Friday 30 April 2021 03:15 PM IST

ഈ സ്ഥലങ്ങളിൽ സെൽഫി നിരോധിച്ചു: സ്ഥലങ്ങളുടെ പട്ടിക പുറത്തു വിട്ടു

Baiju Govind

Sub Editor Manorama Traveller

2-Selfie-Ban

സ്വർഗം താണിറങ്ങി മുന്നിലെത്തിയാൽ പോലും പുറം തിരിഞ്ഞു നിന്നു സെൽഫി എടുത്ത് പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നവരെക്കുറിച്ചു പഠനം നടത്തിയിരിക്കുന്നു അമേരിക്കയിലെ ഒരു സംഘം ഗവേഷകർ. മൊബൈൽ ഫോൺ കമ്പനികൾ ക്യാമറയുടെ പിക്സൽ വർധിപ്പിക്കുന്നതിനു പിന്നിലെ ബിസിനസ് തന്ത്രം ഗവേഷകർ ചൂണ്ടിക്കാട്ടി. ആശയ വിനിമയത്തെക്കാൾ പ്രാധാന്യം മൊബൈൽ ഫോണിലെ ഫ്രണ്ട് ക്യാമറയ്ക്കു ലഭിച്ചതെങ്ങനെ? മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ഗവേഷകർ അന്വേഷിച്ചു. സമൂഹ മാധ്യമങ്ങളിൽ കിട്ടുന്ന പ്രതികരണം, അതിൽ സ്വയം കണ്ടെത്തുന്ന സംതൃപ്തി. ‘ആം ചെയർ ആക്ടിവിസം’ അഥവാ കസേരയിൽ ചാരിയിരുന്നു ‘വാക് പോരും വിപ്ലവ പ്രസംഗങ്ങളും’ നടത്തുന്നവർക്ക് സ്വന്തം ഫോട്ടോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുമത്രേ. കൗതുകത്തോടെ ആരംഭിക്കുന്ന സെൽഫി സ്നേഹം പിന്നീട് വിവേകം നഷ്ടപ്പെടുത്തുമെന്നും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും സൈക്കോളജിസ്റ്റുകൾ പറയുന്നു. സാഹസിക സെൽഫി തിരഞ്ഞു ജീവൻ നഷ്ടപ്പെടുത്തിയവരെയാണ് ഉദാഹഹരണമായി മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിൽ ‘സെൽഫി നിരോധിച്ചിരിക്കുന്നു’ ബോർഡ് സ്ഥാപിക്കാൻ വഴിയൊരുക്കിയത് സെൽഫി ഭ്രമത്തിന്റെ ‘ആഫ്ടർ ഇഫക്ട്’ ആണ്.

ടൂറിസം മേഖലയിൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട സെൽഫി നിരോധന ഉത്തരവ് വിയറ്റ്നാമിലായിരുന്നു. ഹാനോയ് തെരുവിൽ മാർക്കറ്റിലൂടെ സർവീസ് നടത്തുന്ന ട്രെയിനിനു മുന്നിൽ വിനോദസഞ്ചാരികളുടെ സെൽഫി പിടുത്തം പതിവായി തടസ്സം സൃഷ്ടിച്ചു. ഇതു പതിവായപ്പോൾ ഹാനോയ് സ്ട്രീറ്റിൽ സെൽഫി നിരോധിച്ചു. സൗദി അറേബ്യയിലെ മക്ക, റോം, ഐസ്‌ലാൻഡ്, സ്പെയിൻ, കലിഫോർണിയ എന്നിവിടങ്ങൾ നേരത്തേ തന്നെ സെൽഫി നിരോധിച്ചിരുന്നു.

