Thursday 10 December 2020 03:14 PM IST

വെന്റിലേറ്ററുകൾ രോഗിക്ക് 100 ശതമാനം സംരക്ഷണം നൽകുമോ?: പേടിയും സംശയങ്ങളും; വിശദമായി അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

ventilator

ശ്വാസകോശം സ്പോഞ്ച് പോലെയാണ് ... തിയറ്ററുകളിലും ടിവിയിലൂെട വീടുകളിലെ സ്വീകരണ മുറികളിലും എപ്പോഴും മുഴങ്ങിക്കേൾക്കുന്ന വാക്കുകൾ.. സ്പോഞ്ച് പോലെ എന്നു പറയുമ്പോൾ അത്രയ്ക്കു നിസ്സാരനാണോ നമ്മുെട ശ്വാസകോശം? ഒരിക്കലുമല്ല. ശ്വാസമെടുക്കാതെ ജീവജാലങ്ങൾക്കു ജീവൻ നിലനിർ‍ത്താൻ സാധിക്കുമോ? ഭക്ഷണമില്ലാതെ കുറച്ചുനാൾ മുന്നോട്ടുപോകാൻ കഴിയും. എന്നാൽ ശ്വസിക്കാതെ ഏതാനും നിമിഷങ്ങൾക്കപ്പുറം ജീവൻ പിടിച്ചുവയ്ക്കാൻ നമുക്ക് കഴില്ല. ശ്വാസം നിലച്ചു എന്നു പറയുന്നതിനർഥം ജീവൻ നിന്നു എന്നുതന്നെയാണ്. നമ്മുെട ജീവൻ നിലനിർത്താനായി രണ്ടു ശ്വാസകോശങ്ങളാണ് ശരീരത്തിൽ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ശ്വാസകോശം ശ്വസനവ്യവസ്ഥ അഥവാ റെസ്പിറേറ്ററി സിസ്റ്റത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മൂക്ക്, വായ, തൊണ്ട, സ്വനപേടകം, ശ്വാസനാളി അഥവാ ട്രക്കിയ, ഡയഫ്രം, ശ്വാസകോശങ്ങൾ (ലങ്സ്), ബ്രോങ്കൈ, ബ്രോങ്കിയോളകൾ, ആല്‍വിയോളൈ, ക്യാപ്പിലറികൾ (രക്തക്കുഴലുകൾ) എന്നിവ ഉൾപ്പെടുന്നതാണ് ശ്വസനവ്യവസ്ഥ.

മനുഷ്യശരീരത്തിൽ രണ്ടു ശ്വാസകോശങ്ങളുണ്ട്. കാഴ്ചയിലും സ്പർശനത്തിലും സ്പോഞ്ച് പോലെയാണ് ശ്വാസകോശം. പേശികളാലും എല്ലുകളാലും നിർമ്മിതമായ തൊറാസിക് കൂട് ആണ് ശ്വാസകോശത്തെ സംരക്ഷിക്കുന്നത്. ശ്വാസകോശം മനുഷ്യശരീരത്തിലെ കലകൾക്ക് തുടർച്ചയായി ഒാക്സിജൻ നൽകുകയും കാർബൺ ഡൈഒാക്സൈഡിനെ രക്തത്തിൽ നിന്ന് നീക്കുകയും െചയ്യുന്നു.

ശ്വസനം എന്ന പ്രക്രിയ

മൂക്കിനെ ശ്വസനവ്യവസ്ഥയുെട കവാടം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. മൂക്കിന്റെ ദ്വാരങ്ങളുെട തൊട്ടുള്ളിലായി രോമങ്ങൾ നിൽക്കുന്ന ഭാഗമാണ് വെസ്റ്റിബ്യൂളുകൾ. ഇവിടെയുള്ള ചർമം കൊണ്ടാണ് നാം മണമറിയുന്നത്. മണം പിടിച്ചെടുക്കാൻ കഴിവുള്ള നാഡീകോശങ്ങളും (Olfactory cells) സ്ഥിതി െചയ്യുന്നു.

