Tuesday 02 January 2024 02:23 PM IST

പാൽ ലിറ്ററൊന്നിന് 150 രൂപ വരെ, നെയ്യ് കിലോ 2500 രൂപ! മോഹവിലയും ഐശ്വര്യവും ഒത്തുചേരും 5 ഇനം പശുക്കൾ

Delna Sathyaretna

Sub Editor

cow-

ചായ കുടിച്ചു വരാന്തയിലിരിക്കുന്നതിനിടയിൽ മാനിനെപ്പോലെ ചാടിത്തുള്ളിയൊരു പൈക്കിടാവ് മുറ്റത്തേക്കു വന്നു. കഴുത്തിലെ സ്വർണനിറമുള്ള മണിയേക്കാൾ ആകർഷിച്ചത് അതിന്റെ കണ്ണുകളാണ്. നീണ്ടുരുണ്ട ആ കണ്ണുകൾ മുൻപേതോ ചുവരിൽ കണ്ട കൃഷ്ണഭഗവാന്റെ ചിത്രത്തിലെന്നപോലെ. ഓടക്കുഴലേന്തി മഞ്ഞപ്പട്ടു ഞൊറിഞ്ഞുടുത്ത കൃഷ്ണൻ ചാരി നിൽക്കുന്ന കുറുകിയ കാലുള്ള തൂവെള്ളപ്പശു.

‘‘ഇതു പുങ്കനൂർ കിടാവാണ്. ആന്ധ്രയിൽ നിന്നു വരുത്തിയത്. മീനൂട്ടി എന്നാണ് പേര്’’ ചെനയുള്ള പുങ്കനൂർ പശുവിനെ സ്വദേശമായ ആന്ധ്രയിൽ നിന്നു വരുത്തി കുടുംബത്തിനൊപ്പം ചേർത്തതിന്റെ സന്തോഷം ഏറ്റുമാനൂർക്കാരൻ സജി വെട്ടൂരിന്റെ പുഞ്ചിരിയിലുണ്ട്. ഭാര്യ ബിന്ദുവിനും മകൾ ടെസയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാൻ നിൽക്കാതെ ആദ്യം കുതറിയോടിയ മീനൂട്ടി അതിന്റെ അമ്മയ്ക്കരികിലെത്തി പരിഭവം പറഞ്ഞു. മുതുകത്തെ ‘ഹമ്പും’ താടയിലെ ഞൊറിവും വിടർന്ന കണ്ണുകളും നിലം തൊടുന്ന വാലും കുറുകിയ കാലുകളും തൂവെള്ളനിറവുമായി അമ്മയും അതിസുന്ദരി തന്നെ.

‘‘തിരുപ്പതി ഭഗവാനു നേദിക്കുന്നതു പുങ്കനൂർ പശുക്കളുടെ പാലാണെന്നാണു കേട്ടിട്ടുള്ളത്. വളരെ ശാന്തരാണ്. അൽപം ഭക്ഷണം മതി, പരിചരണവും അധികം വേണ്ട. കിടാവുള്ളതുകൊണ്ടു രാവിലെ മാത്രമേ കറക്കാറുള്ളൂ. മീനൂട്ടി കുടിച്ചു വളരട്ടെയെന്നു വയ്ക്കും. എന്നാലും വീട്ടാവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ട്.’’ ബിന്ദു പുങ്കനൂര്‍ പശുക്കളേക്കാൾ സമാധാനപ്രിയയാണെന്നു തോന്നിപ്പോയി.

