Tuesday 03 March 2020 03:37 PM IST

ചിക്കൻ ചിന്താമണിയും മുരിങ്ങ ഇറച്ചിയും ഒപ്പം 56 ഇനം കടൽ വിഭവങ്ങളും; ഇടിവെട്ട് സ്വാദുമായി ‘വെള്ളകാന്താരി’

Akhila Sreedhar

Sub Editor

vellakanthari11
Photo: Sarun Mathew

കുരുമുളകു ചേർന്ന മസാല പുരട്ടി നല്ല നാടൻ വെളിച്ചെണ്ണയിൽ സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുത്ത ഞണ്ട് റോസ്റ്റാണ് മുന്നിൽ! ചുറ്റിക വച്ച് അടിച്ചാലും പൊട്ടാത്ത ഞണ്ടിന്റെ തോടിനോട് യുദ്ധം ചെയ്ത് അതിനുള്ളിലെ ഇച്ചിരി മാംസം രുചിച്ചറിയുന്നത് ഒരു നിമിഷം ഓർത്തു. അയ്യോ! ആയുസ്സെത്താതെ ഇളകിയാടേണ്ടി വരുന്ന കാര്യം തിരിച്ചറിഞ്ഞ പോലെ പല്ല്, പല്ലിനുവേണ്ടി ആദ്യമായൊന്ന് ഞെരിച്ചു. തോട് മാറ്റിയ ഞണ്ടിന്റെ ഇറച്ചിയിൽ ഉണ്ടാക്കിയെടുക്കുന്ന രുചി വേറെയെവിടെ കിട്ടുന്നമെന്ന അന്വേഷണം ചെന്നെത്തിയത് വെള്ളകാന്താരി റസ്റ്ററന്റിന്റെ മുന്നിലാണ്. എറണാകുളം – മുളവുകാട് റൂട്ടിൽ പൊന്നാരിമംഗലം ടോൾ കഴിഞ്ഞ ഉടനെ വെള്ളകാന്താരിയുടെ ബോർഡ് കാണാം. പേരു പോലെ വിവിധരുചികൾ സംഗമിക്കുന്ന ഇടം. കടൽ/കായൽ വിഭവങ്ങൾ വച്ച് മാത്രം 56 ഇനം വ്യത്യസ്ത രുചികൾ ഇവിടെ കിട്ടും. കൂടാതെ ചിക്കൻ ചിന്താമണി, താറാവ് മപ്പാസ്, ഇടിയിറച്ചി... പോലുള്ള മറ്റ് സ്വാദുകളും.

_BCD3707

കഞ്ഞിക്കടയിൽ നിന്ന് വെള്ളകാന്താരിയിലേക്ക്

56 ഇനം വിഭവങ്ങൾ നിരത്തി വച്ചതിനു നടുവിൽ ഓർഡറനുസരിച്ച് ഭക്ഷണം വിളമ്പി നൽകുന്ന തിരക്കിലാണ് ജോണും ഭാര്യ നിപ്സിയും. ആറു വർഷമായി വെള്ളകാന്താരിയിൽ രുചി വിളമ്പാൻ ഇവരുണ്ട്.

‘വീടിനോട് ചേർന്ന് ചെറിയൊരു കഞ്ഞിക്കട ആയാണ് വെള്ളക്കാന്താരിയുടെ തുടക്കം. കഞ്ഞിയ്ക്ക് സ്പെഷൽ ആയി കക്കായിറച്ചി കൊണ്ടുണ്ടാക്കുന്ന തോരനും മത്തി വറുത്തതുമായിരുന്നു. ആ രണ്ട് സ്പെഷൽ വിഭവങ്ങൾ മാത്രം തേടി ആളുകളെത്തി തുടങ്ങിയതോടെ രുചികളുടെ എണ്ണം കൂട്ടി. ഇപ്പോൾ 400 ൽ അധികമാളുകൾ ഒരു ദിവസം ഇവിടെ ഉച്ചയൂണ് കഴിക്കാൻ മാത്രം വരാറുണ്ട്’. ജോൺ പറയുന്നു

_BCD3719

ചോറും തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്ന സാമ്പാറും രണ്ടു തരം തോരനും അച്ചാറും പപ്പടവുമാണ് ഊണ്. ഇതിനോടൊപ്പം ഇഷ്ടമുള്ള സ്പെഷൽ വിഭവങ്ങൾ തിരെഞ്ഞെടുക്കാം. മീൻമുട്ട ഫ്രൈ, ഞണ്ട് മീറ്റ് തോരൻ, കൂന്തൽ ഫ്രൈ, മുരിങ്ങ ഇറച്ചി, കക്ക ഫ്രൈ, കല്ലുമ്മക്കായ ഫ്രൈ, ചെമ്മീൻ ഫ്രൈ, ചെമ്മീൻ കിഴി, ആവോലി, കരിമീൻ, ചെമ്പല്ലി തുടങ്ങി ഏഴിനം മീനുകൾ പൊള്ളിച്ചത്, പൊടിമീൻ മുതൽ നെയ്മീൻ വരെ വറുത്തത്, മീൻ പീര, താറാവ് മപ്പാസ്, ഇടിയിറച്ചി, ഞണ്ട് റോസ്റ്റ്, കുടംപുളിയിട്ട് വറ്റിച്ചെടുത്ത തലക്കറി, ബീഫ് ചാപ്സ്, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ചിക്കൻ ചിന്താമണി തുടങ്ങിയവയാണ് സ്പെഷൽ വിഭവങ്ങളിൽ ചിലത്.