നമ്മൾ ശ്വസിക്കുമ്പോൾ ഒാക്സിജൻ മൂക്കിലൂെടയോ വായിലൂെടയോ പ്രവേശിക്കുന്നു, ഇതു സൈനസുകളെ കടന്നു പോകുന്നു. തലയോട്ടിയിലെ പൊള്ളയായ അറകളാണ് സൈനസുകൾ. ശ്വസിക്കുന്ന വായുവിന്റെ താപനിലയും ഈർപ്പവും നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. സൈനസിൽ നിന്ന് വായു ശ്വാസനാളത്തിലൂെട (ട്രക്കിയ) കടന്നുപോകുന്നു. ശ്വാസനാളത്തിൽ നിന്നും വായു ബ്രോങ്കിയൽ ട്യൂബിലേക്കും . ഈ ട്യൂബുകളാണ് രണ്ടായി പിരിഞ്ഞ് വായുവിനെ ഇടതുവലതു ശ്വാസകോശത്തിലേക്കു കൊണ്ടുപോകുന്നത്.

ഈ ബ്രോങ്കിയൽ ട്യൂബുകൾക്കുള്ളിൽ സീലിയ എന്നു പേരുള്ള ചെറിയ രോമങ്ങൾ ഉണ്ട്. ഇവയുെട ചലനമാണ് മ്യൂക്കസിനെ മുകളിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നത്. പൊടി, അണുക്കൾ, ശ്വാസകോശങ്ങളെ ആക്രമിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ ശേഖരിക്കുന്ന ഒട്ടിപ്പിടിക്കുന്ന കൊഴുത്ത ദ്രാവകമാണ് മ്യൂക്കസ് (കഫം). തുമ്മുകയും ചുമയ്ക്കുകയും െചയ്യുമ്പോൾ ഇവ പുറംതള്ളപ്പെടും.

ഒാരോ ശ്വാസകോശത്തിന്റെയും ഭാഗങ്ങളിലേക്കും (ലോബുകൾ) വായുവിനെ എത്തിക്കാനായി മേൽപ്പറഞ്ഞ ബ്രോങ്കിയൽ ട്യൂബുകൾ വീണ്ടും ഇഴപിരിയുന്നു. വലതു ശ്വാസകോശത്തിനു മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഇടതിനു രണ്ടെണ്ണവും. അതു ഹൃദയത്തിനു ഉൾക്കൊള്ളാൻ വേണ്ടിയാണ്. ഈ ലോബുകൾ ചെറിയ, സ്പോഞ്ച് പോലുള്ള ചെറിയ സഞ്ചികളാൽ നിറഞ്ഞിരിക്കുകയാണ്. ഇവയെ ആൽവിയോളൈ എന്നു പറയും. ഇവിെടയാണ് ഒാക്സിജന്റെയും കാർബൺ ഡൈഒാക്സൈഡിന്റെയും കൈമാറ്റം നടക്കുന്നത്. ഈ ആൽവിയോളകൾ തൂങ്ങിക്കിടക്കുന്ന ഞെട്ടുകളാണ് ആൽവിയോളാർ ഡക്റ്റുകൾ.

ആൽവിയോളകളുെട മതിലുകൾ വളരെ നേർത്തതാണ്. ഏകദേശം 0.2 മൈക്രോമീറ്റർ. ഇവ എപ്പിത്തീലിയൽ സെല്ലുകളും ചെറിയ രക്തക്കുഴലുകളായ പൾമണറി ക്യാപ്പിലറികളും ചേർന്നതാണ്. ക്യാപ്പിലറികളിലെ രക്തം ഒാക്സിജൻ എടുത്ത് കാർബൺ ഡൈഒാക്സൈഡിനെ പുറത്തേക്കുവിടുന്നു. രക്തം പുറംതള്ളിയ കാർബൺ ഡൈഒാക്സൈഡ് ആൽവിയോളയിലേക്കു നീങ്ങി പുറത്തേക്കുള്ള വായുവിലൂെട പുറംതള്ളപ്പെടുന്നു.

