സൈപ്രസിലെ ഒലീവ് മരങ്ങൾക്കു ചുവട്ടിൽവച്ച് ആദ്യമായി കണ്ടപ്പോൾ ഈ ലോകം ചുട്ടുപൊള്ളുന്ന പ്രണയമായി അവളുടെ കണ്ണുകളിൽ നിറയുന്നത് ആൻഡി നോക്കി നിന്നു. വിതയ്ക്കാതെ, കൊയ്യാതെ, ചെലവാകുന്ന പണത്തിന്റെ കണക്കു നോക്കാതെ അവർ ആകാശത്തിലെ പറവകളെപ്പോലെ യാത്ര തുടങ്ങി. മുന്തിരി വള്ളി തളിർത്തതും നീർമാതളം പൂത്തതുമായ ഒരു പ്രഭാതത്തിൽ അയനാപ്പയിലെ ഈന്തപ്പനത്തോട്ടത്തിൽ വച്ച് എമ്മ അവളുടെ മോഹം ആൻഡിക്കു സമ്മാനിച്ചു:
‘‘പ്രിയപ്പെട്ടവനെ, അന്നു നീ എന്റെ മിഴികളിൽ കണ്ടു നിന്ന സ്വപ്നലോകത്തിന്റെ വാതിൽ ഇതാ കൺമുന്നിൽ തുറന്നു കിടക്കുന്നു. ഈ പ്രപഞ്ചം ചുറ്റിക്കാണാൻ ഇരുകൈകളും കോർത്ത് നമുക്ക് ഇറങ്ങിപ്പുറപ്പെടാം. ഭൂമിയിലെ എല്ലാ രാജ്യങ്ങളും കണ്ടു തിരിച്ചെത്തുമ്പോൾ എമ്മ എന്ന ഞാൻ എന്നെന്നേക്കുമായി നിന്റേതായിരിക്കും...’’
ഇംഗ്ലീഷുകാരി എമ്മ വാക്കു തെറ്റിച്ചില്ല. ലോകപര്യടനം പകുതിയാകുന്നതിനു മുമ്പ് സഹയാത്രികനെ, കൂട്ടുകാരനെ, ഭർത്താവായി സ്വീകരിച്ചു. നാൽപ്പത്താറു രാജ്യങ്ങളുടെ ഭംഗിയും രുചിയും ആസ്വദിച്ച ശേഷം കാറിന്റെ ആക്സിലറേറ്ററിൽ കാലമർത്തുമ്പോൾ ആൻഡിയോട് എമ്മ പറഞ്ഞു; ‘‘ഇനി നമ്മുടെ യാത്ര ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്...’’
22–01–2016. എമ്മയും ആൻഡിയും കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് അറിയിക്കാൻ ആർത്രേയ ആയുർവേദ റിസോർട്ടിലെ ഡോ. ജയകൃഷ്ണന്റെ ഫോൺ. ഫൊട്ടോഗ്രാഫറെയും കൂട്ടി അപ്പോൾത്തന്നെ ഇറങ്ങിത്തിരിച്ചു. കുട്ടനാട് – കാവാലം റോഡിലെ തുരുത്തിക്കവലയ്ക്കടുത്തുള്ള പാടശേഖരത്തിനരികെ വച്ച്, ഉലകം ചുറ്റുന്ന ദമ്പതികളെ കണ്ടെത്തി. പനംതത്തകൾ പറക്കുന്ന വയലിനരികെ പൊരിവെയിലത്തു വണ്ടി നിർത്തി പടം പിടിക്കുകയായിരുന്നു ഭാര്യയും ഭർത്താവും. ‘കരിമ്പിൻകാലാ’ റസ്റ്ററന്റിൽ നിന്നു കരിമീൻ പൊള്ളിച്ചതും പൊടി മീൻ വറുത്തതും കൂട്ടി ഊണു കഴിച്ചപ്പോൾ ആൻഡിയും എമ്മയും ഊർജസ്വലരായി. പുഞ്ചപ്പാട വരമ്പത്തെ തെങ്ങിൻ ചുവട്ടിലിരുന്ന് സായിപ്പും മദാമ്മയും ലോകപര്യടനത്തിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
പ്രണയം കീഴടക്കിയ യാത്ര
