കളിപ്പാട്ടം വേണ്ട. കൂട്ടുകാരോടൊപ്പം കളിക്കാൻ മടി. ഒഴിവുസമയങ്ങളിൽ ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോലും തയാറാകാതെ സ്ക്രീനിന് മുന്നിൽത്തന്നെയാണ് കുരുന്നുകൾ. സ്ക്രീൻടൈം കൂടുന്നത് ശ്രദ്ധക്കുറവ് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കു കാരണമാകും. ഒഴിവുനേരത്ത് മുറ്റത്ത് ഇത്തിരി പച്ചപ്പൊരുക്കാൻ കുട്ടികളെ സഹായിച്ചാലോ?
വിത്ത് മുളയ്ക്കുമ്പോഴും പൂമൊട്ട് വിരിയുമ്പോഴും കുരുന്നു മുഖങ്ങളിൽ പുഞ്ചിരിപ്പൂക്കൾ വിടരുന്നത് കാണാം. കുട്ടികളുടെ ബുദ്ധിവികാസം മെച്ചപ്പെടുന്നതിനും കഴിവുകൾ വളർത്തിയെടുക്കുന്നതിനും പൂന്തോട്ട പരിപാലനവും കൃഷിയും സഹായിക്കും.
ചെടിക്കൊപ്പം വളരുന്നത്
ചെടികൾ വളരുന്നതിനൊപ്പം സ്വയമറിയാതെതന്നെ കുട്ടികൾ ചില പാഠങ്ങളും പഠിക്കുന്നുണ്ടെന്നതാണ് സത്യം.
∙ ചെടിക്ക് വെള്ളവും വളവും നൽകി പരിപാലിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നതാണ് കുട്ടികൾ പഠിക്കുന്ന ആദ്യപാഠം. ഭാവിയിൽ ഉത്തരവാദിത്തബോധമുള്ളവരായി വളരാൻ ഇത് അവരെ സഹായിക്കും.
∙ വെള്ളവും വളവും നൽകി പരിചരിച്ച് ക്ഷമയോടെ കാത്തിരുന്നാൽ ഫലമുണ്ടാകുമെന്ന തിരിച്ചറിവ് കുരുന്നു മനസ്സുകളിൽ ക്ഷമയും പ്രതീക്ഷയും വളരാൻ ഗുണകരമാണ്. മാത്രമല്ല, സൂര്യപ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ് എന്ന തിരിച്ചറിവ്, ശാസ്ത്രബോധവും വളർത്തും.
∙ കുടുംബാംഗങ്ങളോടൊപ്പമോ കൂട്ടുകാരോെടാപ്പമോ ചേർന്നു പൂന്തോട്ടവും അടുക്കളത്തോട്ടവും ഒരുക്കുന്നതിലൂടെ സഹകരണമനോഭാവം, ടീം വർക്ക് ഇവ കുട്ടികൾ പഠിക്കും. പൂ വിരിയുമ്പോഴും സ്വന്തമായി കൃഷി െചയ്ത പച്ചക്കറി കഴിക്കുമ്പോഴും ലക്ഷ്യം കൈവരിച്ച ആത്മവിശ്വാസമാണ് മനസ്സിൽ നാമ്പിടുക.
∙ ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്താനും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും കൃഷിയും പൂന്തോട്ടനിർമാണവും സഹായിക്കും. ചലന, സംസാര, വ്യക്തിത്വവൈകല്യങ്ങൾ, ഓട്ടിസം എന്നിവയുള്ള കുട്ടികൾക്ക് ചെടികളുമായുള്ള നിരന്തരമായ ഇടപെടൽ ഗുണകരമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
∙ മണ്ണ് നിറയ്ക്കുന്നതും ചെടിച്ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയിൽ ചെടികൾ വളർത്തുന്നതും ശാരീരിക വൈകല്യമുള്ള കുട്ടികളിൽ പോസിറ്റീവ് മാറ്റമുണ്ടാക്കും.
ഒരുക്കാം കൃഷിത്തോട്ടം
അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യഘട്ടം. ഇതിന് കുട്ടികൾക്ക് അച്ഛനമ്മമാരുടെ സഹായം ആ വശ്യമുണ്ട്. നല്ല വെയിൽ കിട്ടുന്ന, വളക്കൂറുള്ള മണ്ണുള്ള ഇ ടം കണ്ടെത്തിയാൽ കൃഷിപ്പണികൾ തുടങ്ങാം.
