Monday 15 March 2021 04:11 PM IST

പ്രസവകാല സങ്കീർണതകൾ, സമ്മർദ്ദങ്ങൾ: ശ്രുതി ജ്യോതിസ് പറയുന്നു

Sruthy Sreekumar

Sub Editor, Manorama Arogyam

sruthy-jyothis

ഗർഭിണി ആയി ഇരിക്കുമ്പോൾ ഒരു സ്ത്രീയ്ക്കു കിട്ടുന്ന ശ്രദ്ധയും ശുശ്രൂഷയും പോസ്റ്റ് പാർട്ടം പിരീഡിൽ കിട്ടുന്നുണ്ടോ എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്. അതു മാനസികാരോഗ്യത്തിന്റെ കാര്യത്തിലായാലും. കുഞ്ഞിനു നൽകുന്ന കരുതലും സ്നേഹവും പ്രസവശേഷം സ്ത്രീകൾക്കും നൽകണം. പ്രസവസമയത്ത് ലേബർ റൂമിൽ വച്ചു ഉണ്ടാകുന്ന സങ്കീർണതകൾ മാത്രമല്ല പ്രസവശേഷമുള്ള ആദ്യ നാളുകളിൽ ജീവനു അപകടം വരുത്താവുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾക്കു വരാം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് വയനാട് സ്വദേശിനിയും പ്രശസ്ത വ്ലോഗറുമായ ഡോ. ശ്രുതി ജ്യോതിസ്.

വേദനിച്ച നാളുകൾ

പ്രസവശേഷം രണ്ടാമത്തെ ദിവസം തന്നെ മുലക്കണ്ണ് വിണ്ടുകീറിയിരുന്നു (നിപ്പിൾ ക്രാക്ക്). കുഞ്ഞിനു ശരിയായ രീതിയിൽ പാൽ കൊടുക്കാൻ പോലും വല്ലാതെ ബുദ്ധിമുട്ടി. ആദ്യമൊക്കെ വേദന സഹിച്ചു പാൽ കൊടുക്കുമായിരുന്നു. 7–10 ദിവസം ആയപ്പോഴെക്കെ വിണ്ടുകീറിയതിന്റെ തീവ്രത കൂടി. പാൽ കൊടുക്കുമ്പോൾ ഞാൻ കരയുമായിരുന്നു. വേദനിച്ചിട്ടും പാൽ പിഴിഞ്ഞും നിപ്പിൾ ഷീൽഡ് ഉപയോഗിച്ചും കൊടുക്കുമായിരുന്നു. ആദ്യത്തെ രണ്ടാഴ്ച ഇങ്ങനെ തള്ളിനീക്കി.

ഇതിനിെട എപ്പിസിയോട്ടമി സ്റ്റിച്ചിൽ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാൻ കൃത്യമായി കെയർ എടുക്കുന്നുമുണ്ടായിരുന്നു. സ്റ്റിച്ച് ഉണങ്ങുന്നതുവരെ വേദന ഉണ്ടാകും എന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആശങ്കയില്ലായിരുന്നു. സിറ്റ്സ് ബാത്ത് െചയ്യുന്നുണ്ടായിരുന്നു. മുറിവിൽ ആന്റിബയോട്ടിക്ക് ഒായിൻമെന്റ് പുരട്ടുമായിരുന്നു. മരുന്നുകളും കൃത്യമായി കഴിക്കുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞാൽ സ്റ്റിച്ച് ഉള്ള ഭാഗം ഈർപ്പരഹിതമാക്കി സൂക്ഷിക്കുമായിരുന്നു.

അണുബാധ കണ്ടെത്തുന്നു

സാധാരണരീതിയിൽ 2–3 ആഴ്ചകൾ കൊണ്ട് കുറയേണ്ട എപ്പിസിയോട്ടമി മുറിവിന്റെ വേദന എന്റെ കാര്യത്തിൽ കുറഞ്ഞില്ല. യോനീഭാഗത്തായിരുന്നു വേദന. എന്താണെന്ന് അറിയാൻ ഒരു കണ്ണാടി വച്ചു പരിശോധിച്ചു നോക്കി. അപ്പോഴാണ് അവിെടയാകെ നീര് വന്ന് വീർത്ത് ഇരിക്കുന്നതായി കണ്ടത്. തുടയിലെ ചർമം ഒക്കെ ഇളകി, ഫംഗൽ അണുബാധ പോലെയും. ഇതു കാണുന്നതിനു രണ്ട് ദിവസം മുൻപ് തന്നെ എനിക്കു ചെറുതായി പനി തുടങ്ങിയിരുന്നു. വൈകുന്നേരം ആകുമ്പോൾ പനിക്കും. പിന്നീട് ചൂട് കുറയും. ഇങ്ങനെ പനിക്കുന്നതും നല്ല ലക്ഷണമല്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് യോനീഭാഗം പരിശോധിച്ചു നോക്കാം എന്നു തീരുമാനിച്ചത്. സാധാരണ എപ്പിസിയോട്ടമി മുറിവ് പഴുക്കാറുണ്ട്. എന്റെ കാര്യത്തിൽ ആ ഭാഗത്ത് ഒരു പ്രശ്നവുമില്ല. പകരം യോനീഭാഗത്താണ് കുഴപ്പം.