കഥയുടെ അധ്യായം പത്തിരുപതു വർഷം പിന്നിലേക്ക്. എമ്മ സ്മിത്ത് എന്ന പതിനാറുകാരി അന്ന് ഡൽഹിയിൽ മറൈൻ ബയോളജി പഠിക്കുന്നു. ബ്രിട്ടനിൽ അക്കാലത്ത് ജലജീവികളെക്കുറിച്ചു ഗവേഷണം നടത്താൻ വിദ്യാലയം ഇല്ലാത്തതുകൊണ്ടല്ല എമ്മ ഇന്ത്യയിലേക്കു വിമാനം കയറിയത്. ജന്മനാടിനപ്പുറത്തുള്ള വിശാലമായ ലോകം കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരുന്നു ആ തീരുമാനം. ഏഴു മാസത്തെ കോഴ്സ് പൂർത്തിയാക്കി 1995 സെപ്റ്റംബറിൽ പാലം വിമാനത്താവളത്തിൽ നിന്നു യുകെയിലേക്കു മടങ്ങുമ്പോഴേക്കും നേപ്പാളും എവറസ്റ്റ് ബേസ് ക്യാംപും ഉൾപ്പെടെ തലസ്ഥാന നഗരത്തിന്റെ സമീപ പ്രദേശങ്ങളെല്ലാം ഈ പെൺകുട്ടി നടന്നു കണ്ടു. ഉരുകി വിങ്ങുന്ന അഗ്നിപർവതം പോലെ യാത്രാ മോഹങ്ങൾ വീണ്ടും തിളച്ചു പൊങ്ങിയപ്പോൾ അവൾക്കു യുകെയിൽ ഇരിക്കപ്പൊറുതിയുണ്ടായില്ല. പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കാനെന്നു വീട്ടിൽ പറഞ്ഞ് നേരേ മെക്സിക്കോയിലേക്കു പറന്നു. ആ രാജ്യത്തിന്റെ നാഡീഞരമ്പുകൾ തൊട്ടറിഞ്ഞതിനൊപ്പം ബിരുദാനന്ദബിരുദം പൂർത്തിയാക്കിയ എമ്മ, പരീക്ഷയുടെ പിറ്റേന്നാൾ കൂട്ടുകാരോടൊപ്പം ഒറ്റ പറക്കലായിരുന്നു, സൈപ്രസിലേക്ക്.
ആദാമിന്റെ വാരിയെല്ലിൽ നിന്നു ഹവ്വ പിറന്ന പുരാണത്തിന്റെ തുടർച്ചയാണ് ഈ സഞ്ചാരപ്രിയയുടെ ബാക്കി ജീവിതയാത്ര. ഹവ്വ ഇണയെ കണ്ടെത്തിയത് ഏതനിലും, എമ്മയ്ക്കുവേണ്ടി സൃഷ്ടിച്ച പുരുഷൻ സൈപ്രസിലുമായിരുന്നു എന്ന വ്യത്യാസം മാത്രം.
കൂട്ടുകാരികളോടൊപ്പം തുള്ളിച്ചാടി നടന്ന എമ്മയ്ക്ക് സൈപ്രസിലെ നിഷ്കർഷകൾ ബോധിച്ചില്ല. അറബിച്ചിട്ടകളും സ്ത്രീകൾക്കു കൽപ്പിച്ചിട്ടുള്ള നിയന്ത്രണങ്ങളും എമ്മയെ ശ്വാസം മുട്ടിച്ചു. എത്രയും പെട്ടന്നു തിരികെ പോയാൽ മതിയെന്ന ആലോചനയിൽ നടക്കുമ്പോഴാണ് ആൻഡി സ്മിത്ത് എന്ന പയ്യനെ പരിചയപ്പെട്ടത്. സുന്ദരൻ, സ്വന്തം നാട്ടുകാരൻ, സർവോപരി സഞ്ചാരപ്രിയൻ...
മത്സ്യഗവേഷണവുമായി ഒമാൻ, സൗദി അറേബ്യ, ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളിലൂടെ യാത്ര തുടർന്നെങ്കിലും എമ്മയ്ക്ക് സൈപ്രസ്സിൽ കണ്ട ചെറുക്കനെ മറക്കാനായില്ല. ഇ–മെയ്‌ലിന്റെ ഇൻബോക്സിൽ ആൻഡിയുടെ കുറിപ്പുകൾക്കായി അവൾ കാത്തിരുന്നു. പ്രണയത്തിൽ ചാലിച്ച വരികളുമായെത്തിയ കത്തുകൾ വായിച്ചു വിവശനായ ആൻഡി ഒടുവിൽ എമ്മയെ കാണാൻ ദുബായിലേക്കു പറന്നു. സൈപ്രസിൽ മൊട്ടിട്ട പ്രണയം 2010ലെ ഒരു വേനൽച്ചൂടിൽ ദുബായ് മരുഭൂമിയിൽ പൂത്തുലഞ്ഞു. പക്ഷേ, അവിടെയും ഇവരുടെ പ്രേമത്തിന് യാത്രയുടെ മൂടുപടമണിയാനായിരുന്നു നിയോഗം.
യുഎഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് 10 ദിവസത്തെ റോഡ് ട്രിപ്പ് പ്ലാൻ ചെയ്ത് ആകാംക്ഷയോടെ കാത്തിരുന്ന എമ്മയുടെ മുന്നിലാണ് പ്രണയത്തിൽ മുങ്ങിയ മനസ്സുമായി ആൻഡി ലാൻഡ് ചെയ്തത്. മണലാരണ്യങ്ങളിലെ ചൂടിൽ കാറോടിച്ച് എമ്മയും ആൻഡിയും യാത്ര ഉത്സവമാക്കി. മൂന്നാഴ്ചകൾ പൊടുന്നനെ കടന്നു പോയെന്ന ഖേദവുമായി വീസാ കാലാവധി കഴിഞ്ഞ് ആൻഡി ജോലി സ്ഥലത്തേക്കു മടങ്ങി.
ദൈവത്തിന്റെ വികൃതികൾ
ദൈവം കൂട്ടിച്ചേർത്തതു വീസയ്ക്കു പിരിക്കാനാവില്ലെന്നു തെളിയാൻ രണ്ടു മാസമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ആദ്യം ആൻഡിയിൽ പിറന്ന പ്രണയം മറ്റൊരു യാത്രയുടെ തുടക്കത്തിനായി എമ്മയിലേക്കു പടർന്നു. ഒരു കാറിൽ ലോകം മുഴുവൻ സഞ്ചരിക്കാൻ തയാറാണോ എന്നു ചോദിച്ചുകൊണ്ട് ആൻഡിക്ക് എമ്മ ഇ–മെയ്‌ലയച്ചു.
‘Around the world in 800 days’ : ഒരു കാറിൽ ലോകം മുഴുവൻ സഞ്ചരിച്ച് 800 ദിവസത്തിനുള്ളിൽ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുക. ലോകം ചുറ്റാനുള്ള പദ്ധതിക്ക് എമ്മ തയാറാക്കിയ ഫോർമുല ഇതായിരുന്നു. വിരഹവേദനയിൽ കഴിഞ്ഞിരുന്ന ആൻഡി ആഗ്രഹിച്ചതും എമ്മ ആവശ്യപ്പെട്ടതും യാത്ര!
അത്രയും കാലം സമ്പാദിച്ച പണം മുഴുവനും രണ്ടാളും കണക്കുകൂട്ടി ശിഷ്ടമെഴുതി. സ്വന്തമായി വാങ്ങിയ വിലപിടിപ്പുള്ളതെല്ലാം വിറ്റു കാശാക്കി. അതെല്ലാം ചേർത്തുവച്ചിട്ടും പകുതി ദൂരം യാത്രയ്ക്കുള്ള പണം വേറെ കണ്ടെത്തണം എന്നതായിരുന്നു അവസ്ഥ.
‘‘എന്തായാലും തീരുമാനിച്ചു; ഇനി മാറ്റമില്ല’’ എമ്മ രണ്ടും കൽപ്പിച്ചു പറഞ്ഞപ്പോൾ ആൻഡി ഡബിൾ ഓകെയിൽ തലയാട്ടി. തുടർന്ന് 2012 ഏപ്രിൽ 30 വരെയുള്ള രാപ്പകലുകൾ കഠിനാധ്വാനം ചെയ്ത് അവർ പണമുണ്ടാക്കി. ‘ടൊയോട്ട ഹൈലക്സ് സർഫ് ബീബി’ കാർ വാങ്ങി. കാറിന്റെ റൂഫിനു മീതെ ടെന്റ് ഘടിപ്പിച്ചു. രണ്ടേകാൽ വർഷം (800 ദിവസം) കാറിനുള്ളിൽ ജീവിക്കാനുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടി. അടുപ്പക്കാരോടു യാത്ര പറഞ്ഞ് യുകെയിൽ നിന്ന് ഭൂമിയെ വലം വയ്ക്കാനുള്ള സഞ്ചാരം തുടങ്ങി.
