Saturday 13 June 2020 04:00 PM IST

അഞ്ചു പേരിൽ നാലു പേർക്കും ഇഷ്ടമാകുന്ന നിറം; ഹോം ഇന്റീരിയറിൽ പരീക്ഷിക്കാം ക്ലാസിക് ബ്ലൂ!

Rakhy Raz

Sub Editor

blue45fvygfguvg

അഞ്ചു പേരിൽ നാലു പേർക്കും ഇഷ്ടമാകുന്ന നിറമാണ് നീല. കടുപ്പം കൂടിയും കുറഞ്ഞും നീലനിറത്തിന്റെ പല ഷെയ്ഡുകൾ മിക്കവരുടെയും വാർഡ്രോബിലും ആക്സസറി കളക്‌ഷനിലും ഉണ്ടാകുമെന്നുറപ്പാണ്. അപ്പോൾ പിന്നെ, ഇന്റീരിയർ പേസ്റ്റൽസിന്റെ സോഫ്റ്റ്  ലുക്കിലും വെള്ളയുടെ പ്രൗഢിയിലും മാത്രം തിളങ്ങണമെന്ന് ശഠിക്കേണ്ടതുണ്ടോ?

കൂൾ ആൻഡ് ബോൾഡ് ഇന്റീരിയറുകളാണ് ക റന്റ് ട്രെൻഡ്. ബോൾഡ്നെസ് തോന്നിപ്പിക്കുകയും അതേ സമയം മനസ്സിനെ ശാന്തമാക്കി വയ്ക്കുക   യും ചെയ്യുന്ന   ഇത്തരം   വീട്ടകങ്ങളെ  സുന്ദരമാക്കുന്നതോ  ക്ലാസിക് ബ്ലൂവും.

ഈ വർഷത്തെ ഇന്റർനാഷനൽ കളർ ചാർട്ടിൽ കളർ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്ന ക്ലാസിക് ബ്ലൂ ആണ് ബോൾഡ് ഇന്റീരിയറുകളുടെ  കാതൽ. മനസ്സിന് ശക്തിയും നിറവും പകരുന്ന നിറമാണ് ക്ലാസിക് ബ്ലൂ.

 ഏതു വിധത്തിൽ ഉപയോഗിക്കുന്നു എന്നതിനനുസരിച്ച് ഇന്റീരിയറിന് വ്യത്യസ്തമായ ഭാവം പകരാന്‍ ക്ലാസിക് ബ്ലൂവിനാകും. ഇന്റീരിയർ പ്ലാൻ ചെയ്യുന്നത് മിനിമലിസത്തിലോ മാക്സിമലിസത്തിലോ അടിസ്ഥാനപ്പെടുത്തിയാകട്ടേ, ക്ലാസിക് ബ്ലൂവിന്റെ സാധ്യതകൾ അറിഞ്ഞ് ഉപയോഗിക്കാനായാൽ  തികച്ചും ട്രെൻഡി ആയ ഇന്റീരിയർ നിങ്ങൾക്ക് ഉറപ്പാക്കാം.

നിറങ്ങളാണ് അകത്തളങ്ങളെ സുന്ദരമാക്കുന്നതും അർഥവത്താക്കുന്നതും എന്നു മറക്കേണ്ട.

shutterstock_55476430

‌പെയർ ഇറ്റ് വിത് ന്യൂട്രൽസ്

ഫാഷൻ കളർ ഇന്റീരിയറിനായി തിരഞ്ഞെടുത്തതു കൊണ്ടു മാത്രമായില്ല. മികച്ച രീതിയിൽ, ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിൽ ഉപയോഗിച്ചു കൊണ്ടാകണം വ്യത്യസ്തമായ ഇന്റീരിയറുകൾ മെനഞ്ഞെടുക്കേണ്ടത്.

ഇന്റീരിയറിൽ ക്ലാസിക് ബ്ലൂ മാത്രമായി ഉപയോഗിക്കാറില്ല. മറ്റു നിറങ്ങളുമായി ആകർഷകമായി പെയർ ചെയ്യുന്നതാണ് നല്ലത്. ബ്ലൂവിനോട് മാച്ച് ചെയ്യാൻ നല്ലത് ന്യൂട്രൽസ് ആൻഡ് പേസ്റ്റൽസ് ആണ്. ഗ്രേ, ബ്രൗൺ, ബെയ്ജ് നിറങ്ങളുടെ ഷെയ്ഡ്സ് ആണ് ന്യൂട്രൽസ്.