മോഹവിലയുള്ള പൂങ്കന്നൂർ

‘‘എന്റെ കുട്ടിക്കാലം മുതലേ തറവാട്ടുവീട്ടിൽ പശുക്കളുണ്ട്. അപ്പനു പശുക്കളോടു പ്രിയമായിരുന്നു. വലുതായപ്പോൾ പല ഇനങ്ങളെയും വാങ്ങി പരിപാലിക്കാൻ തുടങ്ങി. ലാഭം പ്രതീക്ഷിച്ചല്ല. സ്നേഹമാണ് ഇവയോട്. ടൗണിലെ ഹോൾസെയിൽ പലചരക്കു കച്ചവടത്തിന്റെ സമ്മർദമൊക്കെ ഇവരോടൊത്തു കുറച്ചു സമയം ചെലവിട്ടാൽ മാറും.’’ അഞ്ചു വർഷത്തിലേറെയായി പുങ്കനൂർ പശുവിനെ വളർത്തുന്നു സജി വെട്ടൂർ.

‘‘ നല്ലയിനം പുങ്കനൂരിനു മോഹവിലയാണ്. ഞാൻ ഒന്നര ലക്ഷം കൊടുത്താണ് ആന്ധ്രയിൽ നിന്ന് എത്തിച്ചത്. കിടാവ് ജനിക്കുമ്പോൾ തലയിൽ ചെറിയ ചുവപ്പുനിറമുണ്ടാകും. പതിയെ അതു മാറി മുഴുവൻ വെള്ളയാകും. വേഗം ഇണങ്ങുകയും ചെയ്യും. അഴിച്ചുവിട്ടാൽ വീടിനുള്ളിൽ വ രെ വരും. തവിടും പിണ്ണാക്കും കാടിവെള്ളവുമാണ് കൊടുക്കാറ്. മറ്റുള്ള പശുക്കളെ അപേക്ഷിച്ചു വളരെ കുറച്ചു ഭക്ഷണം മതി.

കിടാവിനെ ഒരിക്കലൊരു മേളയ്ക്കു കൊണ്ടുപോയി. എല്ലാവരും തൊട്ടും പിടിച്ചും പേടിച്ചു കാണും. തിരികെ വന്നപ്പോൾ നല്ല പനിയായിരുന്നു. അതൊഴികെ വേറെ അ സുഖമൊന്നും വന്നിട്ടില്ല. കുളിപ്പിക്കരുതെന്നു പറഞ്ഞു കേൾക്കാം. പക്ഷേ, വൃത്തിയില്ലെങ്കിൽ കാണാൻ ഭംഗിയുണ്ടാകില്ല.’’

പൊക്കമില്ലായ്മയുടെ പൊക്കം

കുറഞ്ഞ വലുപ്പത്തിൽ കൂടുതൽ ഗുണങ്ങളുമായി കുള്ളൻ പശുവിനങ്ങൾ അത്രയേറെ മലയാളിയുടെ മനം കവർന്നു കഴിഞ്ഞു. പാലിനും ചാണകത്തിനുമൊക്കെ മികച്ച വിലയും വിപണിയും ലഭിക്കുന്ന സാഹചര്യവുമുണ്ട്. എ2 മിൽക് അഥവാ എ2 ബീറ്റാകേസിൻ കൂടുതലുള്ള പാൽ എന്ന മേന്മയുള്ള നാടൻപശുവിന്റെ പാലിനായി പണം മുടക്കാൻ തയാറുള്ളവർ ഏറെയുണ്ട്. അതിലുമേറെയാണു കുള്ളൻപശുവിന്റെ ചാണകത്തിനായുള്ള ഡിമാൻഡ്.

സീറോ ബജറ്റ് കൃഷിയിലെ മുഖ്യഘടകമായ ജീവാമൃതം തയാറാക്കുന്നതിനാണു നാടൻപശുക്കളുെട ചാണകം കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും മറ്റു ജൈവക്കൂട്ടുകൾക്കും ഇതു വേണ്ടിവരാറുണ്ട്. ജീവാമൃതം മാത്രമല്ല, കീടങ്ങളെ പ്രതിരോധിക്കുന്ന നീമാസ്ത്രം, ആഗ്നേയാസ്ത്രം എന്നിവയും വൃക്ഷായുർവേദക്കൂട്ടുകളുമൊക്കെ ഇത്തരം പശുക്കളുടെ ചാണകത്തിൽ നിന്നു തയാറാക്കാം. കുള്ളൻപശുവിന്റെ മൂത്രം കുപ്പിയിലാക്കി നൽകിയാൽ അടുക്കളത്തോട്ടത്തിലേക്കായി വാങ്ങാനും ഏറെപ്പേരുണ്ട്.