അതേസമയം, ലോകത്ത് ഏറ്റവുമധികം സെൽഫി അനുബന്ധ അപകടങ്ങൾ സംഭവിച്ച രാജ്യം ഇന്ത്യയാണ്. ലോകാദ്ഭുതങ്ങളുടെ പട്ടിക അലങ്കരിക്കുന്ന താജ്മഹലിന്റെ റോയൽ ഗെയിറ്റിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച ജപ്പാൻ സ്വദേശി വീണു മരിച്ചു. ജമ്മുകശ്മീരിലെ കോട്ടയുടെ മുകളിൽ കയറി മൊബൈൽ ക്യാമറയുമായി നിലയുറപ്പിച്ച ഇരുപതു വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടു. മുംബൈ ബാന്ദ്ര ബസ് സ്റ്റാൻഡ്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ സാഹസിക സെൽഫിയെടുക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടു. ഈ സ്ഥലങ്ങളെല്ലാം ഇപ്പോൾ ‘Selfy Banned Area’ ആണ്. ഇല്ലിക്കൽ കല്ല്, കക്കാടംപൊയിൽ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ടവർ കേരളത്തിന്റെ സെൽഫി ദുരന്തങ്ങൾ.

1-Selfie-Ban

എന്തു കണ്ടാലും പുറം തിരിഞ്ഞു ക്യാമറയിൽ മുഖം പതിപ്പിക്കുന്നവർ വിനോദസഞ്ചാരികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതു ചൂണ്ടിക്കാട്ടുന്നു ബാലിയിലെ പുഹുർ ലുഹുർ ക്ഷേത്രം. ബാലിയിലെ ഹിന്ദുക്കളുടെ ആരാധനാ മൂർത്തി പദ്മാസന ലിംഗിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണു ബുദ്ധുക്കാരു. ശിലയ്ക്കു മുകളിലൂടെ സിംഹാസന രൂപമാണ് ഇവിടെ പ്രതിഷ്ഠ. വിനോദസഞ്ചാരിയുടെ വീസയിൽ എത്തിയ യുവതി ശിലയ്ക്കു മുകളിൽ കയറി സെൽഫിയെടുത്തു. ബിക്കിനി ധരിച്ചെത്തിയ മറ്റൊരു ചെറുപ്പക്കാരി വിഗ്രഹത്തിനു മുന്നിൽ യോഗാസനം ചെയ്യുന്ന പോസിൽ ഫോട്ടോയെടുത്തു. ഇതു രണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ബാലിയിൽ പ്രതിഷേധം ശക്തമായി. പദ്മാസന ക്ഷേത്രത്തിലും പരിസരത്തും സെൽഫി നിരോധിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി.

ഉത്തരാഖണ്ഡിൽ ലക്ഷണക്കണക്കിന് സന്യാസികൾ പങ്കെടുക്കുന്ന കുഭമേളയിലും അപകട സാധ്യത പരിഗണിച്ച് സെൽഫി നിരോധിച്ചു. മുസ്‌ലിംകൾ വിശുദ്ധഭൂമിയായി കരുതുന്ന സൗദി അറേബ്യയിലെ മക്കയിൽ തീർഥാടകർ സെൽഫി എടുക്കുന്നതു മതചടങ്ങുകൾ തടസ്സപ്പെടുത്തിയതോടെ സൗദി ഭരണകൂടം അവിടെ സെൽഫി നിരോധിച്ചു.

സന്ദർശിക്കുന്ന സ്ഥലത്തിന്റെ പ്രാധാന്യവും സവിശേഷതയും മനസ്സിലാക്കാതെ സ്വന്തം ചിത്രം പകർത്താൻ ശ്രമിച്ചവരാണു ലോക പ്രശസ്തമായ സ്ഥലങ്ങളിൽ ക്യാമറയുമായി പ്രവേശനം പോലും നിരോധിക്കാൻ കാരണക്കാരായത്.

സെൽഫി നിരോധിച്ച മറ്റു സ്ഥലങ്ങൾ : സിംഹങ്ങളെ പരിപാലിക്കുന്ന ജൊഹനാസ്ബർഗ് ലയൺസ് പാർക്ക് (ദക്ഷിണാഫ്രിക്ക), കരടികളെ സംരക്ഷിക്കുന്ന ലേക് തഹോ (അമേരിക്ക), ഡോൾഫിനുകൾ നീന്തുന്ന സാൻ ബർണാഡോ കടൽത്തീരം (അർജന്റീന), കൂട്ടക്കുരുതിയുടെ കേന്ദ്രമായ ഓഷ്‍വിറ്റ്സ് (പോളണ്ട്).

Tags:
  • Manorama Traveller