Friday 20 December 2019 11:30 AM IST

‘ചങ്കല്ല, ചങ്കിടിപ്പാണ് ഇടുക്കിയിലെ ഉളുപ്പുണി’; ഓഫ് റോഡ് പോയവർ പറയുന്നു

Baiju Govind

Sub Editor Manorama Traveller

_ASP2852 ഫോട്ടോ: ബേസിൽ പൗലോ

കുത്തനെ ചാരിവച്ച പച്ചനിറമുള്ള ഗോവണിയാണ് ഉളുപ്പുണി. അരയ്ക്കൊപ്പം നിൽക്കുന്ന പച്ചപ്പുല്ലിനെ പിടിവള്ളിയാക്കി പിച്ചവച്ചു മലകയറുന്നവരെ കണ്ടപ്പോൾ പാതി ജീവൻ പോയി. ജീപ്പിന്റെ ചക്രം പതിഞ്ഞുണ്ടായ ചെമ്മൺ വരകളിൽ നിന്ന് ഒറ്റ തവണയേ താഴേയ്ക്കു നോക്കിയുള്ളൂ. സ്വയമറിയാതെ മനസ്സു മന്ത്രിച്ചു;  ചങ്കല്ല, ചങ്കിടിപ്പാണ് ഉളുപ്പുണി. ആ വഴിയിലൂടെ ജീപ്പ് പോയിരുന്ന കഥ കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത്. സാഹസിക യാത്രയ്ക്ക് ലാസ്റ്റ് ഡെസ്റ്റിനേഷൻ വിധിക്കുകയാണെങ്കിൽ ഉളുപ്പുണിയെ മറികടക്കാൻ വേറൊരു സ്ഥലം കേരളത്തിൽ ഇല്ല, ഉറപ്പ്. 

വാഗമൺ യാത്രയുടെ രണ്ടാം പോയിന്റായി രൂപാന്തരപ്പെട്ട മലയാണ് ഉളുപ്പുണി. ഒരാൾ പൊക്കത്തിൽ നിൽക്കുന്ന ലെമൺ ഗ്രാസിന്റെ പച്ച നിറത്തിൽ വെട്ടിത്തിളങ്ങുന്ന മലനിര.  മൊട്ടക്കുന്നിൽ പാരാഗ്ലൈഡിങ് ആരംഭിച്ച സമയത്ത് വാഗമണിൽ എത്തിയ സാഹസികരാണ് ഉളുപ്പുണിയിലേക്കു വഴി തെളിച്ചത്. ചെങ്കുത്തായി അര കിലോമീറ്ററോളം ബൈക്കോടിച്ച് ‘ഫ്രീക്ക്’ പയ്യന്മാർ മലമുകളിൽ ചീറിച്ചെന്നു ‘ചിന്നം വിളിച്ചു’. വാഗമൺ പട്ടണത്തിൽ ‘കമാന്റർ’ ജീപ്പോടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്ക് അതു കേട്ട് ഹാലിളകി. കുന്നിനു മുകളിലേക്ക് ജീപ്പോടിച്ചു കയറ്റി അവർ റെക്കോഡിട്ടു. പിൽക്കാലത്ത് ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രെക്കിങ്ങിന്റെ പരമ്പരകളുണ്ടായി. 

പക്ഷേ, ആഘോഷങ്ങൾക്കു ദീർഘായുസ്സു ലഭിച്ചില്ല. അമിതാവേശവുമായി വന്നവർ  മരണത്തെ വെല്ലുവിളിച്ചു തുടങ്ങിയതോടെ മലയുടെ മുകളിലേക്ക് ട്രെക്കിങ് നിരോധിച്ചു. ആഴ്ചയ്ക്ക് നാലു ട്രിപ്പ് കിട്ടിയിരുന്ന ജീപ്പ് ഡ്രൈവർമാർക്ക് ആ തീരുമാനം തിരിച്ചടിയായെങ്കിലും കാൽനട യാത്രികരായ സഞ്ചാരികൾ ഇപ്പോഴും ഉളുപ്പുണി സന്ദർശിച്ചു മടങ്ങുന്നു. 