ലൈറ്റ് ബ്ലൂ, ടീൽ, ബ്ലൂവിന്റെ മറ്റു ടോണുകൾ എന്നിവയും ക്ലാസിക് ബ്ലൂവിനോട് നന്നായി മാച്ച് ചെയ്യുന്ന വയാണ്. പേസ്റ്റൽസ് ആണെങ്കിൽ പിങ്ക്, പീച്ച്, ക്രീം,  മോവ് നിറങ്ങളാണ് ഇണങ്ങുന്നവ. പർപ്പിളിന്റെ ഇളം നിറമായ മോവിന്റെ വ്യത്യസ്ത ഷെയ്ഡുകൾ തികച്ചും ട്രെൻഡി ആയിരിക്കും.

മുറിയിൽ, സോഫയുടെ എതിരായുള്ള ഭിത്തിക്ക് (ആക്സന്റ് വോൾ) ക്ലാസിക് ബ്ലൂ നിറം നൽകാം. മറ്റു ചുവരുകളിൽ ന്യൂട്രൽ നിറങ്ങൾ ഉപയോഗിക്കാം. ക്ലാസിക് ബ്ലൂ നിറം ആക്സന്റ് വോളിൽ പ്ലെയിൻ ആയി നൽകുന്നത് ബോറിങ് ആയി തോന്നുന്നുവെങ്കിൽ മെറ്റാലിക് ഗോൾഡ് ബോർഡർ, അല്ലെങ്കിൽ ട്രിം വർക്ക് ആയി നൽകാം.

shutterstock_41582911

ബോൾഡ് ആക്കും ബ്ലാക്ക്

ഇന്റീരിയർ തികച്ചും ബോൾഡ് ആകണം എന്നാഗ്രഹിക്കുന്നവർ ക്ലാസിക് ബ്ലൂവിനെ ഡാർക്ക് ഷെയ്ഡ്സുമായി പെയർ ചെയ്തോളൂ.

ബ്ലാക്ക്, കത്തിരിക്കയുടെ നിറമായ ഔബർജീൻ എ ന്നിവയെല്ലാം തികച്ചും ട്രെൻഡി ലുക്ക് നൽകും. ഡാർക് ഷെയ്ഡ്സ് തിരഞ്ഞെടുക്കുമ്പോൾ ലൈറ്റിങ്ങിൽ പ്രത്യേകം ശ്രദ്ധ നൽകണം. വെളിച്ചം ആവോളം എത്തിയെങ്കിൽ മാത്രമേ നിറങ്ങളുടെ ഭംഗി ലഭിക്കൂ. പാറ്റേൺസും ടെക്സചറിങ്ങുമൊക്കെ പരീക്ഷിക്കാം.

ഇരുണ്ട നിറങ്ങൾ ഭിത്തിൽ നൽകുമ്പോൾ സോഫ്റ്റ് ഫർണിഷിങ്ങിന് ന്യൂട്രൽ ഷെയ്ഡ്സ് തിരഞ്ഞെടുക്കാം. ക്ലാസിക് ബ്ലൂവിനൊപ്പം ഇളം നിറത്തിലുള്ള പാറ്റേൺസ് ചേര്‍ന്നു വരുന്ന കർട്ടൻസും ബെഡ് ഷീറ്റും പില്ലോ കവറുമൊക്കെ ഭംഗി കൂട്ടും.

shutterstock_1205884180

കടലഴകുള്ള ബെഡ് റൂം

ആൺകുട്ടികളുടെ മുറിക്ക് നീല നിറം. പെൺകുട്ടികൾക്ക് പിങ്ക് നിറം; ഈ കൺസപ്റ്റ് വേണ്ടേ വേണ്ട. ആണിനായാലും പെണ്ണിനായാലും ക്ലാസിക് ബ്ലൂ പെർഫക്റ്റ് മാച്ചാണ്.