സഞ്ചാരികളുടെ ലോകത്ത് അപ്രതീക്ഷിതമായ സംഭവങ്ങൾ പുതുമയല്ല. മംഗോളിയയിലെ കാടുകളിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ആൻഡിയുടെ വീട്ടിൽ നിന്നു ഫോൺ വന്നു. അമ്മയ്ക്കും അച്ഛനും കാൻസർ സ്ഥിരീകരിച്ചുവെന്നായിരുന്നു സന്ദേശം. ചാനൽ ഐലന്റിലുള്ള ഗേൺസിയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം നാലു മാസം കഴിഞ്ഞ് വീണ്ടും ഇരുവരും ഇറങ്ങിത്തിരിച്ചു. ഇത്തവണ യൂറോപ്പ് മുഴുവൻ കറങ്ങുക എന്നതായിരുന്നു ഉദ്ദേശ്യം. വീട്ടിൽ നിന്നു വിളി വന്നാൽ ഉടനെ ഓടിച്ചെല്ലാം എന്നതായിരുന്നു ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. മൊറോക്കൊ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങി യൂറോപ്പ് മുഴുവൻ സഞ്ചരിച്ച ശേഷം വീട്ടിലെത്തി ആൻഡിയുടെ മാതാപിതാക്കളെ സന്ദർശിച്ച് ഇരുവരും ഗൾഫിലേക്കു തിരിച്ചു.
കപ്പലിൽ അയച്ച കാർ യൂറോപ്പിൽ നിന്നു ദുബായിലെത്തുന്നതിനു മുമ്പ് എമ്മയ്ക്ക് ആൻഡി മിന്നണിയിച്ചു. പതിമൂന്നു വർഷം ഒരുമിച്ചു ജീവിച്ചശേഷം എമ്മയെ ഭാര്യയാക്കിയ സന്തോഷത്തിനിടെ, വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് ആൻഡിയുടെ അമ്മ മരിച്ചു. ഇരുവരും യുകെയിലേക്കു മടങ്ങി, ലോകയാത്രയ്ക്ക് രണ്ടാമത്തെ ഇടവേള.
സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് ദുബായിൽ തിരിച്ചെത്തിയ ശേഷം അവർ ഉലകസഞ്ചാരത്തിനു വേഗം കൂട്ടി. അറേബ്യൻ രാഷ്ട്രങ്ങൾ ഓരോന്നായി സന്ദർശിച്ച് കാർ ഇറാനിലെത്തി.
നിയമം മതിൽ കെട്ടിയ ടെഹ്റാനിലെ ഒരു പകൽ. ഉച്ചഭക്ഷണം കഴിക്കാൻ റസ്റ്ററന്റിൽ കയറിയ നേരത്തിനുള്ളിൽ ആൻഡിയുടെ കാർ കൊള്ളയടിക്കപ്പെട്ടു. വില പിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. എങ്കിലും, ഭക്ഷണം പാകം ചെയ്യാനും ചൂടാറാതെ കാത്തുസൂക്ഷിക്കാനും പറ്റുന്ന സ്റ്റൗ പോയതാണ് ആൻഡിക്കു സങ്കടമായത്. സ്കാൻഡിനേവിയൻ രാജ്യങ്ങൾ പിന്നിട്ട് ആർട്ടിക് സർക്കിളിലൂടെ റഷ്യയിൽ പ്രവേശിച്ച് ബേക്കൽ തടാകം കടന്നപ്പോൾ പോലും അതുപോലൊരു ദുരനുഭവം ഉണ്ടായില്ലെന്ന് ആൻഡി പറഞ്ഞു.
ഇനി 100 ദിവസം
ലോകം ചുറ്റാനുള്ള യാത്രയുടെ എഴുനൂറാം ദിവസത്തിലാണ് മനോരമ ട്രാവലറിനു മുന്നിൽ എമ്മയും ആൻഡിയും എത്തിയത്. മുംബൈയിൽ തുടങ്ങി ഉത്തരേന്ത്യ മുഴുവൻ കറങ്ങിയ ശേഷം സംഘം വയനാട്ടിലേക്കു തിരിക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ ഇരുവരെയും അദ്ഭുതപ്പെടുത്തി. ഇവിടെ വരാൻ ഇത്രയും വൈകരുതായിരുന്നു എന്നൊരു പരിഭവം എമ്മയോടു പറയാനും ആൻഡി മടിച്ചില്ല. വയനാട് ചുരവും മാനന്തവാടിക്കടുത്തു കൊയിലേരിയിൽ വച്ചു കണ്ട വടംവലി മത്സരവും ഇവർക്കു മറക്കാൻ പറ്റാത്ത അനുഭവങ്ങളായി.
