Tuesday 25 February 2020 05:28 PM IST : By റമീസ് മാളിയേക്കൽ

'നല്ല ചിത്രം ലഭിക്കാൻ കഠിനാധ്വാനമല്ലാതെ എളുപ്പവഴികൾ ഒന്നുമില്ല'; പക്ഷികളുടെ ആക്ഷൻ ഷോട്ടുകൾ പകർത്തി ശ്രദ്ധേയനായ റമീസ് മാളിയേക്കൽ അനുഭവം പങ്കുവയ്ക്കുന്നു!

_RAM5672d
ഫൊട്ടോ: റമീസ് മാളിയേക്കൽ

‘പറന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വെള്ളത്തിൽ സഞ്ചരിക്കുന്ന മത്സ്യത്തിന്റെ ഗതി മനസ്സിലാക്കി ഉന്നം തെറ്റാതെ താഴോട്ട് വന്ന് മത്സ്യത്തെ പിടിക്കുന്ന താലിപ്പരുന്തിനെ കണ്ട് പകച്ച് നിന്നിട്ടുണ്ട്. മീനിനെ കൊത്തിയെടുത്ത് പറക്കുന്ന അതിന്റെ ഒരു മനോഹരമായ ഷോട്ടിനായി കാത്തിരുന്ന ദിനങ്ങൾ എണ്ണിത്തീർക്കാൻ കഴിയില്ല.  എനിക്ക് അങ്ങനെ ഒരു ചിത്രം എടുക്കണം എന്ന  ആഗ്രഹവുമായി ക്യാമറ തൂക്കി നടന്നിട്ടൊന്നും കാര്യമില്ല. സമയമാകുമ്പോൾ  പ്രകൃതി തന്നെ നമുക്ക് മുന്നിൽ ആ ചിത്രം കൊണ്ടുവയ്ക്കും.

TERN-10A

ജീവൻ കളയാതെ അത് ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുക എന്നതാണ് ഫൊട്ടോഗ്രഫറുെട ദൗത്യം. എടുത്തതിൽ മിക്ക ചിത്രങ്ങളും എന്നെ തേടി വന്നതാണ്. ഞാൻ തേടി പോയി പകർത്തിയതിനേക്കാൾ ചേല് എന്നെ തേടി വന്ന ചിത്രങ്ങൾക്കുണ്ട്. പകർത്തിയ ചിത്രങ്ങൾ കൂടുതലും പക്ഷികളുടെ ആക്ഷൻ ഷോട്ടുകളാണ്’... യു.എ.ഇയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ റമീസ് മാളിയേക്കൽ തന്റെ ചിത്രങ്ങളും അതിനു പിന്നിലെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

bee-eater-new-2

ചിത്രങ്ങൾ രസകരമായ കഥകളാണ്

ആഗ്രഹമാണ് ഓരോ ചിത്രത്തിനും ജന്മം കൊടുക്കുന്നത്. യു.എ.ഇയിൽ ജോലി ചെയ്യാൻ തുടങ്ങിയതിൽ പിന്നെയാണ് ഫൊട്ടോഗ്രഫിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അന്നും ഇന്നും പ്രിയം പക്ഷികളുടെ ചിത്രങ്ങളെടുക്കാനാണ്. അതിന്റെ കാരണം വർണങ്ങളാണ്. അവയുടെ മിനുസമാർന്ന തൂവലുകളിൽ പ്രകൃതിയൊരുക്കിയ വ്യത്യസ്ത ചായക്കൂട്ടുകൾ വെറുതെ കണ്ടുനിൽക്കാൻ തന്നെ എന്തൊരു രസമാണ്. കേരളത്തിൽ കാണുന്നത്ര പക്ഷിസമ്പത്ത് മരുഭൂമിയിൽ ഇല്ല.

