Thursday 28 October 2021 02:29 PM IST

‘എൽ’ഡിസൈൻ, അമ്പരപ്പിക്കുന്ന ഇന്റീരിയർ! ആന്റണി ‘പെർഫെക്ട്’ അല്ലെങ്കിലും ഹോമിലെ വീട് പെർഫെക്ടാണ്

Sunitha Nair

Sr. Subeditor, Vanitha veedu

Home 9

അയാം നോട്ട് എ പെർഫക്ട് പേഴ്സൻ. പക്ഷേ, അതെല്ലാം ഞാൻ കാണിക്കുന്നത് ഈ ലോകത്ത് ഇതൊക്കെ കാണിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലത്താണ്. @ my home. കാരണം, അവിടെയുള്ളവർ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ദേഷ്യപ്പെടില്ല, പരിഹസിക്കില്ല, ചീത്ത വിളിക്കില്ല. പകരം ആ തെറ്റ് തിരുത്തി തരും. I am always imperfect at my home.’’ ആന്റണി (#Home)

Home 5

ആന്റണി പെർഫക്ട് അല്ലായിരിക്കാം. പക്ഷേ, ആന്റണിയുടെ വീടിന് പെർഫെക്ട് ഡിസൈൻ ആണെന്നതിൽ സിനിമ കണ്ടവർക്ക് സംശയമില്ല. വീട് നൽകുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും സ്നേഹവും മലയാളികൾ തിരിച്ചറിഞ്ഞത് ഒരു മാസം മുൻപാണ്. ഹോം എന്ന സിനിമ അത്രമാത്രം ഹൃദയത്തെ പിടിച്ചുലച്ചതിനു കാരണം മറ്റൊന്നല്ല. ഉള്ളിന്റെയുള്ളിൽ വീടിന്റെ തണൽ കൊതിക്കുന്ന ഒരു കുട്ടി എല്ലാവരിലുമുണ്ടെന്നതു തന്നെ.

Home 7

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന, തുറന്ന മുറികളുള്ള, ഒലിവർ ട്വിസ്റ്റിന്റെ വീട് കാഴ്ചക്കാരുടെ മനസ്സിന്റെ പൂമുഖത്ത് ഒരു കഥാപാത്രമായി കസേര വലിച്ചിട്ടിരിപ്പുണ്ട്. വീടിനെക്കുറിച്ചു പറയുന്ന കഥയിലെ വീടും സിനിമയുടെ വിജയത്തിൽ പ്രധാന പങ്കു വഹിക്കുന്നു. കൊച്ചി പച്ചാളത്ത് ഹെർമൻ ഫെർണാണ്ടസ് എന്ന ഹെർബിയുടെയും ആലീസിന്റെയും 4000 ചതുരശ്രയടിയുള്ള വീട് ഇതാദ്യമായല്ല സിനിമയിൽ മുഖം കാണിക്കുന്നത്. നിഴൽ, ഇരുൾ തുടങ്ങിയ സിനിമകളിലും ഒട്ടേറെ പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്, മുയൽ, തത്ത, നായ്ക്കുട്ടികൾ തുടങ്ങി ഇഷ്ടം പോലെ വളർത്തുമൃഗങ്ങൾ നിറഞ്ഞ ഈ വീട്.

Home 1

ഇന്റീരിയർ ഡിസൈനറായ ഹെർബി അഞ്ച് വർഷം മുൻപ് സ്വന്തം വീട് ഡിസൈൻ ചെയ്യുമ്പോൾ അതിത്രയും ഹിറ്റ് ആകുമെന്ന് വിചാരിച്ചതേയില്ല. പഴയ തറവാട് വീടിരുന്ന അതേ സ്ഥാനത്താണ് വീടു വച്ചത്. ‘എൽ’ ആകൃതിയില്‍ വീട് വേണമെന്ന ഹെർബിയുടെ ആഗ്രഹപ്രകാരം അങ്ങനെയാണ് വീട് ഡിസൈൻ ചെയ്തത്. പൊതു ഇടങ്ങൾക്ക് പ്രാധാന്യം നൽകി. കിടപ്പുമുറികൾ കിടക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് ഹെർബിയുടെ പക്ഷം. ഈ വീടിന്റെ ഹൈലൈറ്റ് ഇതിന്റെ പ്ലാനും ഡിസൈനുമാണ്.

