Saturday 15 September 2018 04:33 PM IST

ആനവണ്ടിയിൽ കാടുകാണാൻ പോയിട്ടുണ്ടോ?; ചിന്നാറിലെ തൂവാനക്കുളിരേറ്റ് കാട്ടാന കാവൽ നിൽക്കും ആനമലയിലേക്ക്

Nithin Joseph

Sub Editor

ana ഫോട്ടോ: ബേസിൽ പൗലോ

ആനവണ്ടിയിൽ കാടു കാണാൻ പോയിട്ടുണ്ടോ എന്നു ചോദിച്ചാൽ എന്താകും മറുപടി? ‘അതെന്താണപ്പാ ആനവണ്ടിക്കിത്ര പ്രത്യേകത, വണ്ടിയേതായാലും യാത്ര ഒന്നല്ലേ’ എന്നാരും ചോദിക്കില്ല. അതിനൊരു കാരണമുണ്ട്. മലയാളിയുടെ മനസ്സിലെ നൊസ്‌റ്റാൾജിയയുടെ ഓരോ അധ്യായങ്ങളിലൂടെയും ഒരു വണ്ടി നിർത്താതെ ഓടുന്നുണ്ടാകും. ചെമ്മണ്ണു പാറുന്ന നാട്ടുവഴികളെ പിന്നിലാക്കി, കാട്ടുചോലയുടെ വന്യതയിലേക്ക് ചക്രങ്ങൾ കറക്കി കുതിക്കുന്നൊരു ആനവണ്ടി.

പെരുമഴയത്തും താഴ്ത്താൻ മറന്നുപോയ ഷട്ടറിനരികിൽ തല ചായ്ച്ച്, കാടിന്റെ, കാറ്റിന്റെ, കാട്ടരുവിയുടെ, മഴത്തുള്ളിയുടെ, കിളികളുടെ, ചീവീടിന്റെ, ഓരോ മർമരത്തിനും കാതോർത്തുള്ള ആ യാത്ര. ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന പച്ചപ്പിനിടയിൽ തലയുയർത്തി നി ൽക്കുന്ന കാട്ടുകൊമ്പൻ പോലും സലാം പറയുന്ന ആനവണ്ടിയിൽ, ഹൈറേഞ്ചിന്റെ കാട്ടുവഴികളിലൂടൊരു ആനസവാരി നടത്തിയാലോ?

മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തുമ്പോൾ മഴ തകർത്തു പെയ്യുന്നു. ഒപ്പം കൂട്ടുകാരിയായ മൂടൽമഞ്ഞുമുണ്ട്. കൊടുംതണുപ്പിനോട് യാതൊരു തരത്തിലുള്ള പ്രതിപക്ഷ ബഹുമാനവും കാണിക്കാതെയാണ് ഡ്രൈവർ ബാബുരാജ് വണ്ടിയെടുത്തത്. ആൾക്കൊരു ഷേക്ക്ഹാൻഡ് കൊടുത്ത് ആദ്യമേ പരിചയപ്പെട്ടു. ‘നാടു കാണാൻ വന്നതാണല്ലേ, നാടും കാടും കണ്ട് ഹാപ്പിയായിട്ട് തിരിച്ചുപോകാമെന്നേ.’ ഫുൾസപ്പോർട്ട് വാഗ്ദാനം ചെയ്തു ചേട്ടൻ. വാച്ചിലെ സമയമനുസരിച്ച് വണ്ടി പുറപ്പെടാൻ ഇനിയും പത്തു മിനിറ്റ് ബാക്കി. ടൗണിനു വെളിയിലുള്ള ഡിപ്പോയിൽ നിന്ന് കയറാൻ അധികമാളുകൾ ഉണ്ടാകില്ല. അതുകൊണ്ട് അടുത്ത പത്തു മിനിറ്റ് വണ്ടി നിർത്തിയിടുന്നത് ടൗണിലാണ്.

