കാതോരമിരുന്നു പ്രണയം പറയാനും സ്വൈരസല്ലാപത്തിനും റൊമാന്റിക് ഡെസ്റ്റിനേഷനുകളിലേക്ക് സ്പെഷൽ പാക്കേജ് തയാറാക്കുന്നു ബ്രിട്ടിഷ് എയർവെയ്സ്. ഫെബ്രുവരി പതിനാലിനു വാലന്റൈൻ സ്മരണയിൽ ഹൃദയം പങ്കുവയ്ക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് വിമാന കമ്പനി തയാറാക്കിയിട്ടുണ്ട്. രണ്ടു പേർക്കാണ് പാക്കേജ്. ഡെപ്പോസിറ്റ് സ്കീം പ്രകാരം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ഇരുപത്തിമൂന്നു കിലോ ലഗേജ് അനുവദിച്ചിട്ടുണ്ട്. 2021ൽ പ്രണയിക്കാൻ അനുയോജ്യമായ രാജ്യങ്ങളെന്നു വിശദീകരിച്ചു ബ്രിട്ടിഷ് എയർവെയ്സ് ചൂണ്ടിക്കാട്ടുന്നതു കരീബിയൻ, ഇന്ത്യൻ ഓഷ്യൻ, ലാസ് വെഗാസ്, ന്യൂയോർക്ക് എന്നിവിടങ്ങളാണ്. ഓഗസ്റ്റ് മുപ്പത്തൊന്നിനു മുൻപുള്ള ഏതെങ്കിലും ദിവസങ്ങൾ യാത്ര നിശ്ചയിക്കാം. ഇതിനിടയ്ക്ക് ഏന്തെങ്കിലും തടസ്സം നേരിട്ടാൽ യാത്ര കാൻസൽ ചെയ്യാം.
ലോക്ഡൗണിനു ശേഷം പ്രണയത്തിലായവർക്ക് ഇതുപോലൊരു അവസരം ഇനി കിട്ടില്ലെന്നു ബ്രിട്ടിഷ് എയർവെയ്സ് പറയുന്നു. ‘അഡൽട്സ് ഒൺലി ബ്രേക്’ എന്നാണു സ്കീമിനു പേര്. ആഡംബര യാത്രയിലേക്ക് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ബ്രിട്ടിഷ് എയർവെയ്സിലെ ‘ക്ലബ് വേൾഡ് ക്യാബിൻ’ പ്രകാരമുള്ള ഗ്രേഡിലേക്ക് യാത്ര മാറ്റാം. മാലദ്വീപിലെ മികച്ച ഹോട്ടലിൽ താമസം തരപ്പെടും. അവിടെയുള്ള മികച്ച റിസോർട്ടുകളിൽ താമസിക്കാം. ലോകത്ത് ഏറ്റവും മനോഹരമായ കടൽത്തീരത്ത് സ്വൈരവിഹാരമെന്നാണ് റിസോർട്ടുകൾ സ്വയം വിശേഷിപ്പിക്കുന്നത്.

സെയ്ഷൽസിലെ കോൺസ്റ്റൻസ് ലെമുറിയ ബീച്ചാണ് മറ്റൊരു റൊമാന്റിക് ഡെസ്റ്റിനേഷൻ. ടെന്നിസ്, സ്പോർട്സ്, ക്ലൈംബിങ് വോൾ എന്നിവയ്ക്കു പ്രശസ്തമാണ് സെയ്ഷൽസിലെ ബീച്ചുകൾ. മൊറീഷ്യസിലെ ‘പഞ്ചാരമണൽ’ നിറഞ്ഞ ബീച്ചിൽ യുഗ്മഗാനം പാടി നടക്കാൻ പുതിയ സ്കീം പ്രകാരം അവസരം ലഭിക്കും. ഏഴ് റസ്റ്ററന്റുകളും ഒട്ടേറെ ഹോട്ടലുകളും പ്രവർത്തിക്കുന്ന തീരമാണ് മൊറീഷ്യസിലേത്.
കമിതാക്കൾക്കായി പ്രത്യേകം പാക്കേജ് തയാറാക്കിയ അറിയിപ്പു കിട്ടിയതോടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ബ്രിട്ടിഷ് എയർവെയ്സ് വെബ് സൈറ്റിലേക്ക് പാഞ്ഞു കയറി. ആദ്യഘട്ടം വൈറസ് വ്യാപനത്തെ മറികടന്നെങ്കിലും ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പ്രഹരത്തിൽ തകർന്നിരിക്കുകയാണ് ബ്രിട്ടിഷ് എയർവെയ്സ്. ബ്രിട്ടനിൽ 2021 ജനുവരിയിലും വൈറസ് ബാധിച്ചു ദിനംപ്രതി മരണസംഖ്യ ആയിരത്തിലേറെയാണ്.