ഭൂമിയിൽ നിലകൊള്ളുന്ന മറ്റൊരു ഗ്രഹം. അദ്ഭുതങ്ങൾ കാണിക്കുന്ന മാന്ത്രികർ മാത്രം ജീവിക്കുന്ന ഇടം. ലോകത്തിലെ തന്നെ ആദ്യത്തെ മായാജാല കൊട്ടാരം. തിരുവനന്തപുരം, കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിന്റെ കവാടം കടന്നതേയുള്ളൂ. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി തെറ്റാതെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്താൻ ഹാരിയെ ശ്രദ്ധിക്കാം. മാജിക്ക് പ്ലാനറ്റിന്റെ ലോഗോയാണ് ഹാരി. കൈകൾ നിലത്ത് കുത്തി, താടി മണ്ണിൽ തൊട്ട് വലിയവായിൽ ചിരിക്കുന്ന തൊപ്പിക്കാരൻ മാന്ത്രികനെ കണ്ടോ! ഇവിടം മുതൽ മനസ്സിലോർക്കാൻ ഒരു മന്ത്രം പറയാം, If you don’t Believe in magic, You can never find it... മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ സ്വപ്നസാക്ഷാത്കാരമായ മാജിക്ക് പ്ലാനറ്റ് എന്ന തീം പാർക്കിലേക്കാണ് യാത്ര.
ഇടിഞ്ഞുവീഴാറായ മാന്ത്രികതയുടെ വലിയകോട്ടയെ തന്റെ സർവ ശക്തിയുമെടുത്ത് താങ്ങി നിർത്തുന്ന മനുഷ്യരൂപം, ഈ കാഴ്ച മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതം പൂർണമായി അടയാളപ്പെടുത്തുന്നു. ഇന്ത്യൻ മാജിക്കിനെ അതർഹിക്കുന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാനും മാജിക്കിന് വേണ്ടി നിലകൊള്ളാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് മാജിക്ക് പ്ലാനറ്റ്.
മാജിക്ക് വിത്ത് എ മിഷൻ എന്ന ആപ്തവാക്യത്തിലൂന്നിയാണ് മാന്ത്രിക ഗ്രഹത്തിന്റെ പ്രവർത്തനം. മാനസിക ഉല്ലാസത്തിനപ്പുറം പലർക്കും കൈത്താങ്ങാണ് ഈ സംരംഭം. തെരുവിലെറിയപ്പെട്ട കലാകാരന്മാരുടെ ആശ്രിത കേന്ദ്രമാണിവിടം. കൺകെട്ടുവിദ്യയുടെ രഹസ്യങ്ങളറിയാവുന്ന നിരവധി തെരുവുജാലവിദ്യക്കാരുണ്ട് മാജിക്ക് പ്ലാനറ്റിൽ. കലാകാരന്മാരും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് മാജിക്ക് പ്ലാനറ്റ് എന്നാൽ സന്തോഷം മാത്രം സമ്മാനിക്കുന്ന സ്വർഗമാണ്.
ആബ്രക്കടാബ്ര...
തിങ്കളൊഴികെ ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ കൃത്യം 10 മണിയ്ക്ക് മാജിക്ക് പ്ലാനറ്റിലെ ഒരു ദിവസം തുടങ്ങും. കാഴ്ചകളും ഷോകളുമായി വൈകിട്ട് 5 വരെ അതിഥികൾക്ക് മാജിക്ക് പ്ലാനറ്റ് ആസ്വദിക്കാം. കവാടത്തിനടുത്തുള്ള തൊപ്പിക്കാരൻ മാന്ത്രികന്റെ കൂടെ നിന്നൊരു സെൽഫിയെടുക്കുമ്പോഴാണ് മാജിക്ക് പ്ലാനറ്റിലെ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന കാഴ്ചകളിലേക്ക് വഴികാട്ടിയായി പാർവതി ഒപ്പം കൂടുന്നത്. ഹിസ്റ്ററി ഓഫ് മിസ്റ്ററിയെന്ന് രേഖപ്പെടുത്തിയ വലിയൊരു ഗുഹയിേലക്കാണ് ആദ്യം പോയത്. മാജിക്കിന്റെ ചരിത്രം ശിൽപങ്ങളിലൂടെ കാണികളിലേക്കെത്തിക്കുകയാണ് ഇവിടം.