തുടക്കത്തിൽ കുറച്ചു സ്ഥലത്ത് മാത്രമായി കൃഷിത്തോട്ടം ഒരുക്കുക. ചട്ടികൾ, ഗ്രോ ബാഗ്, മിശ്രിതം തുടങ്ങി ആവശ്യമായതെല്ലാം നൽകാം. ചെയ്യേണ്ട കാര്യങ്ങൾ പടിപടിയായി ആദ്യ തവണ മാതാപിതാക്കൾ തന്നെ ചെയ്തു കാണിക്കണം.
കൃഷിത്തോട്ടമൊരുക്കുന്നതിനുള്ള സ്ഥലത്തെ മണ്ണ് ഇളക്കി നൽകുക. വിത്ത് പാകാനും തൈ നടാനും കുട്ടികളെ ഏൽപിക്കണം. മണ്ണ് കിളച്ച് സെന്റിന് രണ്ടര കിലോ എന്ന കണക്കിൽ കുമ്മായം ചേർത്ത് അഞ്ച് ദിവസമെങ്കിലും അങ്ങനെ നിലനിർത്തുക. തുടർന്ന് ചാണകം, കോഴിക്കാഷ്ടം, എല്ലുപൊടി ഇവ ചേർത്ത് അടിവളം മണ്ണുമായി ഇടകലർത്തി വേണം ഉപയോഗിക്കാൻ. ഒാരോ ഘട്ടത്തിലും എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന സംശയം ചോദിക്കാം. കുട്ടികൾക്ക് മനസ്സിലാകും വിധം അത് വിവരിക്കുക.
ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഓരോ ബാഗിലും 30 ഗ്രാം ട്രൈക്കോഡെർമ, 1:1:1 എന്ന അനുപാതത്തിൽ വളക്കൂറുള്ള ചുവന്ന മണ്ണ്, മണൽ, ജൈവവളം എന്നിവ ചേർത്ത് തയാറാക്കിയ പോട്ടിങ് മിശ്രിതം ഇവ ചേർത്ത് ഇളക്കി ഒരാഴ്ച സൂക്ഷിക്കുക. ഇടയ്ക്ക് നനച്ച ശേഷം ഇളക്കി ത ണലത്ത് വയ്ക്കണം. തുടർന്ന് ൈതകൾ നടാം.
പച്ചക്കറിവിത്ത് ആറ് മണിക്കൂർ പഴങ്കഞ്ഞിവെള്ളത്തി ൽ ഇട്ടു വച്ച ശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്ത ലായനിയിൽ അരമണിക്കൂർ ഇടുക. തുടർന്ന് വിത്തുകൾ പാകാം. രാവിലെയും വൈകുന്നേരവും കുട്ടികളെക്കൊണ്ടുതന്നെ നനപ്പിക്കുക. പെട്ടെന്ന് വ ളരുന്ന ചീര, തക്കാളി, മുളക് ഇവ കൃഷി ചെയ്താൽ കുട്ടികളുടെ ആവേശം നിലനിർത്താം. മഴക്കാലത്ത് മുളക്, വെണ്ട, വഴുതന എന്നിവ നടാം.
പൂക്കൾ വിരിയട്ടെ
കുട്ടിപ്പൂന്തോട്ടത്തിന് നാല് - അഞ്ച് മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്ന ഇടം തിരഞ്ഞെടുക്കാം. കുറച്ചു വലുപ്പമുള്ള ചെടികൾ കുട്ടികളുടെ കൗതുകം കൂട്ടും. പൂന്തോട്ടം ഒരുക്കുന്നിടത്ത് പുൽത്തകിടി, നടപ്പാത, പൂത്തടം, അതിരു ചെടികൾ തുടങ്ങിയവയുടെ സ്ഥാനം നിശ്ചയിക്കാം. പൂന്തോട്ടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരാവുന്ന വിധം നടപ്പാതയുണ്ടെങ്കിൽ ഭംഗിയായി.
പുൽത്തകിടി, പൂത്തടം, കുറ്റിച്ചെടികൾ, മരങ്ങൾ ഇവ നടാൻ ഗുണമേന്മയുള്ള മണ്ണ് ആവശ്യമാണ്. മേൽമണ്ണ് മോശമാണെങ്കിൽ മാറ്റി നല്ല മണ്ണ് നിറയ്ക്കണം. കാർപറ്റ് ഗ്രാസ് പെട്ടെന്ന് നശിക്കുമെന്നതിനാൽ പേൾഗ്രാസ്, ബഫലോ ഗ്രാസ് ഇവയാണ് നല്ലത്. ആവശ്യത്തിന് ചെരിവ് നൽകി മണ്ണ് വിരിച്ച ശേഷം അതിൽ എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ കലർത്തി പുല്ല് നടാം.
