വിനോദസഞ്ചാര മേഖലയിൽ പുതുതായി എന്തെങ്കിലും തുടങ്ങാൻ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കു കണ്ണുനട്ടിരിക്കുന്നവർക്ക് അനുകരിക്കാം അമേരിക്കയിലെ ‘ഫൂഡ് ഫാക്ടറി ടൂർ’. രുചികരമായ ഭക്ഷണം കഴിക്കാൻ മാത്രമല്ല വിഭവങ്ങൾ തയാറാക്കുന്നതു കാണാനും ആളുകൾക്ക് ഇഷ്ടമാണ്. പലഹാരം പാകം ചെയ്യുന്നതു കാണാൻ അവസരമൊരുക്കിയാൽ ആളുകൾ തിക്കിത്തിരക്കുമെന്നാണ് അമേരിക്കയിലെ ബേക്കറി ഉടമകളുടെ അനുഭവം. സമീപകാലത്ത് മലയാളികൾക്കിടയിൽ പ്രചാരം നേടിയ ഫൂഡ് വ്ലോഗുകളുടെയും വിഡിയോകളുടെയും വ്യൂവേഴ്സിന്റെ എണ്ണം നോക്കുമ്പോൾ ഫൂഡ് ഫാക്ടറി ടൂറിന് കേരളത്തിലും സാധ്യതയുണ്ട്.
അമേിക്കയിലെ പ്രശസ്ത ഫൂഡ് ബ്രാൻഡുകളുടെ ഫാക്ടറിയിൽ സന്ദർശകരെ അനുവദിച്ചിട്ടുണ്ട്. ഐസ്ക്രീ, കുക്കീസ്, സ്കൂപ്, ചില്ലി സോസ് എന്നിവ നിർമിക്കുന്ന ഫാക്ടറികളിൽ ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്നു. സുരക്ഷിതമായ അകലത്തു നിന്നു പാചകം ആസ്വദിക്കാം. വിഭവങ്ങളുടെ നിർമാണഘട്ടം വിശദീകരിക്കാൻ ഗൈഡുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേതു പോലെ ഫാക്ടറികളിൽ പ്രവേശനത്തിനു ടിക്കറ്റെടുക്കണം. സന്ദർശകർ ‘ഫാക്ടറി ഫ്രഷ്’ സാധനങ്ങൾ വാങ്ങിത്തുടങ്ങിയപ്പോഴാണ് ഫാക്ടറി ടൂർ വിജയകരമായത്.
അമേരിക്കയിലെ ഐസ്ക്രീം നിർമാതാക്കളാണ് ബെൻ ആൻഡ് ജെറി. ജെല്ലി ബെല്ലി, ടുബാസ്കോ എന്നിവയും മധുരപലഹാര നിർമിതാക്കളാണ്. ഈ മൂന്നു സ്ഥാപനങ്ങളും വിദേശ ടൂറിസ്റ്റുകൾക്ക് ഫാക്ടറിയിൽ പ്രേവശനം അനുവദിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. നിശ്ചിത ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ.
ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് അമേരിക്കയിൽ എത്തുന്നവർ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഫൂഡ് ഫാക്ടറികൾ ഉൾപ്പെടുത്തുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാൻ ഫാക്ടറി ഔട് ലെറ്റ് വിഭവങ്ങൾ സ്വന്തമാക്കാൻ അവർ മത്സരിക്കുന്നു.
സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് ഫോർചുനേറ്റ് കുക്കി ഫാക്ടറി ആഴ്ചയിൽ ഏഴു ദിവസവും സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട്. രാപകൽ വേർതിരിവില്ലാതെ മിഠായി നിർമിക്കുന്ന ഫാക്ടറിയാണ് ഗോൾഡൻ ഗേറ്റ് ഫോർചുനേറ്റ് കുക്കി. ദിവസവും പതിനായിരം ‘മിഠായി’ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ മാവു കുറുക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെയുള്ള നിർമാണ ഘട്ടങ്ങൾ സന്ദർശകർക്ക് കാണാം.
ജെല്ലി ബെല്ലി പ്ലാന്റ് സന്ദർശിക്കുന്നവർ മധുരം നുണയാൻ പണം മുടക്കേണ്ട. സന്ദർശകർക്ക് സാംപിൾ സൗജന്യം. എന്നാൽ, സാംപിൾ കഴിച്ചവരെല്ലാം ഒന്നോ രണ്ടോ പായ്ക്കറ്റ് വാങ്ങിയ ശേഷമേ മടങ്ങാറുള്ളൂ. ഇരുപത്തൊന്നു ദിവസത്തെ സംസ്കരണത്തിനൊടുവിലാണ് ചേരുവകൾ മിശ്രണം ചെയ്ത് ജെല്ലി ബെല്ലി തയാറാക്കുന്നത്. വിവിധ ചേരുവ തയാറാക്കുന്നത് വെവ്വേറെ പ്ലാന്റുകളിലാണ്. എല്ലാ പ്ലാന്റുകളും സന്ദർശിക്കണമെങ്കിൽ മൂന്നു കിലോമീറ്റർ സഞ്ചരിക്കണം. 24 മണിക്കൂറിൽ നാൽപത്താറായിരം കിലോ ജെല്ലി ബെല്ലി ബീൻസ് തയാറാക്കുന്നു. ഫാക്ടറിയുടെ പ്രവേശന കവാടം മുതൽ മധുരം കുറുക്കുന്നതിന്റെ സുഗന്ധമാണ്. ഒരിക്കൽ അവിടെ പ്രവേശിച്ചാൽ പാഴ്സൽ വാങ്ങാതെ മടങ്ങാൻ മനസ്സു വരില്ല. കാലിഫോർണിയയിലെ ഫെയർഫീൽഡിലാണ് ജെല്ലി ബെല്ലിയുടെ ആസ്ഥാനം. മുപ്പതു മിനിറ്റ് ടൂർ പാക്കേജാണ് ഫാക്ടറി അനുവദിച്ചിട്ടുള്ളത്.
