കോവിഡ് ആരംഭകാലത്ത് ഒാൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ കുട്ടികൾക്ക് സന്തോഷമായിരുന്നു. വീട്ടിലിരുന്നു പഠിച്ചാൽ മതി, സ്കൂളിൽ പോകേണ്ട...ഒരു വെക്കേഷൻ മൂഡ്. ഒാൺലൈനിൽ പഠിക്കുന്നതിന്റേതായ കുഞ്ഞു കൗതുകങ്ങൾ. ഇതുവരെ സമയനിഷ്ഠയോടെ മാത്രം ഉപയോഗിക്കാൻ തന്നിരുന്ന സ്ക്രീൻ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ ത്രില്ല്....
പക്ഷേ, ഇത്തരം കൗതുകങ്ങളും ത്രില്ലുമെല്ലാം ഇപ്പോൾ വിരസതയിലേക്ക് എത്തിയമട്ടാണ്. ആരോഗ്യകരമല്ലാത്ത സ്ക്രീൻ ഉപയോഗം മൂലം ഒട്ടേറെ ശാരീരികപ്രശ്നങ്ങൾ–പ്രത്യേകിച്ച് കണ്ണിന്റെ പ്രശ്നങ്ങൾ കുട്ടികൾക്കു കണ്ടുവരുന്നു. ദിവസവും മൂന്നും നാലും മണിക്കൂർ സ്ക്രീനിന്റെ മുൻപിൽ ഇരുന്നെഴുന്നേൽക്കുമ്പോൾ ഉള്ള മടുപ്പും തലവേദന പോലുള്ള പ്രശ്നങ്ങളും കുട്ടികളുടെ മറ്റു ദൈനംദിന പ്രവൃത്തികളെ പോലും ബാധിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക, വിഷാദം, ഉത്കണ്ഠ, പെരുമാറ്റ വൈകല്യങ്ങൾ, രാത്രി വൈകി സ്ക്രീനിന്റെ മുൻപിൽ ഇരിക്കുന്നതുമൂലം ഉറക്കം തടസ്സപ്പെടുക, തന്മൂലം രാവിലെ വളരെ താമസിച്ച് ഉണരുക എന്നിവയൊക്കെയാണ് കുട്ടികൾ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങൾ.
കുട്ടിയുടെ കാര്യത്തിൽ അമിതമായി ഇടപെടുന്ന മാതാപിതാക്കളാണെങ്കിൽ കുട്ടിക്കൊപ്പം ഒാൺലൈൻ ക്ലാസ്സിൽ ഇരുന്നെന്നു വരാം. അല്ലെങ്കിൽ വീടിൽ നല്ല റേഞ്ച് കിട്ടുന്ന ഏതെങ്കിലും ഒരു സ്ഥലത്താകും എല്ലാവരും ഇരിക്കുക. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കുട്ടിക്ക് തോന്നിയാൽ മാനസികമായ അസ്വാസ്ഥ്യങ്ങൾക്കും മൂഡ് പ്രശ്നങ്ങൾക്കും ഇടയാക്കാം.
സ്ക്രീൻ ഉപയോഗത്തിനു കൃത്യമായ മാനദണ്ഡങ്ങൾ ലോകാരോഗ്യസംഘടന പോലുള്ള വിദഗ്ധ സമിതികൾ നിർദേശിച്ചിട്ടുള്ളതാണ്. അതുപ്രകാരം രണ്ടു മണിക്കൂറിലധികം സ്ക്രീനിനു മുൻപിൽ ചെലവിടുന്നതു കുട്ടിക്ക് ആരോഗ്യകരമല്ല എന്നാണ്. പക്ഷേ, പഠനവും പാഠ്യേതര പ്രവൃത്തികളും ട്യൂഷനുമെല്ലാം ഒാൺലൈനായതോടെ കുട്ടി ദിവസവും നാലും അഞ്ചും മണിക്കൂറാണ് സ്ക്രീനിനു മുൻപിൽ ചെലവിടുന്നത്. സ്കൂളിലായിരുന്നെങ്കിൽ ഒാരോ പീരിയഡിനും ഇടയിൽ ഇന്റർവെൽ ഉണ്ട്. മാത്രമല്ല, ഒരു പീരിയഡിൽ മുഴുവൻ സമയവും പഠനമായിരിക്കില്ല. ഇത്തിരി വർത്തമാനം പറഞ്ഞും ഹോം വർക് നോക്കിയും ചോദ്യം ചോദിച്ചും...അങ്ങനെ കുറേ ആക്ടിവിറ്റികളുമായാണ് ഒരു പീരിയഡ് തീരുന്നത്. ഒാൺലൈനിൽ പക്ഷ, ഇങ്ങനെ റിലാക്സ്ഡ് അല്ല കാര്യങ്ങൾ. പഠനം കൂടുതൽ ഗൗരവകരമാകുന്നു, ഇതു മടുപ്പുളവാക്കാം.
