Saturday 13 November 2021 03:52 PM IST

പ്രമേഹരോഗികൾ ഇനി പേടിക്കേണ്ട, ആ വലിയ 10 പേടികളോട് വിടപറയാം

Santhosh Sisupal

Senior Sub Editor

insulin

പ്രമേഹത്തെ ആത്മവിശ്വാസത്തോടെ വരുതിയിലാക്കാനുള്ള പ്രധാന തടസ്സം ഭയമാണ്. ‘ഏയ്.. എനിക്കു പ്രമേഹത്തെ  തീരെ പേടിയില്ല’’ എന്നാണ് മനസ്സു പറയുന്നതെങ്കിൽ അൽപമൊന്നാലോചിക്കണം.പരീക്ഷയ്ക്കു പോകുന്ന കുട്ടികളിൽ രണ്ടു കൂട്ടർക്ക് ഭയം തീരെ കാണില്ല. ഏറ്റവും നന്നായി പഠിച്ചവർക്കും ഒട്ടും പഠിക്കാത്തവർക്കും. അതുപോലെയാണ് പ്രമേഹത്തിന്റെ കാര്യവും. പ്രമേഹത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിൽ ഭയം ഉണ്ടാവില്ല.  ആ ഭയമില്ലായ്മ അപകടമാണ്. രോഗത്തെ വേണ്ട ഗൗരവത്തോടെ കാണാതിരിക്കാനേ അതുപകരിക്കൂ. ഹൃദയാഘാതം വന്നാൽ നമുക്കെല്ലാം പേടിയാണ്. കാരണം മരണഭയം. ഹൃദയാഘാതത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം എന്നു മനസ്സിലാക്കിയാലോ? ഭയം പ്രമേഹത്തോടായി. കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, പ്രമേഹ ചികിത്സ സ്വീകരിക്കുന്ന രോഗികളിൽപോലും  ചികിത്സാലക്ഷ്യങ്ങൾ നേടി അനുബന്ധരോഗങ്ങൾ തീർത്തും ഒഴിവാക്കുന്നവ‍ർ മൂന്നുമുതൽ അഞ്ചു ശതമാനം പേർ മാത്രമേയുള്ളൂ എന്നതാണ്. ഇത് ഏവരെയും അതിശയിപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. ഇതിനു കാരണം പ്രമേഹത്തോടും ചികിത്സയോടുമൊക്കെയുള്ള ഭയവും സംശയങ്ങളുമാണ്..

പാമ്പിനെ നമുക്ക് പേടിയാണ്. പാമ്പിനെ നന്നായി മനസ്സിലാക്കിയ വാവാ സുരേഷിനെപ്പോലുള്ളവർ പാമ്പിനൊപ്പം കളിക്കും, ഒപ്പം കിടന്നുറങ്ങും. ഇവിടെ പ്രമേഹരോഗിയുെട മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുപോയ പ്രമേഹഭയത്തിന്റെ കാരണങ്ങൾ കൃത്യമായി തിരിച്ചറിയാം.  അതോടെ ഭയം നമ്മളെ വിട്ടു പോകും. പിന്നെ പ്രമേഹ ത്തെ നിസ്സാരമായി കൈകാര്യം ചെയ്യാം. എന്താ റെഡിയല്ലേ..

1. അയ്യോ... പ്രമേഹം’  എന്ന ഭയം

പ്രമേഹം ഉണ്ട് എന്നു മിക്കവരും ആദ്യമായി തിരിച്ചറിയുന്നത് ഏതെങ്കിലും ഒരു രോഗം വന്നശേഷവും മറ്റും നടത്തുന്ന രക്തപരിശോധനയിലാകും. പ്രമേഹമുണ്ട് എന്നറിയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണു ഞെട്ടൽ. ‘‘എനിക്ക് പ്രമേഹം കാണാൻ ഒരു സാധ്യതയുമില്ല  എന്ന നിഷേധം, ഭയം തുടങ്ങിയവയും ആ പരിശോധനാഫലം തെറ്റായിരിക്കാം എന്ന വെറുതെയെങ്കിലുമുള്ള ഒരു ആഗ്രഹവും മനസ്സിലുയരും. ഈ വികാരങ്ങൾക്കല്ലാം അടിസ്ഥാനം വാസ്തവത്തിൽ ഭയം തന്നെയാണ്. പ്രമേഹം പുതുതായി കണ്ടെത്തുന്നവർ ഒരു കാരണവശാലും ഭയക്കരുത്. അത്യാവശ്യം പ്രാരംഭദിശയിൽ തന്നെ അതു കണ്ടെത്തുവാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണു വേണ്ടത്. പ്രമേഹമുണ്ടെന്നുറപ്പാക്കിയാൽ മനശ്ശക്തി അൽപംപോലും കൈവിടാതെ കണ്ണ്, വൃക്ക, നാഡീ വ്യൂഹങ്ങൾ, കരൾ തുടങ്ങി എല്ലാ അവയവങ്ങളും പരിശോധിച്ച് അനുബന്ധരോഗങ്ങൾ പിടിപെട്ടിട്ടില്ല എന്ന് ഉറപ്പാക്കണം. വിദഗ്ധ ഡോക്ടർ, ഡോക്ടറോടൊപ്പമുള്ള ഡയറ്റീഷ്യൻ, ഡയബറ്റിസ് നഴ്സ്, ഡയബറ്റിസ് എജ്യുക്കേറ്റേഴ്സ് തുടങ്ങിയവരുടെ നിർദേശങ്ങൾ സ്വീകരിച്ചു സധൈര്യം ചികിത്സ ആരംഭിക്കുകയാണു വേണ്ടത്.