ശ്വസനം നിയന്ത്രിക്കും

മസ്തിഷ്ക കാണ്ഡത്തിന്റെ (Brain stem) ഭാഗമായ മെഡുല്ല ഒബ്ലോംഗേറ്റയാണ് ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നത്. ശ്വാസകോശത്തിന്റെ അടിഭാഗത്തുള്ള താഴികക്കുടത്തിന്റെ ആകൃതിയിലുള്ള പേശിയായ ഡയഫ്രമാണ് ശ്വസനം നിയന്ത്രിക്കുകയും നെഞ്ചിലെ അറയെ ആമാശയത്തിന്റെ അറയിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നത്. നമ്മൾ വായു ഉള്ളിലേക്കെടുക്കുമ്പോൾ ഡയഫ്രം മുറുകുകയും താഴേക്കു നീങ്ങുകയും െചയ്യുന്നു. ഇത് ശ്വാസകോശത്തിനു വായു നിറയ്ക്കാനും വികസിപ്പിക്കാനും കൂടുതൽ ഇടം നൽകുന്നു. ശ്വാസം പുറത്തേക്കു വിടുന്ന സമയത്ത് ഡയഫ്രം വികസിക്കുകയും ശ്വാസകോശത്തെ ഞെരുക്കി വായുവിനെ പുറത്തേക്കു തള്ളുകയും െചയ്യുന്നു.

ശ്വാസകോശത്തിന്റെ ഉള്‍വശത്ത് നേരിയ നാരുകള്‍ പോലെയുള്ള ‘സിലിയകൾ’ (Cilia) ഉണ്ട്. ഇവ തുടര്‍ച്ചയായി ചൂലു പോലെ പ്രവര്‍ത്തിച്ചു ശ്വാസനാളത്തിലുണ്ടാവുന്ന ശ്ലേഷ്മത്തെ പുറത്തേക്കു തള്ളിക്കൊണ്ടിരിക്കും. ഈ ശ്ലേഷ്മത്തില്‍ ഒട്ടിപ്പിടിച്ച് അന്യവസ്തുക്കളും പൊടിയും പുറംതള്ളപ്പെടും.

കൃത്രിമ ശ്വാസം നൽകും െവന്റിലേറ്ററുകൾ

ഗുരുതരമായ രോഗാവസ്ഥയിൽ രോഗികൾക്കു കൃത്രിമ ശ്വാസം നൽകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വെന്റിലേറ്ററുകൾ. ആശുപത്രികളിലാണ് ഇവ കൂടുതലും. ഇവ രണ്ടു തരമുണ്ട്. ഇൻവേസീവും നോൺ ഇൻവേസീവും. ഇൻവേസീവ് രണ്ടുരീതിയിൽ ഉപയോഗിക്കുന്നു. വെന്റിലേറ്ററിനെ ഒരു ട്യൂബിലൂെട ശരീരവുമായി ഘടിപ്പിക്കുന്നു. ട്യൂബിന്റെ ഒരറ്റം വായിലൂടെയോ മൂക്കിലൂടെയോ ശ്വാസകോശങ്ങളിലെ വായുമാർഗങ്ങളിൽ സ്ഥാപിക്കുന്നു, ഇതിനെ എൻഡോട്രക്കിയൽ ഇൻകുബേഷൻ എന്നു പറയും. ചില അവസ്ഥകളിൽ ശ്വസന ട്യൂബ് ഒരു ദ്വാരത്തിലൂെട ശ്വാസനാളിയിലേക്കു നേരിട്ട് ബന്ധിപ്പിക്കും. കഴുത്തിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കിയാണ് ഇതു െചയ്യുന്നത്. ഇങ്ങനെ ദ്വാരം ഉണ്ടാക്കുന്നതിനെ ട്രക്കിയോസ്റ്റമി എന്നാണ് പറയുന്നത്. നോൺ ഇൻവേസീവിൽ മാസ്ക് മുഖത്തു ധരിപ്പിക്കുകയാണ് െചയ്യുന്നത്.വെന്റിലേറ്റർ 100 ശതമാനം സംരക്ഷണം നൽകണമെന്നില്ല. വ്യക്തിയുെട മറ്റ് അവയവങ്ങളുെട ആരോഗ്യം, ശ്വാസകോശത്തിന്റെ പ്രവർത്തനം എന്നിവ അനുസരിച്ചാണ് ഫലം ലഭിക്കുക.

കടപ്പാട്;

ഡോ. പി. കെ. വേണുഗോപാൽ

അഡീ.പ്രഫസർ & ഹെഡ്

പൾമണറി മെഡിസിൻ വിഭാഗം,
ഗവ. മെഡി.കോളജ്

കോട്ടയം