വാഗമണിൽ നിന്നു പുള്ളിക്കാനം റൂട്ടിൽ ചോറ്റുപാറ ജംക്‌ഷനിൽ എത്തിയ ശേഷം വലത്തോട്ടുള്ള വഴി ചെന്നു ചേരുന്നത് ഉളുപ്പുണിയിലാണ്. അവിടെ നിന്നാൽ ഉളുപ്പുണി മലയിൽ ജീപ്പിന്റെ ടയറുകൾ പതിഞ്ഞ അടയാളം കാണാം. മലയുടെ മുകളറ്റം വരെ നീളുന്ന കുഴിയിലൂടെയാണ് ആളുകൾ മലയുടെ മുകളിലെത്തുന്നത്. ഉളപ്പുണിയുടെ നെറുകയിൽ എത്തിയാൽ ഇടുക്കിയുടെ സൗന്ദര്യത്തെ മൊത്തം ആവാഹിച്ചു നിൽക്കുന്ന ഹരിതഭംഗിയുടെ ദൃശ്യ ചാരുത ക്യാമറയിൽ പകർത്താം. തീപ്പെട്ടിക്കൂടിലെ ചിത്രത്തിന്റെ വലുപ്പത്തിൽ കുളമാവ് അണക്കെട്ടിന്റെ വിദൂരദൃശ്യം കാണാം. ഈ മലയുടെ മുകളിലാണ് ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ കുറേ രംഗങ്ങൾ ചിത്രീകരിച്ചത്. 

_ASP2733

മൊട്ടക്കുന്ന്, പൈൻ വാലി

വാഗമൺ യാത്രയെ വൺ ഡേ ട്രിപ്പാക്കുമ്പോൾ പോകാനുള്ള സ്ഥലങ്ങൾ തരംതിരിച്ച് സമയം ക്രമീകരിക്കണം. കോട മാഞ്ഞതിനു ശേഷവും മഞ്ഞു മൂടുന്നതിനു മുൻപും വ്യൂ പോയിന്റുകളിലെത്തണം. രാവിലെ ഏഴരയ്ക്ക് വാഗമൺ ബസ് േസ്റ്റാപ്പിൽ നിന്നു പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് തിരിച്ചെത്തുംവിധം തയാറാക്കിയ ജീപ്പ് സഫാരിയിൽ ആദ്യം പൈൻമരക്കാട്. പാലൊഴുകുംപാറ, മൊട്ടക്കുന്ന്, പൈൻവാലി, സുയിസൈഡ് പോയിന്റ്, തങ്ങൾപാറ, മുണ്ടക്കയം വ്യൂ പോയിന്റ്, കുരിശുമല, മുരുകൻമല, സന്യാസിമാരുടെ ആശ്രമം, ഉളുപ്പുണി – സമ്പൂർണ ലിസ്റ്റ്. 

വാഗമൺ എന്നു കേൾക്കുമ്പോൾ ആദ്യം തെളിയുന്ന ചിത്രം മൊട്ടക്കുന്നാണ്. മുപ്പതു വർത്തിലേറെയായി മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷൻ. ഗാനരംഗങ്ങളിലാണ് മൊട്ടക്കുന്ന് അധികവും ദൃശ്യവത്കരിക്കപ്പെട്ടത്. പച്ചില കുഴച്ചു മണ്ണപ്പം ചുട്ടുവച്ചതുപോലെ നിരന്നു കിടക്കുന്ന മൊട്ടക്കുന്നുകൾക്കു നടുവിലെ തടാകവും ബോട്ടിങും സഞ്ചാരികളെ ആകർഷിച്ചു. ചെരിഞ്ഞ കുന്നിൽ നിന്നു രണ്ടാം താഴ്‌വരയിലേക്കു പുതിയ നടപ്പാത നിർമിച്ചതു മാത്രമാണ് മൊട്ടക്കുന്നുകളുടെ ട്രഡീഷണൽ റൂട്ടിൽ വന്നിട്ടുള്ള ഒരേയൊരു മാറ്റം. 