ഭിത്തിയിൽ തന്നെ ക്ലാസിക് ബ്ലൂ ടച്ച് നൽകണമെന്നില്ല. ബെഡ് റൂമിലെ ലാംപ് ഷെയ്ഡ്സിൽ ക്ലാസിക് ബ്ലൂ നൽകാം, ബെഡ് ലിനനിലോ, കുറച്ചു തലയിണകൾക്കോ, പില്ലോ ഷാമിനോ (നീളമുള്ള തലയണകൾ) നൽകാം. ലാംപ് ഷെയ്ഡിന് നൽകുകയാണെങ്കിൽ മറ്റു ഘടകങ്ങളിൽ മാച്ചിങ് ന്യൂട്രൽസ്, പേസ്റ്റൽസ് അല്ലെങ്കിൽ ഡാർക്ക് ഷെയ്ഡ്സ് വേണം ഉപയോഗിക്കാൻ. കർട്ടനിൽ ഒരു പാനലിന് മാത്രം ക്ലാസിക് ബ്ലൂ നൽകി വ്യത്യസ്തമാക്കാം. കട്ടിലിന്റെ ഹെഡ് ബോർഡ്, ഫാബ്രിക്കിൽ ചെയ്തതാണെങ്കിൽ അത് ക്ലാസിക് ബ്ലൂ ആക്കാം. ഇവയിൽ ഏതെങ്കിലുമൊരു ആശയം ഉപയോഗിച്ചാൽ മതി ഇന്റീരിയർ മനോഹരമാകാൻ.

ബെഡ് റൂമിൽ ടീൽ നിറവും ക്ലാസിക് ബ്ലൂവും പേസ്റ്റൽസുമായി ചേർത്ത് ഉപയോഗിക്കുന്നത് മുറിക്ക് എലഗന്റ് ഫീൽ നൽകും.

പല ഘടകങ്ങളിൽ ക്ലാസിക് ബ്ലൂ ആവർത്തിച്ച് ഉപ    യോഗിക്കുന്നത് ഉദ്ദേശിക്കുന്ന ഫീൽ നഷ്ടപ്പെടുത്തും. പ്ലെയിൻ ആയി മാത്രമല്ല, ക്ലാസിക് ബ്ലൂ നിറത്തിൽ സ്ട്രൈപ്സ്, അല്ലെങ്കിൽ മോട്ടിഫ്സ് ഉള്ള  ഫാബ്രിക്  ഉപയോഗിക്കാനാകും. ആവർത്തനം ഇല്ലാത്ത വിധത്തിൽ ചെയ്യാൻ തക്ക ഓപ്ഷൻസ് ഇപ്പോൾ ലഭ്യമാണ്.

ക്ലാസിക് ബ്ലൂ ട്രെൻഡിങ്ങാണ് എന്നതിനാൽ ഫർണിച്ചറും സോഫ്റ്റ് ഫർണിഷിങ്ങും ക്യൂരിയോസും ഒക്കെ ഈ നിറത്തിൽ വിപണിയില്‍ ലഭ്യമാണ്.

shutterstock_101093596

സൈക്കോളജിക്കലായി പറഞ്ഞാൽ

ഡെസ്ക് ടോപ് ജോലി ചെയ്യുന്നവർ ഒരോ മണിക്കൂർ കൂടുമ്പോൾ പച്ചപ്പിലേക്ക് നോക്കണമെന്നു പറയാറുണ്ട്. കണ്ണിനു വിശ്രമം നൽകാൻ മാത്രമല്ല, മനസ്സിന്റെ സമ്മർദം കുറയ്ക്കാനും പച്ചനിറത്തിനു കഴിയും എന്നതാണ് കാരണം. ഇതേപോലെ ഓരോ നിറവും നമ്മുടെ മനസ്സിനെ തൊടുന്നത് ഓരോ വിധമാണ്.

മനസ്സിനു ശാന്തത നൽകുന്നതാണ് കടലും ആകാശവുമൊക്കെ ചേരുന്ന നീലനിറം. വിദൂരതയും സ്ഥിരതയും സൂചിപ്പിക്കുന്ന നിറം കൂടിയാണ് നീല. കടും നീലയുടെ ഷെയ്ഡുകൾ ഉത്സാഹം വർധിപ്പിക്കും. എന്നാൽ ഇളം നീല ഷെയ്ഡുകൾ തണുപ്പും മാനസിക സന്തോഷവുമാണ് സമ്മാനിക്കുക.

