നന്നേ മെലിഞ്ഞ് പ്രസരിപ്പ് നിറഞ്ഞുതുളുമ്പുന്ന ചിരിയുമായി മോഡേൺ ഭാവത്തിലുള്ള മഞ്ജു വാര്യരുടെ ഫോട്ടോ വൈറൽ ആയപ്പോൾ ആളുകൾ അടക്കം പറഞ്ഞു. സിനിമാതാരമൊക്കെ ആയിരുന്നേൽ ഞാനും ഇങ്ങനെയൊക്കെയിരുന്നേനേ...ദിവസം മുഴുവൻ അടുക്കള പണിയുമായി നടക്കുന്ന നമുക്കൊക്കെ ഇതെങ്ങനെ സാധിക്കാനാണ്?
അത് അത്ര അസാധ്യമായ കാര്യമല്ല എന്നാണ് പത്തനംതിട്ട ഒാമല്ലൂർ സ്വദേശിയായ, എട്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായ, തനി നാടൻ വീട്ടമ്മയായ ശരണ്യ ശോഭന തന്റെ മേക്ക് ഒാവറിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. ആരോഗ്യകരമായ ശരീരഭാരം ഏതു പ്രായത്തിലും ആർക്കു വേണമെങ്കിലും നേടാമെന്ന്...അതിന് വില കൂടിയ വ്യായാമ ഉപകരണങ്ങളുടെയോ ജിം മെമ്പർഷിപ്പിന്റെയോ പകിട്ട് വേണ്ടെന്ന്...24 മണിക്കൂറും അടുക്കളപ്പണിയും കുഞ്ഞിനെ നോട്ടവുമായി പരക്കംപായുമ്പോഴും ആരോഗ്യകരമായി എങ്ങനെ ആഹാരം നിയന്ത്രിക്കാമെന്ന്... തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ശരണ്യ പറയുന്നു.
‘‘എട്ടു വയസ്സുകാരന്റെ അമ്മയാണെന്ന് തോന്നുകയേ ഇല്ല എന്ന് പലരും പറയാറുണ്ട്. അതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. ആരോഗ്യത്തോടെ യുവത്വത്തോടെ ഇരിക്കാൻ ഏതു സ്ത്രീയാണ് ആഗ്രഹിക്കാത്തത്? മഞ്ജുവാര്യരുടെ ഒക്കെ പൊസിറ്റിവിറ്റി നിറഞ്ഞ, ഫിറ്റ് ആയ ഫോട്ടോകൾ കാണുമ്പോൾ നമ്മളെയും അങ്ങനെ കാണാൻ ആഗ്രഹം തോന്നില്ലേ? അതത്ര പ്രയാസമുള്ള കാര്യമല്ല എന്നാണ് എന്റെ അനുഭവത്തിൽ നിന്നും പറയാനുള്ളത്. ’’
തന്റെ ഫിറ്റ്നസ്സ് ആരോഗ്യ രഹസ്യങ്ങളെക്കുറിച്ച് ശരണ്യ പറഞ്ഞുതുടങ്ങി.
ആരോഗ്യം നശിപ്പിച്ച നിയന്ത്രണം
‘‘വിവാഹത്തിനു മുൻപ് എനിക്കു ശരീരഭാരം കുറവായിരുന്നു. 47 കിലോ. 170 സെന്റിമീറ്ററാണ് ഉയരം. ആ സമയത്തേ ഞാൻ നല്ല ഹെൽത് കോൺഷ്യസ് ആണ്. കാരണം അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും പാരമ്പര്യമുണ്ട്. എന്റെ അമ്മ നന്നായി മധുരം കഴിക്കുമായിരുന്നു. അങ്ങനെ 42 വയസ്സായപ്പോഴേക്കും പ്രമേഹം പിടിപെട്ടു. അന്നുമുതൽ മരുന്നു തുടങ്ങി. ഇഷ്ടമുള്ള ഭക്ഷണമൊന്നും കഴിക്കാൻ വയ്യാതെ നന്നേ ബുദ്ധിമുട്ടിയിരുന്നു അമ്മ.
