Friday 18 December 2020 05:35 PM IST

കോവിഡ് വന്നുപോയവരില്‍ വാക്സീന്‍ വേണോ? കുട്ടികള്‍ക്ക് എടുക്കാമോ? സംശയങ്ങള്‍ക്ക് വൈറോളജിസ്റ്റിന്റെ മറുപടി

Asha Thomas

Senior Sub Editor, Manorama Arogyam

vacc0998

ലോകമാകെയുള്ള കോവിഡ് വാക്സീൻ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് വാക്സീനുകൾ ഒാരോന്നായി വിപണിയിലേക്കെത്തുകയാണ്. യുഎസ്സിലും യുകെയിലും ഫൈസറിന്റെ വാക്സീൻ കുത്തിവയ്പ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പ്രധാന വാക്സീൻ പ്രതീക്ഷയായ ഒാക്സ്ഫഡ്–ആസ്ട്രാസെനക്ക വാക്സീന് മാസാ വസാനത്തോടെ അടിയന്തര അനുമതി ലഭിക്കുമെന്നു കരുതുന്ന തായാണ് റിപ്പോർട്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സീനും ഫൈസറിന്റെ വാക്സീനും അടിയന്തര ഉപയോഗ അനുമതി തേടിയിട്ടുണ്ട്. മിക്കവാറും രണ്ട് ആഴ്ചയ്ക്കുള്ളിൽ അനുവാദം ലഭിച്ചേക്കാം. പൊതുഉപയോഗത്തിന് ഇവ ലഭ്യമാകാൻ ട്രയൽ കഴിയേണ്ടി വരുമെങ്കിലും പ്രത്യേക ആവശ്യമുള്ളവർക്ക് ഉടൻ തന്നെ വാക്സീൻ കൊടുക്കാൻ സാധിച്ചേക്കും. എന്തായാലും ഇന്ത്യയിൽ ജനുവരിയോടു കൂടി പൊതുവായ വാക്സീനേഷൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.


ഈ അവസരത്തിൽ വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും സംബന്ധിച്ച് പൊതുജനത്തിന് സംശയങ്ങളേറെയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആശങ്കാകുലരുമാണ്. പക്ഷേ, വാക്സീന്റെ ഫലപ്രാപ്തിയുടെ കാര്യത്തിൽ ആശങ്കകൾക്ക് സ്ഥാനമില്ലെന്നു പറയുകയാണ് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ടി ജോൺ. മൃഗങ്ങളിലെയും മനുഷ്യരിലെയും ട്രയലുകൾക്കു ശേഷം എത്തുന്ന വാക്സീനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറയുന്നു.

പൊതുവായ ചില വാക്സീൻ സംശയങ്ങൾക്ക് അദ്ദേഹം നൽകുന്ന ഉത്തരം വായിക്കാം.

Qകോവിഡ് വാക്സീൻ എടുത്തവരിൽ നിന്നും രോഗം പകരുമോ?

വാക്സീൻ കുത്തിവയ്ക്കുന്നതോടെ അണുബാധയുണ്ടാകില്ല എന്നുറപ്പിച്ചു പറയാനാവില്ല. അണുബാധ തീവ്രരോഗമാകാതിരിക്കുകയോ മരണകാരണമാവുകയോ ചെയ്യാതിരിക്കാം എന്നേ കരുതാവൂ. അങ്ങനെ വരുമ്പോൾ വാക്സീൻ എടുത്തവർ അറിയാതെ തന്നെ അണുബാധ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനുള്ള ചെറിയൊരു സാധ്യതയുണ്ട്. എന്നാൽ, ആ സാധ്യത വാക്സീൻ എടുക്കാത്തവരിൽ നിന്നും അണുബാധ പിടിപെടുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് വാക്സീൻ എടുക്കുന്നവരിൽ നിന്നും രോഗം പടരുമെന്ന അമിത ഭയാശങ്ക വേണ്ട.

Q കുട്ടികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതു സുരക്ഷിതമാണോ?

18 വയസ്സു മുതലുള്ളവരിലേ വാക്സീൻ ട്രയൽ നടത്തിയിട്ടുള്ളൂ. ഫേസ് 3 ട്രയലിൽ വാക്സീൻ മറ്റുള്ളവരിൽ ഫലപ്രദമാണെന്നു തെളിഞ്ഞാൽ കുട്ടികളിലും ഫലപ്രദമാകുമെന്ന് അനുമാനിക്കാം. സാധാരണ മുതിർന്നവരിൽ ഫലപ്രദമായ വാക്സീൻ കുട്ടികളിൽ കൂടുതൽ ഫലപ്രദമായിരിക്കും. പക്ഷേ, സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ശാസ്ത്രം. അതിന് ചെറിയൊരു ഗ്രൂപ്പ് കുട്ടികളിൽ പരീക്ഷിച്ച് വാക്സീന്റെ പ്രതിരോധപ്രതികരണം മറ്റു പ്രായക്കാരിലേതുപോലെ തന്നെയാണോ എന്നുറപ്പിക്കേണ്ടതുണ്ട്. അതിനുശേഷമേ വാക്സീൻ നൽകാനാവൂ.

Q കോവിഡ് വന്നുപോയവരിൽ വാക്സീൻ എടുക്കണോ?

കോവിഡ് മുക്തരിൽ ഉടൻ വാക്സീൻ എടുക്കേണ്ട. വാക്സീനി ലൂടെയുള്ള പ്രതിരോധ ശേഷി എത്രകാലം ഉണ്ടെന്ന് അറിഞ്ഞിട്ട് എടുത്താൽ മതിയാകും. എംആർ എൻഎ വാക്സീനിന്റെ പ്രതിരോധ ശേഷി മൂന്നു മാസത്തിലധികം ഉണ്ടെന്നാണ് പറയുന്നത്. അതു കൂടുതൽ നീണ്ടുനിൽക്കുമോ എന്നു നിരീക്ഷിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രം വാക്സീൻ എടുത്താൽ മതിയാകും.

പ്രമേഹം, ബിപി, ഹൃദ്രോഗം പോലെ രോഗങ്ങളുള്ളവരിൽ വാക്സീൻ നൽകാമോ തുടങ്ങി കൂടുതൽ ചോദ്യോത്തരങ്ങൾക്കായി ജനുവരി ലക്കം മനോരമ ആരോഗ്യം വായിക്കുക

Tags:
  • Manorama Arogyam
  • Health Tips