നല്ല ഡോഗ് ലവേഴ്സ് നല്ല ക്യാറ്റ് ലവേഴ്സ് ആയിരിക്കണമെന്നില്ല. കാരണം ഒരു വയസ്സ് പ്രായമെത്തുമ്പോൾ നായ്ക്കളുടെ ചിന്ത നാലു വയസ്സായ കുട്ടിക്ക് സമാനമാണെങ്കിൽ ഒരു വയസ്സ് എത്തിയ പൂച്ച അൽപം കൂടി പക്വതയുള്ളതുപോലെയാണ് കാണപ്പെടാറ്. ശ്രദ്ധ കിട്ടിയില്ലെങ്കിൽ നായ്ക്കൾക്ക് സങ്കടം വരും, വഴക്കു പറഞ്ഞാൽ പിണങ്ങിക്കിടക്കും, നമ്മൾ എവിടെയെങ്കിലും പോയാൽ കാത്തിരിക്കും. തീവ്രമായി സ്നേഹം പ്രകടിപ്പിക്കുകയും അതു തിരിച്ച് പ്രതീക്ഷിക്കുകയും ചെയ്യും.
പൂച്ചകൾ അത്ര സ്നേഹപ്രകടനം ഉള്ളവരല്ല. നമ്മളെ ശ്രദ്ധിക്കുകയും, മടിയിൽ കയറി ഇരിക്കുകയും ചെയ്യും. എ ന്നാൽ സ്വതന്ത്രമായി നടക്കാനാണ് അവയ്ക്കിഷ്ടം. നായയെ പോലെ പരിശീലിപ്പിച്ച് നമ്മുടെ രീതിയിലേക്ക് കൊണ്ടുവരിക പ്രയാസമാണ്.
വീട്ടിൽ ഇണക്കി വളർത്തിയാലും ഇരയെ കീഴടക്കുന്ന സ്വഭാവം പൂച്ചയ്ക്കുണ്ട്. എലി, പക്ഷികൾ എന്നിവയെ വേട്ടയാടി ആഹാരമാക്കും.
കേരളത്തിൽ നാടൻ പൂച്ചയെ വളർത്തുന്നവർ ധാരാളമാണ്. ജനിച്ച് ഒൻപതോ പത്തോ ആഴ്ച പ്രായമാകുമ്പോ ൾ തന്നെ പൂച്ചക്കുഞ്ഞിനെ വാങ്ങുന്നതാണ് നല്ലത്. ആരോഗ്യമുണ്ടോ എന്നുറപ്പു വരുത്തി മാത്രം വാങ്ങുക. അവയെ യഥാസമയം വാക്സിനേറ്റ് ചെയ്യുക. വിര ശല്യം ഒഴിവാക്കാൻ ഡീവേമിങ് ചെയ്യുക.
കണ്ണുകൾ കുഴിയുക, വയറ് വീർത്തിരിക്കുക വേച്ചു പോകുക തുടങ്ങിയ ലക്ഷണങ്ങൾ ആരോഗ്യ പ്രശ്നങ്ങളാണ്. രോഗമുള്ള പൂച്ചയെ കൈകാര്യം ചെയ്യുന്നത് രോഗമുള്ള നായയെ കൈകാര്യം ചെയ്യുന്നതിനെക്കാൾ ബുദ്ധിമുട്ടാണ്. കാരണം ചികിത്സയ്ക്ക് അവ വഴങ്ങില്ല. മരുന്നു കഴിപ്പിക്കുകയും പ്രയാസമാണ്.
പൂച്ചകൾക്ക് ജനിച്ച് രണ്ടാഴ്ച കഴിയുമ്പോൾ വിരയെ അകറ്റാനുള്ള മരുന്ന് കൊടുക്കണം. മരുന്നിന്റെ ഡോസ് വെറ്ററിനറി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.
വില കൂടിയ ബ്രീഡ് പൂച്ചകളെ ഇപ്പോൾ ആളുകൾ വാങ്ങുന്നുണ്ട്. പേർഷ്യൻ ക്യാറ്റ്സ്, സയമീസ് ക്യാറ്റ്, ഹിമാലയൻ ക്യാറ്റ്, ബ്രിട്ടീഷ് ഷോര്‍ട്ട് ഹെയർ ക്യാറ്റ്, ബംഗാൾ ക്യാറ്റ് എന്നിവയാണ് വളർത്താൻ ആളുകൾ വാങ്ങുന്ന പ്രധാന ബ്രീഡ്. മുഖത്തിന്റെ ആകൃതി നോക്കിയാണ് കൂടുതൽ പേരും പൂച്ചയെ വാങ്ങുന്നത്. ഡോൾ ഫെയ്സ്, പഞ്ച് ഫെയ്സ് എന്നിങ്ങനെ രണ്ട് വിധത്തിലാണ് മുഖാകൃതി.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അബ്ദുൾ ലത്തീഫ് കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ
ഡോ. ജോസ് ജോസഫ്
റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ
കണ്ണൂർ
അമ്പിളി പുരയ്ക്കൽ
കോ ഓർഡിനേറ്റർ
ദയ ആനിമൽ വെൽഫെയർ
ഓർഗനൈസേഷൻ