പ്രമേഹം കണ്ടെത്തുന്ന വേളയിൽ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ വളരെ കൂടുതലാണ് എങ്കിൽ ഒരുപക്ഷേ, ചികിത്സ തുടങ്ങി അൽപനാളുകൾക്കുശേഷമായിരിക്കാം വ്യായാമമുറകൾ തുടങ്ങേണ്ടത്. രോഗം കണ്ടെത്തിയ ഭയം കാരണം പിറ്റേ ദിവസം മുതൽ കഠിനമായ വ്യായാമം തുടങ്ങുന്നത് ഒരുപക്ഷേ, ആപത്തായി മാറിയേക്കും. നമ്മെ നയിക്കേണ്ടതു ഭയാശങ്കകളായിരിക്കരുത്. ശാസ്ത്രീയമായ വിജ്ഞാനവും പ്രമേഹവിദഗ്ധരുടെ നിർദേശങ്ങളുമായിരിക്കണം.

2. ദൈവമേ, പഞ്ചസാര കുറഞ്ഞു പോയാലോ!

ചികിത്സ സ്വീകരിക്കുന്നവരിൽ പോലും 80 ശതമാനത്തിലേറെ പേർക്കും അനുബന്ധരോഗങ്ങൾ വന്നെത്തുന്നതു ചികിത്സിക്കുന്ന വേളയിൽ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുമോ(ഹൈപ്പോഗ്ലൈസീമിയ) എന്ന ഭയത്താൽ ഔഷധങ്ങളുടെ യഥാർഥ അളവ് (ഡോസ്) സ്വീകരിക്കാനുള്ള മടിയാണ്. പഠനങ്ങൾ ഇക്കാര്യം സ്ഥാപിച്ചിട്ടുമുണ്ട്.
മരുന്നു മാത്രമല്ല, വ്യായാമവും മാനസികനിലയും ഭക്ഷണരീതികളും കാലാവസ്ഥയും ഒക്കെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്കു കാരണമാകും. മരുന്നു നിർദേശിക്കപ്പെടുന്നത്രയും കഴിച്ചാൽ ഹൈപ്പോഗ്ലൈസീമിയ സംഭവിച്ച് രക്തത്തിലെ പഞ്ചസാര പെട്ടെന്നു താഴ്ന്നു പോകുന്ന അവസ്ഥ  വരുമെന്നു ഭയന്ന് മരുന്നൊഴിവാക്കുവാനോ കുറയ്ക്കാനോ ശ്രമിക്കുന്നതാണു പ്രമേഹ ചികിത്സയിലെ പ്രധാന പരാജയകാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടുള്ളത്.

പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോയാൽ അതു ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകാം. ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും പ്രമേഹ ഔഷധങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാനും രോഗികൾക്ക് കഴിയണം. രോഗത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കൃത്യമായി മനസ്സിലാക്കുകയും ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഭക്ഷണത്തെ കൂടുതൽ തവണകളായിവിഭജിക്കുകയും പ്രമേഹനില നിരീക്ഷിച്ച് ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്ന് ഉപയോഗിക്കുകയും ചെയ്യണം.   അങ്ങനെ ആയാൽ ഹൈപ്പോഗ്ലൈസീമിയ കൂടാതെ നമുക്കു ചികിത്സാ ലക്ഷ്യത്തിലെത്താം.

3.മരുന്നുകളെ പേടി

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ഭയമാണ് പ്രമേഹ മരുന്നുകളോടുള്ള ഭയം. ഇൻസുലിൻ കുത്തിവയ്പ് എടുക്കുവാൻ ഭയം, ഗുളികകൾ കഴിക്കുവാൻ ഭയം, തുടർച്ചയായി മരുന്നുകൾ ഉപയോഗിക്കുവാൻ ഭയം –ഇത്തരം ഭയങ്ങൾ പ്രമേഹരോഗികളിൽ വളരെ കൂടുതലാണ്. അടിസ്ഥാനരഹിതമായ ഈ ഭയാശങ്കകൾ തന്നെയാണു വിദ്യാഭ്യാസമുള്ള മലയാളിയെയും അനധികൃതമായ, അംഗീകരിക്കപ്പെടാത്ത ചികിത്സാരീതികളിലേക്ക് ആകർഷിക്കുന്നത്. ഇതോടെ മരുന്നുകൾ ഒഴിവാക്കുവാനും മരുന്നുകളുടെ അളവും എണ്ണവും  കുറയ്ക്കുവാനും രോഗികൾ ശ്രമിക്കുന്നു. അലോപ്പതി മരുന്നുകൾ ഒഴിവാക്കി മറ്റ് ഔഷധങ്ങൾ തേടിപ്പോകുന്നു.

