Wednesday 13 January 2021 03:41 PM IST

മലയാളികളുടെ ട്രെക്കിങ് താഴ്‌വര കത്തിയമർന്നു; കാട്ടുതീ കവർന്നത് ‘മിഥുൻ’ ജീവിക്കുന്ന മലനിര

Baiju Govind

Sub Editor Manorama Traveller

dzk1

മ്യാൻമറുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ സോക്കു താഴ്‌വരയുടെ ഒരുഭാഗം കത്തിയമർന്നു. വിനോദസഞ്ചാരികൾ പറുദീസയെന്നു വിശേഷിപ്പിക്കുന്ന പുൽമേടുകളിലും താഴ്‌വരയിലുമാണു തീപിടിച്ചത്. അരുവികൾ വറ്റിയതിനാൽ തീയണയ്ക്കൽ ശ്രമകരമായി. ഇതു കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കി. രണ്ടാഴ്ച നടത്തിയ ശ്രമങ്ങൾക്കൊടുവിൽ കാട്ടുതീ നയിന്ത്രണ വിധേയമായെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ നിന്നു ഹെലികോപ്റ്ററുകളിൽ വെള്ളം എത്തിച്ചാണ് തീയണച്ചത്. തൊണ്ണൂറു തവണകളായി പറന്നുയർന്ന ഹെലികോപ്റ്ററുകൾ ഓരോ തവണയും മൂവായിരത്തഞ്ഞൂറ് ലീറ്റർ വെള്ളം ഒഴുക്കിയാണ് തീ നിയന്ത്രിച്ചത്. എൻഡിആർഫ് സേനയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടുതീ പടർന്ന മേഖലയിൽ രക്ഷാപ്രവർത്തനം നടത്തി.

dzk3

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കുന്നുകളിൽ തീപടരുന്ന ദൃശ്യങ്ങൾ പ്രകൃതി സ്നേഹികളുടെ ഹൃദയം തകർത്തു. നാഗാലാൻഡ‍് ഔദ്യോഗിക മൃഗമായി അംഗീകരിച്ച ‘മിഥുൻ’ ഇനത്തിൽപെട്ട കാട്ടുകാളയുടെ ആവാസ കേന്ദ്രമാണു സോക്കു താഴ്‌വര. കോവിഡ് വ്യാപനത്തെ തുടർന്ന് സോക്കു താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഇന്ത്യൻ സംസ്ഥാനമാണു നാഗാലാ‌ൻഡ്. മ്യാന്മറുമായി തുറന്ന അതിർത്തി പങ്കിടുന്നു. രാജ്യത്ത് പതിനാറാമതു രൂപം കൊണ്ട സംസ്ഥാനത്തിന്റെ തലസ്ഥാനം കൊഹിമ. ഇവിടെ പ്രവേശനത്തിനു യാത്രാരേഖകൾ കാണിച്ച് ചെക്പോസ്റ്റിലെ രജിസ്റ്ററിൽ ഒപ്പിടണം. നാഗാലാൻഡ് യാത്രികർ 'ഖൊനോമ 'എന്ന സ്ഥലത്താണ് ആദ്യം എത്തിച്ചേരുക. ഇന്ത്യയിലെ ആദ്യ ഹരിതഗ്രാമമാണ് ഖൊനോമ. കൊഹിമയിൽ നിന്ന് 20 കി.മീ. പ്രവേശന കവാടത്തിൽ "welcome to khonoma" ബോർഡുണ്ട്. മനോഹരമാണി ഖൊനോമ. തട്ടുകളായി കിടക്കുന്ന പച്ചപുതച്ച മലഞ്ചെരിവുകൾ. നിരയായി അഞ്ഞൂറോളം വീടുകൾ. ഖൊനോമയിൽ താമസിക്കുന്നവർ അംഗാമി ഗോത്രവംശജരാണ്. ബ്രിട്ടീഷുകാർ നാഗാലാ‌ൻഡ് ആക്രമിച്ചപ്പോൾ അംഗാമികൾ ആയുധങ്ങളുമായി പൊരുതി ബ്രിട്ടീഷുകാരെ തുരത്തിയോടിച്ചു. നാഗാലാൻഡിൽ പതിനാറ് ഗോത്രങ്ങളുണ്ട്. അത്രതന്നെ ഭാഷകളും. പക്ഷേ അവർക്കു സ്വന്തമായി ലിപിയില്ല. ഇംഗ്ലിഷാണ് എഴുത്തു ഭാഷ.

dzk2

നാഗാലാൻഡിന്റെ ബോർഡറിലാണ് സോക്കു (DZOUKU) താഴ്‌വര. ഖൊനോമയിൽWay to khonoma-dzouku എന്നെഴുതിയ ബോർഡിനു മുന്നിൽ ‘സോക്കു വാലി’ ട്രെക്കിങ് ആരംഭിക്കുന്നത്. ദുർഘട പാതകളിലൂടെയാണു സഞ്ചാരം. റോഡിന്റെ ഇരുവശത്തും കാടാണ്. ഈ കാടിനുള്ളിൽ നാഗാലാൻഡ് ഔദ്യോഗിക മൃഗമായി അംഗീകരിച്ച മിഥുൻ ഇനത്തിൽ പെട്ട കാളകളുണ്ട്. അവയെ കാണാനായി മാത്രം ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ സോക്കു താഴ്‌വരയിലെത്താറുണ്ട്.

അതിമനോഹരമാണു സോക്കു താഴ്‌വര. പച്ചപുതച്ച കുന്നുകളാണ് പ്രധാന ദൃശ്യം. മഞ്ഞു പെയ്യുന്ന മാസങ്ങളിൽ കുന്നുകൾ വെള്ളപുതയ്ക്കുന്നു. മേഘക്കൂട്ടം ഇക്കാലത്ത് ആകാശത്തു നിന്നു ഭൂമിയിലേക്കിറങ്ങി വരും. കുന്നിന്റെ മുകളിൽ നിന്നാൽ അരുവികൾ കാണാം. അരുവികളാണു സോക്കു താഴ്‌വരയുടെ ദാഹമകറ്റുന്നത്. വസന്തകാലത്ത് പൂക്കളും കിളികളും ശലഭങ്ങളുമായി സോക്കുവാലി യൗവ്വനമണിയും.

dzk4

ഇക്കുറി വിനോദസഞ്ചാര സീസണിൽ ടൂറിസ്റ്റുകൾക്ക് സോക്കു താഴ്‌വരയിൽ എത്താൻ സാധിച്ചില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇതിനിടെയാണ് ഡിസംബർ 29ന് വൈകിട്ട് തീപടർന്നത്. സന്ദർശകരുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ കത്തിയമർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഗാലാൻഡ് സന്ദർശിച്ചിട്ടുള്ളവരുടെ സ്വപ്നങ്ങളിൽ കരിപടർത്തുന്നതാണ് അവിടെ നിന്നു പുറത്തു വന്ന ചിത്രങ്ങൾ.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India