ലോക് ഡൗണിനെ തുടർന്നുള്ള നീണ്ട അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ പോവുകയാണ്. അവധിക്കാലം തൊടിയിലും മറ്റു കളിച്ചു തിമിർത്തു, വിയർപ്പിൽ കുളിച്ചാവും മിക്ക കുട്ടികളും വീടണയുക. പിന്നെ ഓടിച്ചുള്ള ഒരു കുളിയും പാസാക്കി വീണ്ടും കളികളിലേക്ക്. തലയിൽ വിയർപ്പും അഴുക്കും തങ്ങി നിന്നും മറ്റ് കുട്ടികളുമായി ഉള്ള ഇടപഴകലുകൾ കാരണവും കുട്ടികളുടെ തലയിൽ പേനും ഈരും നിറഞ്ഞിട്ടുണ്ടാകും. ഇനി സ്കൂൾ തുറക്കുന്നതിനു മുൻപ് പേനിനെ ഒക്കെ കളഞ്ഞ് മുടി വൃത്തിയാക്കുക എന്ന രക്ഷിതാക്കളെ സംബന്ധിച്ച് ഒരു തലവേദന തന്നെയാണ്.
* കുട്ടിയുടെ തലമുടി നന്നായി കഴുകണം . കൊച്ചു കുട്ടികളുടെ മുടി മുതിർന്നവർ തന്നെ വൃത്തിയാക്കി കൊടുക്കുക. ഓയിൽ മസാജ് ചെയ്ത്, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ഷാംപൂ നേർപ്പിച്ച് വേണം ഉപയോഗിക്കാൻ . അതായത് കുറച്ചു ഷാംപൂ വെള്ളത്തിൽ യോജിപ്പിച്ച് നേർപ്പിക്കുക. മുടി നനച്ചശേഷം ഷാംപൂ പുരട്ടാം. തലയോട്ടിയിൽ ഷാംപൂ തേച്ചു പിടിപ്പിച്ച് നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.
* കുട്ടി കളി കഴിഞ്ഞ് വിയർത്തു കുളിച്ചു വന്നാലും മുടി വിയർപ്പോടെ കെട്ടിവയ്ക്കാനോ കുളിക്കാനോ പോകരുത്. മുടിയിലെ വിയർപ് ഫാനിന്റെ കാറ്റ് കൊള്ളിച്ച് ഉണക്കിയ ശേഷമെ കഴുകാൻ പാടുള്ളൂ. * കുറച്ചു പേൻ മാത്രമെ ഉള്ളുവെങ്കിൽ പേൻ ചീർപ്പ് കൊണ്ട് ചീകി കളയണം. ഒന്നോ രണ്ടോ പേൻ മാത്രമെ ഉള്ളുവെങ്കിലും അതു പെറ്റുപെരുകും .
* കവുങ്ങിന്റെ തളിരില എടുത്ത് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതു അരിച്ചെടുക്കണം. ഇതു വച്ച് തല നന്നായി കഴുകുക. പേനും ഈരും നശിക്കും. തല കഴുകിയ ശേഷം ചീർപ്പ് ഉപയോഗിച്ച് ചീകിയാൽ പേനും ഈരും പെട്ടെന്നു കളയാൻ പറ്റും.
* ചെമ്പരത്തിയിലയുടെ താളിയും നല്ലതാണ്. ഷാംപൂവിനു പകരം ആഴ്ചയിൽ 2 - 3 പ്രാവശ്യം തല കഴുകാം.
* ഒരുപാട് പേൻ ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് മുടി നന്നായി ചീകി മുടിയ്ക്കുള്ളിൽ ഇടയ്ക്കിടെ കൃഷ്ണ തുളസി ഇല തിരുകി വയ്ക്കുക. എന്നിട്ട് മുടി കെട്ടി വയ്ക്കാം. പേൻ നശിച്ചു പോകും. നമുക്ക് ചീകി കളയാനും എളുപ്പമായിരിക്കും. കൂടുതൽ പേൻ ഉണ്ടാവുകയുമില്ല.
* ചെറിയ കുട്ടികളിൽ മൂന്നു മാസം കൂടുമ്പോൾ മുടി വെട്ടുക. നഴ്സറി പ്രായം കഴിഞ്ഞാൽ ആറ് മാസത്തിൽ ഒരിക്കൽ മുടി മുറിക്കാം. ചെറു പ്രായത്തിൽ മുടി വളർത്തു തിരിക്കുന്നതാണ് നല്ലത്. സ്വന്തമായി മുടി സൂക്ഷിക്കാൻ കുട്ടിക്ക് പ്രാപ്തി ഉണ്ടാകുന്നതുവരെ മുടി വളർത്തേണ്ട . ചെറുപ്രായത്തിൽ മുടി വളർത്തിയാൽ വലുതാകും തോറും മുടിയുടെ ഘനം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. റീമ പത്മകുമാർ, തിരുവനന്തപുരം