സീസണൽ മാരിഗോൾഡ്, സീനിയ, ഡയാന്തസ് തുടങ്ങിയ ചെടികളുടെ വിത്തുകൾ കുട്ടികൾക്ക് നൽകുക. പൂത്തടം തയാറാക്കാൻ വർഷം മുഴുവൻ പൂവിടുന്ന ചെത്തി, നന്ദ്യാർവട്ടം, കൊങ്ങിണി, ടേബിൾ റോസ്, വാർഷിക പൂച്ചെടികൾ ഇവ തിരഞ്ഞെടുക്കാം. നന്നായി കിളച്ച മണ്ണിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് ഇവ വളമായി കലർത്തിയതിലാണ് ചെടികൾ നടേണ്ടത്.
ചെടി നനയ്ക്കുക, വളമിടുക തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും കുട്ടികളെ ഏൽപിക്കണം. ചെടികൾക്ക് ചാണകപ്പൊടി പോലെയുള്ള ജൈവവളം മാത്രം മതി.
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഡംബ് കെയ്ൻ, അരളി, മഞ്ഞ അരളി, ആഗ്ലോനിമ, അലങ്കാര ചേമ്പുകൾ തുടങ്ങിയ ചെടികൾ കുട്ടികളുടെ പൂന്തോട്ടത്തിൽ വേണ്ട. ഇവ കുട്ടികൾ വായിൽ വയ്ക്കുകയോ മറ്റോ ചെയ്താൽ അലർജിയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. യൂഫോർബിയ പോലെ ഇലയിലും തണ്ടിലും കറയുള്ള ചെടികളും ഒഴിവാക്കണം.
വിരുന്നെത്തും ശലഭവും കുരുവിയും
പൂന്തോട്ടത്തിൽ പൂമ്പാറ്റയ്ക്കും തേൻകുരുവിക്കും കൂടി ഇടം നൽകാം. നന്നായി വെയിൽ കിട്ടുന്നിടത്താണ് ഇത്തരം ചെടികൾ വളർത്തേണ്ടത്. കാറ്റ് ശക്തിമായി വീശുന്ന ഇടങ്ങൾ ഒഴിവാക്കുക.
ഉയരം കുറഞ്ഞ വാടാമുല്ല, വെർബീന, പെൻറ്റാസ്, മിൽക്ക് വീഡ്, മാരിഗോൾഡ് തുടങ്ങിയ പൂച്ചെടികൾ മുന്നിലും പുറകിൽ ഉയരം കൂടിയ ചെത്തി, കൊങ്ങിണി, ചെത്തിക്കൊടുവേലി, മുസാൻഡാ, പൂമ്പാറ്റച്ചെടി ഇവ നടാം. ഒപ്പം കണിക്കൊന്ന, ഡിവിഡിവി, നീർമാതളം, രാജമല്ലി തുടങ്ങിയ പൂമരങ്ങളും ഏറ്റവും പിന്നിൽ വളർത്താം.
തേൻകുരുവിയെ ആകർഷിക്കാൻ ബോട്ടിൽ ബ്രഷ്, ഹ മീലിയ, ഹെലിക്കോണിയ സെന്റ്. വിൻസെന്റ് റെഡ്, വള്ളിച്ചെടിയായ ബംഗാൾ ക്ലോക്ക് വൈൻ ഇവ നടാം. ചെറുചെടികളും കുറ്റിച്ചെടികളും കൂട്ടമായോ നിരയായോ വേണം വളർത്താൻ.
ഒരു പാത്രത്തിൽ വെള്ളം നിറച്ച് ഉദ്യാനത്തിൽ വയ്ക്കാം. ഈ വെള്ളം കുടിക്കാനും കുളിക്കാനുമായി പക്ഷികൾ എത്തും. പതിവായി വെള്ളം മാറാൻ ശ്രദ്ധിക്കണം.
ചൈത്രാലക്ഷ്മി
ഫോട്ടോ: സരുൺ മാത്യു
വിവരങ്ങൾക്കു കടപ്പാട്:
പ്രഫ. ജേക്കബ് വർഗീസ് കുന്തറ,
റിട്ട. പ്രഫസർ, േബാട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി
എ.ജെ. ഷിക്സ
സ്പെഷൽ എജ്യുക്കേറ്റർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്
ഫിസിക്കൽ മെഡിസിൻ &റിഹാബിലിറ്റേഷൻ സെന്റർ, തൃശൂർ
അഞ്ജു പോൾ,
കൃഷി ഓഫിസർ, അയവന, എറണാകുളം