Saturday 10 October 2020 03:04 PM IST

നേരിട്ടു കാണുമ്പോഴുള്ള ആശ്വാസം ടെലികൺസൽറ്റിങ്ങിൽ ലഭിക്കുമോ: മാനസികരോഗവിദഗ്ധരുടെ വിലയിരുത്തൽ വായിക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

telistory

ഒരു ഫോൺകോളിനപ്പുറം മനസ്സിന്റെ ആകുലതകൾക്ക് സമാധാനം പകരാൻ ഒരാളുണ്ടെന്നത് എത്ര ആശ്വാസകരമാണ്... അപ്പോൾ വിഷാദത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ സാന്ത്വനം പകരാൻ, പരിഹാരം നിർദേശിക്കാൻ ഒരു വിദഗ്ധ ഡോക്ടറെ ഫോണിൽ കിട്ടുമെങ്കിലോ? സ്വന്തം മുറിയുടെ സ്വകാര്യതയിൽ ഇരുന്നു ഡോക്ടറെ വിളിച്ചോ വിഡിയോ ചാറ്റ് വഴിയോ കണ്ട് രോഗപരിഹാര നിർദേശങ്ങളും മരുന്നു കുറിപ്പടിയും വാങ്ങാമെങ്കിലോ? എത്രയോ നല്ല കാര്യമാണല്ലേ?  മാനസികരോഗചികിത്സയിൽ പുതിയൊരു അധ്യായം തന്നെ കുറിക്കുകയാണ് ടെലിമെഡിസിൻ അഥവാ ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ കൺസൽറ്റേഷൻ തേടൽ.

ടെലിമെഡിസിൻ അത്ര പുതിയൊരു കാര്യമല്ല. പക്ഷേ, കോവിഡ് കാലത്ത് , ആശുപത്രികളിൽ പോകാനാത്ത സാഹചര്യം വന്നതോടെ ടെലിമെഡിസിനു പ്രചാരമേറി. മിക്ക ആശുപത്രികളും രോഗികൾക്കു വിളിച്ചു നിർദേശങ്ങൾ തേടാനുള്ള ടെലി ഹെൽപ്‌ലൈനുകൾ ഏർപ്പെടുത്തി. സ്കൈപ്പും മൊബൈൽ ആപ്ലിക്കേഷനുകളും ഡോക്ടർമാർ ടെലിമെഡിസിൻ കൺസൽറ്റേഷന് ഉപയോഗിച്ചുതുടങ്ങി. മാനസികരോഗചികിത്സയുടെ കാര്യത്തിൽ ടെലിമെഡിസിൻ എത്രമാത്രം സഹായകമായെന്നു നോക്കാം.

ഫോളോ അപിൽ ഗുണകരം

‘‘പ്രായമായവരിലും ഡിമൻഷ്യ പോലുള്ള പ്രശ്നങ്ങളുള്ളവരിലും ടെലിമെഡിസിൻ സംവിധാനം വളരെ പ്രയോജനകരമാണെന്നാണ് കണ്ടത്.’’ ഡോ. സജീവ് കുമാർ (സൈക്യാട്രിസ്റ്റ്, കണ്ണൂർ) പറയുന്നു. ‘‘ ഈ കോവിഡ് കാലത്ത് ടെലിമെഡിസിൻ സംവിധാനം വലിയ അളവ് ഗുണകരമായിരുന്നു. പല രോഗികൾക്കും മൂന്നുമാസം കൂടുമ്പോൾ ഫോളോ അപ് വേണ്ടതുണ്ട്. ഈ ഘട്ടത്തിൽ കൂടുതലും മരുന്നുകളുടെ ഡോസ് ക്രമീകരണവും ചില നിർദേശങ്ങൾ നൽകലും മതിയാകും. അത് ടെലിമെഡിസിൻ രീതിയിൽ ചെയ്യാവുന്നതേയുള്ളൂ.

ചില രോഗികൾക്ക് കൺസൽറ്റേഷനു കൂടെ വന്നിരുന്നത് പ്രായമായവരായിരുന്നു. ടെലിമെഡിസിൻ വന്നതോടെ ഇവർക്ക് ആശുപത്രിയാത്ര ഒഴിവായി കിട്ടി. പ്രമേഹമോ ഹൃദ്രോഗമോ പോലെയുള്ള രോഗമുള്ള, മാനസികപ്രശ്നമുള്ളവർക്കും, ശാരീരിക പരിമിതികളുള്ള രോഗികൾക്കും, ഒാട്ടിസം പോലെ പ്രശ്നങ്ങളിലും ആശുപത്രിയിലേക്കു പോകാതെ ചികിത്സ ലഭ്യമായതു ഗുണകരമായി.’’ മൊബൈൽ ആപ്ലിക്കേഷൻ വഴി കൺസൽറ്റേഷൻ ബുക്ക് ചെയ്ത് വിഡിയോകോൾ വഴി രോഗിയെ കാണുന്ന സംവിധാനമാണ് ഡോ. സജീവ് കുമാർ നടപ്പാക്കുന്നത്.

