മോളി കണ്ണമാലി എന്ന നടിയെ ഒാർത്തിരിക്കാൻ ‘ചാളമേരി’ എന്ന ഒറ്റ കഥാപാത്രം മതി. ചാളമേരിയിലൂടെ തന്റെ നിറത്തെയും ശരീരപ്രകൃതത്തെയും ഒരു ആഘോഷമാക്കി മാറ്റി അവർ. അന്തസ്സും ആഭിജാത്യവും നിറത്തിലും രൂപത്തിലുമാണെന്നു കരുതുന്നവരോട് ‘തൊലി കറുത്താലെന്താ, ഹൃദയം വെടിപ്പാണെന്ന്’ അവർ പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. നിറത്തിനും ഭംഗിക്കും അപ്പുറം കഴിവാണ് പ്രധാനം എന്നവർ പറയുകയല്ല, ജീവിച്ചു കാണിക്കുകയാണ്.
ആദ്യ സിനിമ ഗോപൻ മാഷുടെ സദൃശ്യവാക്യം എന്ന നാടകത്തിൽ അഭിനയിക്കുന്ന സമയം. അതുകാണാൻ സംവിധായകൻ അൻവർ റഷീദും വന്നിരുന്നു. നാടകം കഴിഞ്ഞപ്പോൾ, ചേച്ചീ, സിനിമയിലേക്കു വിളിച്ചാൽ വരുമോ എന്നെന്നോട് ചോദിച്ചു. കോമഡി അടിക്കുന്നതാണെന്നു വിചാരിച്ച് ‘അതിനെന്താ, എപ്പോ പോന്നെന്നു പറഞ്ഞാൽ പോരേ’ എന്നു ഞാൻ പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും പുള്ളിക്കാരൻ ഗോപൻ മാഷുമായി വീട്ടിലേക്കു വന്ന് 5000 രൂപ അഡ്വാൻസ് തന്നു. അങ്ങനെയാണ് കേരള കഫേയിലെ ബ്രിഡ്ജ് എന്ന സിനിമയിൽ അഭിനയിക്കുന്നത്.
നാടകത്തിലെ നായിക
കണ്ണമാലി പുത്തൻതോട് കടാപ്പുറം എന്റെ അമ്മേടെ നാടാണ്. കാർന്നോമ്മാര് മുതല് കലാകാരന്മാരാണ്. അപ്പൻ മുണ്ടൻ വേലിക്കാരൻ ജോസഫ് ചവിട്ടുനാടകക്കാരനായിരുന്നു. അപ്പന്റെ അപ്പനും അപ്പന്റെ പെങ്ങന്മാരുടെ മക്കളും ഒക്കെ ഫാമിലി ആയി നാടകക്കാരായിരുന്നു. അവരുടെ കല പകർന്നുകിട്ടിയതാണ് എനിക്ക്. 10 വയസ്സിൽ തുടങ്ങിയതാണ്. അറുപതിലധികം ചവിട്ടുനാടകം അവതരിപ്പിച്ചു. കൂടുതലും നായികയായിട്ടാണ് ചെയ്തത്. സലോമി, ദാവീദും ഗോലിയാത്തും, കർഷകന്റെ പുത്രി... ഇതിലൊക്കെ നായികയായിരുന്നു. സിനിമ പോലല്ല, ചവിട്ടുനാടകം വലിയ കഷ്ടപ്പാടാണ്. പത്തിരുപത്തിരണ്ട് ആണുങ്ങടെ ഒപ്പം നിന്ന് ചവിട്ടുകേം പാടുകേം ചെയ്യണം. വെട്ടും തടേം എല്ലാം നമ്മള് തന്നെ ചെയ്യണം. പണ്ടു കുടിച്ച മുലപ്പാലു വരെ കക്കിപ്പോകും. എനിക്കു ഇപ്പോഴും ചവിട്ടുനാടകം കളിക്കണമെന്ന് ഉണ്ട്. പക്ഷേ, പഴയ പോലെ ചവിട്ടാനോ വായ് പിടിച്ചു പാടാനോ വയ്യ. രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കയാണ്. ചത്തെഴുന്നേറ്റ് വന്നിരിക്കുകയാണ്. അതുകൊണ്ട് പിള്ളേര് സമ്മതിക്കുന്നില്ല.
ചാളമേരി
ചവിട്ടുനാടകമെന്നു പറയുമ്പോൾ ഈ തീരത്തുള്ള ആളുകള് മാത്രമല്ലേ അറിയുന്നുള്ളു. സീരിയലിലും സിനിമയിലുമൊക്കെ വന്നേപ്പിന്നെ ഒരുപാട് പേര് അറിഞ്ഞുതുടങ്ങി. ഉദ്ഘാടനത്തിനു പോകുമ്പോഴോ ഗസ്റ്റ് ആയിട്ടു ചെല്ലുമ്പോഴോ ചാളമേരി വരുന്നൊരു പറച്ചിലുണ്ട്. അത് എന്റെ കഥാപാത്രത്തെ ആളുകൾ സ്വീകരിച്ചതുകൊണ്ടല്ലേ? ചിലര് ചാളമേരി പോണ്, എന്ന് ആക്കി പറയും. അവർക്കൊക്കെ തക്ക മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. പറ്റിയാൽ രണ്ടെണ്ണം കൊടുത്തിട്ടും പോരും. ഒടേ തമ്പുരാനൊരാള് മോളിലൊണ്ട്. അതോണ്ട് ഞാൻ പോണവഴിക്ക് എനിക്ക് ഒരു ഭയോമില്ല. അഴകു മാത്രം പോര കറുത്തതാണെന്നോ സൗന്ദര്യം പോരെന്നോ പണ്ടും തോന്നീട്ടില്ല, ഇന്നും തോന്നീട്ടില്ല. 10 വയസ്സു മുതല് ഞാൻ കലാകാരിയാണ്. ‘‘ മോളി, അങ്ങാട്ട് മാറിനിൽക്ക്’’ എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചെറുപ്പത്തിലൊക്കെ എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലിൽ നടക്കും. ഇതേവരെ ഫേഷ്യൽ ചെയ്യിക്കാനൊന്നും പോയിട്ടില്ല. മേക്കപ്പിട്ടു പുറത്തിറങ്ങുന്ന സ്വഭാവമൊന്നും മോളിചേച്ചിക്കില്ലകേട്ടോ...