kingfisher-1

നമ്മുടെ നാട്ടിൽ മിക്കയിടങ്ങളിലും കാണുന്ന പക്ഷിയാണ് പൊന്മാൻ അഥവാ മീൻകൊത്തി. ഇതിന്റെ ഒരു നല്ല ചിത്രം എടുക്കാൻ സൂക്ഷ്മതയും ക്ഷമയും കൂടിയേ തീരു. ഈ കിളി പൊതുവെ ചുറ്റുപാടിൽ വളരെയധികം അലേർട്ട് ആയിരിക്കും. പൊന്മാന്റെ ചിത്രം എടുക്കാൻ വേണ്ടി സൂര്യനുദിക്കും മുമ്പേ തുടങ്ങിയ കാത്തിരിപ്പ് അവസാനിക്കുന്നത് സന്ധ്യാസമയത്താണ്.  സ്കോട്‌ലാൻഡ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായ Alan McFadyenആറുവർഷം കാത്തിരുന്നാണ്  മീൻകൊത്തിയുടെ കൊക്ക് വെള്ളത്തിൽ മുട്ടുന്ന പെർഫക്ട് ഷോട്ട് എടുക്കുന്നത്. വൈൽഡ് ലൈഫിൽ ഒരു നല്ല ചിത്രം ലഭിക്കാൻ കഠിനാധ്വാനമല്ലാതെ എളുപ്പവഴികൾ ഒന്നും തന്നെയില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവം പഠിപ്പിക്കുന്നു.

black-swan-1-0542-ab

മൃഗങ്ങളുടെ ചിത്രം എടുക്കുന്നത് കുറവായതിനാൽ തന്നെ എന്റെ ശേഖരത്തിൽ മൂന്നോ നാലോ എണ്ണമേ കാണൂ. അതിലൊന്ന് അറേബ്യൻ ഓറിക്സ് ആണ്. വളവില്ലാതെ നീണ്ടുകുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ ആണിത്. യു.എ.ഇ യുടെ നാഷനൽ മൃഗമാണ് അറേബ്യൻ ഓറിക്സ്. മരുഭൂമിയുടെ പശ്ചാത്തലത്തിൽ സാധാരണയായി എപ്പോഴും കണ്ടുവരുന്ന മാനിന്റെ ചിത്രം എനിക്കു ലഭിക്കുന്നത് മഞ്ഞുവീഴുന്ന ഒരു പ്രഭാതത്തിൽ നല്ല പച്ചപ്പിന്റെ പശ്ചാത്തലത്തിലാണ്. അതുപോലെ ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന ഒരിനം മാൻ വർഗമാണ് അറേബ്യൻ ഗസല്ലേ. മരുഭൂമിയിൽ വച്ച് ഇതിന്റെ ചിത്രം ഒത്തിരി പകർത്തിയിട്ടുണ്ടെങ്കിലും പച്ചപ്പിനിടയിൽ നിന്ന് ഒരു നോട്ടമെറിയുന്ന ഷോട്ട് ആദ്യമായാണ് കിട്ടിയത്. പ്രഭാതത്തിലെ വെളിച്ചവും നേർത്ത മഞ്ഞും ചിത്രത്തെ കൂടുതൽ സുന്ദരമാക്കി. ദുബായിൽ കോൺസർവേഷൻ റിസർവിൽ നിന്നെടുത്ത മുയൽ വർഗത്തിൽപ്പെട്ട ജീവിയാണ് മറ്റൊന്ന്. പെറ്റഗൊണിയൻ മാര എന്നാണ് അറിയപ്പെടുന്ന പേര്. നമ്മുടെ സാധാരണ മുയലിനെക്കാളും സാമാന്യം വലുതാണ് ഇവ.  

INDIAN-ROLLER-5WM

ഉയരെ പറക്കുന്ന സ്വപ്നങ്ങൾ

താലിപ്പരുന്ത് മീൻ പിടിക്കുന്ന രംഗം ക്യാമറയിൽ പകർത്തുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ശരീരത്തിന്റെ പുറംഭാഗത്തിന് കടുംതവിട്ട് നിറവും അടിഭാഗത്ത് വെളുപ്പുനിറവുമാണ് താലിപ്പരുന്തിന്. ഇതിന്റെ കഴുത്തിൽ മാലയിട്ട പോലെ ഒരു തവിട്ട് നിറം ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്. ബലിഷ്ഠമായ കാലുകൾ തൂവലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. അസാമാന്യ നീളമാണ് താലിപ്പരുന്തിന്റെ ചിറകുകൾക്ക്. അതുകൊണ്ടു തന്നെ ഇവ പറക്കുമ്പോൾ ഒരു വൻ പക്ഷിയാണെന്നേ തോന്നൂ. ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ ചിറകിന്റെ നീളം വാലിന്റെ അറ്റം കവിഞ്ഞ് കിടക്കും.