ഓഫിസ് റൂമിൽ നീല നിറം ഉപയോഗിക്കുന്നത് പ്രൊഡക്ടിവിറ്റി കൂട്ടാൻ സഹായിക്കും. കൂടുതൽ ഊർജത്തോടെ ജോലി ചെയ്യാനും കഴിയും.

blue-used-as-upholstery

ആക്സന്റ് ആയി ക്ലാസിക് ബ്ലൂ

വസ്ത്രത്തിന്റെ കാര്യത്തിൽ ആക്സസറീസ് എങ്ങനെ     യോ അതാണ് ഇന്റീരിയറിന്റെ കാര്യത്തിൽ ആക്സന്റ്. മുറിയിലെ ഒരു വോൾ, പ്രധാന ഫർണിച്ചർ കൂടാതെ വരുന്ന സൈഡ് ഫർണിച്ചർ, വോൾ ഫിക്സറുകൾ, കോർണർ ക്യൂരിയോസ് ഇവയെല്ലാം ആക്സെന്റുകളായി ഉപയോഗിക്കാം. ഇവയിൽ ക്ലാസിക് ബ്ലൂ ടച്ച് നൽകാം.

ലിവിങ് റൂമിലാണെങ്കിൽ ആക്സെന്റ് ആയി ഉപയോഗിക്കുന്ന കസേരകളുടെ ഫാബ്രിക്കിന് ക്ലാസിക് ബ്ലൂ നൽകാനാകും. ചുവരിലെ ഡെക്കറേറ്റീവ് പോട്ടുകളിൽ ക്ലാസിക് ബ്ലൂ ഡിസൈൻസ് പരീക്ഷിക്കാം.

ഡൈനിങ് റൂമിലെ ചെയറുകളിലും ക്ലാസിക് ബ്ലൂ നൽ കാനാകും. മുൻപ് ഡൈനിങ് ചെയറുകളെല്ലാം ഒരേ നിറത്തിൽ ചെയ്യുന്നതായിരുന്നു രീതിയെങ്കിൽ ഓരോ ചെയറും വ്യത്യസ്തമാക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. ക്ലാസിക് ബ്ലൂവിനൊപ്പം മറ്റ് ബ്ലൂ ടോൺസ് തിരഞ്ഞെടുക്കാം.ആറു ചെയറുകളും ഒരേ കളർ സ്കീമിൽ വ്യത്യസ്ത ഫാബ്രിക് പാറ്റേണുകളിൽ ചെയ്തെടുക്കുകയുമാകാം.

എല്ലാം കസേരകൾ തന്നെ വേണമെന്നില്ല. ഒരു വശത്ത് ഫ്ലോറൽ ഫാബ്രിക്കിലുള്ള ബെഞ്ച് നൽകി ഡൈനിങ്ങ് റൂമിന്റെ ലുക്ക് വ്യത്യസ്തമാക്കാം.

അടുക്കളയുടെ മൂഡ് മാറ്റാം

ഇന്റീരിയർ ട്രെൻഡുകളിൽ മിന്നിനിൽക്കുന്ന ഒന്നാണ് ടെറാസോ. പഴയ മൊസൈക് ഡിസൈൻസിന്റെ തിരിച്ചു വരവാണ് ടെറാസോ. പക്ഷേ, പഴയ പരുവത്തിൽ അല്ല, തികച്ചും സ്റ്റൈലിഷ് ആണ് ടെറാസോ.

