ മുളപ്പിച്ച് രണ്ടില പ്രായമായ (Cotyledon leaves) ചെടികളെയാണ് െെമക്രോഗ്രീന്‍സ് എന്നു പറയുന്നത്. വിത്തുകളുടെ വ്യത്യാസം അനുസരിച്ച് 7 മുതല്‍ 21 ദിവസം വരെ പ്രായമായ ചെടികളെ ഇതിൽ പെടുത്താം. ഈ സമയത്ത് ഇവയ്ക്ക് 1.5Ð3 ഇഞ്ച് വരെ ഉയരം വയ്ക്കും. 7 മുതല്‍ 14 ദിവസം കൊണ്ടു വിളവെടുക്കാം.

െെമക്രോഗ്രീന്‍സ് തയാറാക്കാന്‍ േഗാതമ്പ്, ബാർലി, റാഗി തുടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗങ്ങളായ ചെറുപയര്‍, വന്‍പയര്‍, കടല, മുതിര, ഗ്രീന്‍പീസ് തുടങ്ങിയവയും ഉപയോഗിക്കാം. ചീര വിത്തുകള്‍, സെലറി, ബ്രോക്കോളി, കോളിഫ്ലവര്‍, ഫ്ലാക്സ് സീഡ്, ചിയാ സീഡ്സ്, ഗാർഡൻ ക്രെസ് സീഡ്സ് (ആശാളി), കടുക്, ഉലുവ തുടങ്ങിയവയും നല്ലതാണ്.

എങ്ങനെ നടാം?

ആദ്യം ധാന്യങ്ങളും പയറുവര്‍ഗങ്ങളും 6Ð8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. വെള്ളം വാര്‍ന്നശേഷം നനഞ്ഞ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞോ, വായുസഞ്ചാരം ഉള്ള പാത്രങ്ങളിലോ വയ്ക്കാം. ചെറിയ മുള വരുന്നതുവരെ വയ്ക്കുക.

െെമക്രോഗ്രീന്‍സ് വളര്‍ത്താന്‍ ചിരട്ടയോ െഎസ്ക്രീം ബോക്സുകളോ ചെറിയ ട്രേകളോ ഉപയോഗിക്കാം. ഈ പാത്രങ്ങളില്‍ അധിക വെള്ളം പോകാന്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ ഇടാം. ഇതിലേക്ക് 1.5Ð2 ഇഞ്ച് കനത്തില്‍ ചകിരിച്ചോറോ പോട്ടിങ് മിശ്രിതമോ മണ്ണോ നിറയ്ക്കാം. ഈ മിശ്രിതം നന്നായി നനച്ചശേഷം മുളപ്പിച്ച വിത്തുകള്‍ പരത്തി വിതറാം. വിത്ത് പാകിയശേഷം മുകളില്‍ കുറച്ചു ചകിരിച്ചോറോ പോട്ടിങ് മിശ്രിതമോ വിതറാം. രണ്ടു ദിവസം കോട്ടണ്‍ തുണികൊണ്ടോ പേപ്പറുകൊണ്ടോ മൂടിവയ്ക്കാം. ദിവസവും വെള്ളം സ്പ്രേ ചെയ്യാം. രണ്ടു ദിവസം കഴിഞ്ഞു ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വീട്ടുവരാന്തയിലോ വച്ച് വളർത്താം. ഒരാഴ്ചയാകുമ്പോള്‍ തണ്ടും ഇലകളും മുറിച്ചെടുക്കാം.

മറ്റൊരു രീതി കൂടിയുണ്ട്. ഇഴയകലമുള്ള കോട്ടണ്‍ തുണിയോ തോര്‍ത്തോ ട്രേയില്‍ കട്ടിയില്‍ മടക്കി ഇടുക. ഇതു നനച്ചശേഷം മുള വന്ന വിത്തുകള്‍ വിതറാം. ഒന്നോ രണ്ടോ ദിവസം മൂടിവച്ചശേഷം പ്രകാശം ഉള്ളിടത്തേക്കു മാറ്റാം. ദിവസവും വെള്ളം തളിക്കണം.