_RAM1080ab

പറന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വെള്ളത്തിൽ പോകുന്ന മീനിന്റെ ഗതി മനസ്സിലാക്കി ഉന്നം തെറ്റാതെ പിടിക്കാനുള്ള ഇവയുടെ അസാമാന്യ കഴിവാണ് ഈ പക്ഷിയെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. മത്സ്യത്തെ കൊത്തിക്കീറി തിന്നുകയാണ് പതിവ്. ഭാരം കൂടിയ മത്സ്യത്തെ താങ്ങി പറക്കാൻ കഴിയാതെ വരുമ്പോൾ ഈ പക്ഷി വെള്ളത്തിൽ മുങ്ങി ചാകാറുമുണ്ട്. മത്സ്യം കൂടാതെ എലി, പല്ലി, തവള തുടങ്ങിയവയും താലിപ്പരുന്ത് ഭക്ഷിക്കുന്നു. വെളുപ്പിന് മൂന്ന് മണി മുതൽ താലിപ്പരുന്ത് ഇരപിടിക്കുന്ന ചിത്രം പകർത്താനുള്ള കാത്തിരിപ്പ് തുടങ്ങിയതാണ്. അത് അവസാനിച്ചത് വൈകിട്ട് മൂന്നുമണിയോടെ. മീനിനെ പിടിച്ച് പറന്നുപോകുന്നതും, വെറുതെ നിലത്തിരിക്കുന്നതും, ചിറക് മണ്ണിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പറന്നുയരുന്നതുമായ മൂന്ന് ചിത്രങ്ങൾ അന്നെനിക്ക് സമ്മാനമായി കിട്ടി. 

grey-heron-3-0987

പ്രിയപ്പെട്ട നിമിഷങ്ങൾ

ദുബായിയിലെ അൽ ഖുദ്ര തടാകത്തിൽ വച്ചാണ് കരി ആളയുടെ ചിത്രം പകർത്തുന്നത്. തടാകത്തിനു മുകളിലൂടെ പറന്നുപോകുന്ന കരി ആളയുടെ പ്രതിബിംബം തടാകത്തിൽ കാണുന്ന ഷോട്ട്, ഒറ്റ നിമിഷം ഒരൊറ്റ ക്ലിക്ക്. എന്റെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ചേർക്കപ്പെട്ടു. ഏതാണ്ട് രണ്ടര മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ആ പക്ഷി എന്റെ ഫ്രെയിമിലേക്ക് വിരുന്നെത്തിയത്. ചിറക് വെള്ളത്തിൽ കുത്തുന്ന പെർഫെക്ട് ഷോട്ടാണത്.

white-swan-1aa

ഫോട്ടോ എടുക്കാൻ ഏറെ ഇഷ്ടമുള്ള കുറേ കിളികളുണ്ട്. അതിലൊന്നാണ് പനങ്കാക്ക. അവ ചിറകുവിരിച്ച് കാണാൻ നല്ല ഭംഗിയാണ്.റാസ് അൽഖൈമയിലെ ഒരു ഫാമിൽ വച്ചാണ് പെപ്പിൻ മുകളിൽ നിന്ന് പറന്നുപോകുന്ന പനങ്കാക്കയുടെ ചിത്രം പകർത്തുന്നത്. ഈ പക്ഷിയുടെ നിരവധി ചിത്രങ്ങൾ എന്റെ ശേഖരത്തിലുണ്ട്. വരവാലൻ ഗോഡ്‌വിറ്റ്, പട്ടവാലൻ ഗോഡ്‌വിറ്റ് എന്നൊക്കെ പറയുന്ന പക്ഷിയുടെ ചിത്രമെടുക്കുന്നത് അൽ ഖുദ്‌റ തടാകക്കരയിൽ വച്ചാണ്. രണ്ടോ മൂന്നോ സെക്കൻഡ് അതായത് ഞാൻ ഫോട്ടോ എടുക്കുന്ന സമയം വരെ അത് വായുവിൽ തന്നെ നിലകൊണ്ടു. 

