Wednesday 04 March 2020 03:23 PM IST : By സ്വന്തം ലേഖകൻ

മണൽപരപ്പിൽ ഒറ്റയ്ക്ക് സൃഷ്ടിച്ചത് 1360 ഏക്കർ വരുന്ന കാട്; ‘ഇന്ത്യയുടെ വനമനുഷ്യ’ന് ലോകത്തിന്റെ ആദരം!

foressf-vb

‘ഇന്ത്യയുടെ വനമനുഷ്യൻ’ ജാദവ് മൊലായ് പയെങ്ങിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം മുൻനിർത്തി, 128–ാം കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ്. അസമിലെ ജോർഹട് സ്വദേശിയാണ് ജാദവ് മൊലായ് പയെങ്.

ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ എന്തൊക്കെ ചെയ്യാനാകും! വേണമെങ്കിൽ ഒരു കാടുതന്നെ സൃഷ്ടിക്കാം, ആനയും കടുവയും മാനും നിരവധി പക്ഷികളും ശലഭങ്ങളുമെല്ലാം ജീവിക്കുന്ന 1360 ഏക്കർ വരുന്ന കാട്. ഇന്ത്യയുടെ ഫോറസ്റ്റ് മാൻ എന്നറിയപ്പെടുന്ന ജാദവ് മൊലായ് പയെങ്ങിന്റെ ജീവിതം തന്നെ ഉദാഹരണം. അസമിലെ മൊലായ് ഗോത്രക്കാരനായ ജാദവ് പയെങ് തന്റെ 16–ാമത്തെ വയസ്സിലാണ് ബ്രഹ്മപുത്രയുടെ തീരത്തെ മണൽപരപ്പിൽ കാട് സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. തന്റെ കുട്ടിക്കാലത്ത് നിറയെ മരങ്ങൾ നിറഞ്ഞ ദ്വീപായിരുന്നു മജൂലി. വ്യാപകമായ മരംവെട്ടൽ മൂലം ദ്വീപ് മരുഭൂമിയ്ക്ക് സമാനമായി. ഒരിക്കൽ ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഒലിച്ചുവന്ന നിരവധി പാമ്പുകൾ മണൽപരപ്പില്‍ കുടങ്ങി ചത്തു. മണൽപരപ്പിലെ താങ്ങാനാവാത്ത ചൂടായിരുന്നു ആ സംഭവത്തിന് കാരണം. മരങ്ങളുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ അവസ്ഥയെ മറികടക്കാൻ കഴിയുമെന്ന് ജാദവിന് തോന്നി.

shutterstock_619928330

ആ വിവരം വനപാലകരെ അറിയിച്ചപ്പോൾ, മണൽപരപ്പിൽ മരങ്ങൾ വളരില്ലെന്നും ഒരുപക്ഷേ മുള വളരുമായിരിക്കും എന്നുമാണ് കിട്ടിയ മറുപടി. അങ്ങനെ ജാദവ് പയെങ് ബ്രഹ്മപുത്രയുെട തീരത്ത് മുളകൾ വച്ചുപിടിപ്പിക്കാൻ ശ്രമിച്ചു. തോൽവിയായിരുന്നു ഫലം. നിരന്തര പരിശ്രമത്തിനൊടുവിൽ മുളകൾ വേരുപിടിച്ചു. ഇതിനിടെ 200 ഏക്കർ വനം സൃഷ്ടിക്കാൻ സർക്കാർ കൊണ്ടുവന്ന വനവൽകരണ പദ്ധതിയിൽ ജാദവ് പയെങ് ജോലിക്കാരനായി.

പദ്ധതി പൂർത്തിയാക്കി എല്ലാവരും പോയപ്പോഴും ജാദവ് പയെങ് തന്റെ ജോലി തുടന്നു. ഒരു ദിവസം ഒരു മരം എന്ന തോതിൽ മരങ്ങൾ നട്ടു. ഏക്കറുകളിൽ നിന്ന് ഏക്കറുകളിലേക്ക് കാട് വളർന്നു. നിരവധി പക്ഷികളും ആന, കടുവ, കാണ്ടാമൃഗം, മാനുകൾ, മുയലുകൾ തുടങ്ങിയ വന്യമൃഗങ്ങളും കാട് തേടിയെത്തി. 1979 ൽ ആരംഭിച്ച ജാദവ് പയെങ്ങിന്റെ ഒറ്റയാൾ വനവത്കരണത്തെ കുറിച്ച് അസം വനം വകുപ്പ് അറിയുന്നത് പോലും 2008 ലാണ്. ഗ്രാമത്തിൽ വലിയതോതിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാനക്കൂട്ടം പെട്ടെന്ന് മറഞ്ഞതെങ്ങോട്ടാണ് എന്ന വനംവകുപ്പിന്റെ അന്വേഷണമായിരുന്നു പയെങ് നിർമിച്ച വനം പുറംലോകമറിയാൻ കാരണം.

സമാനതകളില്ലാത്ത സേവനം മുൻനിർത്തി 2015 ൽ ജാദവ് പയെങ്ങിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നിരവധി ഡോക്യൂമെന്ററികൾ ഇതിനോടകം ജാദവ് പയെങ്ങിനെ കുറിച്ച് പുറത്തുവന്നു. അതിൽ ശ്രദ്ധേയമായിരുന്നു 2013 ൽ വില്ല്യം ഡൊഗ്ലസ് മക്മാസ്റ്റർ എടുത്ത ‘ ഫോറസ്റ്റ് മാൻ’ എന്ന ഡോക്യുമെന്ററി.

shutterstock_622849907
Tags:
  • Manorama Traveller