Tuesday 21 July 2020 01:02 PM IST

കാട് അവരുടെ രാജ്യം; അവർ നാണം മറയ്ക്കാറില്ല; അവരെ കാണാൻ പോയവർ ജീവനോടെ തിരിച്ചു വന്നിട്ടില്ല

Baiju Govind

Sub Editor Manorama Traveller

a3

‘‘അവർ വസ്ത്രം ധരിക്കാറില്ല. പൊക്കമേറിയ മരത്തിനു താഴെയാണ് അവരുടെ കൂര. മരത്തിൽ കയറിയാൽ പുഴ കാണാം. പുഴയുടെ അക്കരെയുള്ള മനുഷ്യരെ അവർക്കു പേടിയാണ്. പുഴ കടന്ന് കാട്ടിൽ കയറുന്നവരെ അവർ കശാപ്പു ചെയ്യും.’’

a1 Photo Credit: Dr. Jack Wheeler

ഫോട്ടോകളിൽ വിരലോടിച്ച് ഡോ. ജാക് വീലർ കണ്ണുകൾ ഇറുക്കിയടച്ചു. വീലറെ സംബന്ധിച്ചിടത്തോളം അതു പഴയ കഥയാണ്. ഡിഗ്രിക്കു പഠിക്കുമ്പോൾ ആവേശം കയറി കാടിനുള്ളിലേക്കു നടത്തിയ സാഹസിക യാത്ര. പക്ഷേ, അദ്ദേഹം അന്നു നേരിൽ കണ്ടത് ഇന്നുവരെ ലോകത്ത് മറ്റാരും കണ്ടിട്ടില്ല.

a2

1960ൽ ആമസോൺ കാടിനുള്ളിൽ നിന്നു ഡോ. വീലർ പകർത്തിയ ഫോട്ടോകൾ കണ്ടാൽ ‘അപകാലിപ്റ്റൊ’ സിനിമയാണ് ഓർമയിലെത്തുക. മണ്ണിന്റെ മക്കളായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവർ പുറം ലോകം കണ്ടിട്ടില്ല, ആധുനിക മനുഷ്യരെ കണ്ടിട്ടില്ല. വേട്ടയാടി ഭക്ഷണം കണ്ടെത്തുന്നു. മരച്ചുവട്ടിൽ അന്തിയുറങ്ങുന്നു. ആംഗ്യം കാണിച്ചും പ്രത്യേക ശബ്ദം പുറപ്പെടുവിച്ചും ആശയവിനിമയം നടത്തുന്നു.

ആമസോൺ വനത്തിനുള്ളിലെ ഇക്വഡോർ മഴക്കാടുകളിൽ വസിക്കുന്ന ‘ഔക’ ഗോത്രവാസികളെ നേരിൽ കണ്ടിട്ടുള്ള ഒരേയൊരാളാണ് ഡോ. ജാക് വീലർ. പതിനാറാം വയസ്സിലാണ് അദ്ദേഹം ആമസോൺ കാടുകളിൽ പോയത്. അന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ നരവംശശാസ്ത്ര വിദ്യാർഥിയായിരുന്നു വീലർ. അക്കാലത്ത് ഒരു മാസികയിൽ പ്രസിദ്ധീകരിച്ച വാർത്താ ലേഖനം വീലറുടെ ജീവിതത്തിൽ വഴിത്തിരിവായി. ഇല ചതച്ചുണ്ടാക്കിയ മരുന്നുപയോഗിച്ച് കാൻസർ ഭേദമാക്കിയ ഗോത്രവാസികളെ കുറിച്ചായിരുന്നു ഫീച്ചർ. കാൻസർ ചികിത്സയ്ക്കു മരുന്നു തേടി വനത്തിൽ പോയ ഡോക്ടറുടെ ഇന്റർവ്യൂ വീലറെ ആകർഷിച്ചു. നരവംശ ശാസ്ത്രം പഠിക്കുന്ന വീലർ അന്നു തന്നെ ആ ഡോക്ടറെ സമീപിച്ചു. അദ്ദേഹത്തിനൊപ്പം കാട്ടിൽ പോകാൻ അനുമതി നേടി. ആമസോൺ മഴക്കാടിനുള്ളിൽ ഇക്വഡോർ മേഖലയിലേക്കായിരുന്നു യാത്ര. നദിയുടെ തീരത്തു വസിക്കുന്ന ജിവാറോ ഗോത്രത്തിലെ ഒരാളെ നേരിൽ കാണാൻ അന്നു വീലർക്ക് അവസരം ലഭിച്ചു. ‘‘തങ്കാമശി ’’ – ആ മനുഷ്യനെ ഡോക്ടർ പരിചയപ്പെടുത്തി. വീലർ അദ്ഭുതത്തോടെ അയാളെ നോക്കി. മസിലുകൾ തുളുമ്പുന്ന ശരീരം. വിടർന്ന ചുണ്ടുകൾ. നീളമേറിയ പല്ല്. ജഡപിടിച്ച തലമുടി. പരിപൂർണ നഗ്നനായ കാട്ടു മനുഷ്യൻ.