വെള്ളപ്പൊക്കം വാഗമണിനെ ഒറ്റപ്പെടുത്തിയെന്നല്ലാതെ റോഡുകൾക്കും ജനജീവിതത്തിനും പരിക്കേൽപ്പിച്ചില്ല. ‘‘ഇവിടുത്തെ കടകളിൽ കെട്ടിക്കിടന്ന സാധനം മുഴുവൻ ഒരാഴ്ചകൊണ്ടു വിറ്റു തീർന്നു.’’ വെള്ളപ്പൊക്ക സമയത്തുള്ള വാഗമണിന്റെ ചിത്രം ജീപ്പ് ഡ്രൈവർ രതീഷ് ഒറ്റ വാചകത്തിൽ വിശദമാക്കി. ഓഫ് റോഡ് ട്രെക്കിങ്ങിന്റെ സുവർണ കാലത്ത് ഉളുപ്പുണിയിൽ സാഹസങ്ങളുടെ പരമ്പര സൃഷ്ടിച്ചുള്ളയാളാണ് രതീഷ്. ഇപ്പോൾ വാഗമണിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ജീപ്പ് സഫാരി നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. 

uluppuni8865

മൊട്ടക്കുന്നും പൈൻമരക്കാടും ഒരേ റൂട്ടിലായതുകൊണ്ട് പൈൻമരക്കാടിനെ രതീഷ് രണ്ടാമത്തെ ഡെസ്റ്റിനേഷനാക്കി. കോട മാറി വെയിൽ പൊങ്ങുന്ന പ്രഭാതത്തിൽ പൈൻ മരങ്ങൾ നിഴൽ വീഴ്ത്തുന്നതു ത്രിഡി ഇമേജിലാണ്. കട്ടപ്പനയുടെ അതിർത്തിയിലുള്ള മലനിരയുടെ നെറുകയിൽ നിന്ന് ഊറിയൊലിച്ചിറങ്ങുന്ന അരുവിയുടെ താളവും പക്ഷികളുടെ പാട്ടും പൈൻമരക്കാടിന്റെ ഭംഗി വർധിപ്പിക്കുന്നു. പൊഴിഞ്ഞു വീണ ഇലകളുടെ ചതുപ്പിൽ കാലുകൾ പൂഴ്ത്തി നടക്കുമ്പോൾ ദേവദൂതനിലെ രംഗങ്ങളും താളവട്ടത്തിലെ പാട്ടു സീനും കൊടൈക്കനാലിലെ പൈൻമരത്തോട്ടവുമൊക്കെ ഓർത്തു. വാഗമണിലെ പൈൻമരക്കാടിനുള്ളിൽ നിന്നുള്ള ഓരോ ഫ്രെയിമുകൾക്കും തമിഴ്നാട്ടിലെ പ്രശസ്തമായ പൈൻമരക്കാടുകളെ തോൽപ്പിക്കുന്ന ഭംഗിയുണ്ട്. പ്രവേശനത്തിനും പാർക്കിങ്ങിനും ടിക്കറ്റ് ഏർപ്പെടുത്തിയത് എതിർപ്പുണ്ടാക്കിയെങ്കിലും നടപടികൾ മുറപോലെ തുടരുന്നു. 

പൈൻമരക്കാടിൽ നിന്ന് ഏലപ്പാറ റോഡിലേക്ക് അൽപ്പദൂരം നീങ്ങിയാൽ പാലൊഴുകുംപാറ വെള്ളച്ചാട്ടം വ്യൂപോയിന്റിലെത്താം. റോഡിന്റെ അരികിൽ അരുവിയുടെ മറുകരയിൽ തൂവെള്ള നിറത്തിൽ പരന്നൊഴുകുന്ന പാലൊഴുകും പാറ വാഗമണിലെ പ്രധാന കാഴ്ചയാണ്. മൂന്നാറിലേക്കു പോകും വഴിയുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തിനും കുട്ടിക്കാനം റൂട്ടിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനും പാലൊഴുകുംപാറയുടെ പകുതി നീളമേയുള്ളൂ; ഇത്രയും വീതിയുമില്ല. 