cow-2 കോസ് കുര്യനും ഭാര്യ സിന്ധു ടൈറ്റസും പെരിയാർ പശുവിനൊപ്പം

നഗരത്തിലെ തൊഴുത്ത്

ജൈവകൃഷിക്കായി നാടൻപശുവിന്റെ ചാണകവും മൂത്രവും അന്വേഷിച്ചു നടക്കുന്നവർ പലരും അവയെ വളർത്താൻ ശ്രമിക്കാറില്ല. സ്ഥലപരിമിതിയും മാലിന്യപ്രശ്നങ്ങളും തീറ്റ ലഭ്യതക്കുറവുമൊക്കെയാണു വെല്ലുവിളികൾ. ഏതാനും സെന്റു മാത്രം വിസ്തൃതിയുള്ള വീട്ടുവളപ്പുക ളിലോ ടെറസിലോ ആണല്ലോ മിക്കവാറും വീടുകളിലെ അടുക്കളത്തോട്ടം.

എന്നാൽ നഗരത്തിലെ വീടുകളിൽപ്പോലും പശുവളർത്തലിനുള്ള അവസരങ്ങൾ തുറക്കാൻ കുള്ളൻപശുവിനങ്ങൾക്കാകും. പരിമിതമായ വിഭവങ്ങൾ മാത്രം മതിയാകുന്ന പുങ്കനൂരിനെയും വെച്ചൂരിനെയും കാസർകോടനെയുമൊക്കെ വളർത്താൻ അധികം ആയാസപ്പെടേണ്ട. ഒരു പിടി പുല്ലും ഇത്തിരി കാടിവെള്ളവും കഞ്ഞിവെള്ളവും കുറച്ചു പിണ്ണാക്കും മാത്രം മതി അവയ്ക്ക്.

cow-7 പെരിയാർ പശു

ദിവസം ശരാശരി ഒന്നര– രണ്ടു ലീറ്റർ പാലും ചുരത്തും. വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള പാൽ കിട്ടാൻ ഒരു കുള്ളൻപശു മതിയായെന്നു വരില്ല. അതേസമയം അയൽക്കാരായ രണ്ടോ മൂന്നോ പേർ ഓരോ കുള്ളൻപശുവിനെ വളർത്തുകയും അവയുടെ പ്രജനനകാലം ക്രമീകരിക്കുകയും ചെയ്താൽ മൂന്നു വീട്ടിലേക്കും വർഷം മുഴുവൻ നാട ൻപശുവിന്റെ പാൽ നിശ്ചിത അളവിൽ ലഭ്യമാക്കാം. അതിനു കഴിഞ്ഞില്ലെങ്കിൽക്കൂടിയും കൃഷിക്കാവശ്യമായ ചാണകവും ഗോമൂത്രവും വേണ്ടുവോളം കിട്ടുന്ന തൊഴുത്തിൽനിന്ന് ആറു മാസം നല്ല പാൽ കിട്ടുമെന്നുറപ്പ്.