പഠനസമയം കഴിഞ്ഞിട്ടായാലും കുട്ടികളെ മറ്റെന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളിലേക്കു തിരിച്ചുവിടാൻ മാതാപിതാക്കൾക്കും കഴിയുന്നുമില്ല. സ്കൂളുകളിൽ നിന്നും ആക്റ്റിവിറ്റികളോ ടാസ്കുകളോ ചെയ്യാൻ നൽകിയാലും അവയിൽ ഏറിയ പങ്കും സ്ക്രീൻ കേന്ദ്രീകൃതമോ (വിഡിയോ ചെയ്യുക) സ്ക്രീൻ സഹായം വേണ്ടതോ ആയിരിക്കും.
ചില വിരുതന്മാർ ക്ലാസ്സിൽ കയറുന്നതിനു പകരം മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലേക്കോ വിഡിയോ ഗെയിമിങ്ങിലോ ഏർപ്പെടും. പരീക്ഷ വരുമ്പോഴാകും ഇങ്ങനെ പഠനം ഉഴപ്പിയതിന്റെ എല്ലാ ബുദ്ധിമുട്ടും തിരിച്ചറിയുക.
സ്ക്രീനുമായുള്ള അമിത ചങ്ങാത്തം ചില കുട്ടികളിൽ വല്ലാത്ത സ്ക്രീൻ അടിമത്തം സൃഷ്ടിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞ് കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ അതിരൂക്ഷമായാവും അവർ പ്രതികരിക്കുക.
കൊച്ചുകുട്ടികളാണെങ്കിൽ വാശി പിടിക്കും. മുതിർന്ന കുട്ടികളാണെങ്കിൽ സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കുക, പൊട്ടിത്തെറിക്കുക, അമിതവാശി, ദേഷ്യം എന്നിങ്ങനെ രൂക്ഷമായാകും പെരുമാറുക. മാതാപിതാക്കൾക്ക് നിയന്ത്രിക്കാനാകാതെ വരുമ്പോൾ മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടേണ്ടിവരും.
നമ്മുടെ നാട്ടിൽ വളരെ കൃത്യമായ ഒരു ഡിജിറ്റൽ ഡിവൈഡുണ്ട്. അതുകൊണ്ട് തന്നെ ഒരു വിഭാഗം കുട്ടികൾക്ക് സ്ക്രീനിലൂടെ പഠനം സാധ്യമല്ലാതെ വരുന്നു. ടിവി പോലെ ഇവർക്കു സഹായകരമായ സംവിധാനങ്ങളുണ്ടെങ്കിലും തങ്ങൾ മറ്റുള്ളവരേക്കാൾ പിന്നിലാണെന്ന ചിന്ത കുട്ടികളുടെ ആത്മാഭിമാനത്തെ തന്നെ ബാധിക്കാം. ഇതെത്രമാത്രം ഭീതിദമായ അവസ്ഥയിലേക്കു പോകാമെന്ന് ഒാൺലൈൻ ക്ലാസുകളുടെ തുടക്കത്തിൽ നമ്മൾ കണ്ടതുമാണ്.
ഒാൺലൈൻ ക്ലാസിന്റെ ഭാഗമായുള്ള വാട്സ് ആപ് ഗ്രൂപ്പുകളിലെ ചർച്ചകളും കമന്റുകളുമാണ് കുട്ടികൾക്ക് മാനസികസമ്മർദമുണ്ടാക്കുന്ന മറ്റൊരു കാര്യം. കുട്ടികളെ താരതമ്യം ചെയ്യുന്ന കമന്റുകളും അധ്യാപകരോടുള്ള അനാവശ്യ പരാതികളും ഒക്കെ കുട്ടിയെ മാനസികമായി തളർത്താം. ഇവ ഒഴിവാക്കുക. അധ്യാപകരെക്കുറിച്ചുള്ള പരാതികൾ ഗ്രൂപ്പിൽ ചർച്ചയ്ക്കിടരുത്.