ഇക്വഡോർ മഴക്കാട്

പന്ത്രണ്ടു വർഷം കഴിഞ്ഞ് ഡോക്ടറേറ്റിനു ചേർന്നപ്പോൾ ജാക് വീലർ വീണ്ടും ഇക്വഡോറിലെ കാട്ടിലേക്കു പോകാൻ അവസരം അന്വേഷിച്ചു. ഗോത്രവാസികളെ കുറിച്ച് പഠനമാണു ലക്ഷ്യം. തങ്കാമശിയെ കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. നാപോ നദിയിലൂടെ തുഴഞ്ഞാൽ ആസമോണിന്റെ തീരത്തണയാം. ആമസോൺ നദി താണ്ടിയാൽ കാടാണ്. അവിടെ നിന്ന് ഇക്വഡോറിലേക്കു കാട്ടുപാത. പക്ഷേ ആ വഴി അപകടകരമാണ്. അത് ഔക ഗോത്രവാസികളുടെ കാടാണ്. പുറം ലോകത്തുള്ളവർ കാട്ടിൽ പ്രവേശിച്ചാൽ ആ നിമിഷം ഗോത്രവാസികൾ അവരുടെ കഥ കഴിക്കും. പണ്ട് അവിടേക്കു പോയ ഇവാഞ്ചലിക്കൽ മിഷനറിമാരിൽ ഒരാൾ പോലും തിരിച്ചു വന്നില്ല.

വീലർ പുതുവഴി അന്വേഷിച്ചു. ആമസോൺ നദി പെറുവിലേക്ക് പ്രവേശിക്കുന്നിടത്ത് എത്തിച്ചേർന്നാൽ ഇക്വഡോർ മഴക്കാടിലേക്ക് കടക്കാമെന്നു മനസ്സിലാക്കി. ആ പ്രദേശത്ത് വഞ്ചി തുഴയുന്ന ഒരാളെ കണ്ടെത്തി. ചങ്ങാടം സംഘടിപ്പിച്ച് അതിൽ ബോട്ടിന്റെ എൻജിൻ ഘടിപ്പിച്ചു. ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ വഞ്ചി ലക്ഷ്യ സ്ഥാനത്ത് എത്തിയ സമയത്ത് ഒരു സംഘം അമേരിക്കൻ ഗവേഷകർ നദിയോരത്ത് ക്യാംപ് ചെയ്തിരുന്നു. ആമസോൺ കാടിനുള്ളിൽ മണ്ണു ഖനനം ചെയ്ത് ഇന്ധന നിക്ഷേപം കണ്ടെത്താമെന്നുള്ള പ്രതീക്ഷയോടെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയതാണ് അവർ. ഗവേഷകരുമായി വീലർ സൗഹൃദം സ്ഥാപിച്ചു. അവരോട് തന്റെ ലക്ഷ്യം വിശദീകരിച്ചു. ഗവേഷകർ ആദ്യമായാണ് ആമസോണിൽ വരുന്നത്. കാട്ടുവാസികളെപ്പറ്റി അവർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. ഈ സമയത്ത് അവരുടെ ഹെലികോപ്റ്ററിന്റെ പൈലറ്റ് കടന്നു വന്നു. ടോണി സ്റ്റുവർട്ട് – അയാൾ സ്വയം പരിചയപ്പെടുത്തി.

‘‘കാടിനു മുകളിലൂടെ പറക്കുന്നതിനിടെ ഒരു കുടിൽ ഞാൻ കണ്ടിട്ടുണ്ട് ’’ – ടോണി പറഞ്ഞു. കുടിലിന്റെയടുത്ത് കൃഷിയുണ്ട്. രണ്ടു മൂന്നു തവണ ഹെലികോപ്റ്റർ വട്ടം കറക്കിയപ്പോൾ കുടിലിനുള്ളിൽ നിന്ന് ഒരാൾ പുറത്തു വന്നു. ഞാൻ കൈവീശി കാണിച്ചു. അയാൾ പ്രതികരിച്ചില്ല. പിന്നീട് രണ്ടു മൂന്നു തവണ അതേ റൂട്ടിൽ സഞ്ചരിച്ചു. അപ്പോഴെല്ലാം ആ മനുഷ്യനു നേരേ ഞാൻ കൈവീശി കാണിച്ചു. നാലാമത്തെ തവണ അതുവഴി പോയ സമയത്ത് ഞാൻ അയാളെ നോക്കി ചിരിച്ചു. എന്നെ നോക്കി അയാളും ചിരിച്ചു.’’

