പ്രസവം കഴിഞ്ഞു വർഷങ്ങളായിട്ടും വയറിലെ സ്ട്രെച്ച് മാർക്ക് മായുന്നില്ല. സാരിയുടുക്കുമ്പോൾ അതൊരു അഭംഗിയാണ്. എന്താണ് പരിഹാരം?
പൂച്ച മാന്തിയതുപോലെയുള്ള വെള്ളപ്പാടുകൾ, തവിട്ടുവരകൾ....പ്രസവം കഴിഞ്ഞ് വയർ പൂർവസ്ഥിതിയിലെത്തിയാലും വയറിലെ ഈ പാടുകൾ മാറുകയില്ല. സ്ട്രെച്ച് മാർക്ക് എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഈ പാടുകൾ സൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുക്കളായവർക്ക് വളരെയധികം മനോവിഷമം ഉണ്ടാക്കുന്ന ഒന്നാണ്.
പ്രസവം മൂലം മാത്രമല്ല
യഥാർഥത്തിൽ പ്രസവത്തെ തുടർന്നു മാത്രമല്ല സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത്. ശരീരഭാരം വർധിക്കുമ്പോൾ ചർമം വലിയുന്നതിന്റെ ഭാഗമായി തുടയിലും കാലിലുമെല്ലാം കൗമാരപ്രായത്തിൽ പോലും ഇത്തരം പാടുകൾ വീഴാം. കൗമാരപ്രായത്തിലെ പൊടുന്നനെയുള്ള ശരീരവളർച്ച, ഗർഭധാരണം, പെട്ടെന്നു ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ഘട്ടങ്ങളിലാണ് പൊതുവേ സ്ട്രെച്ച് മാർക്കുകൾ ചർമത്തിൽ ഉണ്ടാവുന്നത്. പുരുഷന്മാരിലും വണ്ണം വയ്ക്കുന്നതിന്റെ ഭാഗമായി പുറത്തും കൈകളിലും വയറിലുമൊക്കെ പാടുകൾ വീഴാം. കോർട്ടിക്കോസ്റ്റിറോയ്ഡ് ക്രീമുകളും ലോഷനുകളും സ്ഥിരമായി ഉപയോഗിക്കുന്നവരിലും പാടുകൾ വീഴാം.
നമ്മുടെ ചർമം പൊടുന്നനെ ഒരുപാട് വലിയുകയോ ചുരുങ്ങുമ്പോഴോ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ ചർമത്തിനടിയിലുള്ള കൊളാജൻ എന്ന ഇലാസ്റ്റിക് ഫൈബർ പൊട്ടുന്നതാണ് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാൻ കാരണം.
ഒാരോരുത്തരുടെയും ചർമത്തിന്റെ നിറമനുസരിച്ച് ഇരുണ്ട തവിട്ടുനിറത്തിലും ഇളം റോസ്നിറത്തിലും ചുവപ്പു കലർന്ന തവിട്ടുനിറത്തിലും വിളറിയ വെള്ളനിറത്തിലുമെല്ലാം പാടുകൾ ഉണ്ടാകാം. തുടക്കത്തിൽ ഇതൽപം തടിച്ചുനിൽക്കുന്നതുപോലെയുണ്ടാകും. കാലക്രമേണ തടിപ്പു കുറയും, പാടിന്റെ നിറം മങ്ങും, പക്ഷേ, പൂർണമായി മാഞ്ഞുപോവുകയില്ല.
എന്തുകൊണ്ട് ചിലർക്കു മാത്രം?
എന്തുകൊണ്ടാണ് ഗർഭിണികളാകുന്നതോ വണ്ണം വയ്ക്കുന്നതോ ആയ എല്ലാവർക്കും സ്ട്രെച്ച് മാർക് വരാത്തതെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, കൃത്യമായ ഉത്തരം പറയുക പ്രയാസമാണ്. അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ സ്ട്രെച്ച് മാർക് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയേറെയാണ്. ഹോർമോണുകളുടെ നിരക്കിലെ വ്യതിയാനങ്ങളും സ്ട്രെച്ച് മാർക്കുകളുടെ രൂപപ്പെടലിൽ ഒരു പങ്കുവഹിക്കുന്നതായി കാണുന്നതായി വിദഗ്ധർ പറയുന്നു.
എന്താണ് പരിഹാരം?
ക്രീമുകളും ലോഷനുകളും എണ്ണകളുമെന്നു വേണ്ട കൊക്കോ ബട്ടർ, വൈറ്റമിൻ ഇ എന്നിങ്ങനെ വിപണിയിൽ സ്ട്രെച്ച് മാർക്ക് മായ്ക്കാമെന്നവകാശപ്പെട്ട് ഒട്ടേറെ ഉൽപന്നങ്ങൾ എത്തുന്നുണ്ട്. പക്ഷേ, പുറമേ പുരട്ടുന്ന ക്രീമുകൾ പലതും യാതൊരു പ്രയോജനവും ചെയ്യില്ല എന്നാണ് ഇതു സംബന്ധിച്ചു നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
∙ ക്രീമോ ലോഷനോ പരീക്ഷിക്കുന്നുവെങ്കിൽ തന്നെ വർഷങ്ങൾ കഴിഞ്ഞിട്ട് ചെയ്യുന്നതിലും പ്രയോജനപ്രദം പാടുകൾ രൂപപ്പെട്ട് അധികം വൈകാതെ ചെയ്യുന്നതാണ്.