കുള്ളൻപശുവിന്റെ ഒരു ലീറ്റർ പാലിന് ഇന്ന് 125–150 രൂ പ വില നേടുന്നവരുണ്ട്. പതിവായി പാൽ വിൽക്കാൻ സാധിക്കാത്തവർക്ക് നെയ്യുണ്ടാക്കി വിൽക്കുന്നത് വരുമാനസാധ്യതയാക്കാം. നാടൻ പശുവിന്റെ പാലിൽനിന്നു തയാറാക്കുന്ന നെയ്യുടെ വില കിലോയ്ക്ക് 2500 രൂപവരെയാണ്.

cow-1 സജി വെട്ടൂർ, ഭാര്യ ബിന്ദു, മകൾ ടെസ

പെരിയാർ തീരത്തുനിന്ന്

കേരളത്തിന്റെ തനതു നാടൻ കുള്ളൻപശു ഇനങ്ങളിൽ ഒന്നാണു പെരിയാർ പശുക്കൾ. പെരിയാറിന്റെ തീരങ്ങളിൽ പണ്ടുണ്ടായിരുന്നതു കൊണ്ടാണ് ഈ പേര്. കൂടുതൽ പാൽ കിട്ടാൻ സങ്കരയിനങ്ങളിലേക്കു കർഷകർ തിരിഞ്ഞതോടെ വംശനാശം വരുമെന്ന അവസ്ഥയിലായി ഇവ. ഏറെ സവിശേഷതകളുള്ള ഈ ഇനത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ആളാണ് കോസ് കുര്യൻ.

‘‘നൂറോളം പശുക്കളുണ്ട്. കറവയുള്ള പശുക്കളെ മാത്രമാണു വീട്ടിൽ സംരക്ഷിക്കാറുള്ളത്. കറവയില്ലാത്തവയെ പറമ്പിലും പുഴയോരത്തും മേയാൻ വിടും. വെച്ചൂർ പശുവിനേക്കാൾ വലുപ്പം കൂടുതലുണ്ട് പെരിയാർ പശുവിന്. മൂന്നു ലിറ്റർ വരെ പാൽ കിട്ടുമെന്നാണു കേട്ടറിവ്. എന്റെ പശുക്കളിൽ നിന്നു രണ്ടര ലീറ്റർ വരെയാണു കിട്ടിയിട്ടുള്ളത്. പെരുമ്പാവൂരിലെ കോടനാട് വീടിനോടു ചേർന്നുള്ള ചെറിയ തൊഴുത്തിൽ കിടാക്കൾക്കും കറവപ്പശുക്കൾക്കും മാത്രമാണ് ഇടം. മറ്റു പശുക്കളെ കെട്ടിയിടാറേയില്ല. അവരങ്ങനെ സ്വതന്ത്രരായി നടന്നോളും. മഴയോ വെയിലോ ഒന്നും പ്രശ്നമല്ല.’’

കോടനാട് മാർ ഔഗേൻ സ്കൂളിലെ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു കോസ് കുര്യൻ. അവിടെ കുട്ടികൾ ചെയ്ത ഒരു പ്രോജക്ടാണു വഴിത്തിരിവായത്. നാടൻ ഇനത്തിൽപ്പെട്ട കുള്ളൻപശുക്കളെക്കുറിച്ചുള്ള പ്രോജക്ടിലൂടെ വീടിനു തൊട്ടടുത്തുള്ള പെരിയാർ പശുക്കളുടെ മഹത്വം തിരിച്ചറിയുകയായിരുന്നു. ചർച്ചകളും കർഷക കൂട്ടായ്മകളുമൊക്കെയായി പിന്നീടങ്ങോട്ട് പെരിയാർ പശുക്കൾ കോസ് കുര്യന് സ്വന്തമായി.

cow-5 വെച്ചൂർ പശു

അൽപാഹാരം ആരോഗ്യഹിതം

സ്വന്തം പറമ്പിൽ മാത്രമല്ല, പാതയോരത്തെ പുറമ്പോക്കുകളിൽ പോലും കുള്ളൻപശുക്കൾക്കു വേണ്ട തീറ്റപ്പുൽകൃഷിക്ക് ഇടം കണ്ടെത്താം. ഉപയോഗമില്ലാതെ കിടക്കുന്ന ഇത്തരം സ്ഥലങ്ങളിൽ ഏതാനും പുൽത്തണ്ടുകൾ ന ട്ടാൽ ഇടയ്ക്കു ചെന്നു മുറിച്ചെടുക്കാം.