a4

ടോണിയുടെ വാക്കുകളിൽ വീലർ പ്രതീക്ഷയർപ്പിച്ചു. എങ്ങനെയെങ്കിലും അവിടെ എത്തിച്ചു തരണമെന്ന് ടോണിയോട് വീലർ അഭ്യർഥിച്ചു. ‘‘കഴിഞ്ഞ മാസം ഇതേ മോഹത്തോടെ ഒരു അമേരിക്കക്കാരൻ അവിടെ പോയിരുന്നു. കാട്ടുവാസികൾ അയാളുടെ തല തല്ലിപ്പൊളിച്ചു. ജീവൻ രക്ഷിക്കാനായതു ഭാഗ്യം.’’ മുൻപുണ്ടായ അനുഭവം ഓർത്തെടുത്ത് ടോണി തന്റെ ഭീതി തുറന്നു പറഞ്ഞു.

വീലർ നിരാശപ്പെട്ടില്ല. ബാഗ് തുറന്ന് രണ്ടു കുപ്പി ബീയർ ടോണിക്കു നേരേ നീട്ടി. സ്വർഗം കിട്ടിയ പോലെ ടോണി പുഞ്ചിരിച്ചു. ‘‘കാട്ടിലെത്തിയിട്ട് രണ്ടാഴ്ചയായി. റൊട്ടി മാത്രമാണു ഭക്ഷണം’’ – അയാൾ ബീയർ ബോട്ടിലിൽ ചുംബിച്ചു. രണ്ടാമത്തെ ബീയർ അകത്താക്കിയ ശേഷം ടോണി ചാടിയെഴുന്നേറ്റു – ‘‘വരൂ, നമുക്കു കാട്ടുവാസികളെ കാണാൻ പോകാം.’’ വീലർ സന്തോഷത്തോടെ അയാളെ കെട്ടിപ്പിടിച്ചു. പിസ്റ്റൾ പോക്കറ്റിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ടോണിയോടൊപ്പം ഹെലികോപ്റ്ററിൽ കയറി.

അവർ പാവങ്ങൾ

ടോണി വളരെ താഴ്ത്തിയാണ് ഹെലികോപ്റ്റർ പറപ്പിച്ചത്. പച്ച നിറമുള്ള കടൽ പോലെ മരങ്ങളുടെ നിര. വളഞ്ഞു പുളഞ്ഞൊഴുകുന്ന ആമസോൺ നദി. അതിനു മുകളിലൂടെ പറന്ന് തുറസ്സായ സ്ഥലത്ത് ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. ഏറെ അകലെയല്ലാതെ കുടിൽ കാണാം. മരത്തിന്റെ തൊലി ചതച്ചു പരത്തിയാണ് പുര മേഞ്ഞിട്ടുള്ളത്. ചുറ്റിനും ഇലകൾ കെട്ടി മറച്ചിരിക്കുന്നു. ഞങ്ങൾ കുറച്ചു നേരം ഹെലികോപ്റ്ററിനടുത്തു തന്നെ നിന്നു. കൂരയുടെ സമീപത്ത് ആളനക്കം കാണാതായപ്പോൾ പതുക്കെ മുന്നോട്ടു നീങ്ങി. പൊടുന്നനെ കൂരയുടെ ഉള്ളിൽ നിന്നു രണ്ടുമൂന്ന് ആണുങ്ങളും നാലഞ്ചു പെണ്ണുങ്ങളും ഇറങ്ങി വന്നു. ആരും നാണം മറച്ചിട്ടില്ല. അതിനെ കുറിച്ച് യാതൊരു വേവലാതിയുമില്ലാതെ ‘പിറന്ന പടി’ അവർ കൂരയുടെ മുറ്റത്ത് നിലയുറപ്പിച്ചു. രണ്ടു സ്ത്രീകൾ കുഞ്ഞുങ്ങളെ മാറോടു ചേർത്തു പിടിച്ചിട്ടുണ്ട്. അവരെ നോക്കി ടോണി പരിചയ ഭാവത്തിൽ പുഞ്ചിരിച്ചു. കഴിവിന്റെ പരമാവധി വലുപ്പത്തിൽ ഞാനും ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി. ചിരിക്കുന്നതിനിടയിലും ടോണിയുടെ ശരീരം വിറയ്ക്കുന്നത് എനിക്കു കാണാമായിരുന്നു. ഏകദേശം പതിനഞ്ചു മിനിറ്റു നേരം ഒരേ അകലത്തിൽ നിന്ന് ഞങ്ങൾ ഈ ‘കലാപരിപാടി’ തുടർന്നു. അവരുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. വളരെ ശ്രദ്ധയോടെ ഞങ്ങൾ കുടിലിനടുത്തേക്കു ചുവടുവച്ചു.