∙ മസാജ് കുറെച്ചൊക്കെ സ്ട്രെച്ച് മാർക്കുകൾ മങ്ങാൻ സഹായിക്കുമെന്ന് അഭിപ്രായമുണ്ട്. സാവധാനം ക്രീമോ ലോഷനോ എണ്ണയോ പുരട്ടി വയറ് മസാജ് ചെയ്യുക. പക്ഷേ, ഒന്നോർക്കുക, ആഴ്ചകൾ എടുക്കും ചെറിയ മാറ്റമെങ്കിലും പ്രത്യക്ഷമാകാൻ.
∙ ഹയലൂറോണിക് ആസിഡ്, ട്രെറ്റിനോയിൻ എന്നീ ഘടകങ്ങൾ അടങ്ങിയ ക്രീമുകൾ പുരട്ടിയാൽ സ്ട്രെച്ച് മാർക്കിന്റെ നിറം മങ്ങിയതാക്കാൻ സാധിക്കുമെന്നു പറയുന്നു. പക്ഷേ, പൂർണമായി പാട് മായ്ക്കാനാകില്ല.
∙ ഗർഭകാലത്ത് ക്രീമും ലോഷനുമൊക്കെ വയറിൽ പുരട്ടും മുൻപ് ഗൈനക്കോളജിസ്റ്റിനോട് അഭിപ്രായം ചോദിക്കുക. ഇത്തരം ക്രീമുകളിലെ റെറ്റിനോൾ പോലുള്ള ചില ഘടകങ്ങൾ ഗർഭസ്ഥശിശുവിനു ദോഷകരമായേക്കാമെന്നു പഠനങ്ങളുണ്ട്.
കോസ്മറ്റിക് ട്രീറ്റ്മെന്റ്
മൈക്രോനീഡിലിങ്, ലേസർ ചികിത്സ എന്നിവ സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനായി ചർമരോഗവിദഗ്ധർ ഉപയോഗിക്കാറുണ്ട്. ഒന്നിലധികം തവണകൾ ചെയ്യേണ്ടിവരും. മൈക്രോനീഡിലിങ്ങും റേഡിയോഫ്രീക്വൻസിയും സംയോജിതമായി ചെയ്യുന്നത് പാട് മായ്ക്കാൻ കുറേക്കൂടി ഫലപ്രദവും സുരക്ഷിതവുമാണെന്നു വിദഗ്ധർ പറയുന്നു. കൗമാരപ്രായത്തിൽ വരുന്ന സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനും ഇവ സുരക്ഷിതമാണ്. ഒന്നിലധികം സിറ്റിങ് വേണ്ടിവരും, ചെലവ് അൽപം കൂടുതലായിരിക്കും. ഈ ചികിത്സകളോടൊപ്പം ശരീരഭാരം കുറയ്ക്കുകയും ശരീരം ടോൺ ചെയ്യുകയും കൂടി ചെയ്താൽ കൂടുതൽ മികച്ച ഫലം ലഭിക്കും.
വീട്ടുപരിഹാരങ്ങൾ
∙ ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകളുടെ കടുപ്പം കുറയ്ക്കാൻ വയർ വലുതായിത്തുടങ്ങുമ്പോഴേ ഒലീവ് എണ്ണ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. പ്രസവശേഷവും ഇതു തുടരാം.
∙ പ്രസവശേഷം വയർ കുറയുന്ന സമയത്ത് മുട്ടവെള്ള വയറിനു മുകളിൽ പുരട്ടുന്നത് ഉദരചർമം തൂങ്ങുന്നതു കുറച്ചേക്കാം.
∙ അലോവെര ജെൽ ഉപയോഗിച്ച് ചർമം മസാജ് ചെയ്ത് 30 മിനിറ്റുനേരം വയ്ക്കുന്നത് പാടുകൾ കുറേയൊക്കെ മങ്ങാൻ ഇടയാക്കാം.
∙ വിർജിൻ കോക്കനട്ട് ഒായിലും ഒലീവ് ഒായിലും ചേർത്ത് മസാജ് ചെയ്യാം.
∙ ഉരുളക്കിഴങ്ങ് നീര് ദിവസവും പുരട്ടുന്നത് പാടുകളുടെ കറുപ്പ് കുറയ്ക്കും.
∙ ഉദരഭാഗത്തെ ചർമം ഇടയ്ക്ക് സ്ക്രബ് ചെയ്യുന്നതു വഴി മൃതകോശങ്ങൾ നീങ്ങാനും അതുവഴി സ്ട്രെച്ച് മാർക്ക് മങ്ങാനും ഇടയാക്കിയേക്കാം.
ഏതു പരിഹാരമായാലും ആഴ്ചകളോളം പതിവായി ചെയ്താലേ ചെറിയ മാറ്റമെങ്കിലും ഉണ്ടാകൂ.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ലക്ഷ്മി അമ്മാൾ
ഗൈനക്കോളജിസ്റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ
തിരുവനന്തപുരം
ഡോ. നന്ദിനി നായർ
ഡെർമറ്റോളജിസ്റ്റ്
ക്യൂട്ടിസ് സ്കിൻ ക്ലിനിക്
എറണാകുളം
അനില ശ്രീകുമാർ
തിരുവനന്തപുരം