മാജിക്കിന്റെ ഏറ്റവും പ്രാചീനകാലം, ഈപ്ജിഷ്യൻ വേർഷൻ, യൂറോപ്യൻ വേർഷൻ തുടങ്ങി ഇന്ത്യൻ മാജിക്കിന്റെ ചരിത്രം വരെ രേഖപ്പെടുത്തേണ്ടതായ വിവരങ്ങളെല്ലാം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. എത്ര ഉറപ്പുള്ള ചങ്ങലകൊണ്ട് ശരീരം ബന്ധിച്ചാലും അതിൽ നിന്ന് ഈസിയായി രക്ഷപ്പെടുന്ന മാജിക്ക് കാണിച്ച് കാണികളെ അമ്പരപ്പിച്ച ഹാരി ഹൗഡിനി (Harry Houdini), ഇന്ത്യൻ മാജിക്കിന്റെ പിതാവ് എന്നറിയപ്പെടുന്ന പി സി സർക്കാർ തുടങ്ങിയവരുടെ ജീവൻതുടിക്കുന്ന ശിൽപങ്ങൾ ഹിസ്റ്ററി ഓഫ് മിസ്റ്ററിയിലെ കൗതുകങ്ങളാണ്.
ടൈം ടണലായിരുന്നു അടുത്ത കാഴ്ച. ഒരു കുഞ്ഞുകുട്ടിയുടെ സ്നേഹം തേടിയുള്ള സ്വപ്നസഞ്ചാരത്തെ ദ്യശ്യങ്ങളും ലൈറ്റും എഫക്ട്സും കൊടുത്ത് കഥയായി ആവിഷ്കരിച്ചിരിക്കുന്നു. ‘കുടുംബ ബന്ധം’ എന്ന വിഷയത്തിന്റെ പ്രാധാന്യം കുഞ്ഞുമനസ്സുകളിലേക്കെത്തിക്കുക എന്നതാണ് ടൈം ടണലിന്റെ ലക്ഷ്യം. കുട്ടികൾ വളരെ കൗതുകത്തോടെ ആസ്വദിക്കുന്ന ഒന്നാണ് ടൈം ടണൽ.
ഉയരത്തിലിരുന്ന് മാജിക്ക് അവതരിപ്പിക്കുന്ന മാന്ത്രികൻ കാണികൾക്കിടയിലേക്ക് ഇറങ്ങി വന്ന് അവരിലൊരാളായി മാജിക്ക് അവതരിപ്പിക്കുന്ന സെക്ഷനാണ് ഇന്റിമേറ്റ് മാജിക്ക്. കുട്ടികളെയും കാഴ്ചക്കാരെയും മജീഷ്യന്മാരാക്കുന്ന ഇന്ദ്രജാലം. ഹാരിയെ ഓർക്കുന്നില്ലേ, മാജിക്ക് പ്ലാനറ്റിന്റെ മുഖം. അടുത്തതായി പോകുന്നത് ഹാരിയുടെ ലോകത്തേക്കാണ്, 9th പ്ലാനറ്റിലേക്ക്. ഇവിടെ ഹാരി ഒരു യന്ത്ര രൂപമാണ്.
സർവം മാന്ത്രികം
ഇനി അൽപ്പ നേരം സ്ട്രീറ്റ് മാജിക്കിന്റെ ലോകത്തേക്ക്. സ്ട്രീറ്റ് മാജിക്ക് എന്ന് രേഖപ്പെടുത്തിയ വാതിൽ തുറന്ന് അകത്ത് കയറി. കൈലി മുണ്ടും വെള്ള ബനിയനും ധരിച്ച അലി ചെർപ്പുളശേരിയെന്ന മജീഷ്യൻ ഇവിടുത്തുകാരുടെ അലീക്ക വേദിയിൽ നിൽപ്പുണ്ട്. അദ്ദേഹം മാജിക്ക് നടത്താനുള്ള സാധനങ്ങൾ ഒരുക്കുന്നേയുള്ളൂ. ഒരു പൂച്ചട്ടിയിൽ നിറയെ മണ്ണ്, ഒരു വലിയ കുട്ട, കറുത്ത തുണി, മകുടി, മാങ്ങാണ്ടി എന്നിവയാണ് മാജിക്കിനായി കരുതി വച്ച സാധനങ്ങൾ. തനത് ഭാഷാ പ്രയോഗമാണ് അലീക്കയെ കാണികളോട് കൂടുതൽ അടുപ്പിക്കുന്നത്. അലീക്കയുടെ കുടുംബത്തിന് മാത്രമേ ഗ്രേറ്റ് ഇന്ത്യൻ മാംഗോ ട്രീ എന്ന മാജിക്കിന് പിന്നിലെ രഹസ്യം അറിയൂ. മാജിക്ക് തുടങ്ങി.