ടു ടോൺ കിച്ചണുകളാണ് കറന്റ് ട്രെൻഡ്. ക്ലാസിക് ബ്ലൂ ഇന്റീരിയറിലെ ടു ടോൺ കിച്ചണിൽ ക്ലാസിക് ബ്ലൂവിനൊപ്പം പെയർ ചെയ്യാൻ പറ്റിയ നിറങ്ങൾ ഗ്രേ, ലൈറ്റ് ബ്ലൂ എന്നിവയാണ്. ബോൾഡ് ആയ വീട്ടമ്മയ്ക്ക് ടു ടോൺ കിച്ചണിൽ ക്ലാസിക് ബ്ലൂവിനൊപ്പം പൗഡർ പിങ്ക്, ഔബർജീൻ, ടീൽ നിറങ്ങൾ തിരഞ്ഞെടുക്കാം. ഇതിനോടൊപ്പം ടെറാസോ കൂടി ചേർത്താൽ അടുക്കളയ്ക്ക് സ്പെഷ്യൽ ലുക്ക് നൽകാനാകും. ഗ്രേയിൽ ബ്ലാക്ക് അല്ലെങ്കിൽ ഗ്രീൻ ചിപ്പ്ഡ് ടെറാസോ ആണ് ക്ലാസിക് ബ്ലൂ കിച്ചണുകളിൽ ഏറ്റവും ഇണങ്ങുക.ഗ്രേയിൽ ജേഡ് ഗ്രീൻ ഉള്ള ടെറാസോ വളരെ സ്റ്റൈലിഷ് ആണ്.

കൗണ്ടർ ടോപ്, സ്പ്ലാഷ് ബാക്ക് ടൈൽസ് എന്നിവയ്ക്ക് ടെറാസോ നൽകാം. കാബിനറ്റിനും കൗണ്ടർ ടോപ്പിനും ഇ ടയ്ക്ക് വരുന്ന ടൈലുകളെയാണ് സ്പ്ലാഷ് ബാക്ക് അല്ലെങ്കി ൽ ഡാഡോ ടൈൽ എന്നു പറയുന്നത്. ഐലന്റ് കിച്ചണാണെങ്കിൽ സെന്ററിലെ കൗണ്ടർ ടോപ് ടെറാസോ ആകുന്നത് നല്ല തായിരിക്കും.

മാച്ചിങ് ആകണം വുഡ് കളർ

ക്ലാസിക് ബ്ലൂ ഇന്റീരിയറുകളിൽ ഉപയോഗിക്കുന്ന വുഡ് ഇളം നിറങ്ങളുള്ളതാകണം.  പൈൻ വുഡ്, ബീച്ച് വുഡ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അവ അതിന്റെ സ്വാഭാവിക നിറത്തിൽ തന്നെ ഉപയോഗിക്കാനാകും. ക്ലാസിക് ബ്ലൂ തീമിനോട് യോജിച്ചു പോകുന്ന നിറമാണവയുടേത്.

മിനിമലിസ്റ്റിക് ഇന്റീരിയറുകൾക്കാണ് ഇത്തരം വുഡ് ഫ ർണിച്ചർ ചേരുക. മാക്സിമലിസ്റ്റ് ഇന്റീരിയറുകൾക്കാണെങ്കിൽ വുഡ് പെയിന്റടിച്ച് ഉപയോഗിക്കാം. ബ്ലാക്ക് ഫ്രെയിംഡ് സോഫകളും  ചെയറുകളും  വീടിന്  നൽകുന്ന  ഭംഗി  വിവരിക്കാനാകാത്തതാണ്. ടീക്കോ, മഹാഗണി മരമോ ഉപയോഗിക്കുന്നതും ഭംഗിയാണ്.

ഫ്ലോറിങ്ങിൽ തടിയോ, വുഡ് ഫിനിഷ് ഉള്ളവയോ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇളം നിറം മതി. ക്ലാസിക് ഫീൽ നൽകാ ൻ ഇതു സഹായിക്കും.

റഫ് ലുക്ക് ബാത്‌റൂമുകൾക്ക്

ബാത്റൂമിൽ ക്ലാസിക് ബ്ലൂ നൽകാവുന്നത് വോൾ ടൈലുകളിലാണ്. ബോൾഡ് ഇന്റീരിയറുകളിൽ സിമന്റ് ഫിനിഷ് ബാത്റൂമുകളാണ് ട്രെൻഡ്.