അന്യഗ്രഹ ജീവികളെ കണ്ടതു പോലെ അവർ ഞങ്ങളെ നോക്കി. എന്റെ വസ്ത്രത്തിലും ക്യാമറയിലുമാണ് പെണ്ണുങ്ങളുടെ ശ്രദ്ധ. പുരുഷന്മാരുടെ നോട്ടം ടോണിയുടെ കയ്യിലുണ്ടായിരുന്ന കോടാലിയിലാണ്. ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പു തോന്നിയപ്പോൾ ഞാൻ ക്യാമറ ക്ലിക്ക് ചെയ്തു. ശിലായുഗത്തിലെ മനുഷ്യരുടെ രൂപം. കല്ലു കോർത്ത് കമ്മലണിഞ്ഞിട്ടുണ്ട്. നെഞ്ചിനു കുറുകെ ചുറ്റിയ മരത്തോലിലാണ് കുഞ്ഞിനെ കിടത്തിയിട്ടുള്ളത്.

കോടാലിയും നാലഞ്ചു തീപ്പെട്ടിയും ഒരു കയറും ഞങ്ങൾ അവർക്കു നൽകി. സന്തോഷം പ്രകടിപ്പിച്ച് ആ സ്ത്രീ മരവുരി നീക്കി കുഞ്ഞിന്റെ മുഖം കാണിച്ചു തന്നു. ഞങ്ങൾ എത്തിയിട്ട് ഏകദേശം ഒരു മണിക്കൂർ തികയുന്നു. അവരുടെ കൂട്ടത്തിലെ പുരുഷന്മാർ‌ അത്രയും നേരം യാതൊരു ഭാവഭേദവുമില്ലാതെ നിൽക്കുകയാണ്. ഞാൻ ടോണിയെ നോക്കി. കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു. ടോണിക്ക് കാര്യം പിടികിട്ടി. സെക്കൻഡുകൾക്കുള്ളിൽ ഞങ്ങൾ ഹെലികോപ്റ്ററിൽ കയറി. അതിനു ശേഷം ഞാൻ അവർക്കു നേരേ കൈവീശി. മാറത്തു കുഞ്ഞുണ്ടെന്നുള്ള കാര്യം മറന്ന് അവർ രണ്ടു കൈകളും ഉയർത്തി കാണിച്ചു.

ഔക ഗോത്രം

a5

ആമസോൺ വനത്തിനുള്ളിൽ ഇക്വഡോർ മഴക്കാടുകളിൽ വസിക്കുന്ന ആദിമ ഗോത്രവാസികളാണ് ഔക. ആമസോൺ കാടുകളിലെ ആയിരം മൈൽ വനം അവരുടെ ‘അധികാരത്തിൽ’ ആണെന്ന് വീലർ പറയുന്നു. ഔക ഗോത്രത്തെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡോ. ജാക് വീലറാണ്. ഔക ഗോത്രവാസികളുടെ ഫോട്ടോ അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. (Photo Credit: Dr. Jack Wheeler) ഡോ. വീലർക്ക് 76 വയസ്സായി. പതിനാറാം വയസ്സിലാണ് വീലർ സാഹസിക യാത്ര നടത്തിയത്. വീലറിനു ശേഷം മറ്റാരും ‘ഔക’കളെ സന്ദർശിച്ചിട്ടില്ല. പൈലറ്റ് ടോണി സ്റ്റുവർട്ട് അഞ്ചു വർഷം മുൻപ് മരിച്ചു.

a6

വീലർ ഇപ്പോഴും യാത്ര അവസാനിപ്പിച്ചിട്ടില്ല. ഭൂമിയിൽ അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് ‘എക്സ്പെഡിഷൻ’ ട്രിപ്പുകൾ തുടരുന്നു. യാത്രാ വിവരങ്ങൾ അദ്ദേഹം www.wheelerexpeditions.com അപ്ലോഡ് ചെയ്യുന്നുണ്ട്. ‘‘മനുഷ്യ സമൂഹവുമായി ബന്ധമില്ലാത്ത ഒരു ഗോത്രം കൂടി ഭൂമിയിലുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിനു നടുവിൽ ആൻഡമാൻ ദ്വീപുകളിലെ നോർത്ത് സെന്റിനൽ ഐലൻഡിൽ. ’’ ഇനിയുമൊരു അങ്കത്തിന് തയാറെന്നു വ്യക്തമാക്കിക്കൊണ്ട് വീലർ കുറിച്ചു.