കയ്യിലെ മാങ്ങാണ്ടി കാണികളെ കാണിച്ച് വിശ്വാസം പിടിച്ചെടുത്ത ശേഷം മണ്ണു നിറച്ചു വച്ച പൂച്ചട്ടിയിൽ നട്ടു. അൽപം വെള്ളമൊഴിച്ചു. പിന്നെ വലിയൊരു കുട്ട വച്ച് മൂടി. അതിനു മുകളിൽ കറുത്ത തുണി വിരിച്ചു. ഓരോന്നും ചെയ്യും മുമ്പേ, കുട്ടയും തുണിയുമെല്ലാം കാണികൾക്ക് പരിശോധിക്കാൻ കൊടുക്കുന്നുണ്ട്. ‘ഗൗരവത്തിൽ തമാശ’പറഞ്ഞ് ആളുകളെ ചിരിപ്പിക്കുന്നുണ്ട്. അൽപ നേരം കഴിഞ്ഞ് പതിയെ കറുത്ത തുണി മാറ്റി. കുട്ട ഉയർത്തി, കാണികൾ ആവേശത്തോടെ കയ്യടിച്ചു. മാങ്ങാണ്ടി മാങ്ങ കായ്ച്ച് നിൽക്കുന്ന മാവിൻ തൈ ആയി വളർന്നിരിക്കുന്നു. മാജിക്കിന്റെ വിശ്വാസ്യത ഒരിക്കൽ കൂടി ഉറപ്പിക്കാൻ അലീക്ക ആ മാവിൽ നിന്നൊരു ഇല പറിച്ചെടുത്ത് കാണികൾക്കിടയിലേക്ക് വന്നു. മാവ് തന്നെയല്ലേ... ? കാണികളിൽ നിന്ന് ആരവമുയർന്നു. ആവേശത്തോടെ വീണ്ടും വീണ്ടും കയ്യടി.
മിറർ മാജിക്ക് എന്ന എട്ടിന്റെ പണി
അലീക്കയുടെ മായാജാല വിസ്മയം കണ്ണിൽ നിന്ന് മായും മുമ്പേ മിറർ മിറാക്കിൾ റൂമിൽ കയറി. എട്ടിന്റെ പണി എന്നൊക്കെ കേട്ടിട്ടില്ലേ! കണ്ണാടികൾ കൊണ്ടുണ്ടാക്കിയ വിസ്മയമാണ് മിറർ മിറാക്കിൾ. അകത്ത് കടന്നാൽ ചുറ്റിലും നമ്മുടെ തന്നെ പ്രതിബിംബം കാണാം. അതിൽ നിന്ന് മുന്നോട്ട് പോകേണ്ട വഴി കണ്ടെത്തുക എന്നത് ഏറെ പ്രയാസം.
കുട്ടികൾക്ക് അറിവും വിനോദവും ഒരു പോലെ പ്രധാനം ചെയ്യുന്ന മെൻലോ പാർക്ക്. സയൻസ് എങ്ങനെ മാജിക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിന്റെ കൃത്യമായ നിർവചനങ്ങളാണ് മെൻലോ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന വിഭാഗത്തിൽ മജീഷ്യൻ അശ്വിൻ അന്ധവിശ്വാസങ്ങളെ മാജിക്കിലൂടെ ചോദ്യം ചെയ്യുകയാണ്. അന്തരീക്ഷത്തിൽ നിന്ന് ഭസ്മമെടുക്കുന്നത് ദിവ്യശക്തിയല്ലെന്നും അതിനു പിന്നിൽ കൃത്യമായ ശാസ്ത്ര വശമുണ്ടെന്നും മാജിക്കിലൂടെ അശ്വിൻ കാണിക്കുകയാണ്. അമേസിങ് അരേന എന്ന നേർത്തിന്ത്യൻ സ്ട്രീറ്റ് മാജിക്ക് ഷോയും ക്രാഡിൽ ഓഫ് ക്രിയേറ്റിവിറ്റി എന്ന പേപ്പർ ക്രാഫ്റ്റ് മാജിക്കുകളും കാണികളെ ശരിക്കും രസിപ്പിച്ചു.