വൾവൽ എഡിമ എന്നാണ് ഈ അവസ്ഥയെ പൊതുവായി പറയുന്നത്. വളരെ അപൂർവമായി മാത്രം കാണുന്ന ഒന്നാണിത്. അടുത്ത ദിവസം എനിക്കു നന്നായി പനിച്ചു. വിറയലും ഉണ്ടായിരുന്നു. നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റാത്ത തരത്തിൽ വേദന. അന്നു രാത്രി തന്നെ ആശുപത്രിയിൽ പോകാം എന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു. അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നുവരെ തോന്നി. ഉടനെ തന്നെ ഭർത്താവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സീനിയർ ഡോക്ടർമാരെയും എല്ലാം വിളിച്ചു എന്റെ അവസ്ഥ പറഞ്ഞു. ഒരു ദിവസം വയനാട്ടിലെ ഒരു ഹോസ്പിറ്റലിൽ കിടന്നു. അടുത്ത ദിവസം തന്നെ എന്നെ കോഴിക്കോട്ടേക്കു മാറ്റി. ഒാഗസ്റ്റ് മാസം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉണ്ട്. കുഞ്ഞിനെയും കൊണ്ടാണ് ആശുപത്രിയിലേക്ക് പോകുന്നത്. വല്ലാത്ത അവസ്ഥയായിരുന്നു. പരിശോധിച്ചപ്പോഴാണ് അറിയുന്നത് അണുബാധ ശരീരത്തിലേക്കു വ്യാപിക്കാൻ തുടങ്ങിയിരുന്നു എന്ന്. ഗുരുതരമായ അവസ്ഥ. മരുന്നു കൊണ്ട് നീര് മാറിയില്ലെങ്കിൽ ശസ്ത്രക്രിയ െചയ്യേണ്ടിവരും. ഭാഗ്യത്തിനു അതുവേണ്ടിവന്നില്ല.

വൾവൽ എഡിമയ്ക്കു പല കാരണങ്ങളുണ്ട്. ഗർഭകാലത്ത് രക്താതിമർദം ഉള്ള സ്ത്രീകൾക്കു പ്രസവസമയത്തും അതിനുശേഷവും ഇതു വരാറുണ്ട്. അല്ലെങ്കിൽ ആ ഭാഗത്തുള്ള അണുബാധ കാരണവും സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ്.

വൾവൽ എഡിമയുെട കാരണം കണ്ടെത്തി വേണം ഈ അവസ്ഥയെ പ്രതിരോധിക്കാൻ. ഉദാഹരണത്തിന് രക്താതിമർദം ഉള്ള സ്ത്രീയാണെങ്കിൽ അതു നിയന്ത്രിക്കാനുള്ള മരുന്നുകളും മറ്റും കൃത്യമായി കഴിക്കണം. എന്റെ കാര്യത്തിൽ അണുബാധയായിരുന്നു കാരണം. പ്രസവസമയത്ത് യോനീഭാഗം വൃത്തിയാക്കാൻ ഷേവ് െചയ്തപ്പോൾ മുറിവ് ഉണ്ടാവുകയും അവിെടയുള്ള രോമകൂപങ്ങളിൽ അണുബാധ ഉണ്ടാവുകയും െചയ്തു. ഫറന്കുലോസിസ് എന്നാണ് അതിനു പറയുക. ഒാരോ ദിവസം ചെല്ലുംതോറും എനിക്കു അണുബാധ കൂടിവരുകയാണ് െചയ്തത്. ഞാൻ ഉപയോഗിച്ച സാനിട്ടറി പാഡിൽ നിന്നാണ് ഫംഗൽ ഇൻഫെക്ഷൻ വന്നത്. അണുബാധ മൂത്രാനാളിയിലേക്കും പ്രത്യുൽപാദന വ്യവസ്ഥയിലേക്കും (റീപ്രൊഡക്റ്റീവ് ട്രാക്ക്) പടർന്നു. ഇതു കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മറ്റ് അവയവങ്ങളെയും ബാധിച്ച് ജീവനു തന്നെ ഭീഷണിയാകും.