തണുപ്പ് എല്ലിനെയും പല്ലിനെയും കിടുകിടാ വിറപ്പിച്ചെങ്കിലും അപ്പോൾ അത് ആസ്വദിക്കാനാണ് തോന്നിയത്. ഏറ്റവും മുന്നിൽ കണ്ടക്ടറുടെ സീറ്റ് കടം വാങ്ങി അതിൽ സ്ഥാനം പിടിച്ചു. മൂന്നാർ മുതൽ ഉദുമൽപേട്ട വരെ മൂന്നര മണിക്കൂർ യാത്രയ്ക്ക് ടിക്കറ്റ് ചാർജ് 89 രൂപ. സന്തോഷത്തോടെ ഇരിപ്പിടം വിട്ടുതന്ന കണ്ടക്ർ ജ യിംസ് ചേട്ടന് നന്ദി. സ്റ്റിയറിങ്‌വീലിൽ താളമിട്ടുകൊണ്ട് ബാബുരാജ് ചേട്ടൻ മൂന്നാറിനെപ്പറ്റി ഒരു വിവരണമങ്ങ് കാച്ചി. ടി ക്കറ്റ് കൊടുക്കുന്നതിനിടയിൽ ജെയിംസ് ചേട്ടനും മുന്നോട്ടെത്തും, കണക്‌ഷൻ വിട്ടുപോകുന്നിടത്തു നിന്ന് കഥ തുടരാൻ.

പതിനൊന്നു വർഷമായിട്ട് കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറാണ് ബാബുരാജ്. ഇതിനു മുൻപ് കട്ടപ്പന ഡിപ്പോയിലായിരുന്നു. ഈ മാസമാണ് മൂന്നാറിലേക്കു വന്നത്. ‘ഇങ്ങോട്ടു മാറ്റം ചോദിച്ചു മേടിച്ചതാണ്. ഹൈറേഞ്ചു വിട്ട് വേറെ എങ്ങോട്ടും പോകാൻ താൽപര്യമില്ല. ഇവിടുത്തെ പച്ചപ്പു കണ്ട് ശുദ്ധവായു ശ്വസിച്ച് വണ്ടിയോടിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെ.’ മഴയെ അവഗണിച്ച് വണ്ടിയുടെ ഷട്ടർ തുറന്നാൽ ക ണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലത്തോട്ടമാണ്. മൂന്നാറിന് രണ്ടു നിറങ്ങളാണെന്ന് ഇവിടം സന്ദർശിക്കാൻ വ രുന്ന ഓരോരുത്തരും പറയും. കുന്നിൻചെരിവുകളുടെ പച്ച പ്പും മഞ്ഞിന്റെ വെളുപ്പും.

PicsArt_09-07-11.51.03

കണ്ണൻദേവൻ മലനിരകൾക്കിടയിലൂടെ ബസ് കയറ്റം ക യറി പോകുമ്പോൾ റോഡരികിലെ പുൽമൈതാനം ചൂണ്ടിക്കാട്ടി ജെയിംസ് ചേട്ടൻ പറഞ്ഞു. ‘ദേ, ഇതു കണ്ടോ, അങ്ങ് ഓസ്കർ അവാർഡ് വരെയെത്തിയ ലൊക്കേഷനാണിത്. ‘ലൈഫ് ഓഫ് പൈ’ സിനിമയുടെ കുറെ ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്.’ ഹോളിവുഡ് ലൊക്കേഷനിലൂടെ മഴയെ ഗൗനിക്കാതെ മേഞ്ഞുനടക്കുന്ന പശുക്കളായിരുന്നു അപ്പോൾ ആ പുൽമേട്ടിലെ താരങ്ങൾ..

കാറ്റത്ത് പാറിയ ദാവണിത്തുമ്പ് പോലെ കവിളിൽ തോടുന്ന തണുപ്പ്. മേലാകെ നനയ്ക്കുന്നുണ്ട് മഴ. എന്നിട്ടും ഷട്ടർ താഴ്ത്താൻ തോന്നിയില്ല. നീയും കൂടെ പോരൂ, നമുക്കൊരുമിച്ച് നാടും കാടും കാണാമെന്ന് പറഞ്ഞത് കേട്ടിട്ടെന്നവണ്ണം മഴ മുട്ടിയുരുമ്മി നിന്നു.

