ഉത്തരേന്ത്യയിലേക്ക് പുറപ്പെടുന്ന വിനോദസഞ്ചാരികൾ യാത്ര നീട്ടിവയ്ക്കുക. മഞ്ഞുവീഴ്ച ശക്തമായതിനെ തുടർന്നു ഉത്തരാഖണ്ഡിലെ ചമോലിയിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പാലങ്ങൾ തകർന്നതിനാൽ ഗതാഗതം നിലച്ചു. ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുള്ള റെനി ഗ്രാമത്തിന്റെ ഒരുഭാഗം ഒലിച്ചു പോയി. തെളിഞ്ഞ പ്രഭാതത്തിലായിരുന്നു സ്ഫോടനം. മഞ്ഞുപാളികൾ ഇടിഞ്ഞിറങ്ങി. അളകനന്ദ നദി കരകവിഞ്ഞു. കുത്തൊഴുക്കിൽ ഒരു ഗ്രാമം ഒലിച്ചു പോയി. പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങൾ തകർന്നു. റെനി ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു. ശ്രീനഗർ, ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യത. ധൗലിഗംഗ നദിയിൽ ജലനിരപ്പ് അപായ മുന്നറിയിപ്പിനടുത്ത് എത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഉത്തരാഖണ്ഡിൽ വിനോദസഞ്ചാരം നിരോധിച്ചു. കാലാവസ്ഥ ശാന്തമാകുന്നതു വരെ ഉത്തരാഖണ്ഡ് സന്ദർശനം അപകടകരമെന്ന് വിനോദസഞ്ചാര വകുപ്പ് മുന്നറിയിപ്പു നൽകി.
ബദ്രിനാഥ്, തുംഗനാഥ്, ഗോപിനാഥ് ക്ഷേത്രം, വാലി ഓഫ് ഫ്ളവേഴ്സ് തുടങ്ങി ഉത്തരേന്ത്യ സന്ദർശകരുടെ ലിസ്റ്റിൽ ഇടം നേടിയ പ്രധാനപ്പെട്ട സ്ഥലങ്ങൾ ചമോലിയിലാണ്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ പ്രദേശമാണ് സെൻട്രൽ ഹിമാലയൻ റീജനിലെ ചമോലി. ഉത്തരകാശി, രുദ്രപ്രയാഗ, തെഹരി ഗഡ്‌വാൾ എന്നിങ്ങനെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങൾ ചമോലിയുടെ സമീപ പ്രദേശങ്ങളാണ്. അളങ്കനന്ദ നദിയുടെ സാമീപ്യമാണു ചമോലിയുടെ സൗന്ദര്യം. അതേ അളകനന്ദയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇപ്പോൾ നാശനഷ്ടങ്ങളുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞത്. ഉരുൾപൊട്ടലിനു സമാനമായ സ്ഫോടനത്തെ തുടർന്നാണ് മഞ്ഞിടിച്ചിൽ. ചമോലിയിലെ റെനിയിൽ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ അണക്കെട്ട് ഒലിച്ചു. നൂറ്റൻപതു തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്. മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായവർക്കായി തിരച്ചിൽ ഊർജിതമെന്നു ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേനയും ഇന്തോ – ടിബറ്റൻ പൊലീസും അറിയിച്ചു.
തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി പൂർണമായും ഇല്ലാതായെന്ന് ഇന്ത്യൻ വ്യോമസേന പുറത്തു വിട്ട ചിത്രങ്ങളിൽ വ്യക്തം. അണക്കെട്ട് പൂർണമായും തകർന്നു. ഡെറാഡൂണിൽനിന്ന് 280 കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ജലവൈദ്യുത പദ്ധതി. ധൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലമാണിത്.
തെളിഞ്ഞ ആകാശവും ശക്തമായ സൂര്യപ്രകാശവുമുള്ളപ്പോൾ മഞ്ഞുമലയുടെ അടിവാരത്തിനു ബലം കുറയും. മുകളിൽ ഭാരം കനക്കുമ്പോൾ അടിവശത്തു മണ്ണും കല്ലും ചിതറും. മഞ്ഞുമലയുടെ അടിത്തട്ടു ദുർബലമാകും. ഈ സാഹചര്യത്തിൽ മഞ്ഞു മലയിൽ വിള്ളലുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ പുതുമഞ്ഞു പെയ്തിരുന്നു. ഇതു മഞ്ഞുമലകളിൽ മഞ്ഞിന്റെ അളവ് വർധിപ്പിച്ചു. അതിനെ തുടർന്നാണ് മഞ്ഞിടിച്ചിൽ ഉണ്ടായത് – ഡിആർഡിഒയുടെ സ്നോ ആൻഡ് അവലാഞ്ച് റിസർച് ലാബ് വിശദീകരിച്ചു.
കേദാർനാഥ് തീർഥാടന പാതയിൽ 2013ൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ ഹിമാലയ മല നിരയിൽ ഒരു വനപ്രദേശം പൂർണമായും ഒലിച്ചു പോയി. കേദാർനാദിൽ ചോരാബരി തടാകത്തിലാണ് അന്നു സ്ഫോടനവും മഞ്ഞിടിച്ചിലും ഉണ്ടായത്. ഗ്രാമങ്ങളിലെ കൃഷിസ്ഥലം പൂർണമായും ഇല്ലാതായി. വളർത്തു മൃഗങ്ങൾ ഒലിച്ചു പോയി. സമാനമായ ദുരന്തമാണ് റെനി ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്. മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട തടാകം പൊട്ടിയതാണ് മഞ്ഞിടിച്ചിലിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇവിടെ താപനില മൈനസ് 20 ഡിഗ്രിയാണ്.