Saturday 14 December 2019 03:00 PM IST

കെട്ടുതാലി വിറ്റ് യാത്ര തുടങ്ങി; വിജയേട്ടനും മോഹന ചേച്ചിയും ചായക്കട നടത്തി സന്ദർശിച്ചത് പത്തിലേറെ രാജ്യങ്ങൾ

Baiju Govind

Sub Editor Manorama Traveller

Vijayan-2 ഫോട്ടോസ്: സരിൻ രാംദാസ്

ഇക്കാലത്തിനിടെ കണ്ടവരിൽ ഏറ്റവുമധികം ബഹുമാനം തോന്നിയ സഞ്ചാരികളാണ് വിജയേട്ടനും മോഹനച്ചേച്ചിയും. ഈ ദമ്പതികളുടെ ലോകസഞ്ചാരത്തെക്കുറിച്ച് പല മാധ്യമങ്ങളിലായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ മനസ്സിൽ കൊളുത്തിയ കാഴ്ചകൾ എഴുതുമ്പോൾ അവരെക്കുറിച്ച് പറയാതിരിക്കുന്നത് നീതികേടാണ്. ഒരു ചായയ്ക്ക് രണ്ടു വർഷം മുമ്പും ഇപ്പോഴും തന്റെ ചായക്കടയിൽ അഞ്ചു രൂപയേ വാങ്ങാറുള്ളൂവെന്ന് വിജയേട്ടൻ പറഞ്ഞത് ഓർക്കുന്നു. ഉഴുന്നു മാവിൽ അരി ചേർക്കാതെ വിൽപ്പന നടത്തിയാൽപ്പോലും ആറു രൂപയ്ക്ക് ആ കച്ചവടം മുതലാകുമെന്ന് അദ്ദേഹം കണക്കുകൾ നിരത്തി. ഇങ്ങനെ കിട്ടുന്ന ന്യായമുള്ള ലാഭം സ്വരുക്കൂട്ടി വച്ച് ലോകം മുഴുവൻ യാത്ര ചെയ്യുന്ന വിജയേട്ടനെ യാത്രകളുടെ അംബാസഡറായി വിലയിരുത്തുന്നതിൽ തെറ്റില്ല.

എറണാകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന് ഗാന്ധിനഗർ റോഡിൽ ഇടതു വശത്തേക്കുള്ള ഇടവഴി തിരിഞ്ഞ് കുടുസ്സ് റോഡിലൂടെ കുറച്ചു കൂടി നടക്കണം വിജയേട്ടന്റെ വീട്ടിലേക്ക്. രണ്ടു മുറികളുള്ള വീടിന്റെ കിഴക്കേ ചുമരിൽ തൂക്കിയ വെങ്കടാചലപതിയുടെ വലിയ ചിത്രത്തിനു താഴെ ട്രാവൽ ബാഗ് തുറന്നു കിടപ്പുണ്ടായിരുന്നു. തിരുപ്പതി യാത്രയുടെ ക്ഷീണത്തിൽ കോട്ടുവായിട്ടുകൊണ്ട് ഒറ്റക്കാവിമുണ്ടുടുത്ത് വിജയേട്ടൻ നിലത്തിരുന്നു. എവിടെയോ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നാലഞ്ചു വർഷം മുമ്പ് ചായക്കടയിൽ വച്ച് പരിചയപ്പെട്ടകാര്യം ഓർമിപ്പിച്ചു. അതോടെ എത്രയോ കാലമായി അടുപ്പമുള്ള ഒരാളോടെന്നപോലെ വിജയേട്ടൻ ഓരോരോ കാര്യങ്ങൾ പറഞ്ഞു. തിരുപ്പതി വെങ്കടാചലപതിയും ചുറ്റും നിരന്ന ദൈവങ്ങളുടെ പരിവാരവും ഞാനും വിജയേട്ടന്റെ ജീവിത കഥ കേട്ടിരുന്നു.

രണ്ടു കൈവണ്ടികളും ഒരു ചായക്കടയുമുള്ള 1950കളിലെ ചേർത്തലയിലാണ് വിജയൻ ജനിച്ചത്. എറണാകുളം കാണുകയെന്നതായിരുന്നു കുട്ടിക്കാലത്ത് വിജയന്റെ സ്വപ്നം. തീവണ്ടിയും വിമാനവും കപ്പലും കാബറേ ഡാൻസുമുള്ള പട്ടണമായിരുന്നു അന്നത്തെ കൊച്ചി. സ്കൂളിൽ ഫീസ് അടയ്ക്കാൻ അമ്മ കൊടുത്ത ആറര രൂപയുമായി വിജയൻ കൊച്ചിയിലെത്തി. പിന്നീട് മദ്രാസ് നഗരം കാണാൻ ഒളിച്ചു പോയി. ഏഴാം ക്ലാസിൽ തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. അറുപത്തി നാലു വയസ്സിനിടെ പതിനേഴു രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാ യാത്രകളും ഭാര്യയോടൊപ്പമാണ്. മോഹനയെന്നാണ് വിജയന്റെ ഭാര്യയുടെ പേര്. മോഹനയുടെ താലി മാലയും സ്വർണാഭരണങ്ങളും വിറ്റാണ് ആദ്യം യാത്ര ചെയ്തത്.