ബസ് ഇരവികുളം നാഷനൽ പാർക്കിന് മുന്നിലെത്തി. വണ്ടിയിൽനിന്ന് താഴെയിറങ്ങുന്ന ഓരോരുത്തർക്കും പകരക്കാർ കയറുന്നുണ്ടെന്ന് തോന്നുന്നു. ആളുകളുടെ എണ്ണം കൂടുന്നതോ കുറയുന്നതോ ആയി തോന്നുന്നില്ല. കൈയിലെ ക്യാമറ കണ്ടിട്ടാകാം, അശോകേട്ടൻ സംശയത്തോടെ ചോദ്യമെറിഞ്ഞത്. ‘നിങ്ങൾ സിനിമാക്കാരാണോ, സിനിമയ്ക്കു ലൊക്കേഷൻ നോക്കാൻ വന്നതാണോ.’ മറയൂർക്ക് പോകാൻ ടിക്കറ്റെടുത്തിരിക്കുകയാണ് കക്ഷി. നാട് കാണാൻ ഇറങ്ങിയതാണെന്നു അറിഞ്ഞപ്പോൾ ചേട്ടൻ വിവരങ്ങളുടെ റിസർവോയർ തുറന്നു.

‘മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് 86 കിലോമീറ്റർ ദൂര മുണ്ട്. ഇതുവഴിയുള്ള യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത, നാലു വ്യത്യസ്ത തരത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെയാണ് വണ്ടി പോകുന്നത്. അത് ഓരോന്നും നിങ്ങള് കണ്ടു മനസ്സിലാക്ക്. പറഞ്ഞാലതിന്റെ രസം പോകും.’

പച്ച വിരിച്ച് തേയിലത്തോട്ടങ്ങൾ

ആദ്യത്തെ 35 കിലോമീറ്ററോളം ദൂരം റോഡിന്റെ ഇരുവശവും തേയിലത്തോട്ടങ്ങളാണ്. കുന്നിൻചെരിവുകളിൽ ജഗരാന്തയും വാകയും അതിരുപാകിയ വഴികളിലൂടെയാണ് ബസ് പോകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിന്റെ മണ്ണിലെത്തിയതാണ് ജഗരാന്ത മരങ്ങൾ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇലകളെ മറച്ച് നീലനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച സഞ്ചാരികളുടെ മനം മയക്കും.

_ASP0098-02

മഴക്കാലമായതോടെ, പൂക്കളെല്ലാം കൊഴിഞ്ഞ് പച്ചിലച്ചാ ർത്തിലൂ‍ടെ നീർത്തുള്ളിയിറ്റിച്ച് തലയാട്ടി നിൽക്കുകയാണ് മരങ്ങളെല്ലാം. പ്ലാസ്‌റ്റിക് ഷീറ്റുകൾകൊണ്ട് തലയും ഉടലും മൂടി നിന്ന് തേയില നുള്ളി, കൂടകൾ നിറയ്ക്കുന്ന പെമ്പിളമാർ. നുള്ളിയെടുത്ത തളിരിലകൾ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്ന മഞ്ഞ വണ്ടികൾ മൂന്നാറിന്റെ സ്വന്തം ദൃശ്യം.