കൂട്ടുകാരെ കാണാതെ സാമൂഹികമായ ഒറ്റപ്പെട്ട അവസ്ഥയിലാണ് കുട്ടികൾ. ഇതുമൂലമുള്ള വിഷാദമൊഴിവാക്കാൻ വിഡി
യോകോളിലൂടെയും മറ്റും കാണാൻ സാഹചര്യമൊരുക്കുക.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ സ്കൂളിൽ പോകേണ്ടെന്നു കരുതി യാതൊരു ചിട്ടയുമില്ലാതെ ജീവിക്കരുത്. ക്ലാസ്സുകൾ തുടങ്ങുന്നതിനു ഒന്നു രണ്ടു മണിക്കൂർ മുൻപേയെങ്കിലും ഉണരുക. പ്രഭാതകൃത്യങ്ങൾ ചെയ്യുക. സാഹചര്യമുണ്ടെങ്കിൽ പുറത്തെ പ്രകൃതിഭംഗി കണ്ട് നടന്നുവരിക. പത്രം വായിക്കുക. എന്നിട്ടുമാത്രം സ്ക്രീനിനു മുൻപിൽ ഇരിക്കുക.
∙ സ്കൂളിലെ ടൈംടേബിളിൽ 4–5 മണിക്കൂർ ഒാൺലൈൻ പഠനം വീട്ടിൽ നടത്താൻ ശ്രമിക്കരുത്. ഒാരോ മണിക്കൂർ കൂടുമ്പോൾ നിർബന്ധമായും വിശ്രമം എടുപ്പിക്കുക. മുഖം കഴുകിക്കുക. ട്യൂഷനും പാഠ്യേതര പ്രവർത്തനങ്ങളുമൊക്കെ കുറച്ചുകൂടി റിലാക്സ്ഡ് ആയി ഇടവേളകൾ കിട്ടുന്നവിധം ക്രമീകരിക്കുക.
∙ ദിവസവും അൽപനേരം കുടുംബമൊന്നിച്ച് വ്യായാമത്തിനായോ കളികൾക്കായോ പങ്കിടുക. ശരീരത്തിനും മനസ്സിനും ഒരുപോലെ ഇതു ഗുണം ചെയ്യും.
∙ യോഗയും ധ്യാനവുമൊക്കെ ശ്രദ്ധ മെച്ചപ്പെടുത്താനും മനസ്സ് ഏകാഗ്രമാക്കാനും സഹായിക്കും.
സ്ക്രീൻ ഉപയോഗം എത്രനേരം?
കോവിഡ് കാലത്തെ കുട്ടികളുടെ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസുമായി ചേർന്ന് ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
∙ കഴിവതും പ്രീ പ്രൈമറി ക്ലാസ്സിലെ കുട്ടികളെ ഒാൺലൈൻ ക്ലാസുകളിൽ നിന്ന് ഒഴിവാക്കുക.
∙ പ്രൈമറി ക്ലാസുകളിലെ പഠനം ഒരു മണിക്കൂർ മാത്രമാക്കുക.
∙ മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് നിശ്ചിത സമയം മാത്രമായി ഒാൺലൈൻ ക്ലാസുകൾ ക്രമപ്പെടുത്തുക.
∙ ക്ലാസുകൾ മൊബൈൽ ഫോണിൽ മാത്രമാക്കാതെ വിവിധ മാധ്യമങ്ങളിലൂടെ നൽകുക.
∙ ഒരു ക്ലാസിന്റെ ദൈർഘ്യം 30–40 മിനിറ്റിൽ കൂടരുത്.
∙ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികളുടെ അസൈൻമെന്റും ഹോംവർകും ചർച്ചയാക്കരുത്.
∙ ഒാൺലൈൻ ക്ലാസുകളിൽ മാതാപിതാക്കൾ കൂടെയിരിക്കേണ്ട, പഠനത്തിനാവശ്യമായ സ്വകാര്യത നൽകുക.
∙ സ്വയം പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. കുട്ടി വീട്ടിലുണ്ടെന്നു കരുതി പഠനം മുഴുവനായി നിയന്ത്രിക്കാൻ ശ്രമിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സീമ ഉത്തമൻ
സൈക്യാട്രിക് സോഷ്യൽ വർക്കർ, കോഴിക്കോട്
ഡോ. എ. നിർമല,
സൈക്കോളജിസ്റ്റ്, തിരുവനന്തപുരം