Food-Vellakathari

ചിക്കൻ ചിന്താമണിയും മുരിങ്ങ ഇറച്ചിയും

വെളിച്ചെണ്ണയിൽ വഴച്ചിയെടുക്കുന്ന ചെറിയ ഉള്ളിയുടെ കൂടെ ചില മസാല പ്രയോഗം നടത്തി ചിക്കൻ വേവിച്ചെടുക്കുന്നതാണ് വെള്ളക്കാന്താരിയിലെ ചിക്കൻ ചിന്താമണിയുെട ടേസ്റ്റ് സീക്രട്ട്. കക്കയുടെയും കല്ലുമ്മക്കായുടെയും വിഭാഗത്തിൽ വരുന്ന മുരിങ്ങ ഇറച്ചി മസാലചേർത്ത് ഫ്രൈ ചെയ്തത് ഒരിക്കൽ കഴിച്ചാൽ പിന്നെ ഒാർഡർ ഒരു പ്ലേറ്റിൽ ഒതുങ്ങില്ല. കണ്ടാൽ തോരൻ പോലെ തോന്നുന്ന ഞണ്ട് ഇറച്ചി, റെഡി ടു ഈറ്റ് വിഭാഗമാണ്. അതായത്, തോട് കടിച്ച് പൊട്ടിച്ച് പല്ലുകളയേണ്ട. ശ്ശൊ, ഞണ്ട് വിഭവങ്ങൾ അങ്ങനെ കറുമുറെ തിന്നാലെ സെറ്റാകൂ എന്ന് തോന്നുന്നവർക്ക് ഞണ്ട് റോസ്റ്റ് തിരഞ്ഞെടുക്കാം.

_BCD3686

മീൻമുട്ട വച്ചുണ്ടാക്കുന്ന തോരനാണ് മറ്റൊരു സ്പെഷൽ െഎറ്റം. എരിവ് കുറച്ച് സോഫ്റ്റായിരിക്കുന്ന മീൻ മുട്ടത്തോരൻ മീൻ വിഭവങ്ങളുടെ ആരാധകർക്ക് പെട്ടെന്ന് ഇഷ്ടപ്പെടും.

കിഴി കെട്ടി വച്ച ചെമ്മീൻ, ഇല പതിയെ അഴിച്ചു. ഉപ്പും എരിവും പാകത്തിന് ചേർന്ന കിടിലൻ വിഭവം. സവാളയും തക്കാളിയും പച്ചമുളകും മസാലക്കൂട്ടുകളും വഴറ്റി മീനിൽ ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് പൊളിച്ചെടുത്തതിന് ആവശ്യക്കാർ ഏറെയുണ്ട്. കരിമീൻ മാത്രമല്ല, ആവോലി, ചെമ്പല്ലി, തുടങ്ങി ഏത് മീനാണോ ലഭ്യമാകുന്നത് അതിനനുസരിച്ച് ഓരോ ദിവസവും മീൻ പൊള്ളിച്ചെടുക്കുന്നതിന് മാറ്റം വരും.

_BCD3686-2

തലക്കനമുള്ള തലക്കറി

മീൻകറി ഇഷ്ടപ്പെടുന്നവരെയും വെള്ളക്കാന്താരി നിരാശപ്പെടുത്തില്ല. തേങ്ങ അരച്ച് ചേർത്ത മീൻ കറിയും കുടംപുളിയിട്ട് വറ്റിച്ചെടുത്ത മീൻകറിയും മീൻ മുളകിട്ട് തിളപ്പിച്ചതും തുടങ്ങി വിവിധ തരം മീൻ കറികളുണ്ടിവിടെ. അതിലെ പ്രധാനി തലക്കറി തന്നെ. ഷാപ്പുകളിൽ കറി വയ്ക്കുന്ന അതേ രീതിയിലാണ് തലക്കറി ഉണ്ടാക്കുന്നത്. വലിയൊരു ചെമ്പല്ലിത്തല പാതിയോളം മുങ്ങിക്കിടക്കുന്ന കറി ഉടനെ മേശപ്പുറത്തെത്തി. കുടംപുളിയും എരിവും ഉപ്പും പാകം ചേർന്ന തലക്കറി മാത്രം മതി ചോറ് കഴിക്കുന്നതിന്റെ അളവ് കൂടാൻ.

Tags:
  • Food and Travel
  • Manorama Traveller