രാജകീയപ്രൗഢിയോടെ കുന്ന് കയറി വണ്ടി മുകളിലെത്തിയതും പുതിയൊരു വിശേഷം പറഞ്ഞു തരാൻ ബ്രേക്കി ൽ ചെറുതായി കാലമർത്തി, ബാബുരാജ് ചേട്ടൻ. ‘മുകളിൽ കാണുന്ന വലിയ മലയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി. ഇത്രയും നേരം വണ്ടി മല കയറുകയായിരുന്നു. ഇനി മലയിറക്കമാണ്. ഈ സ്ഥലം പ്രത്യേകം ഓർമയിൽ വച്ചോളൂ. ആനമുടിയിൽനിന്നാണ് പാമ്പാർ ഉദ്ഭവിക്കുന്നത്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നാണ് പാമ്പാർ. ഇവിടെനിന്ന് ചിന്നാറിലൂടെ തമിഴ്നാട്ടിലെ അമരാവതി ഡാമിലേക്ക് പാമ്പാർ എത്തും.

ആനമുടിയുടെ താഴ്‌വരയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെനിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും നദികൾ ഒ ഴുകുന്നുണ്ട്. അതുകൊണ്ട് ആനമുടിയിൽനിന്നുള്ള വെള്ളം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിലും കിഴക്കോട്ടൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിലും എത്തും.’

പെട്ടെന്നൊരു നിമിഷം വണ്ടിക്കകം ജോഗ്രഫി ക്ലാസ്സായി മാറിയതുപോലെ തോന്നി. ആനമുടിയിൽനിന്ന് തെളിനീർ താഴേക്ക് പതിക്കുന്നതുപോലെ ബസ് വേഗത്തിൽ മലയിറങ്ങി. അങ്ങ് ദൂരെ തേയിലത്തോട്ടങ്ങൾക്കു നടുവിലായി വാഗവരെയ് എസ്‌റ്റേറ്റും ഫാക്ടറിയും കാണാം. വാഗവരെയ് എന്ന പേ രു പെട്ടെന്ന് അശോകൻ ചേട്ടൻ പറഞ്ഞപ്പോൾ പുറകിൽ നിന്ന് തമിഴിലൊരു പെൺശബ്ദം. മൂന്നാറിൽ പച്ചക്കറി വിൽക്കുന്ന കസ്തൂരിയമ്മയാണ് ശബ്ദത്തിന്റെ ഉടമ. ‘വാഗവരെയ്’ എന്ന വാക്കിന്റെ അർഥമറിയാമോ എന്ന ചോദ്യത്തിനു മുന്നിൽ കൈ മലർത്തിയപ്പോള്‍ ഉത്തരവും പിന്നാലെയെത്തി.

വരെയ് എന്നാൽ മല എന്നാണ് അർഥം. വാഗവരെയ് എ ന്നാൽ വാകമരങ്ങളുടെ മല. ദേഹത്ത് ഒരു വര പോലുമില്ലാത്ത ജീവിയെ എങ്ങനെ വരയാട് എന്ന് വിളിക്കുമെന്ന് നാളുകളായി മനസ്സിലുണ്ടായിരുന്ന സംശയത്തിനു കൂടി ഉത്തരം കിട്ടിയ സന്തോഷത്തിൽ പുറത്തെ കാഴ്ചകളിലേക്കു തന്നെ കണ്ണു തിരിച്ചു. വാഗവരെയും തലയാറും കടന്നാലുടൻ മലമുകളിൽനിന്ന് കുതിച്ചൊഴുകുന്ന ലക്കം വെള്ളച്ചാട്ടം കാണാം. പാറക്കെട്ടുകളിലൂടെ തട്ടിത്തടഞ്ഞ് കുത്തിയൊലിച്ച് പഞ്ഞിക്കെട്ടുപോലെ പതഞ്ഞ് താഴേക്കു പതിക്കുന്ന ജലപ്രവാഹം കണ്ടുനിന്നാൽ നേരം അകലേക്ക് ഓടുന്നത് അറിയില്ല. നിരവധിപ്പേരാണ് വെള്ളച്ചാട്ടത്തിന്റെ കുളിരിനു ചോട്ടിൽ കുളിച്ചു കയറാൻ കാത്തുനിൽക്കുന്നത്.

