Thursday 04 February 2021 03:45 PM IST

കൊടുങ്കാറ്റിൽ പാരാഗ്ലൈഡിങ് തകർന്നു: 8611 മീറ്റർ മഞ്ഞിലൂടെ നടന്നിറങ്ങി; നിർമലിനു റെക്കോഡ്

Baiju Govind

Sub Editor Manorama Traveller

ddeer445

ഒരു കൊടുങ്കാറ്റിന്റെ ആക്രമണത്തിൽ പാരാഗ്ലൈഡിങ് ഒഴിവാക്കിയെങ്കിലും ലക്ഷ്യം നിറവേറിയ സന്തോഷത്തിലാണ് നിർമൽ. ലോകത്ത് ഏറ്റവും ഉയരമേറിയ പർവതങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന K2വിന്റെ നെറുകയിൽ അദ്ദേഹം എത്തിച്ചേർന്നു. താപനില അറുപത്തഞ്ച് ഡിഗ്രിയിലേക്കു താഴ്ന്ന ജനുവരിയിലെ ശൈത്യം മറികടന്നാണ് അദ്ദേഹം ആഗ്രഹം പൂർത്തിയാക്കിയത്. പാരാഗ്ലൈഡിങ്ങിൽ തിരികെ ഇറങ്ങാനായിരുന്നു നിർമലിന്റെ പ്ലാൻ. പക്ഷേ മടക്കയാത്രയിൽ പാതിവഴി താണ്ടിയപ്പോഴേക്കും കൊടുങ്കാറ്റുണ്ടായി. മുൻപ് ഇരുപത്തൊൻ‌പതു പേർക്കു മഞ്ഞിടിഞ്ഞു ജീവൻ നഷ്ടപ്പെട്ട സ്ഥലത്ത് നൂറു കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയപ്പോൾ നിർമൽ പാരാഗ്ലൈഡിങ് അവസാനിപ്പിച്ച് നിലത്തിറങ്ങി. മുകളിലേക്കു കയറിയത്രയും ദൂരം മഞ്ഞിൽ പാദമൂന്നി നടന്നിറങ്ങി. ശുദ്ധവായുവിന്റെ അളവു കുറഞ്ഞാൽ ജീവൻ നിലനിർത്താനായി പകരം ഓക്സിജൻ കിറ്റ് ഇല്ലാതെ നിർമൽ നടത്തിയ യാത്ര പർവതാരോഹകരെ അമ്പരപ്പിച്ചു. ശൈത്യകാലത്ത് ‘സെക്കൻഡ് ഹൈയസ്റ്റ് മൗണ്ടൻ’ കീഴടക്കിയ റെക്കോഡ് നിർമൽ നിംസ് പുർജയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.

Nims_had_never_climbed_with_any_of_the_five_Nepalese_men_

ബ്രിട്ടിഷ് സ്പെഷൽ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു നിർമൽ. ഹിമാലയത്തിന്റെ അടിവാരത്തു നേപ്പാളിൽ ജനിച്ചയാൾ. അതു തന്നെയാണ് ഹിമാലയം തണുത്തുറയുന്ന ജനുവരിൽ കെ2 കീഴടക്കാൻ നിർമലിന് ധൈര്യം പകർന്നത്. യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഷെർപകളിൽ കുറച്ചു പേരെ നിർമൽ തിരഞ്ഞെടുത്തു. ‘‘ജനുവരിയിൽ ഈ പാത സുരക്ഷിതമല്ല. അല്ലാത്ത സമയത്തു തന്നെ ഈ പാതയിൽ മൗണ്ടനിയറിങ് നടത്തുന്ന നൂറു പേരിൽ ഇരുപത്തൊൻപതു പേരും ജീവനോടെ മടങ്ങിയെത്താറില്ല’’ അപകട സാധ്യത വിശദീകരിച്ച് ഷെർപകൾ മുന്നറിയിപ്പു നൽകി.