ശാസ്ത്രീയമായ മരുന്നുപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധങ്ങൾ മാത്രമേ പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട മരുന്നുകൾക്കു തീർച്ചയായും പാർശ്വഫലങ്ങളും ഉണ്ടാകും. മരുന്ന് ശരീരത്തിൽ നടത്തുന്ന ഇടപെടലിലൂെടയാണ് ഫലം നൽകുന്നത്. ആ ഇടപെടലിന് സ്വാഭാവികമായി പാർശ്വഫലവും ഉണ്ട്. ഒരു പാർശ്വഫലവും ഇല്ലെന്ന അവകാശവാദമുള്ള മരുന്നുകൾക്ക് ഫലവും ഉണ്ടാവില്ല എന്നുതന്നെ പറയേണ്ടിവരും.

അലോപ്പതി മരുന്നുകളുെട കാര്യത്തിൽ ലോകവ്യാപകമായി ദീർഘകാലാടിസ്ഥാനത്തിൽ നടക്കുന്ന മരുന്നു പരീക്ഷണങ്ങളിലൂടെ ഇതെല്ലാം പഠിച്ചതിനുശേഷമാണു സുരക്ഷിതമായി രോഗികളിൽ ഉപയോഗിക്കുന്നത്. ശാസ്ത്രീയമായി പരീക്ഷിച്ചു തെളിയിക്കപ്പെട്ട മരുന്നുകളാണെങ്കിൽ ഭയക്കേണ്ടതേ ഇല്ല എന്നർഥം. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ഒന്നുമില്ലാതെ ആയുർവേദത്തിന്റെയും മറ്റും പേരിൽ പ്രചരിപ്പിക്കുന്ന മരുന്നുകൾ ഒരാലോചനയും കൂടാതെ ഉപയോഗിക്കാൻ നമ്മളിൽ പലരും മടിക്കാറില്ല. സത്യത്തിൽ, ഫലവും പാർശ്വഫലവും തെളിയിക്കപ്പെടാത്ത, സുരക്ഷിതമായ അളവു നിർണയിക്കപ്പെടാത്ത മരുന്നുകളോടാണ് നമ്മൾ ഭയം പുലർത്തേണ്ടത്.

ശാസ്ത്രീയ മരുന്നുകളെ ഭയന്നു ചികിത്സ ഒഴിവാക്കുവാനോ നീട്ടിവയ്ക്കുവാനോ ശ്രമിക്കുമ്പോൾ അവയവങ്ങളെ അൽപാൽപമായി പ്രമേഹം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളുക. വാസ്തവത്തിൽ ആ അവസ്ഥയെ ആണു നാം ഭയക്കേണ്ടത്. മരുന്നുകളെ ഭയക്കേണ്ട ആവശ്യമേ ഇല്ല.

4. യാത്രകളെ ഭയം

പ്രമേഹരോഗികൾക്കു യാത്രകൾ ഒരു പേടിസ്വപ്നമാണ്. ബസ്സിലും ട്രെയിനിലും കേരളത്തിനുള്ളിലോ  പുറത്തോ യാത്ര ചെയ്യുന്നതു പ്രമേഹരോഗികൾക്കു ദുഃസ്സഹമായ ഒരനുഭവമാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഒരു നാടാണെങ്കിൽ പോലും  പ്രമേഹരോഗികൾ ക്കു രോഗം വർധിപ്പിക്കുന്ന സാഹചര്യമാണു നിർഭാഗ്യവശാൽ നമുക്കുള്ളത്. സഞ്ചരിക്കുന്ന വേളയിൽ മധുരമില്ലാത്ത ചായ, കാപ്പി, മധുരം ചേർക്കാത്ത പാനീയങ്ങൾ ഇവയൊക്കെ ലഭിക്കുവാൻ നന്നേ പ്രയാസം.

ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ മധുരമില്ലാത്ത ഭക്ഷണങ്ങൾ ലഭിക്കുവാൻ എത്ര ബുദ്ധിമുട്ടാണ്. ചായക്കടകളിലും ഹോട്ടലുകളിലും മധുരവും എണ്ണയും  കുറഞ്ഞ ഭക്ഷണം കിട്ടാൻ  തന്നെ പ്രയാസം അതുകൊണ്ടുതന്നെ കഴിവതും പ്രമേഹ പ്രാരംഭാവസ്ഥയിലുള്ളവരും പ്രമേഹരോഗികളും യാത്രാവേളയിൽ കഴിയുന്നത്ര ഭക്ഷണം കൂടെ കരുതുന്നതാണു നല്ലത്. നിവൃത്തിയില്ലാതെ മധുരം കഴിക്കേണ്ടതായി വരികയാണെങ്കിൽ അതിനനുസൃതമായി ഇൻസുലിൻ ഡോസ് കൂട്ടി എടുക്കാവുന്നതാണ്. പക്ഷേ ഇതൊരു ശീലമാ ക്കരുത്. യാത്രകളെ ഭയക്കാതെ അത്തരം പ്രതിസന്ധികൾ നേരിടുവാനുള്ള തയാറെടുപ്പുകൾ ആസൂത്രണം ചെയ്യുകയാണു വേണ്ടത്.

5. വൃക്കരോഗം വരുമോ?