ജനിച്ച നിമിഷം മുതൽ വീഴുന്നിടം വരെ യാത്ര ചെയ്യുമെന്നാണ് വിജയേട്ടൻ പറഞ്ഞത്. ‘‘ഓരോ യാത്രകളും അതാതു സമയത്ത് വന്നു ചേരുന്നു. ഒന്നും നേരത്തെ പദ്ധതിയിടുന്നില്ല. അറിവു തേടിയാണ് ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ലോകം ചുറ്റുന്നത്. അതാണ് എന്റെ സമ്പാദ്യം. ’’ തികഞ്ഞ ഗൗരവത്തോടെ വിജയൻ പറഞ്ഞു.

ബാല്യം മുതൽ യാത്രാ വിവരണ പുസ്തകങ്ങളാണ് വിജയന്റെ സുഹൃത്തുക്കൾ. ഉദയസൂര്യന്റെ നാട്ടിൽ, കാപ്പിരികളുടെ നാട്ടിൽ, സ്വാമി വിവേകാനന്ദന്റെ യാത്രകളെക്കുറിച്ചുള്ള വിവരണം എന്നിവയാണ് അദ്ദേഹത്തെ ആകർഷിച്ച ഗ്രന്ഥങ്ങൾ. ആലപ്പുഴയ്ക്കും എറണാകുളത്തിനും മദ്രാസിനുമപ്പുറം ഒരു ലോകമുണ്ടെന്ന ചിന്ത വിജയനു മനസ്സിലാക്കിക്കൊടുത്തത് ആ പുസ്തകങ്ങളാണ്. ഒരുപാട് യാത്ര ചെയ്യണമെന്ന് അക്കാലത്ത് വിജയൻ പറഞ്ഞപ്പോൾ പരിചയക്കാർ കളിയാക്കി. ചായക്കടക്കാരന്റെ വെറും സ്വപ്നമെന്നു പറഞ്ഞ് ചിലർ പുച്ഛിച്ചു. വിജയനു ഭ്രാന്താണെന്നു പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അവർക്കെല്ലാം ഭ്രാന്തുണ്ടെന്നൊരു നിഗമനത്തിലാണ് വിജയൻ എത്തിച്ചേർന്നത്. ‘‘ചിലർ സിനിമ കാണുന്നു, ചിലർ പണം സമ്പാദിക്കുന്നു, ചിലർ മറ്റു പല വിനോദങ്ങളിൽ ഏർപ്പെടുന്നു... അതൊക്കെ ഭ്രാന്താണെങ്കിൽ, യാത്ര ചെയ്യാനുള്ള എന്റെ മോഹവും ഭ്രാന്താണ്.’’ വിജയേട്ടൻ ചിരിച്ചു.

Vijayan-3

ഒരു തിരുപ്പതി യാത്രയാണ് വിജയനിൽ വിദേശ യാത്രയ്ക്കുള്ള ആഗ്രഹമുണർത്തിയത്. ക്ഷേത്രത്തിൽ‌ നിന്നു പുറത്തിറങ്ങിയ സമയത്ത് തലയ്ക്കു മുകളിലൂടെ ഒരു വിമാനം കടന്നു പോയി. എന്നെങ്കിലുമൊരിക്കൽ അതിൽ കയറണമെന്നു മോഹനയോടു വിജയൻ പറഞ്ഞു. പാസ്പോർട്ട് പോലുമില്ലാത്ത വിജയൻ വിമാനത്തിൽ കയറണമെന്നു മോഹം പ്രകടിപ്പിച്ചതു കേട്ട് ഭാര്യ അമ്പരന്നു. നാട്ടിൻ പുറത്തു ജനിച്ചു വളർന്ന് അടുക്കളയിലും വീടിനുള്ളിലുമായി ജീവിക്കുന്ന മോഹനയ്ക്ക് അത്രയും വലിയ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

