ലോകത്ത് ഏതു രാജ്യത്തുള്ളവർക്കും ‘കൈലാസത്തിലേക്ക്’ വീസ നൽകുമെന്നാണ് നിത്യാനന്ദയുടെ വാഗ്ദാനം.
സ്വന്തമായി രാജ്യവും റിസർവ് ബാങ്കും കറൻസിയും തയാറാക്കി ഒളിസങ്കേതത്തിലിരുന്നു സ്വയം പ്രധാനമന്ത്രിയെന്നു പ്രഖ്യാപിച്ച വിവാദ ആൾദൈവം നിത്യാനന്ദ ‘കൈലാസത്തിലേക്ക്’ വീസ അനുവദിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. വീസ ആപ്ലിക്കേഷൻ സമർപ്പിക്കാൻ ഇ മെയിൽ വിലാസമാണു നൽകിയിട്ടുള്ളത്. മൂന്നു ദിവസം സ്വതന്ത്രരായി കൈലാസത്തിൽ ജീവിക്കാം.
ഓസ്ട്രേലിയയിൽ നിന്നു ചാർട്ടേഡ് വിമാനത്തിൽ കയറ്റി കൈലാസത്തിൽ എത്തിക്കുമെന്നാണ് അറിയിപ്പ്. കൈലാസത്തിലേക്കു പറക്കാൻ ‘ഗരുഡ’ എന്നു പേരിട്ട് നിത്യാനന്ദ സ്വന്തമായി വിമാന സർവീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ കയറിയ ശേഷം റൂട്ട് മാപ് നൽകുമെന്നാണ് നിത്യാനന്ദ പറയുന്നത്. പ്രപഞ്ചത്തിന്റെ ഏതു കോണിലാണെന്നു വെളിപ്പെടുത്താതെ നിത്യാനന്ദ രൂപീകരിച്ച ‘രാജ്യ’മാണു കൈലാസം.
കൈലാസ രാജ്യത്തിൽ കാത്തിരിക്കുന്നത് അദ്ഭുതങ്ങളാണെന്ന് നിത്യാനന്ദയുടേതെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റിൽ പറയുന്നു. ‘ഏല്ലാ രാജ്യക്കാർക്കും വീസ അനുവദിക്കും. മൂന്നു ദിവസം മാത്രമേ കൈലാസത്തിൽ താമസിക്കാൻ അനുമതി ലഭിക്കൂ. ഈ യാത്രയിൽ ‘പരമശിവനെ’ കാണാൻ അവസരം ലഭിക്കും ’’ kailaasa.org വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു.
സന്ദർശക വീസ അനുവദിച്ചുകൊണ്ടുള്ള നിത്യാനന്ദയുടെ പുതിയ വിഡിയോ വൈറലായി. ‘ഗരുഡ’ വിമാന സർവീസിനെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് അന്വേഷണങ്ങളുണ്ട്. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ‘കൈലാസത്തിൽ’ നിന്നു മറുപടി ലഭിച്ചിട്ടില്ല.
ജന്മനാട്ടിൽ അംഗീകാരം ലഭിക്കാത്ത ഹിന്ദുക്കളുണ്ടെന്നും അവർക്കു വേണ്ടിയാണ് കൈലാസം രൂപീകരിച്ചതെന്നും നിത്യാനന്ദ പറയുന്നു. ‘‘ഇവിടെ എല്ലാവരും തുല്യരാണ്. രാജ്യം, ദേശം, വർഗം, നിറം, ലിംഗം എന്നീ വേർതിരിവുകളില്ല.’’ അദ്വൈതം ആധാര തത്വമാക്കിയാണു ഭരണമെന്നു കൈലാസ രാജ്യത്തിന്റെ വെബ്സൈറ്റ്.
ഒട്ടേറെ ലൈംഗിക പീഡന കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നു മുങ്ങിയ ആൾദൈവമാണു നിത്യാനന്ദ. ക്രിമിനൽ കേസുകളിൽ അൻപതു തവണ വിചാരണയ്ക്കു വിധിക്കപ്പെട്ടെങ്കിലും ഒരിക്കൽപോലും കോടതിയിൽ ഹാജരാകാതെ നാടുവിട്ടു. ‘കൈലാസം’ എന്ന പേരിട്ട് സ്വന്തമായി രാജ്യം പ്രഖ്യാപിച്ചുകൊണ്ടു പിന്നീടു നിത്യാനന്ദ വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടു. സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.
റിസർവ് ബാങ്ക്, കറൻസി എന്നിവ രൂപീകരിച്ചതായി അറിയിച്ചു. ആരോഗ്യം, ആഭ്യന്തരം, സാംസ്കാരികം, വിദ്യാഭ്യാസം, മാനവശേഷി, ഭവനം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളോടെ മന്ത്രിസഭയുണ്ടാക്കി. ഇംഗ്ലിഷ്, സംസ്കൃതം, തമിഴ് എന്നിവയാണ് ഔദ്യോഗിക ഭാഷ. ഋഷഭധ്വജമാണു പതാക. നന്ദിയാണ് ഔദ്യോഗിക മൃഗം. ഇങ്ങനെയൊക്കെയെങ്കിലും രാജ്യം എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇക്വഡോറിൽ ഏതോ ഒരു ദ്വീപിലാണ് നിത്യാനന്ദ താമസിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.