Home 3

വീടിന്റെ മുകളിലെ നിലയിലേക്കുള്ള പ്രവേശനം പുറത്തു കൂടിയാണ്. മുകളിലെ നില വാടകയ്ക്കു നൽകിയിരിക്കുകയാണ്. ഈ ഉദ്ദേശ്യം മുൻകൂട്ടി കണ്ടാണ് അങ്ങനെ ചെയ്തത്. ഒലിവറിനെയും കുട്ടിയമ്മയെയും പോലെ ഹെർബിക്കും ആലീസിനും രണ്ടാണ്‍മക്കളാണ്. എൻവറും എൽവിനും. ഭാവിയിൽ രണ്ടു പേർക്കും ഓരോ നില ഉപയോഗിക്കാമല്ലോ എന്ന് ആലീസ് പറയുന്നു. രണ്ടു നിലകൾക്കും ഒരേ പ്ലാനാണ്. ലിവിങ്– ഫാമിലി ലിവിങ്, പ്രെയർ, ഡൈനിങ്, അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവ വീതമാണ് രണ്ടു നിലകളിലുമുള്ളത്. ഇതിൽ രണ്ടു നിലകളിലെയും അറ്റത്തുള്ള കിടപ്പുമുറിയിലേക്ക് പുറത്തു നിന്ന് കയറാം. ടെറസ്സിൽ അതായത്, മൂന്നാമത്തെ നിലയിൽ മറ്റൊരു കിടപ്പുമുറിയുമുണ്ട്. രണ്ടാം നിലയിലെ കിടപ്പുമുറിക്കുള്ളിൽ നിന്ന് ഇവിടേക്ക് കടക്കാൻ ഗോവണിയുണ്ട്. കൂടാതെ പുറത്തു നിന്നും കയറാം. ഈ രണ്ടു കിടപ്പുമുറികളുമാണ് സിനിമയിൽ മക്കളുടെ മുറികളായി കാണിച്ചിരിക്കുന്നത്.

Home 6

സിനിമയ്ക്കായി വീട്ടിൽ അധികം മാറ്റങ്ങളൊന്നും വരുത്തിയില്ലെന്ന് ഹെർബി പറയുന്നു. സിനിമയിലെ വീട്ടിലെ പ്രധാന ഘടകമായിരുന്നു അക്വേറിയം. അത് ഇവിടെയുള്ളതല്ല. ലിവിങ് റൂമിൽ സെറ്റ് ചെയ്യുകയായിരുന്നു. പൊട്ടിപ്പോയതിനു ശേഷം പുതിയ അക്വേറിയം വയ്ക്കുന്നതാകട്ടെ ഡൈനിങ്ങിനോടു ചേർന്നും. മക്കളുടെ കിടപ്പുമുറികളിലെ ചുമരുകളിലെ ചിത്രങ്ങളും സിനിമയിലെ ആർട് വർക്കിന്റെ ഭാഗമാണ്. യഥാർഥത്തിൽ പ്ലെയിൻ ചുമരുകളാണ്. ഈ രണ്ടു കിടപ്പുമുറികളും ഹെർബിയുടെ അനിയനായി വിട്ടു കൊടുത്തിരിക്കുകയാണ്. താഴത്തെ നിലയുടെ ചുമരുകൾ അലങ്കരിക്കുന്നത് ഹെർബിയുടെയും ആർക്കിടെക്ചറിനു പഠിക്കുന്ന ഇളയ മകൻ എൽവിന്റെയും പെയിന്റിങ്ങുകളും വോൾആർട്ടുമാണ്.