അന്നു വരെ വെള്ളമുണ്ടും കള്ളിമുണ്ടും മാത്രം ധരിച്ചിരുന്ന വിജയൻ പുതുവേഷങ്ങൾ സ്വപ്നം കണ്ട് ചായക്കടയിലേക്കു കുതിച്ചു. പതിനെട്ടു ദിവസത്തിനുള്ളിൽ ഭാര്യയുടെ കെട്ടുതാലി ഉൾപ്പെടെയുള്ള ആഭരണങ്ങൾ വിറ്റും ബാങ്കിൽ നിന്നു ലോണെടുത്തും പണമുണ്ടാക്കി. ഒരു കയ്യിൽ പാസ്പോർട്ടും മറു കരത്തിൽ മോഹനയേയും ചേർത്തു പിടിച്ച് വിജയൻ വിമാനത്തിൽ കയറി. ഈജിപ്ത്, ജോർദാൻ, ദുബായ്, പലസ്തീൻ എന്നീ നാടുകളിലൂടെ വിജയനും മോഹനയും സഞ്ചരിച്ചു. എറണാകുളത്തിനും ആലപ്പുഴയ്ക്കും അപ്പുറത്ത് കടലിനക്കരെ ഒരുപാടു രാജ്യങ്ങളുണ്ടെന്ന് മോഹന മനസ്സിലാക്കിയത് അന്നായിരുന്നു. ഭാര്യയുടെ പിന്തുണയും ധൈര്യവും വിജയനെ പിന്നെയും യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു.

യൂറോപ്പും അമേരിക്കയും ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചു. ഇത്രയും കാലത്തിനിടെ 24 ലക്ഷം രൂപ യാത്രകൾക്കായി ചെലവാക്കി. ചിട്ടി ചേർന്നും കടം വാങ്ങിയുമൊക്കെയാണ് വിജയൻ ഇതെല്ലാമുണ്ടാക്കിയത്.

കൊച്ചുപറമ്പിൽ വി. രംഗനാഥപ്രഭുവിന്റെ മകൻ കെ.ആർ. വിജയനും ഭാര്യ മോഹന വിജയനും ചായക്കട നടത്തിക്കിട്ടുന്ന പണം കൊണ്ടു ലോകം ചുറ്റുന്ന കാര്യം അമിതാഭ് ബച്ചന് അറിയാം, അനുപം ഖേർ അറിഞ്ഞിട്ടുണ്ട്. ഇവരുടെ അമേരിക്ക യാത്രയ്ക്ക് രണ്ടാളും അമ്പതിനായിരം രൂപ വീതം സംഭാവന നൽകി. ഗാന്ധി നഗർ റോഡിൽ ബാലാജി കോഫി ഷോപ്പിൽ 2016 ഓഗസ്റ്റ് മാസത്തിലും ചായയ്ക്ക് അഞ്ചു രൂപയേയുള്ളൂ. അർഹിക്കുന്ന പ്രതിഫലം വാങ്ങി യാത്രയ്ക്കുള്ള പണം കണ്ടെത്തുന്ന വിജയന്റെ കുടുംബത്തെ ലോകം തിരിച്ചറിയുന്നത് ഏറ്റവും വലിയ നേട്ടമല്ലേ ?

‘‘എല്ലാവരും യാത്ര ചെയ്യണം. യാത്ര പോകണമെന്നു നമ്മൾ തീരുമാനിച്ചാൽ അവിടെ നമ്മൾ എത്തിയിരിക്കും. പണമല്ല, ലക്ഷ്യബോധമാണു പ്രധാനം...’’ വിജയേട്ടൻ പറഞ്ഞതു കേട്ട് ദേഹമാകെ കോരിത്തരിച്ചു. കയ്യിൽ വന്ന പണം കൂട്ടിവച്ചിരുന്നെങ്കിൽ ഈ മനുഷ്യന്റെ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ ഇരുപത്തഞ്ചു ലക്ഷം രൂപയുണ്ടാകുമായിരുന്നു. വേണമെങ്കിൽ ഒരു വലിയ വീട് വാങ്ങാമായിരുന്നു. ഭാര്യക്ക് കുറേ സ്വർണാഭരണങ്ങൾ വാങ്ങിക്കൊടുക്കാമായിരുന്നു. അതൊക്കെ ജീവിതത്തെ ഭയത്തോടെ നോക്കിക്കാണുന്നവരുടെ ചിന്തകൾ. വിജയേട്ടന് അത്തരം മോഹങ്ങളൊന്നുമില്ല.

യാത്ര ചെയ്യണമെന്നു തീരുമാനിച്ചാൽ നമ്മൾ അവിടെ എത്തിയിരിക്കും. പണമല്ല, ലക്ഷ്യബോധമാണു പ്രധാനം. നിങ്ങൾ എന്തിനാണ് ജീവിക്കുന്നത് എന്നു ചോദിക്കുന്നതുപോലെ അർഥശൂന്യമാണ് എന്തിനാണ് യാത്ര ചെയ്യുന്നത് എന്ന ചോദ്യം. യാത്രകൾ അനുഭവങ്ങളാണ്, അറിവാണ്. ഞാൻ ആരായിരുന്നു എന്നും ഞാൻ ആരാണെന്നും യാത്രികർ തിരിച്ചറിയുന്നു. അതിനെക്കാൾ വലിയ സമ്പാദ്യം വേറെയെന്തുണ്ട് ?

Vijayan-1
Tags:
  • Travel Stories
  • Manorama Traveller