കാനഡയിലെ റെഗിന യൂനിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം ജോലിക്കാർ തിരക്കിലാണ്. വിഗ്രഹം സുരക്ഷിതമായി പായ്ക്ക് ചെയ്യലാണ് അവരുടെ ഉത്തരവാദിത്തം. ഡിസംബർ പതിനഞ്ചിനുള്ളിൽ അതു വാരാണസിയിൽ എത്തും. അതോടെ നൂറു വർഷം നീണ്ട ‘തിരോധാന’വുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങും. കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ച എല്ലാ തെറ്റുകളും തിരുത്തുമെന്ന് റെഗിന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ തോമസ് ചേസ് ഉറപ്പു നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ മുപ്പതിനു നടത്തിയ മൻ കി ബാത്തിലാണ് നൂറ്റാണ്ടു മുൻപു കാണാതായ അന്നപൂർണ ദേവിയുടെ വിഗ്രഹം കണ്ടെത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. കാശിയിൽ നിന്ന് 1913ൽ കാണാതായ വിഗ്രഹം കാനഡയിൽ കണ്ടെത്തിയെന്നും അത് ഉടനെ തിരിച്ചെത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അന്നപൂർണ ദേവിയുടെ വിഗ്രഹം വാരാണസിയിൽ നിന്നാണു കാണാതായത്. രാജ്യാന്തര കള്ളക്കടത്തു സംഘം കൊണ്ടു പോയെന്നായിരുന്നു വിശ്വാസം. എന്നാൽ, ആരാണു മോഷ്ടാവ്, എങ്ങനെ കാനഡയിലെത്തി എന്നീ കാര്യങ്ങൾ വ്യക്തമായിരുന്നില്ല. ഇന്ത്യൻ വംശജയായ ദിവ്യ മെഹറ എന്ന ആർട്ടിസ്റ്റ് ഈ വിഗ്രഹം കാനഡയിലെ ഒട്ടവയിലുള്ള മ്യൂസിയത്തിൽ കണ്ടെത്തി. വിഷ്ണുവിന്റെ സ്ത്രീ അവതാരമാണു വിഗ്രഹമെന്നു മ്യൂസിയം അധികൃതർ മെഹറയോടു വിശദീകരിച്ചു. വലതു കയ്യിൽ ഒരു ഉരുള ചോറുമായി നിൽക്കുന്ന വിഗ്രഹം വിഷ്ണുവിന്റേതല്ലെന്നു മെഹറയ്ക്ക് ഉറപ്പുണ്ടായിരുന്നു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, നോർമൻ മക്കൻസിയുടെ ഉടമസ്ഥതയിലുള്ളതാണു വിഗ്രഹമെന്നു തിരിച്ചറിഞ്ഞു. പീബോഡി എസെക്സ് മ്യൂസിയത്തിന്റെ ക്യുറേറ്റർ സിദ്ധാർഥ വി. ഷാ വിഗ്രഹം ഇന്തയിലേതെന്നു സ്ഥിരീകരിച്ചു.
വിഗ്രഹത്തിന്റെ പൈതൃകവും പ്രത്യേകതയും മ്യൂസിയത്തിന്റെ അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം ഒട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷണറെ വിവരം അറിയിച്ചു. ഇന്ത്യയിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞപ്പോൾ മ്യൂസിയം അധികൃതർ വിഗ്രഹം തിരിച്ചു നൽകാമെന്നു സമ്മതിച്ചു. കനേഡിയൻ സാംസ്കാരിക വിഭാഗം വിഗ്രഹം കൈമാറുന്ന കാര്യം അംഗീകരിച്ചു. സുരക്ഷിതമായി അതു വാരാണസിയിൽ എത്തിക്കുന്ന ചുമതല റെഗിന യൂനിവേഴ്സിറ്റിയെ ഏൽപിച്ചു.
ആറു വർഷത്തിനിടെ രാജ്യത്തു നിന്നു കാണാതായ നാൽപതു പുരാവസ്തുക്കൾ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അവ രാജ്യത്തു തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പുരാവസ്തു വകുപ്പ് അറിയിച്ചു.
ഒരു നൂറ്റാണ്ട് മുൻപ് കനേഡിയൻ ആർട് കലക്ടർ നോർമൻ മക്കെൻസി അമൂല്യമായ വിഗ്രഹം സ്വന്തമാക്കിയെന്നു കരുതപ്പെടുന്നു. കലയുടെ രക്ഷാധികാരിയെന്ന് അറിയപ്പെടുന്ന പുരാവസ്തു ശേഖരമാണു കാനഡയിലെ മക്കെൻസി ആർട് മ്യൂസിയം.