Tuesday 09 July 2019 12:10 PM IST : By സിനു ചെറിയാൻ

ഒന്നേകാൽ സെന്റിൽ തകർപ്പനൊരു 3 ബെഡ്റൂം വീട്! കറന്റ് ബില്ലും പെയിന്റിങ്ങും ലാഭിച്ച ആർകിടെക്റ്റ് മാജിക്

1-cent

ഒരു മുറിയും അടുക്കളയും മാത്രമുള്ള കുഞ്ഞുവീട്ടിലായിരുന്നു ഹരികുമാറും കുടുംബവും താമസം. പുതിയ വീട് വയ്ക്കാനുള്ള സാമ്പത്തിക സാഹചര്യം ഒത്തുവന്നപ്പോഴും ചില കാര്യങ്ങൾ കീറാമുട്ടിയായി നിന്നു. സ്ഥലപരിമിതി ഒന്നാമത്തെ പ്രശ്നം. ആകെ ഒന്നേകാൽ സെന്റാണുള്ളത്. ഇതിൽ വീടുവയ്ക്കുക അത്ര എളുപ്പമല്ല. ഈ പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ഹരികുമാർ, ഹബിറ്റാറ്റിലെ ഡിസൈനർ നവീൻ ലാലിനെ സമീപിച്ചത്. ഒന്നേകാൽ സെന്റിൽ നല്ലൊരു വീടു പണിയാം എന്ന് നവീൻ ഉറപ്പു നൽകിയതോടെ വീട്ടുകാരുടെ ടെൻഷൻ അകന്നു.

സൗകര്യങ്ങൾക്കു കുറവില്ല

രണ്ട് ആൺമക്കൾ ഉള്ളതിനാൽ ആകെ മൂന്ന് കിടപ്പുമുറികൾ വേണമെന്നതായിരുന്നു വീട്ടുകാരുടെ മുഖ്യ ആവശ്യം. താഴത്തെ നിലയിൽ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ ഉൾക്കൊള്ളിച്ച് നവീൻ അതു നിറവേറ്റി. ചെറിയ സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് സ്പേസ്, അടുക്കള, കോമൺ ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. കിടപ്പുമുറികൾ കൂടാതെ ചെറിയ ഹാളും ബാൽക്കണിയും മുകളിലെ നിലയിലുണ്ട്. മുകളിലെ ഓപൻ ടെറസിലേക്കത്താൻ സ്റ്റെയർകെയ്സുമുണ്ട്. മുറ്റം ഇല്ലാത്തതിനാൽ തുണിയും മറ്റു സാധനങ്ങളുമൊക്കെ ഉണക്കാനുള്ള സൗകര്യം ഇവിടെയാണ് ക്രമീകരിച്ചിട്ടുള്ളത്. 710 ചതുരശ്രയടി ആണ് വീടിന്റെ വിസ്തീർണം.

1-cent-c

നിർമാണം ചെലവുകുറച്ച്

പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ചതിൽ കൊള്ളാവുന്ന വസ്തുക്കളെല്ലാം പുനരുപയോഗിച്ചു. കിട്ടിയ കരിങ്കല്ലും വെട്ടുകല്ലും അടിത്തറ കെട്ടാനാണ് ഉപയോഗിച്ചത്. ഇന്റർലോക്ക് മഡ് ബ്ലോക്ക് ഉപയോഗിച്ചാണ് വീടിന്റെ ചുമരു കെട്ടിയത്. ചെലവ് കുറവ്, പെട്ടെന്ന് പണിയാം, വീടിനുള്ളിൽ ചൂട് കുറയും തുടങ്ങിയ ഗുണങ്ങളാണ് ഇന്റർലോക്ക് മഡ് ബ്ലോക്ക് തിരഞ്ഞടുക്കാൻ കാരണം.ഒരു കട്ടയ്ക്ക് 36 രൂപ വിലവന്നു. നല്ല മിനുസമുള്ള പ്രതലവും ആകർഷകമായ നിറവും ആയതിനാൽ സിമന്റ് തേക്കേണ്ട കാര്യവുമില്ല. ഉള്ളിലെ ചുമരുകളുടെ ചില ഭാഗഭങ്ങൾ മാത്രമേ ഇവിടെ തേച്ചിട്ടുള്ളു.

പഴയ ഓട് വെച്ച് ‘ഫില്ലർ സ്ലാബ്’ രീതിയിൽ മേൽക്കൂര വാർത്തതും തടി ഒഴിവാക്കി പകരം ജിഐ കൊണ്ടുള്ള ജനാലകൾ നൽകിയതു വഴിയും ചെലവിന് കടിഞ്ഞാണിടാനായി. പഴയ തടി പുനരുപയോഗിച്ചാണ് പുറംവാതിലുകൾ രണ്ടും നിർമിച്ചത്. ഉള്ളിലെ മുറികൾക്കും ബാത്റൂമിനും റെഡിമെയ്ഡ് വാതിലുകൾ നൽകി. ചതുരശ്രയടിക്ക് 50 രൂപയിൽ താഴെ വിലയുള്ള വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്.

1-cent-a

വെളിച്ചമേകി ജാളി വർക്

നിർമാണച്ചെലവ് മാത്രമല്ല, പരിപാലനച്ചെലവും കുറയുമ്പോഴാണ് മികച്ച വീട് യാഥാർഥ്യമാകുന്നതെന്നാണ് നവീൻ ലാലിന്റെ പക്ഷം. പെയിന്റിങ് അടക്കം മെയ്ന്റനൻസ് ജോലികൾ കഴിവതും ഒഴിവാക്കാവുന്ന രീതിയിൽ വീടൊരുക്കിയതിന്റെ കാരണവും മറ്റൊന്നല്ല. കറന്റ് ബിൽ പോലെ എല്ലാ മാസവും വേണ്ടിവരുന്ന ചെലവിലും കുറവ് വരുത്താനുള്ള വഴികളും ഉൾപ്പെടുത്തി ആയിരുന്നു വീടിന്റെ രൂപകൽപന. ആവശ്യത്തിനു കാറ്റും വെളിച്ചവും വീടിനുള്ളിലെത്തും വിധം ‘ക്രോസ് വെന്റിലേഷൻ’ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റെയർ ഏരിയിലുള്ള ‘ബ്രിക്ക് ജാളി’യാണ് എടുത്തുപറയേണ്ട സംഗതി. ഇടയ്ക്ക് കട്ട ഒഴിവാക്കി ചുമര് കെട്ടിയതു വഴി സാധ്യമാക്കിയ ഈ ജാളി വഴി വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചമെത്തും. അതും ചൂടില്ലാത്ത നല്ല ഒന്നാംതരം ‘ഇൻഡയറക്ട് സൺലൈറ്റ്’. അതിനാൽ പകൽ സമയത്ത് കോമൺ ഏരിയയിൽ ലൈറ്റ് ഇടേണ്ട ആവശ്യം വരുന്നില്ല.

fotoz

 വിവരങ്ങൾക്ക് കടപ്പാട്;

നവീൻലാൽ : 98470 74201