Home 8

രണ്ടാം നിലയിൽ വാടകയ്ക്കു കൊടുത്തിരിക്കുന്ന ഭാഗമാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ആന്റണിയുടെ ഫ്ലാറ്റ് ആയി കാണിക്കുന്നത്. ഒലിവറിന്റെ മനോഹരമായ പച്ചക്കറിത്തോട്ടം മൂന്നാം നിലയിലെ ടെറസ്സിൽ സിനിമക്കായി ഒരുക്കിയതാണ്. വീടിന്റെ ഹൃദയമെന്നു പറയുന്നത് ഡൈനിങ് ഏരിയയാണ്. സിനിമയിലെ പല പ്രധാന രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. പുറംകാഴ്ചയേകുന്ന വലിയ ഗ്ലാസ് ചുമരാണ് ഈയിടത്തിന് എന്നതാണ് പ്രധാന പ്രത്യേകത. കരിവേലകത്തിന്റെ പൊട്ടിയ തടി കൊണ്ടാണ് ഊണുമേശ. എപ്പോക്സിയും ഇതിൽ ഹെർബി പരീക്ഷിച്ചിട്ടുണ്ട്.

Home2

ഇന്റീരിയർ ഡിസൈനിങ് രംഗത്തായതു കൊണ്ടു തന്നെ ഫർണിച്ചറെല്ലാം സ്വന്തം വർക്‌ഷോപ്പിൽ തന്നെ പണിതെടുത്തു. വേറിട്ട ഫർണിച്ചറിന്റെ ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഹെർബി. അയൺ സെക്‌ഷനിലാണ് മുൻഭാഗം ഒരുക്കിയിരിക്കുന്നത്. പഴയ വീട് പൊളിച്ച് അതു കൊണ്ട് തറ ലെവൽ ചെയ്തു. അതിനു മുകളിൽ ഫുട്ടിങ് ചെയ്ത് ബീം നൽകി. ഫൗണ്ടേഷൻ ഗ്രൗണ്ട് ലെവലിലാണ്; മണ്ണിനു താഴേക്ക് നൽകിയിട്ടില്ല. രണ്ടുനില വീടിന് ഇതു ധാരാളമാണെന്നാണ് ഹെർബിയുടെ അഭിപ്രായം.

Home 4

സിനിമ കണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിളിക്കുന്നതിന്റെ സന്തോഷത്തിലാണ് ഹെർബിയും കുടുംബവും. ‘‘ഞങ്ങളുടെ വീടിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് ഓർത്തതേയില്ല. പക്ഷേ, ഇത്ര നല്ല കഥ പറയുന്ന, വീട്ടിലെല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന സിനിമയുടെ ഭാഗമാകാൻ ഞങ്ങളുടെ വീടിന് സാധിച്ചത് ഭാഗ്യമാണ്. പിന്നെ, സ്ക്രീനിൽ കാണുന്ന വീടിന്റെ ഭംഗിയുടെ ക്രെഡിറ്റ് മുഴുവൻ സംവിധായകൻ റോജിനും ക്യാമറാമാൻ നീൽ ഡി കുഞ്ഞയ്ക്കുമാണ്,’’ അവർ പറയുന്നു. ഷൂട്ടിനു വേണ്ടി വീട് കൊടുത്തു കഴിഞ്ഞാൽ അത് അവരുടെ സർഗാത്മകതയ്ക്ക് വിട്ടു കൊടുക്കുകയാണ് ഇവരുടെ പതിവ്. അതു തന്നെയാവാം സിനിമകളുടെയും പരസ്യങ്ങളുടെയും ഇഷ്ട ലൊക്കേഷനായി ഈ വീട് മാറാൻ കാരണം.

നമ്മൾ നമ്മളായിരിക്കുന്ന മറ്റേതൊരു ഇടമുണ്ട്? സ്വന്തം വീടല്ലാതെ. അതു തിരിച്ചറിയാൻ സഹായിച്ച ഈ വീടിനോട് എങ്ങനെയാണു നന്ദി പറയുക?? ചിത്രങ്ങൾ: ഹരികൃഷ്ണൻ, നവീൻ മുരളി

Tags:
  • Celebrity Homes