നിങ്ങളുടെ മനസ്സ് ഞാൻ വായിക്കും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് മെന്റലിസ്റ്റ് സന്ദീപ് രംഗത്തേക്കു വന്നത്. വേദിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സന്ദീപ് കാണികളിൽ ഓരോരുത്തരെയും മാജിക്കിന്റെ മായാലോകത്തേക്ക് കൈപിടിച്ചുയർത്തി. ഫ്ലൈറ്റ് ഓഫ് ഫാന്റസി, അഥവാ തോന്നലുകളുടെ പാലത്തിലേക്ക് കാലെടുത്ത് വച്ചു. പെട്ടെന്ന് അത് കറങ്ങുന്ന പോലെ തോന്നി. മനസ്സിനെ ക്രമീകരിച്ച് കുട്ടികൾക്ക് ടെൻഷൻ ഫ്രീയായ ജീവിതം നയിക്കാൻ സഹായകമാകും എന്ന് സമർഥിക്കുന്ന മാജിക്കാണ് ഫ്ലൈറ്റ് ഓഫ് ഫാന്റസി.
കരുതലിന്റെ ശക്തി, ചുണ്ടിലെ ചിരി
വിഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവർക്കായി മാജിക്ക് പ്ലാനെറ്റിൽ ഒരു വേദി കൊടുക്കുന്നുണ്ട്. അതാണ് എംപവർ തിയേറ്റർ. കൃത്യമായ പരിശീലനത്തിലൂടെ ആളുകളുമായുള്ള ഇടപഴകലിലൂടെ ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ്, മാറ്റി നിർത്തേണ്ടവരല്ലെന്ന് സ്വയം അടയാളപ്പെടുത്തുന്ന കുരുന്നുകൾ. വേദിയിൽ മാജിക്ക് ഷോ കാണിക്കുമ്പോൾ അവരോരോരുത്തരും അതിൽ സ്വയം മറന്നിരിക്കുന്നു.
ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട് എംപവർ തിയറ്റർ ഷോ. നിർത്താതെ കയ്യടി നേടുന്ന ഷോ ശരിക്കും കാണികളിലേക്കെത്തിക്കുന്നത് പൊസറ്റീവ് വൈബ്സ് തന്നെയാണ്. ഞങ്ങൾക്ക് ഇത്രയൊക്കെ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സാധ്യമാകാത്തതായി എന്താണ് ഉള്ളതെന്ന ചോദ്യമുയർത്തുകയാണ് അവർ.
വിമുക്തി വീഥി എന്നെഴുതിയ വഴിയിലൂടെ മുന്നോട്ട് നടന്നു. മജീഷ്യൻ മുഹമ്മദ് ഷാനു നേതൃത്വം കൊടുക്കുന്ന ഫാന്റസിയ എന്ന പേരിലുള്ള ഇല്യൂഷൻ ഷോയും ശേഷം സർക്കസും കണ്ടു. ദ് തിയേറ്റർ ഓഫ് വണ്ടേഴ്സ് അഥവാ അദ്ഭുതങ്ങളുടെ തിയേറ്റർ എന്നാണ് ഫാന്റസിയ അറിയപ്പെടുന്നത്.
വലിയൊരു വിമാനത്തിനുള്ളിലൂടെ അകത്തുകയറി. മുന്നിൽ ചെങ്കോട്ട അതേ പോലെ രൂപ കൽപന ചെയ്ത് വച്ചിരിക്കുന്നു. അതിന് നേരെ എതിർ ഭാഗത്തായി മറ്റൊരു കെട്ടിടം. ഡിഫറന്റ് ആർട്ട് സെന്റർ എന്ന് പേരിട്ടിരിക്കുന്ന മാജിക്ക് പ്ലാനറ്റിലെ പുതിയ സംരംഭത്തിലേക്കാണ് കയറിചെന്നത്. അവസാന വട്ട പ്രവൃത്തികൾ തകൃതിയായി നടക്കുന്നു. ‘ ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വലിയ സംരംഭമാണ് DAC. സംഗീതം, നൃത്തം, സിനിമ, വിവിധ സംഗീതോപകരണങ്ങൾ, ഡ്രോയിങ്, എക്സിബിഷൻ ഹാൾ, നാഷനൽ ഇന്റഗ്രേഷൻ പരിപാടികൾ തുടങ്ങി ഏഴിനം ആർട്ട് പെർഫോമൻസുകളാണ് ഇവിടെ ഒരുക്കുന്നത്. നവംബർ ഏഴിനാണ് ഉദ്ഘാടനം. പാർവതി പറഞ്ഞു.