സൂപ്പര്‍ ഫൂഡ്

െെമക്രോഗ്രീന്‍സ് സൂക്‌ഷ്മ പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇതു സൂപ്പര്‍ ഫൂഡ് എന്നും ഫങ്ഷനല്‍ ഫൂഡ് എന്നും അറിയപ്പെടുന്നു. ഇവയുടെ വലിയ ചെടികളില്‍ നിന്നും ലഭിക്കുന്നതിന്റെ 4Ð6 ഇരട്ടിവരെ പോഷകമൂല്യം 7 മുതല്‍ 21 ദിവസം വരെ പ്രായമായ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ ഇ,
കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, കോപ്പര്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും െെമക്രോഗ്രീന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലെ അയണും ഫോളിക് ആസിഡും വിളര്‍ച്ച തടയാന്‍ സഹായിക്കും.

ഗുണമേന്മയുള്ള വിത്തുകള്‍ തിരഞ്ഞെടുക്കുക. ∙ ചിയാസീഡ്, ആശാളി, സൂര്യകാന്തി, ഫ്ളാക്സ് സീഡ് എന്നിവ ഒന്നോ രണ്ടോ മണിക്കൂര്‍ കുതിര്‍ത്തശേഷം നടാം. ∙ മുളപ്പിച്ച വിത്ത് ഇടുന്ന പാത്രം, ടവല്‍ എന്നിവ വൃത്തിയുള്ളതും വെള്ളം ശുദ്ധവുമായിരിക്കണം. ∙ വെള്ളം അധികമായാല്‍ പൂപ്പല്‍ബാധയുണ്ടാകാം.
∙ ന്യൂസ് പേപ്പര്‍, ടിഷ്യു പേപ്പര്‍ എന്നിവയ്ക്കു പകരം ഇഴ അകലമുള്ള കോട്ടണ്‍ തുണിയോ തോര്‍ത്തോ ഉപയോഗിക്കാം. (പേപ്പറുകള്‍ ഉപയോഗിച്ചാല്‍ അതിലെ കെമിക്കലുകള്‍ ചെടി ആഗിരണം ചെയ്യാം).
∙ ഇലകള്‍ മുറിച്ചെടുത്തു കഴിഞ്ഞാൽ പെട്ടെന്ന് ഉപയോഗിക്കണം. കാരണം ദിവസങ്ങൾ കഴിയുന്തോറും പോഷകമൂല്യം നഷ്ടപ്പെടാം. െെമക്രോഗ്രീന്‍സ് ഇമ്യൂണ്‍ ബൂസ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്. കാന്‍സര്‍ പ്രതിരോധിക്കാൻ ഇതിെല ആന്റിഒാക്സിഡന്റുകള്‍ ഉപകരിക്കും. കാന്‍സര്‍ ചികിത്സയില്‍ ഉള്ളവരും പ്രായമായവരും െെമക്രോഗ്രീന്‍സ് സ്ഥിരമായി കഴിക്കുന്നതു നല്ലതാണ്. ഒാട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്കും അൽസ്ഹൈമേഴ്സ് രോഗത്തിനും ഇതിലെ പോളിഫീനോള്‍സ് നല്ലതാണ്.
പൊട്ടാസ്യം, െെഫബര്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദം, ചീത്ത കൊളസ്ട്രോള്‍ ഇവ കുറയ്ക്കാനും സഹായിക്കും. പ്രമേഹരോഗികള്‍ ഉലുവയുടെ െെമക്രോഗ്രീന്‍സ് കഴിക്കുന്നത് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവു നിയന്ത്രിക്കും.

Tags:
  • Manorama Arogyam
  • Diet Tips