വീണിടം വിഷ്ണുലോകമെന്നു കരുതുന്ന യാത്രാ പ്രേമികൾക്കു കൂടെ കൊണ്ടു പോകാൻ വീട് റെഡി. അഞ്ചു സെന്റ് സ്ഥലത്ത് വീട് സെറ്റ് ചെയ്യാം. തിരിച്ചു പോകുമ്പോൾ വണ്ടിയിൽ കയറ്റി കൊണ്ടു പോകാം. കിടപ്പുമുറിയും അടുക്കളയും ടോയ്‌ലെറ്റും ഉൾപ്പെടെ റിസോർട്ടിലേതു പോലെ സൗകര്യമുള്ളതാണ് ‘പോർട്ടബിൾ വീട്’. ലാത്വിയയിൽ സ്റ്റാർട് അപ് ബിസിനസകാരനായ ബ്രെറ്റ് ഹ്യൂസാണ് ഡിസൈനർ. ‘‘അടുക്കള, ലിവിങ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുണ്ട്. ‘‘ആവശ്യക്കാർ അറിയിക്കുക, യൂറോപ്പിൽ ഒരാഴ്ചയ്ക്കുള്ളിൽ എത്തിച്ചു നൽകാം. ലോകത്ത് ഏതു രാജ്യത്തു നിന്ന് ഓർഡർ വന്നാലും വീടുണ്ടാക്കി നൽകാൻ തയാർ’’ – ഹ്യൂസ് പറഞ്ഞു.
മടക്കി വച്ച് ലോറിയിൽ കയറ്റാവുന്ന വീട്. അർബൻ, കോംപാക്ട്, റസ്റ്റിക് എന്നിങ്ങനെ മൂന്നു ഡിസൈനുകൾ തയാറാക്കിയിട്ടുണ്ട്. ചെറിയ വീട് 1162 സ്ക്വയർ ഫീറ്റ്. വലുപ്പം കൂടും തോറും വില വർധിക്കും. മേൽക്കൂര, ചുമർ, തറ എന്നിങ്ങനെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് നിർമാണം. ഫ്ളാറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലാണ് ഇന്റീരിയർ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. കിച്ചൻ ഇൻസ്റ്റലേഷൻ, വാഷിങ് മെഷീൻ, സോളാർ എനർജി കിറ്റ്, വാട്ടർ ഹീറ്റർ, സ്മാർട് ഹോം സിസ്റ്റം എന്നിവയുണ്ട്. ഇലക്ട്രിക് നെറ്റ്‌വർക്കുമായി കണക്ട് ചെയ്യാൻ പറ്റുംവിധമാണ് വൈദ്യൂതീകരണം. എവിടെയാണോ വീട് സെറ്റ് ചെയ്യുന്നത് അവിടെ നിന്നു വൈദ്യുതി ലൈൻ കണക്ട് ചെയ്യാം. ‘ഇനി ബിൽഡിങ് പെർമിറ്റിനായി കാത്തു നിൽക്കേണ്ട’ ഹ്യൂസ് പറയുന്നു.
കഫേ, ഹോം ഓഫീസ്, ഗാർഡൻ ഹൗസ്, ഗാർഡ് റൂം, ലോഡ്ജ്, റൂഫ് ടോപ് ഹോട്ടൽ എന്നിങ്ങനെ ഉപയോഗിക്കാം. ഹ്യൂസ് നിർമിച്ച പത്തു വീടുകൾ സെറ്റ് ചെയ്താൽ തരിശു നിലം ‘വില്ല ഗാർഡൻ’ ആക്കി മാറ്റാം. വിന്റർ റിസോർട്, ഇക്കോ വില്ലേജ്, സമ്മർ ക്യാംപ്, ഷോപ്പിങ് ഏരിയ, ഫൂഡ് മാർക്കറ്റ് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഒരു വീട് നിർമിക്കാൻ രണ്ടു മാസം വേണം. അതിനാൽ ആവശ്യക്കാർ എട്ടാഴ്ച മുൻപ് ബുക്ക് ചെയ്യണം. വില 150000 – 450000 രൂപ.