Wednesday 15 January 2020 12:28 PM IST : By സ്വന്തം ലേഖകൻ

കരളും വൃക്കയും ശുദ്ധീകരിക്കും, പ്രമേഹം തടയാനും ബെസ്റ്റ്! ചാമ്പങ്ങ വെറും ചാമ്പങ്ങയല്ല

champanga

തുടുത്തു ചുവന്ന നിറത്തിൽ കാണപ്പെടുന്ന ചാമ്പങ്ങ ചിലയിടങ്ങളിൽ റോസ് ആപ്പിൾ എന്നുമറിയപ്പെടുന്നു. പുഴുക്കൾ കാണാമെന്നതിനാൽ വലിയ പരിപാലനമില്ലാതെതന്നെ വളരുകയും കായ്ക്കുകയും ചെയ്യുന്ന ഈ നാടൻപഴത്തിന് ആപ്പിളിനേക്കാൾ പോഷകമൂല്യമുണ്ടെന്നാണ് പരിമിതമായ ഗവേഷണങ്ങളിൽ തന്നെ തെളിഞ്ഞിരിക്കുന്നത്. വൈറ്റമിൻ സി, വൈറ്റമിൻ എ, കാത്സ്യം, തയാമിൻ, നിയാസിൻ, അയൺ, സൾഫർ, പൊട്ടാസ്യം എന്നിവ സമൃദ്ധമായുണ്ട്. നാരുകളാൽ സമ്പുഷ്ടം.

ഇതിലെ ജാംബോസിൻ എന്ന ജൈവഘടകം ദഹനസമയത്ത് അന്നജത്തെ പഞ്ചസാരയാക്കുന്ന പ്രവർത്തനത്തെ നിയന്ത്രിക്കുന്നതായി ചില ഗവേഷണങ്ങളിൽ കണ്ടിട്ടുണ്ട്. പ്രമേഹരോഗികൾക്കും രോഗസാധ്യതയുള്ളവർക്കും ചാമ്പങ്ങ ഗുണകരമായിരിക്കും.

∙ ചാമ്പങ്ങയിലെ എ, സി വൈറ്റമിനുകളോടൊപ്പം ജൈവഘടകങ്ങളും ചേരുമ്പോൾ ഒന്നാന്തരം അർബുദ പ്രതിരോധകമാകുന്നു. ചില പാരമ്പര്യവൈദ്യപുസ്തകങ്ങളിൽ ചാമ്പങ്ങ സ്തനാർബുദത്തെ തടയുമെന്നു പരാമർശമുണ്ട്.

∙ നാരുകൾ ഏറെയുള്ളതിനാൽ ദഹനം ശരിയാക്കും, മലബന്ധം തടയും. കൊളസ്ട്രോൾ നിരക്കുകൾ കുറയ്ക്കുന്നതിലും സഹായകം. ∙ പ്രതിരോധശക്തി വർധിപ്പിക്കാനും ത്വക്‌രോഗങ്ങൾ തടയാനും ഇതിലെ ഘടകങ്ങൾ സഹായകമാണ്.

വയറിളക്കത്തിനുള്ള നാട്ടുമരുന്നായി ചാമ്പങ്ങാക്കുരുവിനെ പരാമർശിച്ചുകാണുന്നു.∙ പുരാതനകാലം മുതലേ ചാമ്പങ്ങ സത്ത് കരൾ–വൃക്ക ശുദ്ധീകാരിയായി ഉപയോഗിക്കുന്നു.

ചാമ്പങ്ങ വൈൻ

ചാമ്പങ്ങ– 1 കി.ഗ്രാം, പഞ്ചസാര– 1 കി. ഗ്രാം, യീസ്റ്റ്– അര ടീസ്പൂൺ, പഞ്ചസാര കരിച്ചത്– നാലു ടീസ്പൂൺ, ഗ്രാംപൂ–3,4 എണ്ണം, വെള്ളം– തിളപ്പിച്ചാറിച്ചത് 7–8 ഗ്ലാസ്സ്

ചാമ്പങ്ങ കഴുകി വൃത്തിയാക്കി പിളർന്നു കുരുകളഞ്ഞ് ചെറുകഷണങ്ങളാക്കുക. ഇത് ചേരുവകളെല്ലാം ചേർത്ത് കൽഭരണിയിലാക്കി നനവില്ലാത്ത മരത്തവികൊണ്ട് നന്നായി ഇളക്കുക. ശേഷം കോട്ടൺ തുണികൊണ്ട് വായ മൂടിക്കെട്ടാം. ഒരാഴ്ച കഴിഞ്ഞ് കെട്ടഴിച്ച് നനവില്ലാത്ത മരത്തവി കൊണ്ട് ഇളക്കിക്കൊടുക്കുക. ഒന്നിടവിട്ട ദിവസം ഇങ്ങനെ ചെയ്യാം. 21 ദിവസം കഴിഞ്ഞ് ഭരണി തുറന്ന് വൈൻ അരിച്ചെടുക്കാം.