‘‘ടാൻസാനിയൻ സഫാരി പോലെ വയനാട്ടിലെ വഴിയരികിൽ ആനകളെ കണ്ടു. ചെറായി ബീച്ചിലെത്തിയപ്പോൾ മലയാളികളുടെ സ്നേഹം മനസ്സിലാക്കി. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ തണുപ്പു നുകർന്ന് അന്തിയുറങ്ങി. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ കണ്ണുനിറയെ കണ്ടാസ്വദിച്ചു. പപ്പടവും പായസവും കൂട്ടി സദ്യയുണ്ടു. ചട്നിയിൽ മുക്കി ഇഡ്ഡലിയും മസാല ദോശയും കഴിച്ചു. തിരുവനന്തപുരം, കോവളം, കന്യാകുമാരി തുടങ്ങി കേരളത്തിന്റെ പ്രകൃതിയുടെ പലഭാവങ്ങൾ ക്യാമറയിൽ പകർത്തി. ഇനി മ്യാൻമറിലേക്കാണു പോകുന്നത്. പിന്നെ തായ്‌ലൻഡിലേക്ക്. പോക്കറ്റിലെ പണത്തിന്റെ കനം നോക്കി ബാക്കി യാത്ര തീരുമാനിക്കും. എന്തായാലും അടുത്ത 100 ദിവസങ്ങൾക്കള്ളിൽ ലോകപര്യടനം പൂർത്തിയാക്കണം’’ ഉറച്ച ശബ്ദത്തിൽ എമ്മ പറഞ്ഞു. ‘‘യാ യ്യാ’’ എന്നു പറഞ്ഞ് ആൻഡി പിന്തുണ പ്രഖ്യാപിച്ചു.
ആൻഡി ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. ഇന്ത്യയുടെ മനോഹാരിതയെക്കുറിച്ച് എമ്മ പറഞ്ഞ കൗതുകങ്ങൾ വാസ്തവമാണെന്ന് ആൻഡിയും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.
‘‘ലോകത്തു മറ്റെവിടെയും കാണാത്ത സാംസ്കാരിക മഹിമ, സർവൈശ്വര്യങ്ങളും നിറഞ്ഞ പ്രകൃതി, അപരിചിതരോടുപോലും പുഞ്ചിരിയോടെ പെരുമാറുന്ന ജനങ്ങൾ, കൈപ്പുണ്യമുള്ളവരുണ്ടാക്കുന്ന വിഭവങ്ങൾ, ആറു മാസം മഴ – ആറു മാസം വെയിൽ...’’ കണ്ടറിഞ്ഞ കാര്യങ്ങൾ എമ്മ ഒറ്റശ്വാസത്തിൽ എണ്ണിപ്പറഞ്ഞു.
‘‘Dear Friend, വിദേശത്തു നിന്നു വരുന്നവരുടെ കാഴ്ചയിൽ ലോകത്തു മറ്റേതു രാജ്യത്തെക്കാളും വിശിഷ്ടമാണ് ഇന്ത്യയുടെ പ്രകൃതി. നാൽപ്പത്താറു രാജ്യങ്ങളിലൂടെ കാറോടിച്ച് യാത്ര ചെയ്തിട്ടുള്ള ഞങ്ങൾക്ക് അതു പറയാൻ കഴിയും. ജീവിതത്തിൽ നിർബന്ധമായും കാണേണ്ട രാജ്യം ഏതാണെന്നു ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ; ഇന്ത്യ.’’