കാലിത്തീറ്റയ്ക്കൊപ്പം എന്തെങ്കിലുമൊക്കെ പോഷകാഹാരങ്ങൾ കൈത്തീറ്റയായി നൽകുന്നതു പശുവിന്റെ ആരോഗ്യത്തിനു കൂടുതൽ ഗുണം ചെയ്യും. സമീപത്തെ ധാന്യ, എണ്ണ മില്ലുകളിൽനിന്നുള്ള പിണ്ണാക്കും തവിടുമൊക്കെ ഇതിനായി പ്രയോജനപ്പെടുത്താം. നാടൻ തീറ്റമിശ്രിതങ്ങൾ തയാറാക്കി നൽകുന്നതും നല്ലതുതന്നെ. ഇത്തരത്തിലുള്ള അധിക പോഷകങ്ങൾ ദിവസം ഒരു കിലോയെങ്കിലും നൽകാവുന്നതാണ്.

20 വൈക്കോൽ റോളുകൾ വാങ്ങി സൂക്ഷിക്കുന്നതു മ ഴക്കാലത്തെ തീറ്റപ്രശ്നങ്ങൾക്കു പരിഹാരമേകും. ഒരു ഉ യർന്ന സ്റ്റാൻഡിൽ ഈർപ്പമടിക്കാതെ പടുതകൊണ്ടു മൂടി സൂക്ഷിച്ചാൽ മതി. ഇത്രയൊക്കെ ചെലവിട്ടാൽപോലും ഒരു ലീറ്റർ കവർ പാലിന്റെ വിലപോലും ഇവയുടെ ഒരു ദിവസത്തെ പരിപാലനത്തിനായി വേണ്ടിവരില്ല.

cow-2 കോസ് കുര്യനും ഭാര്യ സിന്ധു ടൈറ്റസും പെരിയാർ പശുവിനൊപ്പം

കുഞ്ഞു പശുവിന് കുഞ്ഞൻ തൊഴുത്ത്

പറമ്പിലെ ഏറ്റവും ഉയർന്ന ഭാഗത്താണു തൊഴുത്തു നിർമിക്കേണ്ടത്. കിണറ്റിൽനിന്നു പരമാവധി അകന്നാകണം ഇത്. ഒരു കുള്ളൻപശുവിനും കിടാവിനുമുള്ള ഇടം കണക്കാക്കിയാകണം തൊഴുത്തിന്റെ വലുപ്പം നിശ്ചയിക്കുന്നത്. ഏകദേശം 150 ചതുരശ്രയടി വിസ്തൃതി മതിയാകും. ചുറ്റും ഇരുമ്പുകുഴലുകൾകൊണ്ടോ മറ്റോ സംരക്ഷണം നൽകാം. നന്നായി വായുസഞ്ചാരമുണ്ടാകുന്ന വിധത്തിൽ പൂർണമായി മറയ്ക്കാത്ത തൊഴുത്തു മതി. പിന്നിലേക്കു ചരിവുള്ള കോൺക്രീറ്റ് തറ നിർമിച്ചു േമൽക്കൂര സ്ഥാപിച്ചാൽ മതിയാകും. തറയുടെ പിൻഭാഗത്തു ഗോമൂത്രം പുറത്തേക്കൊഴുകുന്നതിനു ചെറിയ ചാലും വേണം. മഴക്കാലത്തു തണുപ്പടിക്കാതിരിക്കാൻ നിവർത്തിയിടാവുന്ന പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുള്ള മറയാകാം. മറ്റു ജോലികളുള്ളവർക്ക് പ ശുക്കൾക്ക് യഥാസമയം കുടിവെള്ളം നൽകാൻ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പശുക്കളുെട മുന്നിലെ പാത്രത്തിൽ നിശ്ചിത അളവ് വെള്ളം ഉറപ്പാക്കുന്ന ഓട്ടമാറ്റിക് ഡ്രിങ്കിങ് ബൗൾ സ്ഥാപിക്കാം. കുറഞ്ഞ ചെലവിൽ സ്ഥാപിക്കാവുന്ന ലളിതമായ സംവിധാനമാണിത്.