ചന്ദനച്ചോലയിൽ മുങ്ങിനീരാടി

തേയിലത്തോട്ടങ്ങളും വാകമരച്ചാർത്തുകളും പിന്നിട്ട് മറ യൂർ അടുക്കുമ്പോഴേക്കും മഴയുടെ നൃത്തം മെല്ലെ അവസാനിച്ചു. എങ്കിലും ഞാനിവിടെയുണ്ടേയെന്ന് ഓർമപ്പെടുത്തുന്ന മിസ്ഡ് കോൾ പോലെ മഴ ഇടയ്ക്കിടെ മുഖം കാണിച്ചുകൊണ്ടേയിരുന്നു. മറയൂർ ചന്ദന റിസർവിലേക്ക് കടന്നതും ജെ യിംസ് ചേട്ടൻ അടുത്തെത്തി. ‘ഇരുവശത്തും നിൽക്കുന്ന മരങ്ങൾ കണ്ടില്ലേ, അതിൽ കറുത്ത നിറത്തിലുള്ള തടിയും ചെറിയ ഇലകളുമായി നിൽക്കുന്നതാണ് ചന്ദനം. ഓരോ ചന്ദനമരത്തിലും വനംവകുപ്പ് എണ്ണമിട്ടിട്ടുണ്ട്. രണ്ടു വശത്തെയും കാട്ടിലേക്ക് ശ്രദ്ധിച്ചു നോക്കിക്കോളൂ. ഒരുപാട് മൃഗങ്ങളെ കാണാം.’

_ASP0135

പറഞ്ഞു തീർന്നയുടൻ വണ്ടിയിലുള്ളവരെല്ലാം ചാടിയെ ഴുന്നേറ്റ് ഇടതുവശത്തെ ജനാലകളിലൂടെ തല പുറത്തേക്കി ട്ടു. റോഡിനോടു ചേർന്നുനിന്ന കാട്ടുപോത്തിനെ കാണാനാണ് എല്ലാവരും തിരക്കു കൂട്ടിയത്. വണ്ടിയുടെ ശബ്ദം കേട്ട് ഞെട്ടിയ പോത്തുകൾ ഓടിമറഞ്ഞു. ഭാഗ്യമുണ്ടെങ്കിൽ ഇനിയും കാണാമെന്ന വാക്കിൽ ആശ്വാസം കണ്ടെത്തി മുന്നോട്ടു നീങ്ങി. അൽപസമയത്തിനുള്ളിൽ കണ്ടത് അപൂർവകാഴ്ച. കൺമുന്നിൽ അതാ, ഒരു കൂട്ടം കാട്ടുപോത്തുകൾ. പിന്നെയും കൺമുന്നിൽ എത്തി, മാനും മയിലും മുയലും മലയണ്ണാനും കുരങ്ങനും കാട്ടുപന്നിയുമെല്ലാം. ചന്ദനക്കാടുകളിലൂടെ കുറച്ചു ദൂരം ചെന്നാൽ മറയൂർ ടൗൺ എത്തി. മൂന്നാറിന്റെ ഭൂമിശാസ്ത്രം പറഞ്ഞുതന്ന അശോകൻ ചേട്ടൻ യാത്ര പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞിട്ടേ ഇനി വണ്ടി പുറപ്പെടൂ. ചായ കുടി ക്കാനിറങ്ങിയ ഡ്രൈവറും കണ്ടക്ടറും ഒപ്പം വിളിച്ചു. ബസ് സ്‌റ്റാന്റിനോടു ചേർന്നുള്ള രാജു ചേട്ടന്റെ കട. ടീഷോപ്പ്, ബേക്കറി, പഴക്കട, സ്‌റ്റേഷനറി, അങ്ങനെ എന്തു പേരും വിളിക്കാവുന്ന കട. മഴയുടെ കുളിരിനെ നാടു കടത്താൻ കടുപ്പത്തിലൊരു കട്ടൻചായ. കട്ടൻ കുടിക്കാതെ മലയാളിക്കെന്ത് നൊസ്റ്റാൾജിയ...