DSC_0557a

അൽ ഖുദ്റയുടെ സമ്മാനങ്ങൾ

പക്ഷികളുടെ പ്രധാന കേന്ദ്രമാണ് അൽ ഖുദ്ര തടാകം. എന്റെ ശേഖരത്തിലെ പ്രിയപ്പെട്ട ചിത്രങ്ങളെല്ലാം ഇവിടമാണ് സമ്മാനിച്ചത്. ആദ്യം എടുക്കുന്ന ചിത്രം പവിഴക്കാലിയുടേതാണ്. ഫൊട്ടോഗ്രഫിയിലെ തുടക്കക്കാരനെ സംബന്ധിച്ച് അതൊരു നിധികിട്ടിയ സന്തോഷം സമ്മാനിച്ച ചിത്രമായിരുന്നു. അരയന്നക്കൊക്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ്  വലിയ അരയന്നകൊക്ക് അഥവാ ഗ്രേറ്റർ ഫെമിംഗോ. ചിലർ രാജഹംസം എന്നുവിശേഷിപ്പിക്കാറുണ്ട്. അൽ ഖുദ്റ തടാകത്തിൽ വച്ച് ധാരാളം അരയന്നകൊക്കുകളുടെ ചിത്രമെടുക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇവ പൊതുവെ കൂട്ടമായി ആണ് സഞ്ചാരം. അതിനാൽ ഒറ്റയ്ക്കുള്ള ചിത്രങ്ങൾ ഇവിടെ നിന്നെടുക്കാൻ ബുദ്ധിമുട്ടാണ്.

flamingo-1aa

മണ്ണിൽ കിടന്ന് രാജഹംസം ടേക്ക് ഓഫ് നടത്തുന്ന ചിത്രമാണ് പകർത്തിയതിൽ ഒന്ന്. ഫോർ ഗ്രൗണ്ടിലെ മണ്ണിന്റെ കളറാണ് ചിത്രത്തിലെ മുന്നിൽ കാണുന്നത്. നീലജലാശയത്തിൽ മരങ്ങളുടെ പച്ച പശ്ചാത്തലം ഈ ചിത്രത്തെ വേർത്തിരിക്കുന്നു. മരുഭൂമിയിൽ വച്ചെടുക്കുന്ന ചിത്രങ്ങളിൽ ‘പച്ച’ പശ്ചാത്തലമായി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടാണ്. മഞ്ഞുവീഴുന്ന ഒരു പ്രഭാതത്തിൽ തടാകക്കരയിൽ വച്ച് തന്നെ രാജഹംസം ഇണചേരുന്ന ചിത്രവും പകർത്താൻ സാധിച്ചു.300 mm ലെൻസിൽ എടുത്ത ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് മൂങ്ങയുടേത്. മരുഭൂമിയിലെ മണ്ണിന്റെ നിറം തന്നെയാണ് ഇവിടെ കണ്ടുവരുന്ന ചെറിയ മൂങ്ങകൾക്കും. അതിനാൽ തന്ന ഇവയെ കണ്ടുകിട്ടുക പ്രയാസം. പ്രിയപ്പെട്ട ചിത്രങ്ങളിൽ അതും  ചേർത്തുവയ്ക്കുന്നു.

osprey-process-3a

ഫൊട്ടോഗ്രഫിയിലേക്ക് കാലെടുത്ത് വയ്ക്കുന്നേയുള്ളൂ. ഒരു തുടക്കക്കാരൻ എന്ന നിലയ്ക്കുള്ള പോരായ്മകൾ മിക്ക ചിത്രങ്ങളിലും കാണും. ക്യാമറ കയ്യിലുള്ളപ്പോൾ മുന്നിൽ വരുന്ന കാഴ്ചകളെല്ലാം തന്നെ ഉഗ്രൻ ഷോട്ടുകളാണ്. അത് ചിലപ്പോൾ നല്ല ചിത്രങ്ങളാക്കാനാകും. പക്ഷേ അതിനു ജീവൻ വയ്ക്കണമെങ്കിൽ കാണാനാഗ്രഹിക്കുന്ന പക്ഷികൾ ആഗ്രഹിക്കും വിധം ഫ്രെയിമിലേക്ക് കടന്നുവരണം. പ്രകൃതിയോടിണങ്ങി, പക്ഷികളുടെ നല്ല കൂട്ടുകാരനായാൽ നമ്മൾ ആഗ്രഹിക്കുന്ന ചിത്രം സമ്മാനമായി കിട്ടും. അതാണ് ഇതുവരെയുള്ള അനുഭവം. 

godwit
Tags:
  • Travel Photos
  • Travel Stories
  • Manorama Traveller