ലോകത്ത് ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രം ഏതെന്ന് ഇനി ആരെങ്കിലും ചോദിച്ചാൽ ലണ്ടൻ എന്നു മറുപടി പറയരുത്. ലണ്ടൻ നഗരം ശിരസ്സിൽ അണിഞ്ഞിരുന്ന പ്രശസ്തിയെ മറികടന്നിരിക്കുന്നു ഇന്തൊനീഷ്യയിലെ ബാലി. ട്രിപ് അഡ്വൈസർ നൽകുന്ന ‘ട്രാവലേഴ്സ് ചോയ്സ് അവാർഡ് ’ ബാലി നഗരത്തിനു സ്വന്തം. പുതു വർഷത്തിൽ സന്ദർശിക്കാവുന്ന ലോകത്തെ ഏറ്റവും മികച്ച നഗരത്തിനു ട്രിപ് അഡ്വൈസർ നൽകുന്ന അംഗീകാരമാണു ട്രാവലേഴ്സ് ചോയ്സ് അവാർഡ്. രാജ്യാന്തര പുരസ്കാരം 2021ൽ ബാലിയിൽ വിനോദസഞ്ചാരത്തിനു ശക്തി പകരും.
എമേർജിങ് ഡെസ്റ്റിനേഷൻ, ട്രെൻഡിങ് വിഭാഗങ്ങളിൽ അമേരിക്ക, മെക്സിക്കോ, യൂറോപ്പ് എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി, ഉദയ്പുർ എന്നീ സ്ഥലങ്ങളും പട്ടികയിലുണ്ട്. മോസ്റ്റ് പോപ്പുലർ ഡെസ്റ്റിനേഷൻ വിഭാഗത്തിൽ പതിനഞ്ചാം സ്ഥാനത്താണ് ന്യൂഡൽഹി. ട്രെൻഡിങ് ഡെസ്റ്റിനേഷനിൽ ഉദയ്പൂരിന് പന്ത്രണ്ടാം സ്ഥാനം. ഇതേ വിഭാഗത്തിൽ ഇരുപത്തിമൂന്നാം സ്ഥാനത്തും ഡൽഹിയാണ്. പോപ്പുലർ നാഷനൽ പാർക്കുകളിൽ പതിമൂന്നാമതാണ് മധ്യപ്രദേശിലെ ബാന്ദവ്ഗഡ് നാഷനൽ പാർക്ക്.
2020ൽ യാത്രാ നിയന്ത്രണം ഇല്ലാതിരുന്ന ദിവസങ്ങളിൽ സഞ്ചാരികൾ എത്തിയ സ്ഥലങ്ങൾ നോക്കിയാണ് ഗ്രേഡിങ് നടത്തിയത്. മഹാമാരിയെ തുടർന്നു പുറത്തിറങ്ങാൻ പറ്റാതായപ്പോഴും സുരക്ഷിതമായ സ്ഥലമെന്ന് സഞ്ചാരികൾ വിശ്വസിച്ചതു ബാലി നഗരത്തെയാണെന്ന് അവാർഡ് സമിതി വിലയിരുത്തി. 2020ൽ സഞ്ചാരികളുടെ അന്വേഷണത്തിന്റെ കണക്കെടുത്തപ്പോൾ ദേശീയോദ്യാനങ്ങൾ ഒന്നാം നിരയിൽ എത്തി. യൂറോപ്പിലെ യോർക്‌ഷയർ ഡേൽസ് നാഷനൽ പാർക്ക് യൂറോപ്പിലെ നമ്പർ വൺ ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടു.
ടാൻസാനിയയിലെ സെരൻഗെറ്റി, അമേരിക്കയിലെ ഗ്രാൻഡ് ടെറ്റോൺ നാഷനൽ പാർക്ക് എന്നിവയാണ് രണ്ടും മൂന്നു സ്ഥാനത്ത്. എമേർജിങ് ഡെസ്റ്റിനേഷനായി യുകെയിലെ കോൺവാൽസ് സെന്റ് ഈവ്സ് തിരഞ്ഞെടുക്കപ്പെട്ടു. കരീബിയൻ ദ്വീപിലെ മാർടിനിക്, ഫ്ളോറിഡയിലെ പനാമ സിറ്റി, ബ്രസീലിലെ അർമകാവോ ദോസ് ബുസിയോസ് എന്നീ സ്ഥലങ്ങളാണ് ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്.