പൾസ് ഒാക്സീമീറ്ററിൽ ഒരു കുട്ടി സ്കെച്ച് പേന കടത്തിവച്ചതിനെ തുടർന്ന് പൾസ് നിരക്കും ഒാക്സിജൻ അളവും കാണിക്കുന്നതായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. അതിനെ തുടർന്ന് പൾസ് ഒാക്സീമീറ്റർ ശുദ്ധ തട്ടിപ്പാണെന്നു വരെ വാദങ്ങളുണ്ടായി. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നോക്കാം.
ആദ്യം പൾസ് ഒാക്സീമീറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. പൾസ് ഒാക്സീമീറ്ററിന് പ്രകാശസ്രോതസ്സും ഫോട്ടോ ഡിറ്റക്ടറും ഉണ്ട്. പൾസ് ഒാക്സീമീറ്ററിന്റെ പ്രോബിനുൾവശത്തുള്ള എൽഇഡി ലൈറ്റ് ചുവന്ന പ്രകാശമോ ഒന്നിലധികം നിറങ്ങളിലുള്ള പ്രകാശമോ (ഇൻപ്രാറെഡ് ലൈറ്റ്) പുറപ്പെടുവിക്കും. ഈ പ്രകാശം വിരൽത്തുമ്പിലെ കോശസമൂഹങ്ങൾ വഴി കടന്നുപോകുമ്പോൾ രക്തത്തിൽ ധാരാളം പ്രാണവായു ഉണ്ടെങ്കിൽ ചുവന്നപ്രകാശത്തെ കൂടുതലായി അതിലൂടെ കടത്തിവിടും. ഒാക്സിജൻ കുറവാണെങ്കിൽ ചുവന്ന പ്രകാശം കൂടുതൽ ആഗിരണം ചെയ്യപ്പെടും. മറ്റു പ്രകാശം പുറത്തുവിടും. കോശങ്ങളിൽ തട്ടി തിരിച്ചുവരുന്ന പ്രകാശത്തെ സെൻസർ പിടിച്ചെടുക്കും. എത്രമാത്രം പ്രകാശമാണ് വിരലിൽ തട്ടി തിരികെ വരുന്നത് എന്നതു കണക്കാക്കിയാണ് പ്രാണവായു വഹിക്കുന്ന രക്തകോശങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതും അങ്ങനെ രക്തത്തിലെ ഒാക്സിജൻ നിരക്ക് കണക്കാക്കുന്നതും.
‘‘പേന പോലുള്ള എന്തെങ്കിലും സാധനം ഒാക്സീമീറ്ററിനകത്ത് കടത്തിവയ്ക്കുകയും ഫോട്ടോ സെൻസർ അതിൽ തട്ടിവരുന്ന പ്രകാശത്തെ തിരിച്ചറിയുകയും ചെയ്താൽ എന്തെങ്കിലും റീഡിങ് കാണിക്കാം. അതിനർഥം ഒാക്സീമീറ്റർ തട്ടിപ്പാണെന്നല്ല. ’’ പൾമനറി രീഹാബിലിറ്റേഷൻ വിദഗ്ധ പ്രസന്ന ശശികുമാർ പറയുന്നു.
ബിപിഎൽ എന്ന പൾസ് ഒാക്സീമീറ്റർ നിർമാണ കമ്പനി ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ. വിരലിനു പകരം പേന കയറ്റിവയ്ക്കുമ്പോൾ പൾസ് ഒാക്സീമീറ്റർ അതു വിരലാണെന്നു കരുതി പൾസിനായി തിരയും. ഈ തിരച്ചിലിന്റെ ഭാഗമായി ഫോട്ടോ ഡിറ്റക്റ്ററിൽ പതിക്കുന്ന പ്രകാശത്തിന്റെ വ്യത്യസ്ത തീവ്രത മൂലം ഒരുതരം മിടിപ്പ് പോലെ (പൾസേറ്റിങ് ഇഫക്ട്) ഉണ്ടാവുകയും തത്ഫലമായി പൾസ് ഒാക്സീമീറ്ററിൽ ഒരു റീഡിങ് കാണിക്കുകയും ചെയ്യും. അല്ലാതെ പൾസ് ഒാക്സീമീറ്റർ തട്ടിപ്പായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.