കാൽനൂറ്റാണ്ടോളമായി പരേതർക്ക് ഏറ്റവും വേണ്ടപ്പെട്ടയാളായി ചന്ദ്രശേഖരപ്പണിക്കർ മാറിയിട്ട്. ജീവിതത്തിന്റെ പല ദശാസന്ധികളിൽ വച്ച് പ്രിയപ്പെട്ടവരോടു പോലും യാത്ര പറയാതെ ശരീരം ഉപേക്ഷിച്ചുപോകുന്നവരെല്ലാം ഒടുവിൽ എത്തുന്നിടം ; പോസ്റ്റ് മോർട്ടം മുറിയാണ് ചന്ദ്രശേഖരപ്പണിക്കരുടെ പ്രവർത്തിയിടം. ഏകദേശം 22 വർഷമായി ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം സഹായിയായി ചന്ദ്രശേഖരപ്പണിക്കർ ജോലി ആരംഭിച്ചിട്ട്. ആശുപത്രിവികസന സമിതിയുടെ താൽക്കാലിക ജീവനക്കാരനായിരുന്നു തുടക്കം. പിന്നീടാണ് പോസ്റ്റ് മോർട്ടം സഹായി ആകുന്നത്.
ആദ്യമൊക്കെ മൃതശരീരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ഒരുക്കുന്ന ജോലിയായിരുന്നു പണിക്കർക്ക് . പതിയെ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ തുന്നിവാനൊക്കെ സഹായിച്ചു തുടങ്ങി. ചെമ്മനാട് ഒരു ബസ്സ് കത്തി മരിച്ചവരുടെ മൃതദേഹങ്ങളാണ് ജോലിയിൽ ആദ്യമായി അഭിമുഖീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം ഒാർക്കുന്നു.. കത്തിക്കരിഞ്ഞ ശരീരങ്ങൾ ആളുകൾക്ക് തിരഞ്ഞുപിടിച്ചു കൊടുക്കാൻ സഹായിയായി പോയതാണ്.
‘‘ പോസ്റ്റ് മോർട്ടം മുറിയിലെ ജോലി കഴിഞ്ഞ് കുളിച്ച് വേഷം മാറിയാണ് വീട്ടിൽ പോവുക. എന്നിട്ടും ആദ്യകാലങ്ങളിൽ വീട്ടിൽ ചെന്നാൽ ആഹാരം കഴിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. മൃതശരീരങ്ങളുടെ രൂപവും ഗന്ധവുമൊക്കെ മനസ്സിലേക്ക് തികട്ടി വരും. ശീലമായപ്പോൾ അത്തരം പ്രശ്നങ്ങളൊക്കെ മാറി.
എങ്കിലും ചില മൃതദേഹങ്ങൾ കാണേണ്ടിവരുമ്പോൾ കണ്ണുനിറയും... നെഞ്ചുപൊടിയും. ചിലപ്പോൾ ചെറിയ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണു മരിച്ച് ബോഡി കൊണ്ടുവരും. അന്നത്തെ ദിവസം മുഴുവൻ വിഷമമായിരിക്കും. പിഞ്ചു ദേഹത്തിൽ കത്തിവയ്ക്കുന്നതൊക്കെ വലിയ സങ്കടമുള്ള കാര്യമല്ലേ? ചെറുപ്പക്കാരായ കുട്ടികളൊക്കെ വണ്ടി ആക്സിഡന്റിൽ മരിച്ച് കൊണ്ടുവരുന്നതും തൂങ്ങിമരിച്ച് കൊണ്ടുവരുന്നതുമൊക്കെ കാണേണ്ടിവരുമ്പോൾ മനസ്സ് നീറും. പക്ഷേ, ജോലിയുടെ ഭാഗമായതുകൊണ്ട് ചെയ്യാതെ നിർവാഹമില്ല.