ബെൻ കോഹൻ ആൻഡ് ജെറി ഗ്രീൻഫീൽഡ് കമ്പനിയുടെ ഐസ്ക്രീം പ്ലാന്റ് സന്ദർശകരെ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നു. ഐസ്ക്രീം സ്കൂപ്പ് നിർമാണത്തിൽ ലോകപ്രശസ്തരാണ് ബെൻ കോഹൻ ആൻഡ് ജെറി ഗ്രീൻഫീൽഡ്. അവരുടെ വാട്ടർബറി പ്ലാന്റിൽ ദിവസവും മുപ്പതു ലക്ഷം ഐസ്ക്രീം നിർമിക്കുന്നു.
ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമാക്കിയ പെസ് കാൻഡി അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ഫാക്ടറിയിൽ സന്ദർശനം അനുവദിച്ചിട്ടുണ്ട്. പുകവലിയിൽ നിന്നു രക്ഷതേടുന്നവർക്കുള്ളതാണ് പെസ് കാൻഡി. പുകവലിയുടെ അതേ ‘സുഖം’ കിട്ടുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. പെപ്പർമിന്റ് എന്ന് അർഥമുള്ള പെഫർമിൻസിൽ നിന്നാണ് പെസ് എന്ന പേരുണ്ടായത്. 1952 മുതൽ അമേരിക്കക്കാരുടെ രുചിലോകത്ത് പ്രശസ്തമാണ് പെസ് കാൻഡി.
സ്റ്റീവ് ബർണാർഡ് ചിപ്സാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്ന മറ്റൊരു ഫാക്ടറി. ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കുന്ന ചിപ്സാണ് അവരുടെ ഉൽപന്നം. മസാച്യുസെറ്റ്സിൽ 1980ൽ നിർമാണം ആരംഭിച്ച ചിപ്സ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഔട് ലെറ്റുകൾ തുറന്നു. സ്വാദിഷ്ടമായ ചിപ്സ് നിർമാണം കാണാൻ ഒട്ടേറെ വിദേശികൾ എത്താറുണ്ട്.
ലൂസിയാനയിലെ അവെറി ഐലൻഡിൽ നിർമിക്കുന്ന സോസ് അമേരിക്കക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്.അമേരിക്കക്കാരുടെ മറ്റു വിഭവങ്ങളിൽ നിന്നു വ്യത്യസ്തമായി മസാലക്കൂട്ടുകൾ ധാരാളം ഉപയോഗിക്കുന്ന വിഭവമാണു സോസ്. മെക്സിക്കൻ – ഇന്ത്യൻ ഒറിജിൻ എന്നാണ് അവിടെ സോസ് അറിയപ്പെടുന്നത്. മസാലകൾ ചേർത്തു സോസ് തിളപ്പിക്കുന്നതു നേരിൽ കാണാൻ ആളുകൾ ക്യൂ നിൽക്കുന്നു.
ഹവായ് ഫാക്ടറിയിൽ തേനും തേയിലയും വെളുത്തുള്ളിയും ചേർത്തു നിലക്കടല വിഭവങ്ങളുടെ പാചകം കാണാം. ബൗണ്ടി ബേക്കറി ടൂർ, പീനട്ട് ബട്ടർ ടൂർ തുടങ്ങിയവയാണ് അമേരിക്കയിലെ മറ്റു ഫൂഡ് ഫാക്ടറി ടൂറുകൾ.
അമേരിക്കയിലെ ഭക്ഷ്യ നിർമാതാക്കൾക്ക് അവരുടെ അടുക്കള മറ്റുള്ളവരെ കാണിക്കാൻ യാതൊരു പേടിയുമില്ല. വിഭവങ്ങളിൽ മായം ചേർക്കുന്നില്ലെന്നു വ്യക്തമാക്കാൻ അവർ ഈ അവസരം ഉപയോഗിക്കുന്നു. പരസ്യത്തിനു പകരം ആളുകളെ ക്ഷണിച്ച് വിശ്വാസ്യത നേടുന്നു. അമേരിക്കയിലെ ഫൂഡ് ബ്രാൻഡുകളെല്ലാം ഇങ്ങനെ ഗുണമേന്മ പ്രചരിപ്പിച്ചാണ് ജനപ്രീതി നേടിയത്.