നമുക്ക് ഈശ്വരൻ തന്നൊരഴക് ഉണ്ട്. പിന്നെ, വലിയ അഴകുണ്ടെന്നു പറയുന്ന ആൾക്കാർക്ക് ചെയ്യാമ്പറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ... നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ്. ഏത് അറബിക്കടലിൽ കൊണ്ടെ ഇട്ടെന്നാലും അവിടുന്ന് പിടിച്ചു കയറാനുള്ള പിടിവള്ളി ദൈവം തന്നിരിക്കും.
സിനിമാനടിയുടെ കുടുംബം
ഇളയമകൻ കൈക്കുഞ്ഞായിരുന്നപ്പോൾ ഭർത്താവ് മരിച്ചതാണ്. പട്ടിണി കിടന്നും കൂലിവേല ചെയ്തും പാത്രം കഴുകിയുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ അവരെ വളർത്തിയത്. പറയുമ്പോൾ സിനിമാനടിയുടെ കുടുംബമാണ്. പക്ഷേ, ഇപ്പോൾ പണിയൊന്നുമില്ലാതെ വീട്ടിലിരുപ്പാണ്. മക്കള് വേലയ്ക്കു പോയി കൊണ്ടുവരുന്നതുകൊണ്ടാണ് ജീവിക്കുന്നത്. ഇളയ മകൻ വാർക്കപ്പണിക്ക് പോണൊണ്ട്. മൂത്തവൻ ബസ്സേൽ പോകുവായിരുന്നു. ഞങ്ങള് ഒൻപത് പേര് രണ്ടു മുറി വീട്ടിൽ ഉള്ളതുകൊണ്ടങ്ങ് കഴിയുകയാണ്.
പഴയപെര ഇടിഞ്ഞുപൊളിഞ്ഞു വീഴാൻ പോയ സമയത്ത് കെവി തോമസ് സാറാണ് ഈ പെര വച്ചു തന്നത്.മൂത്തമകന് സ്ത്രീധനമായി കുറച്ചു സ്ഥലം കിട്ടിയിരുന്നു. ഒരു ചെറിയ ഷെഡ് കെട്ട അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അത് ഒലിച്ചുപോയി. മൂത്തമകന് ഒരു പെര വയ്ക്കാനായി കുറച്ചു കാശ് ആറ്റുനോറ്റ് കൂട്ടിവച്ചതായിരുന്നു. എല്ലാം ആശുപത്രിയിൽ കൊണ്ടെക്കൊടുക്കേണ്ടി വന്നു. ആദ്യത്തെ അറ്റാക്കിന് ആശുപത്രിയിൽ ലക്ഷക്കണക്കിനു രൂപ ചെലവായി. രണ്ടാമത്തെ അറ്റാക്കിന് ആശുപത്രി കയറിയപ്പോഴേക്കും കെടപ്പാടം പോലും പണയത്തിലായി.
ഒരു ദിവസം ആശുപത്രിയിൽ ചെക്കപ്പിന് പോകാനായി 10 ൈപസ എടുക്കാനില്ലാതിരുന്ന സമയത്ത് നടൻ കുഞ്ചൻ വീട് തപ്പിക്കണ്ടുപിടിച്ച് വന്ന് കുറച്ച് കാശു കൊണ്ടെത്തന്നു. മമ്മൂട്ടി സാറ് ചികിത്സയ്ക്കായി നല്ലൊരു തുക തന്നു. അന്നു വാർത്ത വന്ന സമയത്ത് കൊറേ ആളുകള് പത്തും രണ്ടായിരവുമൊക്കെ തന്നു സഹായിച്ചിരുന്നു.
ചികിത്സയും ആശുപത്രിയിൽ പോക്കുമെല്ലാം ഇപ്പോൾ കാശില്ലാത്തതുകൊണ്ട് മുടങ്ങി. വല്യ പ്രയാസം വരുമ്പോൾ മാതാവിനെ വിളിച്ച് പ്രാർഥിച്ച് കണ്ണടച്ചു കിടക്കും. നമ്മുടെ ഉള്ളിലെ ദു:ഖം നമ്മളു തന്നെ ഡീൽ ചെയ്യണം. അല്ലാണ്ടെ ആരുടെ മുന്നിലും കണ്ണീരൊഴുക്കരുതല്ലോ.