Saturday 05 June 2021 02:27 PM IST

ഭാരതപ്പുഴയും അഷ്ടമുടിക്കായലും 'വേറെ ലെവല്‍' : ടൂറിസം സര്‍ക്യൂട്ടിലൂടെ മലബാറും കൊല്ലവും ഇനി 'ഇന്റര്‍നാഷനല്‍

Baiju Govind

Sub Editor Manorama Traveller

budget1

വിദേശ മാതൃകയില്‍ കേരളത്തില്‍ പുതിയ രണ്ടു സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ ആരംഭിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാരമേഖല. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് എന്നിങ്ങനെ രണ്ടു സര്‍ക്യൂട്ടുളിലൂടെയാണു പ്രാദേശിക ടൂറിസം വികസനം നടപ്പാക്കുകയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മലബാര്‍ മേഖലയിലും തെക്കന്‍ കേരളത്തിലും ആസ്വാദ്യകരമായ ഉല്ലാസ പാത തുറന്നു കിട്ടും. അന്‍പതു കോടി രൂപയാണ് പദ്ധതികള്‍ക്കായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തിയത്. പറവൂര്‍ - കൊടുങ്ങല്ലൂര്‍ ചരിത്ര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയ 'മുസിരിസ് പൈതൃക പദ്ധതി'യുടെ മാതൃകയിലായിരിക്കും പുതിയ സര്‍ക്യൂട്ടുകള്‍ നടപ്പാക്കുക.

മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്
മലയാളികളെ അറിവിലേക്കു നയിച്ച പ്രതിഭകളുടെ ജന്മദേശത്തുകൂടിയും കര്‍മപഥങ്ങളിലൂടെയുമുള്ള യാത്രയാണു മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്. മലയാള സാഹിത്യത്തിലെ ഗുരുക്കന്മാരുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ ലിറ്റററി സര്‍ക്യൂട്ടിലൂടെ അവസരമൊരുങ്ങും. തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളാണ് മലബാര്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുക. തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പദ്ധതി.
ഭാരതപ്പുഴയുടെ തീരത്തുള്ള സാഹിത്യ കേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമാകുന്നതോടെ രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കും. മഹാകവി അക്കിത്തം, എം.ടി വാസുദേവന്‍നായര്‍, വി.ടി. ഭട്ടതിരിപ്പാട്, സംസ്‌കൃത പണ്ഡിതന്‍ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ തുടങ്ങി ഒട്ടേറെ പ്രതിഭകളുടെ ജന്മഭൂമിയാണു ഭാരതപ്പുഴയുടെ തീരദേശം. സാഹിത്യ - സാംസ്‌കാരിക - ഭാഷാ പണ്ഡിതന്മാരുടെ ചര്‍ച്ചാ മണ്ഡലമായി മാറിയ സ്ഥലവുമാണു നിളാതീരം.

ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട്
രാജ്യാന്തര - ആഭ്യന്തര വിനോദസഞ്ചാരികളെ തെക്കന്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പദ്ധതിയാണു ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്. കൊല്ലം ജില്ലയിലെ ഡെസ്റ്റിനേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടില്ലാത്ത കൊല്ലം ജില്ലയാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളാണ് ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാവുക.
യാത്രക്കാരെ സഹായത്തിനായി വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ' ആംഫിബിയന്‍ വാഹനം' ഏര്‍പ്പാടാക്കുമെന്നാണു ടൂറിസം മേഖലയ്ക്കു വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുതുമയുള്ള മറ്റൊരു പ്രഖ്യാപനം. കൊച്ചിയിലും തലശേരിയിലുമാണ് ആംഫിബിയന്‍ വാഹനങ്ങള്‍ ആദ്യഘട്ടം സര്‍വീസ് നടത്തുക. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

Tags:
  • Manorama Traveller