മറയൂർ ടൗണിൽ ബസ് സ്‌റ്റാൻഡിനോടു ചേർന്നിരിക്കു ന്ന കടകളിൽ ഭൂരിഭാഗവും പഴക്കടകൾ തന്നെ. ടൗൺ വിട്ടാ ൽ കുറച്ച് ദൂരം കരിമ്പിൻതോട്ടങ്ങളാണ്. മറയൂരിൽനിന്ന് വഴി രണ്ടായി തിരിയുന്നു. നേരെ പോയാൽ ചിന്നാറിലും വലത്തോട്ടു പോയാൽ കാന്തല്ലൂരിലും എത്താം. ഒറ്റയാന്റെ തലയെടുപ്പോടെ വണ്ടി നേരെ മുന്നോട്ട്.

തൂവാനക്കുളിരിൽ ചിന്നാർ

അധികം ദൂരം ചെല്ലുന്നതിനു മുൻപേ ചിന്നാർ വന്യജീവി സ ങ്കേതമെത്തി. ഇനിയുള്ള യാത്ര കാട്ടിലൂടെയാണ്. അങ്ങ് ദൂരെ കാടിനു നടുവിലൂടെ കുതിച്ചൊഴുകുന്നു പാമ്പാർ. അൽപം മേമ്പൊടിയിട്ട് പറഞ്ഞാൽ, കാടിനു വെള്ളിയരഞ്ഞാണം ചുറ്റിയതു പോലെ മനോഹരിയായ പാമ്പാർ. അതിൽ പതിപ്പിച്ച വെളുത്ത മുത്തു കണക്കെ തൂവാനം വെള്ളച്ചാട്ടം. മഴയുടെ അനുഗ്രഹം ശിരസ്സില്‍ ഏറ്റുവാങ്ങി, കാടിനെ മുഴുവൻ ഉണർത്തുന്ന ശബ്ദത്തിലങ്ങനെ താഴേക്കു പതിക്കുന്നു തൂവാനം.

PicsArt_09-07-11.14.36

ചിന്നാറിലൂടെയുള്ള യാത്രയിലുടനീളം എല്ലാവരുടെയും ശ്രദ്ധ ഇരുവശത്തുമുള്ള കാട്ടിലേക്കാണ്. കാടിന്റെ ഒരംശം പോലും ഞങ്ങൾ കാണാതെ പോകരുതെന്ന കരുതലായിരുന്നു സഹയാത്രികർക്ക്. മരത്തിൽ ഒരു കുരങ്ങിനെ കണ്ടാൽ പോലും ആവേശത്തോടെ കാണിച്ചു തരികയാണ് സെബാസ്റ്റ്യൻ ചേട്ടനും സെന്തിലും തങ്കലക്ഷ്മി അക്കയും കുമാറുമെല്ലാം. ‘ഉങ്കളുക്ക് ഭാഗ്യമിറുന്താ കാട്ടാനെയെയും പുലിയെയും പാക്കലാം’. തമിഴാളത്തിലാണ് അക്ക അത്രയും പറഞ്ഞത്. വണ്ടിയുടെ തൊട്ടുമുന്നിലൂടെ വലിയൊരു പക്ഷി താഴ്ന്ന് ചിറകടിച്ചു പറന്നു. ‘അത് പെൺമയിലാണ്’ ആരോ പിന്നിലിരുന്ന് പറഞ്ഞുതന്നു.

