അധോലോക നായകന്മാരുടെ കഥ പറയുന്ന സിനിമകളിൽ കൂടിക്കാഴ്ചാ രംഗം മിക്കപ്പോഴും കടലിനു നടുവിലായിരിക്കും. ഹെലികോപ്റ്ററിൽ പറന്നു വന്നു കപ്പലിന്റെ ഹെലിപാഡിൽ ഇറങ്ങുന്ന ഗാങ്സ്റ്റർ കഥാപാത്രങ്ങൾ ഹോളിവുഡിലും ബോളിവുഡിലും ഒട്ടേറെയുണ്ട്. സിനിമാ കഥകളിൽ ജലയാനങ്ങളിൽ ‘മീറ്റിങ് ഫിക്സ് ’ ചെയ്യുന്ന മറ്റൊരു വിഭാഗം രാജ്യാന്തര കോർപറേറ്റുകളാണ്. വെള്ളിത്തിരയിൽ കാണികളെ ഭ്രമിപ്പിക്കുന്ന അത്തരം ആഡംബരം കഥകളിൽ മാത്രമല്ലെന്നു തെളിയിക്കുന്നു പുത്തൻ യോട്ട്.
പതിനാലു പേർക്കു യാത്ര ചെയ്യാവുന്ന ആഡംബര യോട്ട് ഡിസൈൻ ചെയ്തിട്ടുള്ളതു കപ്പലിന്റെ മാതൃകയിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേതു പോലെ ലോഞ്ച് റൂം, ആഡംബരങ്ങളുള്ള കിടപ്പുമുറി, നടക്കുമ്പോഴും കിടക്കുമ്പോഴും അതിഥികൾക്കു കടൽ കാണാവുന്ന ചില്ലു ജാലകങ്ങൾ, രണ്ടു സ്വിമ്മിങ് പൂൾ, ഐമാക്സ് തിയറ്റർ, ആക്രമണം ഉണ്ടായാൽ സുരക്ഷിതമായി ഒളിക്കാൻ മിലിറ്ററി സന്നാഹങ്ങളുള്ള മുറി, അടിയന്തര ഘട്ടങ്ങളിൽ പറക്കാൻ ഹെലികോപ്റ്റർ, റസ്ക്യൂ ബോട്ട്, എക്സ്പെഡിഷൻ റിബ്...
സമ്പന്നർക്കു തിരഞ്ഞെടുക്കാവുന്ന ‘കോട്ട’യെന്നാണ് അൾട്രാ 2 യോട്ടിന്റെ ഡിസൈൻ തയാറാക്കിയ ടി. ഫോടിയാഡിസ് വിശേഷിപ്പിക്കുന്നത്. ജർമനിയിലെ യോട്ട് നിർമാണ രംഗത്തു പ്രശസ്തരാണു ബർലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫോടിയാഡിസ്. 311 അടിയാണ് യോട്ടിന്റെ നീളം. ഇന്റീരിയറിന്റെ പ്രവർത്തന ഊർജം ബാറ്ററിയാണ്. ഇന്ധനം ഡീസൽ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ ഘടിപ്പിച്ചിട്ടുണ്ട്. വാതിലിന്റെ പിടി മുതൽ മുറിയുടെ പടി വരെ ചെലവേറിയ മെറ്റീരിയൽ ഉഫയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. സർവസന്നാഹങ്ങളുമായി യോട്ട് പ്രവർത്തിപ്പിക്കാൻ ഇരുപത്താറു ജോലിക്കാർ വേണം. സമുദ്ര ജീവികൾക്കു ഉപദ്രവം ഏൽപ്പിക്കാതെ ഇക്കോ ഫ്രണ്ട്‌ലിയാണു യോട്ടെന്നു കമ്പനിയുടെ വിശദീകരണം.
സമ്പന്നർക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റിയ സുരക്ഷിതമായ ഇടമാണ് അൾട്രാ 2. ‘ഷില്ലൗട്ട് ’ ദൃശ്യചാരുതയിൽ കാഴ്ച ആസ്വദിക്കാവുന്ന ഗ്ലാസാണ് ജനാലയിൽ ഉപയോഗിച്ചിട്ടുള്ളത്. യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിഡിപി മറൈനാണ് സുരക്ഷാ മുറി ഒരുക്കിയിട്ടുള്ളത്. ഏതു തരത്തിലുള്ള ആക്രമണങ്ങളേയും നേരിടാൻ ശേഷിയുള്ള മുറിക്ക് ‘സെക്യുർ കോർ’ എന്നാണു പിഡിപി കമ്പനിയുടെ വിശേഷണം. കടൽക്കൊള്ളക്കാരിൽ നിന്നു യോട്ടിനെ രക്ഷിക്കാനാണ് ഇങ്ങനെയൊരു മുറിയെന്നു നിർമാതാക്കളുടെ വിശദീകരണം. യുകെ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ യോട്ട് വാങ്ങുന്നതിനായി കമ്പനിയെ സമീപിച്ചു. വില പതിനെട്ടു കോടി രൂപ.