വർഷങ്ങൾ പോകവേ, മൃതശരീരങ്ങളുടെ മുഖവും ഗന്ധവും ആശുപത്രിയിൽ തന്നെ ഉപേക്ഷിച്ചുപോകാൻ പണിക്കർ പഠിച്ചു. എങ്കിലും, ചില മുഖങ്ങൾ മനസ്സിൽ നിന്നും മായാൻ കൂട്ടാക്കാറില്ല. ‘‘ കുറേ വർഷങ്ങൾക്കു മുമ്പാണ്, ചേർത്തല റയിൽവേ സ്േറ്റഷന് അടുത്തുവച്ച് സ്കൂട്ടറിൽ പോയ അച്ഛനും മകനും വണ്ടിതട്ടി മരിച്ചു. കുട്ടിക്ക് നാലോ അഞ്ചോ വയസ്സാണ് പ്രായം. ആ കുഞ്ഞുമുഖം ഇന്നും മനസ്സിലുണ്ട്. ’’
പണിക്കരുണ്ടെങ്കിൽ ഡോക്ടർമാർക്ക് പണി എളുപ്പമാണ്. പുതിയ ആളുകൾ വരുമ്പോൾ പണിക്കരാണ് വലംകൈ. എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പണിക്കർക്ക് നല്ല നിശ്ചയം. ജോലി ഇതായതുകൊണ്ട് നിനച്ചിരിക്കാത്ത നേരത്ത് ചിലപ്പോൾ വിളി വരും.
‘‘ ദിവസം മൂന്നും നാലും പോസ്റ്റ് മോർട്ടമൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ ഒരു ടേബിളാണ് ഉള്ളത്. ഒരു മൃതശരീരം പോസ്റ്റ് മോർട്ടം ചെയ്ത ശേഷമേ അടുത്തത് ചെയ്യാൻ പറ്റൂ. അങ്ങനെ ഒാരോന്നായി ചെയ്തു വൈകിട്ടു നാലു മണിക്കു തുടങ്ങിയാൽ രാത്രി രണ്ടര മൂന്നിനാണ് ജോലി കഴിയുക. ’’
പാതിരാനേരങ്ങളിൽ പോലും ശവശരീരങ്ങൾക്കൊപ്പം ജോലി ചെയ്യേണ്ടിവരുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല എന്നു പണിക്കർ പറയുന്നു. ‘‘ സത്യത്തിൽ ജീവിച്ചിരിക്കുന്നവരെ മാത്രമാണ് ഭയക്കേണ്ടത്. ജീവിച്ചിരിക്കുന്നവര് പല പണികളും തരും. പക്ഷേ, മരിച്ചവരാരും തിരിച്ചു വരാറുമില്ല, ഉപദ്രവിക്കാറുമില്ല. അങ്ങനെ ചിന്തിക്കുന്നതു തന്നെ തെറ്റാണ്. ’’
പോസ്റ്റ് മോർട്ടം ചെയ്തു കിട്ടാൻ താമസിക്കുമ്പോൾ ആളുകൾ വലിയ പ്രശ്നമുണ്ടാക്കും. സ്വാഭാവികം. പക്ഷേ, പോസ്റ്റ് മോർട്ടം മുറിയിൽ നടക്കുന്നതെന്താണെന്ന് അവർക്ക് അറിയില്ല. മൃതശരീരം പരിശോധിച്ച് മരണകാരണം കണ്ടെത്തിയ ശേഷം ഏറ്റവും ഭംഗിയായി തുന്നിച്ചേർത്താണ് നൽകുന്നത്. അക്കാര്യത്തിൽ പണിക്കരുെട കഴിവിനെ ഡോക്ടർമാർ പോലും അഭിനന്ദിച്ചിട്ടുണ്ട്.