കാട്ടാന കാവൽ നിൽക്കും ആനമല

കാട്ടിലൂടെ പാതിദൂരം ചെല്ലുമ്പോൾ കേരള വനംവകുപ്പിന്റെ ചെക്പോസ്‌റ്റ് കാണാം. അവിടെ വണ്ടി നിർത്തി രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷമേ യാത്ര തുടരാനാകൂ. കിട്ടിയ സമയം കൊണ്ട് പുറത്തിറങ്ങി. ബസ്സിനു മുകളിലും ചുറ്റിലുമായി ചെറിയൊരു വാനര സംഘം സ്ഥാനം പിടിച്ചിട്ടുണ്ട്. കൈകൊട്ടി പേടിപ്പിച്ചിട്ടും താഴെയിറങ്ങാനുള്ള ഭാവമില്ല. വണ്ടി വീണ്ടും സ്‌റ്റാർട്ട് ചെയ്തയുടൻ മര്യാദക്കാരായി മരത്തിലേക്ക് വലിഞ്ഞു കുട്ടിക്കുരങ്ങൻമാർ. തൊട്ടുമുന്നിലായി തമിഴ്നാട് വനംവകുപ്പിന്റെ ചെക്പോസ്റ്റുണ്ട്. അവിടം കടന്നാലുടൻ ഒരു വലിയ പാലം. പാലത്തിനിപ്പുറം കേരളവും അപ്പുറം തമിഴ്നാടുമാണ്. അവിടംകൊണ്ട് ചിന്നാർ വന്യജീവി സങ്കേതം അവസാനിച്ചു. ഇനി സഞ്ചരിക്കേണ്ടത് ആനമല കടുവാസങ്കേതത്തിലൂടെ. ചിന്നാർ കടന്നതും അതുവരെ കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ല. മറ്റാരുമല്ല, മഴ.

‘ഇവിടുന്നങ്ങോട്ട് മഴ കുറവാണ്. ചിന്നാറിലേതു പോലെയുള്ള വൻമരങ്ങളൊന്നും ഇവിടെ ഇല്ല. ചെറിയ ഇലകളുള്ള കുഞ്ഞൻമരങ്ങളും മുൾചെടികളുമാണ് കൂടുതൽ. വരണ്ടുകിടക്കുന്ന കാട് എന്ന് വിളിക്കാം. ആവശ്യത്തിനു മഴ കിട്ടാത്തതാണ് കാരണം.’ സഹയാത്രികർ ഓരോരുത്തരായി ഭൂമിശാസ്ത്രം വിവരിച്ചുകൊണ്ടേയിരുന്നു. കുള്ളൻമരങ്ങൾക്കിടയിലൂടെ അലസമായി നടന്നു നീങ്ങുകയാണ് പന്നിക്കൂട്ടം. വണ്ടിയുടെ ശബ്ദമോ മനുഷ്യരുടെ സാന്നിധ്യമോ അവരെ പേടിപ്പിക്കുന്നില്ല. അതവരുടെ സാമ്രാജ്യമാണ്. .

_MG_0060 ഫോട്ടോ: ബേസിൽ പൗലോ

‘മിക്ക ദിവസങ്ങളിലും ഈ വഴിയിൽ പോകുമ്പോള്‍ കാ ട്ടാന ഉണ്ടാകും. വണ്ടികളെയൊന്നും വകവയ്ക്കാതെ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കും, ആർക്കുമൊരു ശല്യവുമില്ലാതെ. ആ സമയത്ത് നമ്മൾ വണ്ടി നിർത്തിയിട്ട് മിണ്ടാതിരുന്നാൽ മാത്രം മതി. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ഇതുവഴി ബൈക്കുകളൊന്നും കടത്തി വിടില്ല. അത് അപകടമാണ്.’

പറഞ്ഞുതീർന്നതും അടുത്ത ചെക്പോസ്റ്റ് എത്തി. ആനമല കടുവാസങ്കേതം ഇവിടെ അവസാനിക്കുന്നു. തല വെളിയിലേക്കിട്ട് പ്രതീക്ഷയോടെ ആകാശത്തേയ്ക്കൊന്ന് നോക്കി. ഒരു ചാറ്റലെങ്കിലും ഇതുവഴി വരുമോ? ഇല്ല. ചെക്പോസ്റ്റ് കഴിഞ്ഞാലുടൻ അമരാവതി ഡാമാണ്. പാമ്പാറിന്റെ നീരൊഴുക്കിനാൽ സമ്പന്നമായ ഡാമിന്റെ വിദൂരദൃശ്യം റോഡി ൽനിന്ന് കാണാം. ഡാമിനോടു ചേർന്നു തന്നെ ‘അമരാവതി മുതല വളർത്തൽ കേന്ദ്ര’വുമുണ്ട്.