പൈൻമരക്കാടിന്റെ ക്രമീകൃതമായ രൂപം ദൃശ്യമാകുന്നതു പൈൻവാലിയാണ്. മൊട്ടക്കുന്നിൽ നിന്ന് ഏലപ്പാറ റൂട്ടിൽ പശുഫാമിന്റെ സമീപത്താണ് പൈൻവാലി. കളിപ്പാട്ടം കച്ചവടക്കാരും ഹോട്ടലുകളും ഈ പ്രദേശത്തെയൊരു ചെറിയ ജംക്‌ഷനാക്കി മാറ്റി. പൈൻമരങ്ങളുടെ നടുവിൽ കരിങ്കല്ലു പാകിയ റോഡ് സിനിമാറ്റിക് വിഷ്വലാണ്. കണ്ടു മറന്ന വഴികളുടെ തനിയാവർത്തനം പോലെ തോന്നിയാൽ അദ്ഭുതപ്പെടാനില്ല. ഈ സ്ഥലം ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക് സിനിമകൾക്കു പശ്ചാത്തലമായിട്ടുണ്ട്. 

_ASP2639

ആത്മഹത്യാ മുനമ്പ്

ഈരാറ്റുപേട്ടയിൽ നിന്ന് ഇരുപത്താറു കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന വാഗമൺ അക്ഷരാർഥത്തിൽ ഇടുക്കിയുടെ അലങ്കാരമാണ്. നാഷണൽ ജോഗ്രഫിക്  രാജ്യാന്തര ടൂറിസം ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഇടം നേടിയ പത്തു സ്ഥലങ്ങളിലൊന്നാണ് വാഗമൺ. തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, തടാകം, വെള്ളച്ചാട്ടം, പൈൻമരക്കാട്, അരുവികൾ തുടങ്ങി പ്രകൃതിയുടെ ആഭരണങ്ങളെല്ലാം വാഗമണിന്റെ പ്രകൃതി അണിഞ്ഞിട്ടുണ്ട്. തീക്കോയിയാണ് വാഗമണിന്റെ അടിവാരം. വാഗമൺ എത്തുന്നതുവരെ വളഞ്ഞു പുളഞ്ഞ റോഡും വ്യൂ പോയിന്റുകളും യാത്ര രസകരമാക്കുന്നു. 

വാഗമണിന്റെ വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളിൽ ഏറ്റവും പുതിയതാണ് ആത്മഹത്യാ മുനമ്പ് (സുയിസൈഡ് പോയിന്റ്). അലങ്കാര ശിലകൾ പതിച്ച് റോഡ് നിർമാണം പൂർത്തിയായി. ആംഫി തിയെറ്ററും വ്യൂ പോയിന്റും വാച്ച്ടവറുമെല്ലാം നിർമിക്കുന്നുണ്ട്. കൈവരി കെട്ടി തറയോടു പതിച്ച നടപ്പാതയിൽ നിന്നാൽ മലനിലകളും അഗാധമായ താഴ്‌വരയും കണ്ടാസ്വദിക്കാം. വരുംകാലത്ത് വാഗമണിലെ പ്രധാന േസ്റ്റാപ്പിങ് പോയിന്റായി മാറാൻ പോകുന്ന ആത്മഹത്യ മുനമ്പിൽ വൻ പദ്ധതിയാണ് നടപ്പാക്കുന്നത്. 

ഓരോ സ്ഥലത്തും എത്ര നേരം ചെലവഴിക്കണം എന്നതു സംബന്ധിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ ഉച്ചഭക്ഷണം വൈകും. ഭക്ഷണക്കാര്യത്തിൽ വ്യാകുലതയില്ലാതെ യാത്ര തുടരാൻ കഴിയുന്നവർക്ക് തങ്ങൾപാറയിലേക്കു നീങ്ങാം. വാഗമൺ യാത്രയിൽ  കാഠിന്യമുള്ള മൂന്നു മല കയറ്റങ്ങളിൽ ആദ്യത്തേതാണു തങ്ങൾ പാറ. ഏകദേശം ഒന്നര കിലോമീറ്റർ നീണ്ടു കിടക്കുന്ന മലയാണ് സൂഫി വര്യൻ ധ്യാനമിരുന്ന സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന തങ്ങൾപാറ. മലയുടെ പടിഞ്ഞാറേ ചെരിവിലെത്തിയാൽ ഫുട്ബോളിന്റെ ആകൃതിയിലൊരു പാറ കാണാം. ഉരുണ്ടു താഴേയ്ക്കു വീഴുമെന്ന മട്ടിൽ നിൽക്കുന്ന ഗോളാകൃതിയുള്ള ശിലയും അതിനു സമീപത്തുള്ള ധ്യാന സ്ഥലവുമാണ് തങ്ങൾപാറയിലെ കാഴ്ചകൾ. 