ഇതൊക്കെ കണ്ട് വളർന്നതുകൊണ്ടാകണം, ഭക്ഷണ കാര്യത്തിലൊക്കെ എനിക്കു കുറച്ചു ശ്രദ്ധ കൂടുതലായിരുന്നു. കോളജിൽ പഠിക്കുമ്പോൾ പോലും മധുരമോ ജങ്ക് ഫൂഡോ ബേക്കറി പലഹാരമോ ഒന്നും അമിതമായി കഴിക്കുമായിരുന്നില്ല. ഭക്ഷണം ഇങ്ങനെ നിയന്ത്രിച്ചപ്പോൾ ശരീരത്തിന് ആവശ്യമുള്ളതു കഴിക്കാൻ ഞാൻ വിട്ടുപോയി.
സ്കൂളിലും കോളജിലുമൊക്കെ പഠിക്കുന്ന കാലത്ത് രാവിലെ ബ്രേക്ക് ഫാസ്റ്റ് ഒരു ഏത്തപ്പഴവും ഒരു ഗ്ലാസ്സ് പാലുമായിരുന്നു. ഉച്ചയ്ക്ക് ചോറ് കഴിക്കാൻ ഇഷ്ടമല്ല. അതുകൊണ്ട് ദോശയോ ഇഡ്ലിയോ കൊണ്ടുപോകും. അഞ്ച് എണ്ണം കൊണ്ടുപോയാൽ രണ്ടെണ്ണം കഴിക്കും. ബാക്കി കൂട്ടുകാർക്കു കൊടുക്കും. രാത്രി മിക്കവാറും കഞ്ഞി ആണ് കഴിക്കുക. പഴങ്ങളും പച്ചക്കറികളുമൊന്നും കഴിക്കുകയേ ഇല്ല.
ആ സമയത്ത് എന്നും അസുഖമായിരുന്നു. മിക്കവാറും ജലദോഷവും തൊണ്ടവേദനയും വരും. ഐസ്ക്രീമോ തൈരോ പോലുള്ള തണുത്ത ഭക്ഷണം രുചിച്ചാൽ തന്നെ പ്രശ്നമാണ്. തലയിൽ എണ്ണ വയ്ക്കാൻ വയ്യ, സമയം തെറ്റി കുളിക്കാൻ വയ്യ. ആർത്തവം ക്രമം തെറ്റാൻ തുടങ്ങി. ഒരുപാട് ഡോക്ടർമാരെ കണ്ടു. പക്ഷേ, എന്താണ് പ്രശ്നമെന്ന് ആർക്കും കണ്ടെത്താനായില്ല. പിന്നെയെപ്പോഴോ രക്തം പരിശോധിച്ചപ്പോൾ അനീമിക് ആണെന്നു കണ്ടു. അങ്ങനെയാണ് പഴങ്ങളും പച്ചക്കറികളുമൊക്കെ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് മാറുന്നത്. അതിനു ശേഷമാണ് ഈ പ്രശ്നങ്ങളും അസുഖങ്ങളുമൊക്കെ മാറുന്നത്.
വിവാഹം കഴിക്കുമ്പോഴും 47 കിലോയായിരുന്നു ശരീരഭാരം. ഗർഭിണിയായപ്പോഴാണ് ജീവിതത്തിലാദ്യമായി ശരീരഭാരം വർധിക്കുന്നത്. ആ സമയത്ത് ദിവസം പല സമയത്തായി കൂടുതൽ അളവ് ഭക്ഷണം കഴിച്ചു. അങ്ങനെ കുഞ്ഞിന് വേണ്ടിക്കൂടി കഴിച്ച് 67 കിലോയിലെത്തി.