ഏതൊരു പ്രമേഹരോഗിയും ഒരുപക്ഷേ, ഏറ്റവുമധികം ഭയക്കുന്നതു വൃക്കരോഗങ്ങളും അതേ തുടർന്നുള്ള ഡയാലിസിസും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്നു പോകുന്ന ഒരവസ്ഥയാണു വൃക്കരോഗം വരുമ്പോഴുണ്ടാകുക. വൃക്കരോഗത്തിെൻറ ആരംഭത്തിൽ പല രോഗികളും പറയുന്ന വാചകമുണ്ട്. ‘എനിക്ക് എന്തു സംഭവിച്ചാലും ഞാൻ ഒരിക്കലും ഡയാലിസിസിനു വിധേയമാകില്ല’ എന്ന്. പക്ഷേ, ഈ തീരുമാനം പലർക്കും തിരുത്തേണ്ടതായി വരും. പെട്ടെന്നു ശ്വാസംമുട്ടോ, അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ ജീവിതം തുടരാനായി ഡയാലിസിസ് അല്ലാതെ വേറെ മാർഗമൊന്നുമില്ല.

വൃക്കരോഗം വരുമ്പോൾ ചികിത്സ വൃക്കയ്ക്കു മാത്രമാകരുത്. അതു പഞ്ചസാര, കൊഴുപ്പ്, രക്തസമ്മർദം തുടങ്ങി പല ഘടകങ്ങളെയാണു ചികിത്സയ്ക്കു വിധേയമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം രക്തസമ്മർദത്തിെൻറയും രക്തത്തിലെ പഞ്ചസാര ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങളുടെയും സമയവും തോതുമൊക്കെ ചിലപ്പോൾ മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. അഥവാ ഡയാലിസിസിനു വിധേയമാകേണ്ടിവന്നാൽ പോലും അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ എടുക്കുകയാണു രോഗികൾ ചെയ്യേണ്ടത്. ഭയം ഒന്നിനും ഒരു പ്രതിവിധിയല്ല. വർഷങ്ങളോളം ചികിത്സ സ്വീകരിച്ചതിലും ഭക്ഷണക്രമീകരണങ്ങൾ നടപ്പാക്കിയതിലും അപാകത സംഭവിച്ചു, അലംഭാവം കാണിച്ചു എന്ന കുറ്റബോധം രോഗിക്കുണ്ടാകാം. എന്നാൽ ഭയം എന്ന വികാരം തുടർചികിത്സയ്ക്ക് ഒരു തടസ്സമായി മാറരുത്. വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും രോഗികൾക്കു സ്വാഭാവികജീവിതം തുടർന്നു നയിക്കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സാവിധികളുണ്ട്. ശരിയായ മാർഗം തടസ്സം കൂടാതെ സ്വീകരിക്കുക.

6. സംഭോഗ ഭീതി

പ്രമേഹരോഗികൾക്കു ലൈംഗിക ആവേശം കുറയുവാനും അതുപോലെ ലിംഗത്തിെൻറ ഉദ്ധാരണശക്തിയിൽ വ്യതിയാനങ്ങൾ വരാനും സാധ്യതയുണ്ട്. സംഭോഗവേളയിൽ നനവു കുറയുന്നതു കാരണം സ്ത്രീകൾക്കു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ഇത്തരം കാര്യങ്ങൾ വായിച്ചും കേട്ടും അറിവുള്ളതിനാൽ ഈ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികൾക്കുപോലും  ഇതെല്ലാം ഉണ്ട്, ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന ഭയം പൊതുവേ നിലവിലുണ്ട്. ഈ ഭയം രോഗം ഇല്ലാത്തവരിൽപോലും ആശങ്കകൾക്കു കാരണമാകുന്നു. ലൈംഗികവേളയിലെ സുഖവും സന്തോഷവും സംതൃപ്തിയും എക്കാലവും നിലനിറുത്തുവാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കണ്ടുപിടിക്കപ്പെടുന്ന വേളയിൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നെങ്കിൽ അതു ചികിത്സാസംഘത്തെ അറിയിക്കണം.
ചില പുരുഷന്മാരിൽ പ്രമേഹരോഗത്തിെൻറ പ്രാരംഭദിശയിൽ തന്നെ ലിംഗത്തിെൻറ അഗ്രത്തിലായി ചൊറിച്ചിലും മുറിപ്പാടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു ചികിത്സകനെ അറിയിച്ചു വേണ്ടവിധത്തിൽ പരിഹരിക്കണം. പ്രമേഹരോഗം പ്രാരംഭത്തിലെ എട്ടോ പത്തോ വർഷങ്ങളിൽ അസ്വസ്ഥതയോ, അസുഖലക്ഷണങ്ങളോ പ്രകടിപ്പിക്കാതിരിക്കാം. അക്കാരണം കൊണ്ടുതന്നെ രോഗം വളരെ കൂടുതലാണ് എന്നു രക്തപരിശോധനയിലൂടെ തെളിഞ്ഞാലും അജ്ഞതകൊണ്ടോ, അറിവില്ലായ്മ കൊണ്ടോ, ജോലിത്തിരക്കു കാരണമോ പല ചെറുപ്പക്കാരും ചികിത്സയിൽ ശ്രദ്ധിക്കാറില്ല. സ്വയം രക്തപരിശോധന നടത്തുവാനും ചികിത്സാനിർദേശങ്ങൾക്കനുസരിച്ച് പരിശോധനകളും ഔഷധങ്ങളും ഇടവേളകളിൽ പുനക്രമീകരിക്കുവാ നും ഉപദേശങ്ങൾ സ്വീകരിക്കുവാനും പലരും തയാറാകുന്നില്ല.