തങ്ങൾ പാറയുടെ അടിവാരത്തുകൂടി പോകുന്ന റോഡ് കുരിശുമലയിലാണ് എത്തിച്ചേരുന്നത്. ഈ പാതയോരത്തു നിന്നാൽ മുണ്ടക്കയം പട്ടണവും ഗ്രാമങ്ങളും കാണാം. സഞ്ചാരികൾ വിശ്രമ സ്ഥലമാക്കിയതോടെ ഇവിടം മുണ്ടക്കയം വ്യൂപോയിന്റ് എന്ന പേരിൽ അറിയപ്പെട്ടു. 

uluppuni221

മലകളുടെ ഇടയിൽ അവസാനിക്കുന്ന റോഡാണ് കുരിശുമലയുടെ അടിവാരം. കുരിശുമലയിലെത്തുന്നവരെ പ്രതീക്ഷിച്ച് തുറന്നു പ്രവർത്തിക്കുന്ന കോഫി ഷോപ്പും ഒന്നു രണ്ടു ഫാൻസി ഷോപ്പുകളുമാണ് അടിവാരത്ത് ജനസാന്നിധ്യം ഉറപ്പാക്കുന്നത്. കുരിശുമലയുടെ നെറുകയിലുള്ള ആശ്രമത്തിലെത്താൻ ‘കുരിശിന്റെ വഴി’ സൂചിപ്പിക്കുന്ന പതിനാലു സ്ഥലങ്ങൾ താണ്ടണം. പുതുഞായറാഴ്ചയും നാൽപ്പതാം വെള്ളിയാഴ്ചയും ഈ പാതയിൽ ജനം നിറയും. പെസഹാ രാത്രിയിലും ദുഖവെള്ളിയാഴ്ചകളിലും പീഡാനുഭവം സങ്കൽപ്പിച്ച് ആളുകൾ കുരിശുമല കയറുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുരിശുമല ‘നാടുനോക്കൻമല’ എന്ന പേരിലും അറിയപ്പെടുന്നു. മുരുകൻമല ഉൾപ്പെടെ വാഗമൺ മൊത്തമായും കാണാൻ പറ്റുന്ന ഇടം എന്ന അർഥത്തിലാണത്രെ ഈ പേരു കിട്ടിയത്. 

കുരിശുമലയുടെ എതിർവശത്ത് പുൽമേടിനു നടുവിലുള്ള പ്രാർഥനാ സമൂഹവും അവരുടെ ആശ്രമവും പശുക്കളെ വളർത്തുന്ന ഫാമും വാഗമൺ യാത്രയിൽ ഒഴിവാക്കാനാവാത്ത സ്ഥലമാണ്. രാവിലെ കൂട്ടത്തോടെ മേയാനിറങ്ങുന്ന പശുക്കളും നിശബ്ദമായ ആശ്രമത്തിന്റെ മുറ്റവും പുൽമേടയും മനസ്സിനു കുളിരു പടർത്തുന്ന അന്തരീക്ഷമൊരുക്കുന്നു. 

ഒരു പകൽ നീളുന്ന വിശ്രമമില്ലാത്ത വാഗമൺ യാത്രയുടെ ചിത്രം കുരിശുമലയിൽ സമാപിക്കുന്നു. പത്തു സ്ഥലങ്ങളെ അഞ്ചെണ്ണം വീതമാക്കി രണ്ടു ദിവസത്തെ ട്രിപ്പാക്കി മാറ്റിയാൽ വാഗമണിന്റെ കുളിരുള്ള രാത്രിയെ പുൽകിയുറങ്ങാം. മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ രാവുകളാണ് വാഗമൺ സന്ദർശനത്തിന് ഏറ്റവും അനുയോജ്യം...

Tags:
  • Manorama Traveller
  • Kerala Travel