ലോകം മുഴുവൻ കാത്തിരുന്ന, നൂറ്റാണ്ടിലെ തന്നെ ശാസ്ത്രഗവേഷണമാണ് ഒരുപക്ഷേ, കോവിഡ് വാക്സിൻ. മാനവരാശിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഈയാഴ്ച ലാൻസെറ്റ് എന്ന ശാസ്ത്രജേണലിൽ ഒാക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന വാക്സിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. പഠനഫലത്തെ വിലയിരുത്തുകയാണ് ഐ എം എ പെപ്സ് ചെയർമാൻ ഡോ.ശ്രീജിത്ത് എൻ കുമാർ
വാക്സിൻ സുരക്ഷിതമാണോ എന്നും പ്രതിരോധശക്തി ഉണ്ടാക്കുവാൻ കെൽപ് ഉള്ളതുമാണോ എന്നുമാണ് ഗവേഷകർ പഠിച്ചത്. ഒരു വാക്സിൻ വിപണിയിലെത്തും മുൻപ് പല ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. വാക്സിൻ സുരക്ഷിതമാണോ എന്നും എത്രയാകണം ഡോസ് എന്നും തീരുമാനിക്കാനാണ് ഫേസ് 1,2 പരീക്ഷണങ്ങൾ. നാമമാത്രം ആളുകളാണ് ഫേസ് 1 ഘട്ടത്തിൽ പങ്കെടുക്കുക. ഫേസ് 2വിൽ കുറച്ചു കൂടി ആളുകളെ പങ്കെടുപ്പിക്കും. ഫേസ് 3 ഘട്ടത്തിൽ കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തും. ഈ മൂന്നു ഫേസ് പരീക്ഷണങ്ങൾക്കും ശേഷം ഫലപ്രദമെന്നു കാണുമ്പോഴാണ് വാക്സിന് അംഗീകാരം ലഭിക്കുക.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഫേസ് 1, 2 പഠനഫലങ്ങളാണ്. 1077 പേരിലാണ് ഈ പരീക്ഷണം നടത്തിയത്. രോഗമുണ്ടാക്കാത്ത പ്രത്യേകതരം വൈറസിലേക്ക് (അഡിനോവൈറസ്) കൊറോണ വൈറസിന്റെ മുകളിലെ മുള്ളുകൾ പോലുള്ള സ്പൈക് പ്രോട്ടീൻ ചേർത്ത് ആയിരുന്നു വാക്സിൻ പരീക്ഷണം. ഈ സ്പൈക് പ്രോട്ടീൻ വഴിയാണ് വൈറസ് മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് സ്വയം ഘടിപ്പിക്കുന്നത് എന്നതിനാൽ ഈ പദാർഥത്തെ നിർവീര്യമാക്കുന്ന പ്രതിപദാർഥങ്ങൾ ശരീരത്തിൽ ഉണ്ടാകുമെങ്കിൽ കൊറോണ വൈറസിന് രോഗമുണ്ടാക്കാൻ സാധിക്കില്ല എന്നതായിരുന്നു ഗവേഷണത്തിന്റെ അടിസ്ഥാനം.
1077ൽ പകുതിയോളം പേരിൽ പരീക്ഷണ വാക്സിനും ബാക്കി പകുതി പേരിൽ താരതമ്യത്തിനായി മെനിൻജോകോക്കൽ വാക്സിൻ നൽകുകയുമാണ് ചെയ്തത്. വാക്സിൻ കൂടാതെ 10 പേരിൽ കൊറോണ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുകയും ചെയ്തു.
പാർശ്വഫലങ്ങളില്ല
പരീക്ഷണ വാക്സിൻ ലഭിച്ചവരിൽ ആർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ കണ്ടില്ല. എന്നാൽ പലരിലും ലഘുവായുള്ള പാർശ്വലക്ഷണങ്ങൾ കണ്ടിരുന്നു. പനി, പേശീവേദന, വിറയൽ തുടങ്ങിയവയാണ് കണ്ടത്. പാരസെറ്റമോൾ നൽകിയപ്പോൾ ആശ്വാസം ലഭിക്കുകയും ചെയ്തു. അതിനാൽ തന്നെ ഭീകരമായ പ്രത്യാഘാതങ്ങളായി കരുതപ്പെടുന്നില്ല. വാക്സിൻ സുരക്ഷിതമെന്ന് ഇതുവഴി തെളിഞ്ഞു.
വാക്സിന്റെ ഗുണമേന്മ അളക്കുകയായിരുന്നു അടുത്തപടി. വൈറസിനെതിരെ ഉണ്ടാക്കുന്ന പ്രതിപദാർഥങ്ങൾ (antibody) , അണുബാധയ്ക്കെതിരെ പ്രവർത്തിക്കുന്ന ടി കോശങ്ങൾ എന്നിവയുടെ തോത് നിർണയിക്കുകയാണ് ചെയ്തത്. ഈ രണ്ടു മാർഗങ്ങളിലൂടെയാണ് ശരീരം രോഗാണുവിനെ പ്രതിരോധിക്കാറ്. പരീക്ഷണ വാക്സിൻ ലഭിച്ച ഏതാണ്ടെല്ലാപേർക്കും ഈ രണ്ടു പ്രതിരോധമാർഗങ്ങളും ഫലപ്രദമാകുന്നതായി കണ്ടു.
വൈറസ് അണുബാധ നിർവീര്യമാക്കുവാൻ പ്രാപ്തിയുള്ള പ്രതിപദാർഥങ്ങൾ (neutralising antibody) വേണ്ടുന്ന അളവിൽ ഉണ്ടായി എന്ന നിരീക്ഷണം വാക്സിന്റെ ഗുണമേന്മ സൂചിപ്പിക്കുന്നു.
ചുരുക്കത്തിൽ കൊറോണ വൈറസിനെതിരെ ഒാക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്സിൻ പരീക്ഷണം ആദ്യഘട്ടത്തിൽ വിജയകരമാണെന്നും വളരെയധികം പ്രതീക്ഷ നൽകുന്നു എന്നും പറയാം.
അടുത്തഘട്ടം (ഫേസ് 3) ഏറെ നിർണായകമാണ്. വാക്സിന്റെ കൂടുതൽ പേരിലെ ഫലം പഠിക്കുന്ന ഫേസ് 3 പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒപ്പം വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ നിർമിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആസ്ട്രാസെനെക (AstraZeneca) എന്ന കമ്പനിയാണ് വാക്സിൻ നിർമാണത്തിനു പിന്നിൽ. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയും നിർമാണത്തിന്റെ ഭാഗമാകും എന്നത് നമുക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
പരീക്ഷണവിജയങ്ങൾക്കു ശേഷം അതാതു രാജ്യങ്ങളിലെ ഡ്രഗ് റഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരവും കൂടി ലഭിച്ചു കഴിഞ്ഞാൽ വാക്സിൻ അതാതു രാജ്യങ്ങളിൽ ലഭ്യമാകും. അതിനു വലിയ താമസമുണ്ടാകില്ല എന്നു കരുതുന്നു. 6–12 മാസത്തിനുള്ളിൽ ഒാക്സ്ഫഡിന്റെ കോവിഡ് വാക്സിൻ നമുക്കു ലഭ്യമായേക്കും.