ഷേക്സ്പിയറൻ തിയേറ്റർ, ഡ്രാമാജിക്ക്
ലൈറ്റും സൗണ്ടും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി ഷേക്സ്പിയറിന്റെ ദ് ടെംപെസ്റ്റ് ഡ്രാമ ലൈവായി കാണിക്കുന്ന തിയേറ്ററാണ് ടെംപെസ്റ്റ്. മാന്ത്രികതയ്ക്ക് പ്രാധാന്യമുള്ള ഈ ഡ്രാമയിലെ കാറ്റും കടലും കപ്പലുമെല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകരെ കൂടി അനുഭവിപ്പിക്കുന്ന തലത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. കപ്പൽചേതത്തിൽപ്പെട്ട് മാന്ത്രികശക്തിയ്ക്ക് അടിപ്പെട്ട ഒരു ദ്വീപിൽ ചെന്നുപെടുന്ന സഞ്ചാരികൾക്ക് അവിടെ നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് കഥാതന്തു. പ്രോസ്പെറോ എന്ന പ്രധാന കഥാപാത്രം മാന്ത്രികലോകത്തോടു ചൊല്ലുന്ന വിടവാങ്ങൽ ഭാഗം ഏറെ ഹൃദ്യമാണ്.
സമയം വൈകിട്ട് 4.45. എംപവർ തിയേറ്ററിനോട് ചേർന്ന ഓപ്പൻ ഏരിയയിൽ ദ് ഗ്രേറ്റ് ഇന്ത്യൻ റോപ്പ് മാജിക്കിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. വണ്ണമുള്ള ചുറ്റിപിണഞ്ഞ് വളയം പോൽ കിടക്കുന്നൊരു വലിയ വടവുമായി മജീഷ്യൻ കാണികൾക്കിടയിലേക്കിറങ്ങുന്നു. കാണികളിൽ പലരും വലിച്ച് നിവർത്താൻ ശ്രമിക്കുന്നു. കയർ തന്നെയെന്ന് ബോധ്യപ്പെടുത്തിയ ശേഷം മജീഷ്യൻ തിരിച്ച് വേദിയിലേക്ക്. തുടർന്ന് വലിയൊരു കൂടയിൽ വടം വളയമായി തന്നെ ഇറക്കി വയ്ക്കുന്നു. കൂടയുടെ മുകൾ ഭാഗം അടയ്ക്കുന്നു. ശേഷം മകുടി വച്ച് ഊതുന്നു. കാണികൾ ആകാംക്ഷയോടെ കൂടയിലേക്ക് തന്നെ നോക്കിയിരിപ്പാണ്. പെട്ടെന്ന് കൂട അടച്ചുവച്ച അടപ്പ് തെറിപ്പിച്ച് വടം പാമ്പിനെ പോലെ നേർരേഖയിൽ ഉയർന്നു വരുന്നു. ഒരു ചെറിയ വളവു പോലുമില്ലാതെ കുത്തനെ നിൽക്കുന്ന വടം. വിശ്വസിക്കാനാകാതെ പല തവണ കണ്ണു തിരുമ്മി നോക്കി.
മാജിക്ക് പ്ലാനറ്റിലെ ഒരു ദിനം അവസാനിക്കാൻ പോകുകയാണ്. അത്രനേരം അദ്ഭുതങ്ങളുടെ ലോകമൊരുക്കിയവർ ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞ് പരേഡിനായി തയ്യാറെടുക്കുന്നു. പാട്ടിനൊപ്പം ചെറിയ ചുവടു വയ്പ്പുകളുമായി അവർ അതിഥികളെ യാത്രയാക്കുന്നു. പിറകിൽ ഒമ്പതാമത്തെ ഗ്രഹം അതിന്റെ കവാടം അടയ്ക്കുകയാണ്. അടുത്ത അതിഥികൾക്ക് മുന്നിൽ തുറക്കപ്പെടും വരെ.