Tuesday 03 November 2020 12:52 PM IST : By സ്വന്തം ലേഖകൻ

കുമരകത്തിന് പിറകേ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടി വൈക്കം

vai 5

ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പർ (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം) വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വൈക്കം ഗ്രാമം ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടി. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ഇതിന്റെ പ്രഖ്യാപനം നടത്തി.തദ്ദേശീയരായ ജനങ്ങൾക്ക് ടൂറിസം വികസന പ്രവർത്തനങ്ങളിൽ പങ്കെടുക്കാവുന്ന രീതിയില്‍ ഉത്തരവാദിത്വ ടൂറിസം മിഷൻ 2017 ൽ ആരംഭിച്ച പദ്ധതിയാണ് പെപ്പർ ടൂറിസം. പദ്ധതി ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. ഉത്തരവാദിത്വ ടൂറിസം അന്താരാഷ്ട്ര സ്ഥാപകനായ ഡോ. ഹരോൾഡ് ഗുഡ്വിൻ വൈക്കം സന്ദർശിക്കുകയും പെപ്പർ പദ്ധതിയെകുറിച്ച് പഠിച്ച് ജനപങ്കാളിത്ത ടൂറിസം വികസനത്തിലെ ലോക മാതൃകയായി വൈക്കത്തെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 168 ടൂർ ഓപറേറ്റർമാർ വൈക്കം സന്ദർശിക്കുകയും അവരുടെ ടൂർ പാക്കേജുകളിൽ വൈക്കത്തെ ഉൾപ്പെടുത്തുകയും ചെയ്തു.

vai 2

വൈക്കം ടൂറിസം പാക്കേജ്

vai 3

പാക്കേജായാണ് സഞ്ചാരികൾക്ക് വൈക്കം ചുറ്റിക്കാണാൻ അവസരമൊരുക്കിയിരിക്കുന്നത്. സഞ്ചാരികളുടെ ആവശ്യത്തിന് അനുസരിച്ചാണ് വാഹനങ്ങളുടെയും വള്ളത്തിന്റെയും ക്രമീകരണം. ഇതിനായി കുമരകം കവണാറ്റിൻകരയിലെ ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഫീസുമായി ബന്ധപ്പെടാം. വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ കേന്ദ്രം, ബോട്ടുജെട്ടി, വൈക്കം നഗരസഭ, ഖാദി കൈത്തറി സൊസൈറ്റി, കള്ളുചെത്തൽ, ഇടത്തോടുകളിലൂടെയുള്ള ബോട്ടുയാത്ര, നാടൻ ഭക്ഷണം എന്നിങ്ങനെയാണ് സഞ്ചാരികൾക്കായുള്ള വൈക്കം ടൂറിസം പാക്കേജ്.

vai 4
vai 1

ചെമ്പ്, വെള്ളൂർ, മറവൻതുരുത്ത്, ടി.വി പുരം, തലയാഴം,കല്ലറ, വെച്ചൂർ, ഉദയനാപുരം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായാണ് പെപ്പർ പദ്ധതി നടപ്പാക്കിയത്.