‘‘അവസാനമായി ഒരുനോക്കു കാണാനായി പ്രിയപ്പെട്ടവർക്കു നൽകുമ്പോൾ. അത് ഏറ്റവും ഭംഗിയായി നൽകണമെന്നാണ് ആഗ്രഹം. പിന്നീട് കാണാൻ പറ്റില്ലല്ലൊ. ആക്സിഡന്റായി വരുന്ന ശരീരങ്ങളിൽ ചിലപ്പോൾ മുഖമെന്നു പറയാൻ പോലും ബാക്കിയൊന്നുമുണ്ടാകില്ല. എങ്കിലും കഴിയുന്നതും വൃത്തികേടില്ലാതെ ചേർത്തുവച്ച് തുന്നലുകളിട്ട് അന്ത്യദർശനത്തിനായി ഒരുക്കിക്കൊടുക്കും. ട്രെയിൻതട്ടിയുള്ള മരണങ്ങളിലൊക്കെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ ആകൃതിയൊപ്പിച്ച് തുന്നിയൊരുക്കി നൽകുമ്പോഴോക്കെ മനസ്സ് കീറിമുറിയാറുണ്ട്. പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനത്തിന് അവശേഷിക്കുന്നത് ഒരു ഫോട്ടോ മാത്രമായിരിക്കും. തൂങ്ങിമരണങ്ങളിൽ പരിക്കുകൾ മൂലമുള്ള ഭീകരത കുറവാണ്. കണ്ടാൽ വെറുതെ ഉറങ്ങിക്കിടക്കുന്നതുപോലെയേ ഉള്ളൂ. ’’
20 രൂപ ദിവസക്കൂലിക്ക് തുടങ്ങിയതാണ് ഈ ജോലി. അന്ന് തുച്ഛമായ കാശിന് ഈ ജോലി ചെയ്യാൻ ആരും തയാറായിരുന്നില്ല. സർക്കാർ ആശുപത്രിയല്ലേ, പതിയെ ജോലി സ്ഥിരപ്പെട്ടു കിട്ടും എന്നായിരുന്നു പ്രതീക്ഷയെന്നു പണിക്കർ പറയുന്നു. പക്ഷേ, 20 രൂപ ദിവസക്കൂലി ഇപ്പോൾ 440 രൂപ വരെ എത്തിയെന്നല്ലാതെ നിയമനം സ്ഥിരപ്പെട്ടു കിട്ടിയില്ല. ജോലി സ്ഥിരപ്പെട്ടു കിട്ടാൻ അപേക്ഷകളുമായി ഒാഫിസ് കയറിയിറങ്ങിയിട്ടും അത്രയും ദിവസത്തെ ശമ്പളം പോയതല്ലാതെ ഫലമുണ്ടായില്ല. ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ ഹൈക്കോടതിയിൽ പോയിരുന്നു. അങ്ങനെ 70 വയസ്സുവരെ താൽക്കാലിക ശുചീകരണത്തൊഴിലാളിയായി തുടരാൻ അനുമതി ലഭിച്ചിട്ടുണ്ട്.
60 വയസ്സിനിടയിൽ ഏതാണ്ട് 5000 ത്തോളം പോസ്റ്റ് മോർട്ടങ്ങൾക്ക് സഹായിയായി. മരണങ്ങൾ കണ്ടുകണ്ടാകണം ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് പണിക്കർക്ക് നല്ല ബോധ്യം. വിഐപി യാണെങ്കിൽ പോലും മരിച്ചു കഴിഞ്ഞാൽ ഒറ്റവാക്കേയുള്ളു–ബോഡി. ഒരു കല്ലിൽ തട്ടി വണ്ടി ഒന്നു മറിഞ്ഞാൽമതി, ജീവിതം തീരാൻ.’’
മനുഷ്യൻ എത്ര അഹങ്കരിച്ചാലും ഇത്രയേ ഉള്ളൂ എന്ന വലിയ ഗുണപാഠത്തിലേക്കാണ് പണിക്കർ ഒാരോ ദിവസവും കൺതുറക്കുന്നത്. അതാകണം ജീവിക്കാനുള്ള ഈ ഒാട്ടപ്പാച്ചിലിനിടയിൽ പണിക്കരുടെ ഊർജ്ജം.