വണ്ണം കുറയ്ക്കാൻ ഹോം മെയ്ഡ് ഡയറ്റും വ്യായാമവും
നല്ല ഉയരമുള്ളതുകൊണ്ട് 47 കിലോ ആയിരുന്ന സമയത്ത് വല്ലാതെ മെലിച്ചിൽ തോന്നുമായിരുന്നു. വണ്ണമൊക്കെ വച്ച് കവിളൊക്കെ ചാടി കണ്ടപ്പോൾ പലരും പറഞ്ഞു, ഇതാണ് നല്ലതെന്ന്. പക്ഷേ, എനിക്ക് അത് ഭയങ്കര വൃത്തികേടായാണ് തോന്നിയത്. പക്ഷേ, കുഞ്ഞിനെ പാലൂട്ടുന്ന സമയമായതുകൊണ്ട് ഭക്ഷണം ഒരുപാട് കുറയ്ക്കാനും വയ്യ. പ്രസവം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോഴേക്കും ചെറുതായി നടക്കാൻ തുടങ്ങി. മുറ്റത്തോ വീടിനുള്ളിൽ ഹോളിലോ 20–25 മിനിറ്റ് നടക്കും. തുണിയൊക്കെ അലക്കി വിരിക്കുന്ന സമയത്ത് ഒാരോ തുണിയായി ട്ടാണ് അയയിൽ ഇടുക. അത്രയും നടക്കാൻ പറ്റുമല്ലൊ.
അതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതൊടെ സിറ്റ് അപ്, പുഷ് അപ് പോലുള്ള വ്യായാമങ്ങൾ യൂ ട്യൂബ് നോക്കി പഠിച്ചു ചെയ്തുതുടങ്ങി. സുംബയും ചെയ്യുമായിരുന്നു. എല്ലാം കൂടി ഒന്നര മണിക്കൂറോളം വ്യായാമം ചെയ്യും. രാവിലെയാണ് ചെയ്യുന്നത്.
ആദ്യമൊക്കെ 10 തവണ പുഷ് അപ് ചെയ്യുമ്പോഴേ ക്ഷീണിക്കും. പതിയെ പതിയെ അത് 30 ആക്കി. സിറ്റ് അപ്പും പതിയെ എണ്ണം കൂട്ടിക്കൊണ്ടുവന്ന് 50 തവണ വരെ ചെയ്യും. പിന്നെ 15–20 മിനിറ്റ് മുഖത്തിനു വേണ്ടിയുള്ള വ്യായാമങ്ങളാണ് ചെയ്യുക. അതും യൂ ട്യൂബ് നോക്കിയാണ് പഠിച്ചത്.
ഭക്ഷണത്തിലും നിയന്ത്രണങ്ങൾ വച്ചു. രാവിലെ ഉണർന്നാലുടൻ വെറുംവയറ്റിൽ 4 ഗ്ലാസ്സ് പച്ചവെള്ളം കുടിക്കും. അടുക്കള പണിക്കിടയിൽ തലേ ദിവസം കുതിർത്തുവച്ച ബദാമും അത്തിപ്പഴവും മറ്റെന്തെങ്കിലും ഡ്രൈ ഫ്രൂട്സും ഒക്കെക്കൂടി ഒരുപിടി കഴിക്കും. പിന്നെ പ്രാതൽ ഒരുക്കുന്ന തിരക്കാണ്. അതിനിടയിൽ സീസണലായി കിട്ടുന്ന പഴങ്ങൾ എന്തെങ്കിലും ഒന്നോ രണ്ടോ കഷണം കഴിക്കും. 11 മണിക്കാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്. ഇഡ്‌ലിയോ ദോശയോ ഒന്നോ രണ്ടോ എണ്ണം. കൂടെ സാമ്പാറോ കടല കറിയോ കഴിക്കും.
ഉച്ചയ്ക്ക് 2 ചെറിയ തവി ചോറുണ്ണും. തോരനോ മെഴുക്കുപുരട്ടിയോ അവിയലോ ആയി ധാരാളം പച്ചക്കറികൾ കഴിക്കും. കൂടാതെ തൈരോ മോരോ കഴിക്കും. നാലുമണിക്ക് സ്നാക്ക് കഴിക്കില്ല. ഇടയ്ക്ക് വിശന്നാൽ വെള്ളം കുടിക്കും. രാത്രി 8 മണിക്ക് മുൻപ് 2 ചെറിയ തവി ചോറ്, ധാരാളം പച്ചക്കറികളും കഴിക്കും. രാത്രി 9 മണിക്ക് മധുരമിടാതെ ഒരു ഗ്ലാസ്സ് പാൽ കുടിക്കും.