ക്ലാസിക് ബ്ലൂ പെയർ ചെയ്യാൻ ഏറ്റവും ഇണങ്ങുന്നതാണ് സിമന്റ് ഫിനിഷ് സ്റ്റൈൽ. ടബ് ചെയ്യുന്നുണ്ടെങ്കിൽ അതിന് എതിർവശത്തുള്ള വോളിന് ക്ലാസിക് ബ്ലൂ കൊടുക്കാം. വോൾ ടൈലിന്റെ ഒരു സ്ട്രിപ് ക്ലാസിക് ബ്ലൂ സ്ട്രൈപ്ഡ് ടൈൽ ആക്കി മാറ്റാം. റെയിൻ ഷവറിന് എതിർവശത്തെ ടൈലുകൾ ക്ലാസിക് ബ്ലൂ ടച്ച് ഉള്ളതാക്കാം. ബാത്റൂമിലെ ആക്സന്റ് വോളിൽ ഗ്രേ, ടീൽ, ക്ലാസിക് ബ്ലൂ ടോണുകളിലുള്ള ഡിസൈൻഡ് ടൈലുകൾ പെയർ ചെയ്ത് ഉപയോഗിക്കാം.

ഫിക്സ് ചെയ്യാത്ത കാലുകളുള്ള ഫ്രീ സ്റ്റാൻഡിങ് ടബ് ട്രെൻഡ് ആണ്. അത് ക്ലാസിക് ബ്ലൂവിലാകുന്നത് ലക്ഷ്വറി ഇന്റീരിയറുകൾക്ക് പെർഫെക്റ്റ് ലുക് നൽകും.

ഇൻഡോർ ചെടികൾ വേണം

നീലയും പച്ചയും അസാധ്യ കോംബിനേഷൻ ആണെന്ന്  എടുത്തു പറയേണ്ടതില്ലല്ലോ... പ്രകൃതി തന്നെ അതിനു തെളിവാണ്. ക്ലാസിക് ബ്ലൂ നിറയുന്ന ഇന്റീരിയറിൽ ഇ ൻഡോർ പ്ലാന്റ്സ് കൂടി വന്നാൽ വീടിനുള്ളില്‍ ഇരിക്കുമ്പോഴും പ്രകൃതിയിലാണെന്നു തോന്നും.

ക്ലാസിക് ബ്ലൂ ഭിത്തിയോടു ചേർത്ത് ചെടി വയ്ക്കുമ്പോൾ വെളുത്ത സെറാമിക് പോട്ടുകൾ, മെറ്റാലിക് ഫിനിഷ് ഉള്ളവ, ന്യൂട്രൽ ഷെയ്ഡഡ് പോട്സ് എന്നിവ ചെടി നടാൻ തിരഞ്ഞെടുക്കാം. അതല്ല, സോഫ്റ്റ് ഫർണിഷിങ്ങിലും ക്യൂരിയോസിലും മാത്രമാണ് നീലച്ചായമെങ്കിൽ പ്ലാന്റ് പോട്സ് ക്ലാസിക് ബ്ലൂ നിറത്തിലുള്ളവയാക്കാം.

ചെടികൾ തിക്കിനിറയ്ക്കരുത്. ഭംഗിയുള്ള ഒന്നോ ര ണ്ടോ ചെടികൾ മാത്രം വയ്ക്കുന്നതാകും ഭംഗി. ടേബിൾ ടോപ്പ് ഗ്രീനറിയും പരീക്ഷിക്കാം. ഭംഗിയുള്ള ചെറിയ പോട്ടുകളിൽ സക്യൂലന്റ് ചെടികളോ ബോൺസായിയോ നട്ട് മേശപ്പുറത്ത് വയ്ക്കാം. വെള്ളവും മണ്ണും വേണ്ടാത്ത എ യർ പ്ലാന്റുകൾ ഏതു കാലാവസ്ഥയ്ക്കും യോജിക്കും. എവിടെയും പച്ചപ്പിന്റെ എലമന്റ് കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും.  

പച്ചവർണം കൂടുതലുള്ള ചെടികളാണ് അകത്തള    ങ്ങളിൽ ഇണങ്ങുക. ഡ്രസീനാ സാൻഡ്രിയാന, മണി പ്ലാന്റ് ഗ്രീൻ, സരിക്കുല എന്നിവ തിരഞ്ഞെടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്: സുമി റാണി, ഇന്റീരിയർ ഡിസൈനർ, കൊച്ചി

Tags:
  • Vanitha Veedu