എന്നാൽ ഡോക്ടർമാരെ സംബന്ധിച്ച് ടെലിമെഡിസിൻ സംവിധാനത്തിന് കുറച്ച് പോരായ്മകളുണ്ട് എന്നും ഡോക്ടർ പറയുന്നു. ശാരീരികമായ കാരണങ്ങൾ കൊണ്ടുള്ള ചില രോഗങ്ങൾ (Organic disease) മാനസികരോഗലക്ഷണങ്ങളായി പ്രകടമാകാം. ഇത്തരം കേസുകളിൽ ചിലപ്പോൾ തെറ്റായ രോഗനിർണയത്തിന് ഇടയാക്കാം. സാങ്കേതികമായ കാര്യങ്ങളിലുള്ള അറിവു കുറവാണെന്നത് കൊണ്ട് ഒരു വിഭാഗം ആളുകൾക്ക് ഇതിനോട് പ്രതിപത്തി കുറയാം.’’ ഇതൊക്കെ പോരായ്മകളാണെങ്കിലും കോവിഡിനു ശേഷവും ടെലിമെഡിസിൻ തുടരാൻ തന്നെയാണു സാധ്യതയെന്നു ഡോക്ടർ പറയുന്നു.

ഡയഗ്നോസിസിന് നേരിട്ടു കാണാം

‘‘  കോവിഡിന്റെ സമയത്ത് രോഗവ്യാപനം തടയാനും സമ്പർക്കം കുറയ്ക്കാനും ടെലിമെഡിസിൻ  വളരെ ഉപകാരപ്രദമാണ്. പക്ഷേ, പിന്നീടുള്ള സമയത്ത് മുഖാമുഖമായുള്ള കൺസൽറ്റേഷനാകും കൂടുതൽ കംഫർട്ടബിൾ.  ഒരു ഡോക്ടറുമായി നേരിട്ടു സംസാരിക്കുമ്പോഴുള്ള ആശ്വാസം ടെലികൺസൽറ്റേഷനിൽ ലഭിക്കണമെന്നില്ല.’’   ഡോ. സി. ജെ. ജോൺ (സൈക്യാട്രിസ്റ്റ്, കൊച്ചി) പറയുന്നു. ‘‘രോഗത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ ആദ്യഘട്ടത്തിൽ രോഗിയെ നേരിട്ടു കാണുന്ന രീതിയാകും ഉത്തമം. കാരണം രോഗചരിത്രത്തോടൊപ്പം ശരീരഭാഷയും കൂടിയൊക്കെ കണക്കിലെടുത്താണ് നാം രോഗനിർണയത്തിലേക്കെത്തുന്നത്.  തുടർന്നുള്ള ഫോളോ അപ്പുകൾക്ക് ടെലിമെഡിസിൻ ഉപയോഗിക്കുകയുമാകാം .’’    ഡോക്ടർ പറയുന്നു.

മരുന്ന് ദുരുപയോഗം വരുമോ?

‘‘ മരുന്നുകളുടെ ദുരുപയോഗത്തിന് ടെലിമെഡിസിൻ രീതി ഇടയാക്കുമോയെന്ന സംശയം പലരും പ്രകടിപ്പിച്ചു കാണാറുണ്ട്. അതു തടയാൻ കർശനമായ ചില നിബന്ധനകൾ ഉണ്ട്. ’’ഡോക്ടർ ഷാഹുൽ അമീൻ (സൈക്യാട്രിസ്റ്റ്, കോട്ടയം)  പറയുന്നു. ‘‘ ഉദാഹരണത്തിന് ചികിത്സയ്ക്ക് വേണ്ടിവരുന്നതാണെങ്കിലും ഉറക്കഗുളികകൾ, എഡിഎച്ച്ഡി രോഗത്തിനു നൽകുന്ന ചില മരുന്നുകൾ, ഡീ അഡിക്‌ഷൻ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങി ചില പ്രത്യേക മരുന്നുകൾ ടെലിമെഡിസിൻ രീതിയിൽ എഴുതരുതെന്നും നിർദേശമുണ്ട്.

