Tuesday 27 October 2020 03:48 PM IST

കാൽമുട്ടിനു താഴെ വിട്ടുമാറാത്ത നീരും വേദനയും; വില്ലൻ ഡിവിറ്റി എന്ന ഡീപ് വെയിൻ ത്രോംബോസിസ് ആകാം, തിരിച്ചറിയാൻ ഈ ടിപ്സ്

Asha Thomas

Senior Sub Editor, Manorama Arogyam

dvtsympt78

ദീർഘനേരം ഇരുന്നു ഫയൽ നോക്കിയശേഷം വൈകിട്ട് വീട്ടിലെത്തുമ്പോൾ മുട്ടിനു താഴെ വേദനയും നീരും പതിവാണോ? ദീർഘനേരത്തെ ഡ്രൈവിങ്ങിനു ശേഷം കാലുകളിൽ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ടോ? പ്രസവശേഷമുള്ള വിശ്രമം കഴിഞ്ഞ് കാലിൽ വേദനയും നീരും പതിവാണോ? എങ്കിൽ നിങ്ങൾ തീർച്ചയായും ഇതു വായിക്കണം. നിങ്ങളെ അലട്ടുന്ന പ്രശ്നം ഡീപ് വെയിൻ ത്രോംബോസിസ് ആകാം.

എന്താണ് ഡിവിറ്റി അഥവാ ഡീപ് വെയിൻ ത്രോംബോസിസ്?

സിരകളാണ് ഹൃദയത്തിൽ നിന്നും ഉള്ള അശുദ്ധരക്തം വഹിച്ചുകൊണ്ടുപോവുന്നത്. ധമനികളിലെ പോലെ ഊർജസ്വലമായ രക്തപ്രവാഹമായിരിക്കില്ല സിരകളുടേത്. വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാതാകുമ്പോൾ സിരകളിലെ രക്തയോട്ടം കൂടുതൽ മന്ദഗതിയിലാകാം. പ്രധാനസിരകളിലെ (Deep Vein) രക്തയോട്ടം സാവധാനത്തിലാകുമ്പോൾ രക്തക്കട്ടകൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ദീർഘനേരം ചില പ്രത്യേക ഇരിപ്പിൽ ഇരുന്നു യാത്ര ചെയ്യുന്നതും മണിക്കൂറുകളോളം ഒരേ ഇരിപ്പിരിക്കുന്നതും അമിതവണ്ണവുമൊക്കെ രക്തമൊഴുക്കു മന്ദഗതിയിലാകാനും രക്തക്കട്ടകൾ രൂപപ്പെടാനും ഇടയാക്കാം.

മൂന്നു തരത്തിലാണ് പ്രധാനമായും രക്തക്കട്ടകൾ രൂപപ്പെടുന്നത്.

∙ ദീർഘസമയം ഇരിക്കുന്നതു മൂലം സിരകൾ അമർത്തപ്പെട്ട് രക്തയോട്ടം കുറയുന്നു.

∙ ശാരീരികചലനങ്ങൾ കുറയുന്നതു മൂലം സിരകളിലൂടെയുള്ള രക്തയൊഴുക്കിന്റെ വേഗത കുറയുന്നത്.

∙ രക്തം കട്ടപിടിക്കുന്നത് മൂലം.

. ഉദാഹരണത്തിന് പ്രസവശേഷം ശരീരത്തിലെ ഈസ്ട്രജൻ നിരക്ക് കുറയുന്നതും ശാരീരിക ചലനങ്ങൾ കുറയുന്നതു മൂലവും ഗർഭകാലത്ത്, വലുതാകുന്ന ഗർഭപാത്രത്തിന്റെ സമ്മർദം മൂലവും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലാണ്.

ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നതും രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറും (ഡ്രഗ് ഇൻഡ്യൂസ്ഡ് കൊയാഗുലേഷൻ).

∙ രക്തക്കുഴലുകളിലെ ഘടനാപരമായ അസാധാരണത്വം മറ്റൊരു പ്രധാനപ്രശ്നമാണ്. ഉദാഹരണത്തിന് വെരിക്കോസ് വെയിൻ പ്രശ്നമുള്ളവരിൽ രക്തക്കുഴലിന്റെ ആന്തര ആവരണം ക്രമരഹിതമായിരിക്കും.

∙ ചിലർക്ക് ജനിതകമായി തന്നെ ഇത്തരമൊരു രോഗാവസ്ഥയ്ക്ക് സാധ്യത കാണും. ഇവരിൽ അടിക്കടി കാലിലെയോ കയ്യിലെയോ പ്രധാനസിരകളിൽ രക്തക്കട്ടകൾ രൂപപ്പെടാം.