ഇത്രയും പറഞ്ഞ് ആൻഡിയുടെ കൈയിൽ നിന്നു താക്കോൽ വാങ്ങി എമ്മ കാറിൽ കയറി. ഇനി ചെന്നൈയിലെത്തുന്നതു വരെ എമ്മയാണ് വണ്ടിയോടിക്കുന്നത്. അവിടെ നിന്നു മ്യാൻമറിലേക്ക് കാർ കപ്പലിൽ കയറ്റി അയയ്ക്കും, ആൻഡിയും എമ്മയും വിമാനത്തിൽ കയറും. ഉലകം ചുറ്റുന്ന യാത്രയിൽ കേരളം സന്ദർശിച്ച് ഞങ്ങളുടെ നാടിനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ ആൻഡിക്കും എമ്മയ്ക്കും യാത്രാമംഗളങ്ങൾ. •..
ലോകപര്യടനത്തിന് പുറപ്പെടും മുമ്പ്
വീസ : ഏതു രാജ്യത്തായാലും 20,000 രൂപയിൽ താഴെ ചെലവാക്കിയാൽ താത്കാലിക വീസ ലഭിക്കും. കാലാവധി അനുസരിച്ച് ടൂറിസ്റ്റ്, ബിസിനസ്, ട്രാൻസിറ്റ്, സ്റ്റുഡന്റ്, എംപ്ലോയ്മെന്റ്, ഡിപ്ലോമാറ്റിക് വീസകൾ ലഭ്യം. പാസ്പോർട്ട് സ്റ്റാംപിന്റെ രൂപത്തിൽ വീസ പതിച്ചു നൽകുന്ന രാജ്യങ്ങളുമുണ്ട്.
കാർനെറ്റ് : കാർ മറ്റു രാജ്യങ്ങളിലേക്ക് കപ്പലിൽ കയറ്റി അയയ്ക്കുന്നതിന് ‘കാർനെറ്റ് ഡെ പാസ്സേജ് ’ അനുമതി പത്രം വാങ്ങണം. എ4 പേപ്പറിന്റെ വലുപ്പത്തിലുള്ള രേഖയാണിത്. വിദേശ വാഹനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ ലിസ്റ്റ് അതാതു രാജ്യങ്ങളുടെ എംബസി വെബ്സൈറ്റിൽ ലഭിക്കും.
ബാക്ക്–അപ് ഇൻഫർമേഷൻ : യാത്ര ചെയ്യുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അനുമതി പത്രങ്ങളും യാത്രാരേഖകളും പ്രത്യേകം സൂക്ഷിക്കണം. ഒരു സെറ്റ് വാഹനത്തിൽ രഹസ്യമായി ഒളിച്ചു വയ്ക്കുക. ഒരു കോപ്പി നാട്ടിലെ വിശ്വസ്തരെ ഏൽപ്പിക്കുക, ഓരു കോപ്പി സ്കാൻ ചെയ്ത് കംപ്യൂട്ടറിലും മൊബൈൽ ഫോണിലും സേവ് ചെയ്യുക. ഒരു കോപ്പി സ്റ്റിയറിങ്ങിനടുത്ത് എപ്പോഴും എടുക്കാവുന്ന രീതിയിൽ കരുതുക.
പഴ്സനൽ ഇൻഷുറൻസ് : ബാഗേജുകൾ നഷ്ടപ്പെടൽ, വിമാനം വൈകൽ, ടിക്കറ്റ് ക്യാൻസൽ ചെയ്യൽ തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷുറൻസ് പോളിസികൾ സഹായമാകും. പന്ത്രണ്ടു മാസം വരെയുള്ള പോളിസികളാണ് യാത്രികർക്കായി ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികളും നൽകുക. യാത്രയ്ക്കിടെ പോളിസി പുതുക്കാൻ അനുമതി നൽകുന്ന ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തുക.
കാർ ഇൻഷുറൻസ് : യൂറോപ്യൻ യൂണിയൻ വീസ ഉള്ളവർക്കും ഷെങ്കൻ വിസ ഉള്ളവർക്കും യൂറോപ്പിലുടനീളം കാർ യാത്രയ്ക്ക് ഒരു ഇൻഷുറൻസ് മതി. മറ്റു രാഷ്ട്രങ്ങളിൽ കവറേജ് നൽകുന്ന ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തി കാർ ഇൻഷുർ ചെയ്യുക.
രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് : ഇ ന്റർനാഷനൽ ഡ്രൈവിങ് ലൈസ ൻസ് അംഗീകരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ഇന്റർനെറ്റിൽ ലഭ്യമാണ്. ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് (IDP) എടുത്താൽ ലോകം മുഴുവനും കാറോടിക്കാനുള്ള ഔദ്യോഗിക രേഖയായി അത് ഉപയോഗിക്കാം.