ലിംഗത്തിെൻറ ഉദ്ധാരണശക്തി കുറഞ്ഞുവരുന്നതു പ്രമേഹരോഗ ചികിത്സയിൽ പാകപ്പിഴകൾ വരുമ്പോഴാണ്. എന്നാൽ വരാനിരിക്കുന്ന ഒരു ഹൃദ്രോഗത്തിെൻറയോ പക്ഷാഘാതത്തിെൻറയോ മുന്നോടിയായിട്ടും ഇതിനെ കാണാം. ലൈംഗികശേഷി കുറവാണെങ്കിൽ സംഭോഗത്തിനുള്ള താൽപര്യം കുറഞ്ഞുവരികയാണെങ്കിൽ, സംഭോഗവേളയിൽ വേദന തോന്നുകയാണെങ്കിൽ തീർച്ചയായും ചികിത്സ സ്വീകരിക്കണം. പക്ഷേ, പ്രമേഹം ഉണ്ടാക്കുന്ന മറ്റേതൊരു രോഗത്തെയും പോലെ ആ ഒരു അസുഖലക്ഷണത്തിെൻറയോ അവയവത്തിെൻറയോ ചികിത്സ മാത്രമായിരിക്കരുത് സ്വീകരിക്കേണ്ടത്. അടിസ്ഥാനരോഗമായ പ്രമേഹത്തിനു സമഗ്രമായ ചികിത്സ സ്വീകരിക്കുകയാണെങ്കിൽ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. പ്രമേഹരോഗികൾ ശാസ്ത്രത്തിെൻറ ഇന്നത്തെ വളർച്ച ഉൾക്കൊണ്ടുകൊണ്ടു ഭയാശങ്കകൾ ഒന്നും കൂടാതെതന്നെ ലൈംഗികവേഴ്ച ആസ്വദിക്കുകയാണു വേണ്ടത്. സംതൃപ്ത ലൈംഗികബന്ധങ്ങൾ ഹൃദയാരോഗ്യത്തിനും മനസ്സിെൻറയും ശരീരത്തിെൻറയും ഊർജം നിലനിറുത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

7. വിവാഹങ്ങളെ പേടി


ഇതു രണ്ടർഥത്തിൽ കാണാം. യുവാക്കളിൽ ഇപ്പോൾ പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. വിവാഹപ്രായമെത്തുമ്പോൾ രോഗം വിവാഹത്തിനു തടസ്സമാകാൻ സാധ്യതയുണ്ട്. സ്ത്രീക്കും പുരുഷനും ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ പ്രമേഹരോഗത്തെക്കുറിച്ചും പ്രമേഹത്തിെൻറ ശരിയായ ചികിത്സാവിധികളെക്കുറിച്ചും അറിവുള്ള പെൺകുട്ടികളും ആൺകുട്ടികളും പ്രമേഹരോഗികളാണെങ്കിൽ കൂടിയും, ശരിയായ ചികിത്സ സ്വീകരിക്കുന്നവരാണ് എങ്കിൽ വിവാഹം കഴിക്കുന്നതിൽ അൽപംപോലും വൈമുഖ്യം കാണിക്കേണ്ടിവരില്ല.

ടൈപ്പ് 1 പ്രമേഹരോഗികളാണ് എങ്കിൽ ചികിത്സയുടെ വിജയം നിർണയിക്കപ്പെടുന്നത് അത് എങ്ങനെ ഏതു വിധത്തിൽ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇൻസുലിൻ പമ്പുകൾ ഉപയോഗിക്കുന്നവർ, ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഇൻജക് ഷൻ എടുക്കുന്നവർ, ഒട്ടേറെ പ്രാവശ്യം ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു രക്തപരിശോധന നടത്തുന്നവർ ഇവരെല്ലാംതന്നെ ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കിൽകൂടിയും പ്രമേഹം വളരെ നന്നായി ചികിത്സിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവരിൽ മറ്റു രോഗങ്ങൾ വന്നെത്തും എന്ന ഭയാശങ്കകൾ ആവശ്യമില്ല. ഭയാശങ്കകൾ അടിസ്ഥാനരഹിതമാണ്.


എന്നാൽ വിവാഹത്തെ പേടി എന്ന വികാരം അൽപം വിശാലമായി വിശകലനം ചെയ്യുകയാണെങ്കിൽ ഏതൊരു പ്രമേഹരോഗിക്കും ഒരുപോലെ ബാധകമാണ്. നന്നായി പ്രമേഹം ചികിത്സിക്കുവാൻ സാധിക്കുന്ന, ചികിത്സിച്ച് അനുവദനീയമായ അളവുകളെ രക്തത്തിലെ പഞ്ചസാരയും, രക്തത്തിലെ കൊളസ്ട്രോളും, രക്തസമ്മർദവും നിലനിറുത്തുവാൻ കഴിയുന്നവർക്കെല്ലാം വിവാഹങ്ങളിൽ പങ്കെടുക്കുവാൻ  ഭയമാണ്.

വിവാഹങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ ഭക്ഷണം കഴിക്കാതെ അവിടെനിന്നും രക്ഷപ്പെടുവാൻ കഴിയുകയില്ല. മലയാളിയുടെ സ്വതസിദ്ധമായ ആതിഥേയമര്യാദ പ്രമേഹരോഗികൾക്കെല്ലാം ഒരു പേടിസ്വപ്നമാണ്. വീടുകൾ സന്ദർശിച്ചാലും ആഘോഷവേളകളാണെങ്കിലും നിർബന്ധപൂർവം ഭക്ഷണം അടിച്ചേൽപിക്കുവാനുള്ള ഒരു സ്വഭാവം മലയാളികൾക്കിടയിലുണ്ട്. പരസ്യമായിത്തന്നെ താനൊരു പ്രമേഹരോഗിയാണ് എന്നും ചിട്ടയായ ഒരു ഭക്ഷണക്രമം സ്വീകരിക്കുന്ന ആളാണ് താനെന്നും പറയുവാൻ രോഗികൾക്കും രോഗം വരാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉറക്കെ പറയുവാൻ സാധിക്കണം. അൽപം വാശിയോടെതന്നെ അതു പ്രാവർത്തികമാക്കുവാനും സാധിക്കണം.. അല്ലാത്തപക്ഷം ഇത് ‘ഒരു ദിവസത്തേക്ക് മാത്രമല്ലേ, ഒരു നേരത്തേക്കു മാത്രമല്ലേ,  ഇന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല’ എന്നു പലയാവർത്തി കേട്ടു മടുത്ത അഭ്യർഥനകൾ മാനിച്ച് ആഴ്ചയിൽ 3–4 പ്രാവശ്യം മധുരവും കൊഴുപ്പും ഉള്ളിലേക്കു കടത്തിവിടാൻ നമ്മൾ പ്രേരിതരാകുന്നു.ആഘോഷവേളകളിൽ മതിമറന്ന് അസുഖത്തെയും മറന്നുകളയരുത്. എല്ലാമാകാം. അമിതമാകരുത് എന്നു മാത്രം. ഭയപ്പാടില്ലാതെ സന്തോ ഷപൂർവം വിവാഹങ്ങളിൽ പങ്കെടുക്കേണ്ടിവന്നാൽ അതാകാം.

8. പരിശോധനകളെ പേടി

ബഹുഭൂരിപക്ഷം പ്രമേഹരോഗികൾക്കും പരിശോധനകളെ ഭയമാണ്. വേദനകൊണ്ടോ, സമയക്കുറവുകൊണ്ടോ, ചെലവേറിയതുകൊണ്ടോ ഒന്നുമല്ല. പരിശോധനാഫലങ്ങളെയാണു ഭയം. പഞ്ചസാര കൂടിപ്പോകുമോ, കൊളസ്ട്രോൾ കൂടുതലാണോ, ഔഷധങ്ങൾ നിറുത്തിയതു കാരണം ബി.പി. കൂടുതലായിരിക്കുമോ, വൃക്കയിൽ അസുഖം തുടങ്ങി കാണുമോ തുടങ്ങി 10 പരിശോധനകൾക്ക് 100 ഭയങ്ങളാണ്. ഭയം പാടില്ലാ എന്നല്ല, ഭയം എന്ന വികാരം ഒന്നിനും പരിഹാരമല്ല.

ഇനി മറ്റൊരു കൂട്ടരുണ്ട്. നന്നായി ചികിത്സിച്ചു ഭക്ഷണത്തിലൂടെയും ഔഷധത്തിലൂടെയും വ്യായാമത്തിലൂടെയും എല്ലാ അളവുകോലുകളും അനുവദനീയമാണ് എന്ന് ഉറപ്പുവരുത്തുവാൻ കൂടക്കൂടെ ആഗ്രഹിക്കുന്നവർ. ഇക്കൂട്ടർ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ എല്ലാ പരിശോധനകളും നടത്തി അതു പ്രമേഹ ചികിത്സാസംഘം നിർദേശിച്ച അളവുകോലുകൾക്കുള്ളിലാണ് എന്ന് ഉറപ്പുവരുത്തുന്നു. ഇക്കൂട്ടർക്ക് പരിശോധനകളെ ഭയമില്ല. ഓരോ പരിശോധനകളും ഇവർക്കു സമ്മാനിക്കുന്നത് ആശ്വാസവും സംതൃപ്തിയുമാണ്. വാസ്തവത്തിൽ എല്ലാ പ്രമേഹരോഗികളും പ്രമേഹസംബന്ധമായ പരിശോധനാവിധികളെ ഈ വികാരത്തോടു കൂടിയാണ് സമീപിക്കേണ്ടത്. പരിശോധനകളെ ഭയന്നു ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാതിരിക്കുകയും ആശുപത്രിയിൽ ഡോക്ടറെ കൃത്യമായ ഇടവേളകളിൽ കാണാതിരിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരമാണ്. ‘കഴിഞ്ഞ മാസം മകന്റെ കല്യാണമായിരുന്നു. അതുകൊണ്ട് എല്ലാം കൂടുതലായിരിക്കും. മൂന്നു മാസം കഴിഞ്ഞു പരിശോധിക്കാം’ എന്നതുപോലെയുള്ള  തീരുമാനങ്ങൾ ശുദ്ധ അബദ്ധമാണ്.
ആഘോഷവേളകളിൽ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും മറ്റും കൂടുതലാണെങ്കിൽ അതു പരിശോധിച്ച് അപ്പോൾ തന്നെ നോർമലാക്കി ചികിത്സ തുടരുകയാണു വേണ്ടത്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ അതു കൂടിതന്നെ നിൽക്കുമ്പോൾ ഗുരുതര പാർശ്വഫലങ്ങൾ മറ്റ് അവയവങ്ങൾക്കു പതിയെപ്പതിയെ സംഭവിച്ചുകൊണ്ടിരിക്കും. പരിശോധനകളെ ഭയക്കാതെ അവ നമ്മുടെ ജീവൻ നീട്ടിത്തരുന്ന ഉപാധികളായി കണ്ടു രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണു വേണ്ടത്.

9.കുത്തിവയ്പുകളെ ഭയം

ഇൻസുലിൻ ഇൻജക്‌ഷനുകളെ ഭയക്കുന്ന രോഗികളുണ്ട്. കുറച്ചുവർഷങ്ങൾക്കു മുമ്പുവരെ ബഹുഭൂരിപക്ഷവും കുത്തിവയ്പുകളെ പേടിച്ചിരുന്നവരായിരുന്നു. പക്ഷേ, ഇപ്പോൾ സ്ഥിതി കുറെ മാറിയി ട്ടുണ്ട്. ഇൻസുലിൻ ഇൻജക്ഷനുകൾ പ്രമേഹചികിത്സയിൽ ഏറ്റവും സുരക്ഷിതമാണ് എന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഏറ്റവും പഴക്കം ചെന്ന ഫലപ്രദമായ പ്രമേഹ ചികിത്സാരീതിയും ഇൻസുലിൻ ഇൻജക്ഷനുകളാണ്. ഇവ കണ്ടുപിടിച്ചിട്ട് ഒരു നൂറ്റാണ്ട് ആവുകയാണ്. വേദനയുണ്ടാകാം എന്നതാകാം കുത്തിവയ്പുകളെ രോഗികൾ ഭയക്കുന്നത്. കഴിഞ്ഞ  കുറച്ചു വർഷങ്ങളായി സൂചികൾ വളരെ നേർത്തതായി മാറിയിട്ടുണ്ട്. അതുകൊണ്ടു കുത്തിവയ്പ് 100 ശതമാനവും വേദനയില്ലാത്ത ഒരു അനുഭവമാണ്. അതിനാൽ ഈ ഭയം അസ്ഥാനത്താണ്. സൂചി കാണുമ്പോൾ തന്നെ മനസ്സിൽ ഭയമുള്ള(നീഡിൽ) രോഗികളുണ്ട്. അത്തരക്കാരെയും കൂടി പരിഗണിച്ചുകൊണ്ടാണ് ഇപ്പോൾ വളരെ വളരെ നേർത്ത നാനോ നീഡിൽ പോലെയുള്ള ഇൻസുലിൻ ഇൻജക് ഷനായിട്ടുള്ള സൂചികൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. മാത്രമല്ല ഇൻസുലിൻ പേനകളും കുത്തിവയ്പ് ഭയത്തെ ഇല്ലാതാക്കിക്കഴിഞ്ഞു.

കുത്തിവയ്പുകളുമായി ബന്ധപ്പെട്ട് മറ്റു ചില ഭയങ്ങൾ കൂടിയുണ്ട്. ഇൻസുലിൻ ഇൻജക് ഷൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതു നിറുത്തുവാൻ കഴിയാതെ വരുമോ?, ഇത് പലയാവർത്തി എടുക്കേണ്ടിവരുമോ? തുടങ്ങിയവയാണവ. ഇതും അസ്ഥാനത്താണ്. പ്രമേഹം കണ്ടെത്തുന്ന വേളയിലാണ് ഇൻജക്‌ഷനുകൾ തുടങ്ങുന്നത് എങ്കിൽ നമുക്ക് ഇതു നിറുത്തുവാൻ കഴിയും. ഗുളികകൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ പ്രമേഹം വളരെ ഗുരുതരമാകുന്നതിനു മുമ്പുതന്നെയാണ് ഇൻജക്‌ഷനുകൾ തുടങ്ങുന്നത് എങ്കിൽ തീർച്ചയായിട്ടും ഇൻസുലിൻ ഇൻജക്‌ഷൻ നമുക്കു നിറുത്തുവാൻ കഴിയും.

ഇനി ഒരു വേള രോഗം വളരെ മൂർച്ഛിച്ച ശേഷമാണു ഇൻജ ക് ഷനുകൾ തുടങ്ങുന്നത് എങ്കിൽ നമുക്കതു നിറുത്തുവാൻ കഴിയില്ല. പക്ഷേ, ഇവിടെ ഭയത്തിന്റെ ആവശ്യമില്ല. ജീവിതം കൂടുതൽ സജീവവും സുഖവും സന്തോഷവും ഊർജവും നിറഞ്ഞതാകുന്നു. ഇൻസുലിൻ ഇൻജക്ഷനുകൾ എടുക്കുന്ന രോഗികൾ സ്വയം രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു തിട്ടപ്പെടുത്തുവാൻ കൂടി പഠിച്ചു കഴിഞ്ഞാൽ, ഇൻജക് ഷനുകൾ എടുക്കേണ്ട രീതികൾ മനഃപാഠമാക്കാൻ കഴിഞ്ഞാൽ ഇൻജക് ഷനുകളെ പിന്നെ ഒട്ടും ഭയക്കേണ്ടതില്ല.