മാനസികരോഗ ചികിത്സയില്‍ ടെലിമെഡിസിൻ ഉപയോഗിക്കുന്നതു സംബന്ധിച്ച് കർശനമായ ഗൈഡ്‌ലൈനുകളുണ്ട്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കണ്ടിട്ടുള്ള രോഗികളെ മാത്രമേ ടെലിമെഡിസിൻ രീതിയിൽ കൺസൽറ്റ് ചെയ്യാവൂ, മാത്രമല്ല എന്തെങ്കിലും അടിയന്തരസഹായം വേണ്ടിവന്നാൽ കാണാൻ പറ്റുന്ന ദൂരത്തുള്ള രോഗികളെ മാത്രമേ കൺസൽറ്റ് ചെയ്യാവൂ.

 ഇതിനു ചില പരിമിതികളുമുണ്ട്. ഉദാഹരണത്തിന് മാനസികരോഗചികിത്സയ്ക്ക് പലരും സ്വന്തം നാട്ടിൽ നിന്നു ദൂരെയുള്ള ഡോക്ടറെയാകും കാണാൻ താൽപര്യപ്പെടുക. പക്ഷേ, അടുത്തുള്ള രോഗികളെ മാത്രമേ ടെലിമെഡിസിൻ കൺസൽറ്റ് ചെയ്യാവൂ എന്നാണ് നിയമം. ഇത്തരം രോഗികളുടെ കാര്യത്തിൽ ടെലിമെഡിസിൻ എത്രകണ്ട് പ്രായോഗികമാകുമെന്ന് സംശയമാണ്’’ ഡോക്ടർ പറയുന്നു.

ഗുണകരമെന്നു പഠനങ്ങൾ

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോഡർ, വിഷാദം, എഡിഎച്ച്ഡി എന്നിവയുടെ ചികിത്സയുടെ കാര്യത്തിൽ ടെലിസൈക്യാട്രി വളരെ ഫലപ്രദമാണെന്നാണ് വിദേശ ഗവേഷണങ്ങൾ പറയുന്നത്. സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിനാൽ, വിദേശങ്ങളിൽ നേരിട്ടു കാണുന്നതിലുമധികം ടെലിമെഡിസിനാണ് ആളുകൾ മുൻതൂക്കം കൊടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യയിൽ ഇത് എത്രകണ്ട് പ്രയോജനകരമാണെന്ന് അറിയാൻ സമയമെടുക്കും.

സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഡോക്ടറെ കാണാമെന്നുള്ളത് ഈ രീതിയുടെ വലിയൊരു മെച്ചമാണെന്നതു ശരി തന്നെ. അതുകൊണ്ട് ഭാവിയിൽ ടെലിമെഡിസിൻ സംവിധാനം ആളുകൾ കൂടുതൽ ഉപയോഗിച്ചേക്കാം. പക്ഷേ, മറ്റ് ഏതൊരു രോഗവും പോലെതന്നെയേ ഉള്ളൂ മാനസികപ്രശ്നങ്ങളും എന്നൊരു തുറവി നഷ്ടമാകാനും ആശുപത്രികളിലേക്ക് രോഗികൾ എത്താൻ മടിക്കാനും ഈ ‘സ്വകാര്യത’ കാരണമാകുമോയെന്ന സംശയം ചില വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

ടെലിമെഡിസിൻ വ്യാപകമാവുകയാണെങ്കിൽ വലിയൊരു ഇൻവെസ്റ്റ്മെന്റ് വേണ്ടിവരുമെന്നതാണ് മറ്റൊരു പ്രധാനകാര്യം. നിലവിൽ മിക്ക ആശുപത്രികളിലും ഒാഡിയോ കൺസൽറ്റിങ്ങ് ആണുള്ളത്. വിഡിയോ കൺസൽറ്റേഷൻ നടപ്പാക്കാൻ സാങ്കേതികമായ മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്.

എന്തായാലും ആശുപത്രിയാത്ര അത്ര പ്രായോഗികമല്ലാത്ത ഒരു വിഭാഗം ആൾക്കാരെ സംബന്ധിച്ച് ടെലിമെഡിസിൻ വലിയ അനുഗ്രഹമാണെന്നത് സമ്മതിക്കാതെ വയ്യ. ഭാവിയിൽ ഇതു കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. അതിനനുസൃതമായി രോഗനിർണയത്തിലും മരുന്നുകുറിക്കലിലും മാറ്റങ്ങൾ വന്നേക്കാം. 

Tags:
  • Manorama Arogyam
  • Health Tips