തൊട്ടു പിന്നിലെ സീറ്റിലിരുന്ന തങ്കലക്ഷ്മി അക്ക ഗൈഡിന്റെ റോൾ ഏറ്റെടുത്തു. അതിർത്തി കടന്ന് ആനവണ്ടി തന്റെ ഊരിലെത്തിയതിന്റെ ഉന്മേഷം അക്കയുടെ മുഖത്തറിയാം. പുളിമരങ്ങൾ അതിരു പാകിയ തമിഴ്നാടൻ വഴികൾ. ഇരുവശത്തുമായി ചോളപ്പാടങ്ങളും വാഴത്തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും. പെരുമഴയത്ത് കാട്ടുവഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ ഓർമകൾ പോലും അവശേഷിപ്പിക്കാത്ത കാലാവസ്ഥയും ഭൂപ്രദേശങ്ങളും. തമിഴ്നാടൻ ഗ്രാമങ്ങൾക്കെല്ലാം ഒരേ സ്വഭാവമാണ്. പുളിമരങ്ങൾ, കാളവണ്ടി, വഴിയരികിലെ ഓല മേഞ്ഞ ചായക്കട, എല്ലായിടത്തും ഒരേ തരം ഫ്രെയിമുകൾ മാത്രം. വീതിയേറിയ റോഡിലെത്തിയതിന്റെ ആവേശം ബാബുരാജേട്ടനിൽ പ്രകടമാണ്. ബ്രേക്കിന് വിശ്രമം അനുവദിച്ച്, ചങ്ങാത്തം ആക്സിലേറ്ററിനോടായി.

ചെറുചൂടുള്ള കാറ്റ് വേഗത്തിൽ മുഖത്തടിക്കുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും അക്കയുടെ വിവരണം ബഫറിങ്ങില്ലാതെ വന്നുകൊണ്ടേയിരുന്നു.

‘തമ്പീ, ഇത് ‘മാനപ്പെട്ടി’. ഇങ്കെയിരുന്ത് 10 കിലോമീറ്റർ താ ൻ ഉടുമൽപേട്ടയ്ക്ക്. അടുത്തത് കുറിച്ചിക്കോട്ട. കുറിച്ചിക്കോട്ടയിലിരുന്ത് ഇടത്തേക്കു പോണാൽ വാൽപാറ, വലത്തേക്ക് പോണാൽ പഴനി.’ എങ്ങോട്ടും തിരിഞ്ഞില്ല. വണ്ടി നേരെ ഉ ടുമൽപേട്ടയ്ക്ക്. പല്ലപ്പാളയവും ബോഡിപ്പെട്ടിയും കടന്ന് ഉ ടുമൽപേട്ട ടൗണിലെത്തുമ്പോൾ നേരം സന്ധ്യയായിരുന്നു. അ ങ്ങ് ദൂരെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കാറ്റാടിപ്പാടം. പ്രിയദർശൻ സിനിമകളിലെ മാജിക്കൽ ഫ്രെയിമുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കാഴ്ച. അസ്തമയസൂര്യനാൽ ചുവപ്പു പടർന്ന ആകാശം. അതിനു കീഴെ കാറ്റിന്റെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ കറങ്ങുന്ന കാറ്റാടികൾ. തമിഴ്നാട് സർക്കാർ വക നിരവധി ബസ്സുകൾ കിടക്കുന്ന ബസ് സ്റ്റാൻഡിലേക്ക് വെളുത്ത നിറത്തിൽ ഐരാവതം കണക്കെ ആനവണ്ടി കയറിയപ്പോള്‍ ചെറിയൊരഹങ്കാരമൊക്കെ തോന്നാതിരിക്കുമോ?