ലക്ഷണങ്ങൾ

കാലിൽ ആണ് ഡിവിറ്റി വരുന്നതെങ്കിൽ കാലിൽ നീര്, ചുവപ്പ്, അസഹ്യമായ വേദന എന്നിവയുണ്ടാകാം. ചിലരിൽ ലക്ഷമങ്ങളൊന്നുമില്ലാതെയും ഡീപ് വെയിൻ ത്രോംബോസിസ് വരാറുണ്ട്. ഡോപ്ലർ പരിശോധനയോ സിരകളിൽ നടത്തുന്ന ആൻജിയോഗ്രാമോ വഴി ഡിവിറ്റി കൃത്യമായി തിരിച്ചറിയാം. ചിലതരം രക്തപരിശോധനകളും രോഗനിർണയത്തിനു സഹായിക്കും.

ആർക്കൊക്കെ സാധ്യത കൂടുതൽ?

∙ സർജറി കഴിഞ്ഞ് വിശ്രമാവസ്ഥയിലുള്ളവർ

∙ പുകവലിക്കുന്നവർ

∙ അമിതശരീരഭാരമുള്ളവർ

∙ ദീർഘനേരം ഒരേ ഇരിപ്പിരിക്കുന്നവർ.

∙ അർബുദബാധിതർ

ദീർഘയാത്രകൾ പ്രശ്നമാകുമ്പോൾ

ദീർഘനേരമുള്ള ഇരിപ്പ് ഡിവിറ്റിക്കു കാരണമാകാം. പ്രത്യേകിച്ച് കയ്യോ കാലോ അധികം അനക്കാനാകാതെ ഇരുന്നുള്ള ദീർഘയാത്രകൾ–അത് ബസ്സോ കാറോ വിമാനമോ ആകട്ടെ സിരകളിലേക്കുള്ള രക്തമൊഴുക്കു കുറച്ച് രക്തക്കട്ടകൾ രൂപപ്പെടാൻ ഇടയാക്കാം. നാലു മണിക്കൂറിലധികം ഒരേ ഇരിപ്പിരുന്നുള്ള യാത്ര ഡിവിറ്റിക്കുള്ള സാധ്യത നാലു മടങ്ങ് വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ഡിവിറ്റി അപകടകരമാണോ?

ഡിവിറ്റിയുടെ ഏറ്റവും പ്രധാന അപകടം പൾമണറി എംബോളിസം എന്ന ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായ അവസ്ഥയാണ്. സിരകളിൽ നിന്നുള്ള രക്തം നേരേ ശ്വാസകോശത്തിലെത്തി അരിക്കൽ കഴിഞ്ഞാണ് മറ്റിടങ്ങളിലേക്ക് പോവുക. രക്തക്കട്ടകൾ രക്തപ്രവാഹത്തിലൂടെ നേരേ ശ്വാസകോശത്തിലെത്തിയാൽ അത് രക്തപ്രവാഹം തടസ്സപ്പെടാൻ കാരണമാകും. ഇത് ശ്വാസതടസ്സം, രക്തസമ്മർദം കുറയുക, ബോധക്കേട്, നെഞ്ചിടിപ്പ് വേഗത്തിലാകുക, നെഞ്ചുവേദന എന്നിവയ്ക്കൊക്കെ കാരണമാകാം.

ചികിത്സ എങ്ങനെ?

വ്യായാമം ചെയ്യുന്നതുവഴി സിരകളിലൂടെയുള്ള രക്തമൊഴുക്ക് നന്നായി നടക്കാനും ഡിവിറ്റിക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. പക്ഷേ, രക്തക്കട്ടകൾ രൂപപ്പെട്ടു കഴിഞ്ഞാൽ അതിനെ കൈകാര്യം ചെയ്യാനും ഡിവിറ്റി വീണ്ടും വരാതിരിക്കാനുമുള്ള ചികിത്സകളാണ് ആവശ്യം. രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ സാധാരണമായി നൽകാറുണ്ട്.

രക്തക്കട്ടകൾ ശ്വാസകോശത്തിലെത്തി എംബോളിസത്തിനു കാരണമാകുന്നതു തടയാൻ മഹാസിരയിൽ (Venecava) ഫിൽറ്റർ ഘടിപ്പിക്കാറുണ്ട്.

കാലിലോ കയ്യിലോ ഡിവിറ്റിയുടേതായ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഫിസിഷനെ കണ്ട് രോഗനിർണയം നട്തതുകയാണ് ആദ്യം വേണ്ടത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം വാസ്കുലർ സർജനെ സമീപിച്ച് വേണ്ട വിദഗ്ധ ചികിത്സകൾ നടത്താം.

വിവരങ്ങൾക്ക് കടപ്പാട്

‍ോ. മാത്യു പാറയ്ക്കൽ, സീനിയർ ഫിസിഷൻ

കോട്ടയം

Tags:
  • Manorama Arogyam
  • Health Tips