വർഷങ്ങളായി ബേക്കറി പലഹാരങ്ങളോ വറപൊരികളോ കഴിക്കാറില്ല. മൂന്നു നാലു വർഷമായി തികഞ്ഞ സസ്യഭുക്കാണ്. ഇപ്പോൾ 55 കിലോയാണ് ശരീരഭാരം.
ചർമത്തിന് പ്രകൃതിദത്ത കൂട്ടുകൾ
ഒരുപ്രായം കഴിയുമ്പോഴേക്കും, നല്ല പരിചരണം കൊടുത്തില്ലെങ്കിൽ നമ്മുടെ ചർമവും മുടിയുമൊക്കെ മോശമായിത്തുടങ്ങും. എനിക്ക് ഒരുപാട് മുഖക്കുരു ഉണ്ടായിരുന്നു. ഭക്ഷണരീതിയൊക്കെ മാറിയതോടെ അതു മാറി. ചർമത്തിനും മുടിക്കുമൊക്കെ പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകളാണ് ഉപയോഗിക്കാറ്.
കഴിയുമ്പോഴൊക്കെ നല്ല വെളിച്ചെണ്ണ പുരട്ടി 5–10 മിനിറ്റ് മസാജ് ചെയ്ത് കുളിക്കും. മുടിയിൽ കുറച്ചധികനേരം എണ്ണ പുരട്ടി വയ്ക്കാറുണ്ട്. ചർമത്തിന് വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണയും തേനും മഞ്ഞൾപ്പൊടിയും കൂടി പായ്ക്ക് പോലെ മുഖത്ത് ഇടാറുണ്ട്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും മുഖം സ്ക്രബ് ചെയ്യും. തേനും അരിപ്പൊടിയും കലർത്തി അതുകൊണ്ട് മൃദുവായി മസാജ് ചെയ്യുന്നതാണ് എന്റെ സ്ക്രബിങ്.
ഇതിനൊന്നും പ്രത്യേകിച്ച് സമയമില്ല. അടുക്കളപ്പണിക്കും പിഎസ്‌സി പരീക്ഷാപഠനത്തിനും ഇടയിൽ വീണുകിട്ടുന്ന സമയത്താണ് ചെയ്യുന്നത്.
പണ്ടൊക്കെ ദിവസവും മുടി ഷാംപൂ ചെയ്യുമായിരുന്നു. ആ സമയത്ത് മുടി വല്ലാതെ വരണ്ടുപോയി. തോളൊപ്പം മുറിച്ചു കളഞ്ഞ മുടി പിന്നെ നല്ല എണ്ണയൊക്കെ പുരട്ടി വളർത്തിയെടുക്കുകയായിരുന്നു. ഇപ്പോൾ ബേബി ഷാംപൂവാണ് ഉപയോഗിക്കാറ്. അതാകുമ്പോൾ മുടി വൃത്തിയാകും, എണ്ണമയം മുഴുവൻ നഷ്ടപ്പെട്ട് മുടി വരണ്ടുപോവുകയുമില്ല.
ഇങ്ങനെ ആരോഗ്യകരമായ ശീലങ്ങൾ ഉള്ളതുകൊണ്ട് വല്ലപ്പോഴുമൊക്കെ ഐസ്ക്രീം പോലെ പ്രിയപ്പെട്ട വിഭവങ്ങളും കഴിക്കാൻ പേടിക്കേണ്ട കാര്യമില്ല. മകന് എട്ടു വയസ്സായി. അവന്റെ ഭക്ഷണകാര്യത്തിൽ വല്ലാത്ത നിയന്ത്രണമൊന്നുമില്ല. മധുരവും ബേക്കറി ഭക്ഷണവും നിയന്ത്രിച്ചേ കൊടുക്കാറുള്ളൂ. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലൊ.