Thursday 27 October 2022 04:46 PM IST

മുയലുകളെ പോലെ ക്യൂട്ട്, പരിപാലനവും പ്രയാസകരമല്ല: ഗിനി പിഗിനെ വീട്ടിൽ വളർത്തിയാലോ?

Rakhy Raz

Sub Editor

guinea-pig

ഓഫിസിൽ നിന്നും തിരികെയെത്തുന്നതും കാത്തിരിക്കുന്ന, ദൂരെ നിന്ന് കാണുമ്പോഴേ ഓടി വരുന്ന നായ്ക്കുട്ടി, ഉരുമ്മാനും മടിയിൽ കയറിയിരിക്കാനും ഇഷ്ടമുള്ള പൂച്ചക്കുട്ടി, കലപില കൂട്ടുന്ന കിളികൾ... ഇങ്ങനെ അരുമ മൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ മനസ്സിന്റെ എല്ലാ ഭാരവും കാറ്റിലഴിഞ്ഞ് പാറിപ്പോകുന്നതു കാണാം.

വിദേശ രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും ഒാമനമൃഗങ്ങളെ വളർത്തലും അവയ്ക്കു നൽകുന്ന മുന്തിയ പരിചരണവുമെല്ലാം വ്യാപകമാകുകയാണ്. ചിലർ വിലയേറിയ മൃഗങ്ങളെ സ്വന്തമാക്കുമ്പോൾ ചിലർ നാട്ടുമൃഗങ്ങളെയാണ് ഓമനയാക്കുക. വീട്ടിൽ തുള്ളിക്കളിക്കുന്ന ഒരു കുഞ്ഞ് തരുന്ന അതേ സന്തോഷം ഓമനമൃഗങ്ങൾ നൽകുന്നുണ്ട്.

അരുമയായി വളർത്തുന്ന മൃഗങ്ങളിൽ ഒന്നാം സ്ഥാനം നായയ്ക്കാണ്. രണ്ടാം സ്ഥാനം പൂച്ചയ്ക്കും. ഇതു കൂടാതെ പക്ഷികൾ, മീനുകൾ, മുയൽ, ഗിനി പിഗ് എന്നിവയും ഓമനമൃഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.

Doggie Darlings

കാവൽ എന്നതിനെക്കാൾ കൂട്ട് എന്ന നിലയിലാണ് നമ്മളിന്ന് നായയെ വാങ്ങുന്നത്. ഏതെങ്കിലും ഇനം നായ എന്ന പതിവ് വിട്ട് പ്രത്യേക ജനുസ്സുകളെ സ്വന്തമാക്കുന്ന രീതിയിലേക്ക് നായ് വളർത്തൽ മാറിക്കഴിഞ്ഞു.

വളർത്തു നായ്ക്കളിൽ വിവിധ സ്വഭാവങ്ങളോട് കൂടിയ പലയിനം ബ്രീഡുകളുണ്ട്. അതിനാൽ തന്നെ നായ്ക്കുട്ടികളെ വാങ്ങുമ്പോൾ നമ്മുടെ താൽപര്യത്തിനനുസരിച്ചുള്ള ബ്രീഡ് വാങ്ങാൻ ശ്രദ്ധിക്കണം. ചെറുപ്പക്കാർക്ക് ലാബ്രഡോർ റിട്രീവർ, ഐറിഷ് സെറ്റർ, ഇംഗ്ലിഷ് സ്പ്രിങ്ങർ സ്പാനിയൽ തുടങ്ങിയ സ്പോർട്ടി ബ്രീഡ് വാങ്ങാം.

കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ ബീഗിൾ, ഷിറ്റ്സു, ല സ അപ്സോ പോലുള്ള വലുപ്പം കുറഞ്ഞ ടോയ് ബ്രീഡ്സ് ആണ് നല്ലത്. നിത്യജീവിതവുമായി ഇണങ്ങുന്ന ബ്രീഡ് ആണ് വേണ്ടതെങ്കിൽ ജർമൻ ഷെപേർഡ്, ഡോബർമാൻ പോലുള്ള വർക്കിങ് ഡോഗ്സിനെ വാങ്ങാം.

യജമാനനോട് സ്നേഹവും വിധേയത്വവും പുലർത്തുകയും മറ്റുള്ളവരുമായി അകന്നു നിൽക്കുകയും ചെയ്യുന്ന ബ്രീഡ് ആണ് റോട്ട് വീലർ. വ്യായാമം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ബോക്സർ, ഗ്രേറ്റ് ഡെയിൻ മുതലായ അത്‌ലറ്റിക് ബ്രീഡ് തിരഞ്ഞെടുക്കാം. ഒറ്റയ്ക്ക് കഴിയുന്നവർക്കും മുഴുവൻ നേരവും കൂട്ട് ഇഷ്ടപ്പെടുന്നവർക്കും കംപാനിയൻ ഡോഗ് ഇനത്തിൽ പെട്ട പാപ്പിലോൺ, അമേരിക്കൻ ബുള്ളി, ഗോൾഡൺ റിട്രീവർ, പഗ് എന്നിവയായിരിക്കും ചേരുക.

നായയുടെ സ്വഭാവത്തെക്കുറിച്ച് അറിവ് നൽകാൻ കഴിയുന്ന വെറ്ററിനേറിയൻ എക്സ്പർട്സ് ഉണ്ട്. അവരുടെ ഉപദേശം സ്വീകരിച്ച ശേഷം നായയെ വാങ്ങുക. വാക്സിനേഷൻ, ഡീ വേമിങ് (വിര നിവാരണം) എന്നിവ ചെയ്യുക. ജനിച്ച് രണ്ടാഴ്ച ആകുമ്പോൾ തന്നെ വിര നിവാരണം ചെയ്യണം.

നായയെ വാങ്ങും മുൻപ് നായയുടെ ആവശ്യങ്ങൾ, നിങ്ങളുടെ ആവശ്യങ്ങൾ, അവയെ പരിപാലിക്കേണ്ടത് എങ്ങനെ, അത് ശരിയായി ചെയ്യാൻ കഴിയുമോ, അതിന് വേണ്ട സാമ്പത്തിക ചുറ്റുപാടുണ്ടോ ഇവയെല്ലാം പരിഗണിക്കണം.

Ra... Ra... Rabbits

അരുമയായും മുയലുകളെ വളർത്താം. വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള ന്യൂസിലൻഡ് വൈറ്റ്, കാട്ടു മുയലിനോട് സാമ്യമുള്ള ഗ്രേ ജയന്റ്, ചാര നിറമുള്ള സോവിയറ്റ് ചിഞ്ചില, വെളുത്ത ചെറു മുയലായ ഹിമാലയൻ എന്നിവയാണ് പ്രധാന ബ്രീഡ്. ഇവയുടെയെല്ലാം സങ്കരയിനങ്ങളും നമ്മുടെ നാട്ടിൽ വളർത്താൻ യോജിച്ചവയാണ്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കൂടുതലുണ്ട്.

ഇവയ്ക്ക് വിസ്താരമുള്ള കൂട് വേണം. താരതമ്യേന ചെലവ് കുറഞ്ഞ അരുമകളാണ് മുയല്‍.

മുയൽക്കുഞ്ഞുങ്ങളെ മറ്റ് മുയലുകൾ ഉപദ്രവിക്കുമെന്നതിനാൽ ശ്രദ്ധ വേണം.

Little Guine Pigs

മുയലുകളെപ്പോലെ അരുമയായി സ്ഥാനക്കയറ്റം കിട്ടിയ മൃഗമാണ് ഗിനി പിഗ്. കാണാൻ ചന്തമുള്ള സദാ ഊർജസ്വലതയോടെ ഇരിക്കുന്ന കുഞ്ഞു മൃഗമാണ് ഗിനി പിഗ്. സാമൂഹിക ജീവി ആയതിനാൽ ഒരു കൂട്ടിൽ തന്നെ കൂടുതൽ ഗിനി പന്നികളെ വളർത്താം. വീട്ടിനകത്തു വേണമെങ്കിലും ഇവയെ വളർത്താം. പുറത്താണ് കൂട് ഒരുക്കുന്നതെങ്കിൽ കൂടിന് അധികം പൊക്കം ആവശ്യമില്ല, എന്നാൽ ഓടി നടക്കാനുള്ള സ്ഥലം ഉണ്ടാകണം. ഇല്ലെങ്കിൽ അവയുടെ ഊർജസ്വലമായ സ്വഭാവം നഷ്ടപ്പെട്ട് വിഷാദത്തിലാകാം. നായ്ക്കളും കീരികളും മറ്റും ഇവയെ ആക്രമിക്കുമെന്നതിനാൽ കൂട് പുറത്താണെങ്കിൽ കൂടിന് നല്ല ബലം വേണം. ഇഷ്ട ഭക്ഷണം പച്ചപ്പുല്ലും പച്ചക്കറികളും ആയതിനാൽ പരിപാലനം ഏറെ പ്രയാസകരമല്ല.

രാഖി റാസ്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അബ്ദുൾ ലത്തീഫ് കെ

എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ

വെറ്ററിനറി സർജൻ

ഡോ. ജോസ് ജോസഫ്

റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ

കണ്ണൂർ

അമ്പിളി പുരയ്ക്കൽ

കോ ഓർഡിനേറ്റർ

ദയ ആനിമൽ വെൽഫെയർ

ഓർഗനൈസേഷൻ