nims_had_planned_to_paraglide

‘‘സുഹൃത്തെ, എനിക്കു മുപ്പത്തേഴു വയസ്സായി. ഞാൻ ജനിച്ചത് ഈ താഴ്‌വരയിലാണ്. മഞ്ഞുമലയുടെ അടിവാരം ബാല്യകാലത്ത് എന്റെ കളിസ്ഥലമായിരുന്നു. ഇവിടെ നടന്നാണ് എന്റെ കാലുകൾ ഇന്നു കാണും വിധം ബലപ്പെട്ടത്. ബ്രിട്ടിഷ് സൈന്യത്തിൽ ജോലി ലഭിച്ചതിനു ശേഷവും പുലർച്ചെ നാലരയ്ക്ക് ഉറക്കമുണർന്ന് നാൽപതു കിലോമീറ്റർ ഓടാറുണ്ടായിരുന്നു. ജനുവരിയിൽ കെ2വിന്റെ നെറുകയിൽ ഞാൻ കാലുകുത്തും. അത് എന്റെ ലക്ഷ്യമാണ്.’’ നിർമൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച ഷെർപകൾക്കു നന്ദി പറഞ്ഞു.

ഡേവിഡ് ഷെർപ, മിംഗ്മ ടെൻസെ ഷെർപ, ഗെൽജൻ ഷെർപ, പേം ഷിരി ഷെർപ, ദാവ തെംബ ഷെർപ എന്നിവരെയാണ് റെക്കോഡ് ബ്രേക്കിങ് യാത്രയ്ക്കായി നിർമൽ കൂടെ കൊണ്ടു പോയത്. സാഹസിക യാത്രയ്ക്കു മുൻപു തൊണ്ണൂറു ദിവസം തയാറെടുപ്പു നടത്തി. ഡിസംബർ ഇരുപത്താറിനു ബേസ് ക്യാംപിൽ നിന്നു പുറപ്പെട്ടു. മുപ്പത്തഞ്ചു കിലോ ഭാരമുള്ള ബാക്ക് പാക്കുമായിട്ടായിരുന്നു മല കയറ്റം. ഇരുപത്തൊന്നു ദിവസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരിച്ചെത്തി.

പാരാഗ്ലൈഡിങ് നടത്തി പറന്നിറങ്ങുമെന്ന് യാത്ര പുറപ്പെടുന്ന സമയത്ത് നിർമൽ അറിയിച്ചിരുന്നു. പക്ഷേ, ഹിമാലയത്തെ ചുറ്റിയെത്തിയ 100കി.മീ വേഗമുള്ള കൊടുങ്കാറ്റ് തടസ്സം സൃഷ്ടിച്ചു. പാരാഗ്ലൈഡിങ് മോഹം ഉപേക്ഷിച്ച് അദ്ദേഹത്തിനു നടന്നിറങ്ങേണ്ടി വന്നു.

winter_all_of_the_challenges

ബ്രിട്ടിഷ് സ്പെഷൽ ഫോഴ്സിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന നിർമലിന്റെ പേര് ആദ്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് 2019ലാണ്. ആറു മാസത്തിനുള്ളിൽ 14 പർവതങ്ങൾ കീഴടക്കിയ നിർമലിനെ പാശ്ചാത്യ മാധ്യമങ്ങൾ പുകഴ്ത്തി. ആ യാത്രയാണ് ശൈത്യകാലത്തു കെ2 കീഴടക്കാൻ പ്രചോദനമായത്.

ലോകത്ത് ഏറ്റവും അപകടമേറിയ പർവതമെന്ന് അറിയപ്പെടുന്ന സ്ഥലമാണു ഹിമാലയത്തിലെ കെ2. ഉയരത്തിന്റെ കാര്യത്തിൽ പർവതനിരയിൽ രണ്ടാം സ്ഥാനം – 8611 മീറ്റർ. നവംബർ – ഫെബ്രുവരി താപനില അറുപതു ഡിഗ്രിയാണ്. മഞ്ഞു പാറയായി മാറുന്ന സീസണിൽ കെ2 കീഴടക്കിയ പർവതാരോഹകൻ എന്നാണു നിർമലിന്റെ പേരിൽ ചേർക്കപ്പെട്ട റെക്കോർഡ്.

Tags:
  • Manorama Traveller