10. മുറിവുകളോടു  ഭയം

സാധാരണക്കാരന് അന്നും ഇന്നും പ്രമേഹമെന്നാൽ ഉണങ്ങാത്ത മുറിവുകളാണ്. രക്തത്തിൽ പഞ്ചസാര ക്രമത്തിലും അധികമാണ് എങ്കിൽ ചെറിയ മുറിവു പോലും പഴുക്കുവാനും പടരുവാനും അതു കാൽപാദങ്ങളും ഒരുപക്ഷേ കാൽ തന്നെയും മുറിച്ചുമാറ്റുന്നതിനും കാരണമായി മാറിയേക്കും. പ്രമേഹത്തിന്റെ ഈ ഭീകരാവസ്ഥ കൊച്ചുകുഞ്ഞുങ്ങൾക്കുപോലും അറിയാവുന്ന ഒന്നാണ്. നമ്മുടെ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ പേർക്കാണു പ്രമേഹം ശരിയായ വിധത്തിൽ ചികിത്സിക്കാത്തതു കാരണം കാൽ മുറിച്ചു മാറ്റേണ്ടിവന്നിട്ടുള്ളത്. അപ്പോൾ തീർച്ചയായും ഈയൊരു ഭയം അടിസ്ഥാനരഹിതമല്ല. തക്കതായ കാരണവുമുണ്ട്. ചരിത്രത്തിൽ ഒട്ടേറെ  ഉദാഹരണങ്ങളുമുണ്ട്. എന്നാൽ എല്ലാ പ്രമേഹരോഗികൾക്കും മുറിവുകളുണ്ടാകുമ്പോൾ അത് ഉണങ്ങാത്ത അവസ്ഥ വരുന്നില്ല. എത്ര ചെറിയ മുറിവാണെങ്കിൽപോലും അതിനെ ഗുരുതരമായി കണ്ട് ഉടനെതന്നെ ചികിത്സിക്കുക.
ഇൻസുലിൻ ഇൻജക് ഷനുകൾ എടുക്കുന്ന രോഗികളാണ് എങ്കിൽ മുറിവിൽ അണുബാധ ഉണ്ടാകുമ്പോൾ പഞ്ചസാര കൂടുന്ന വേളയിൽ ഇൻസുലിൻ ഇൻജക് ഷന്റെ അളവു കൂട്ടിയാൽ മതിയാകും. പലപ്പോഴും സംഭവിക്കുന്നതു മുറിവുകൾ വിദഗ്ധമായി ചികിത്സിക്കപ്പെടുന്നു; എന്നാൽ നിർഭാഗ്യവശാൽ രക്തത്തിലെ പഞ്ചസാര 24 മണിക്കൂറും വിദഗ്ധമായി നോർമലായി നിലനിറുത്തുവാൻ രോഗികൾക്കു സാധിക്കാതെ വരുന്നു. പഴുപ്പു പടരാതിരിക്കാൻ പ്രമേഹം നോർമലായിരിക്കുകതന്നെ വേണം.

ഇനി ഭയമേ വേണ്ട

പ്രമേഹരോഗികളുടെ അനാവശ്യമായ ഭയാശങ്കകൾക്കു കാരണം വാസ്തവത്തിൽ രോഗചികിത്സയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ കൂട്ടുന്ന രോഗമാണെ ങ്കിലും ഒട്ടേറെ സങ്കീർണതകൾ ഒപ്പമുള്ള ഒരു അവസ്ഥയാണ്. അവയെ ക്കുറിച്ചെല്ലാം സാമാന്യമായ ജ്ഞാനം രോഗികൾക്കു വേണം. പ്രമേഹം ഏതെങ്കിലും ഒരു അവയവത്തിൽ അനുബന്ധരോഗം വരുത്തിത്തീർക്കു മ്പോൾ ആ രോഗം മാത്രം ചികിത്സിക്കാതെ എല്ലാ അവയവങ്ങൾക്കും ഒരുപോലെ സംരക്ഷണം കിട്ടുന്ന വിധത്തിൽ അടിസ്ഥാനരോഗമായ പ്രമേഹത്തെ സമഗ്രമായി ചികിത്സിക്കുകയാണു വേണ്ടത്. അശാസ്ത്രീയ ചികിത്സാമാർഗങ്ങളും മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സാവിധികളും സ്വീകരിക്കുന്ന രോഗികൾ തീർച്ചയായും പ്രമേഹത്തെ ഭയക്കണം. അല്ലാത്തപക്ഷം വിവേകമതികളായ രോഗികൾക്കു പ്രമേഹ ത്തെ തെല്ലും ഭയക്കേണ്ടതില്ല. അപ്പോൾ പ്രമേഹരോഗിയായ താങ്കൾ ഭയക്കേണ്ടതില്ല എന്നു മനസ്സിലായില്ലേ... ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ: ജ്യോതി ദേവ് കേശവ ദേവ്

പ്രമുഖ പ്രമേഹ രോഗവിദഗ്ധനും ഗവേഷകനും