cow-3 വില്വാദ്രി കുള്ളൻ പശു

ചാണകം സംഭരിക്കാം

ചെറിയ കുഴിയെടുത്ത് അതിൽ 200 ലിറ്റർ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ബാരലിറക്കിയാൽ ചാണക സംഭരണിയായി. ഈച്ചയും കൊതുകുമൊക്കെ പെരുകാതിരിക്കാൻ ബാരൽ അടച്ചു സൂക്ഷിക്കുകയും വേണം. മൂത്രം സംഭരിക്കാനും ഇതേപോലെ മറ്റൊരു ബാരൽ പ്രയോജനപ്പെടുത്താം. പ്ലാസ്റ്റിക് ബാരലിലെ ചാണകവും മൂത്രവും പുറത്തേക്കു പടരാത്തതിനാൽ പരാതികൾക്ക് ഇടമുണ്ടാകുകയില്ല. ബാരൽ നിറയുന്ന മുറയ്ക്ക് ചാണകം പുത്തെടുത്ത് സംസ്കരിക്കണമെന്നു മാത്രം.

വിദേശ, സങ്കരയിനം പശുക്കളുടേതിൽനിന്നു വ്യത്യസ്തമാണ് നാടൻ പശുക്കളുെട ചാണകം. തീറ്റ തിന്നുന്നതു കുറവായതിനാൽ ഇവയുടെ ചാണകത്തിന്റെ അളവും കുറവായിരിക്കും. മാത്രമല്ല, ജലാംശം തീരെ കുറഞ്ഞ് ആട്ടിൻ കാഷ്ഠത്തോടു സാമ്യമുള്ള ഈ ചാണകത്തിനു ദുർഗന്ധം കുറവായതിനാൽ കൈകാര്യം ചെയ്യാൻ പ്രയാസവുമില്ല.

നേരിട്ടും വിവിധ ജൈവക്കൂട്ടുകളായി സംസ്കരിച്ചും അല്ലാതെയും നാടൻപശുവിന്റെ ചാണകം, മൂത്രം എന്നിവ വിൽക്കാനാകും. പാലിൽനിന്നു കിട്ടുന്നതിലേറെ വരുമാനം ഇതുവഴി ഉറപ്പാക്കാം. അധികമുള്ള ചാണകം നിക്ഷേപിക്കുന്നതിന് ഒരു ബയോഗ്യാസ് പ്ലാന്റും തയാറാക്കാം. ജീവാമൃതവും മറ്റ് ജൈവക്കൂട്ടുകളുമുണ്ടാക്കുന്നതിനൊപ്പം ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയും ജൈവവളമായി പ്രയോജനപ്പെടുത്താം. ചാണകം അധികമുണ്ടെങ്കിൽ ഒരു ചാക്കിൽ നിറച്ച് അട്ടികളായി സൂക്ഷിച്ചുകൊള്ളൂ. മാസങ്ങൾക്കുള്ളിൽ ഒന്നാം തരം ചാണകപ്പൊടി തയാറാകും.

cow-6 പുങ്കനൂർ പശു

ഗുണങ്ങളേറെ, ഇനങ്ങളും

കുള്ളൻപശുക്കളുെട ഗുണം തിരിച്ചറിയപ്പെടാൻ തുടങ്ങിയതു വെച്ചൂർ പശുക്കളിലൂെടയാണ്. കോട്ടയം ജില്ലയിലെ അപ്പർ കുട്ടനാടൻ ഗ്രാമമായ വെച്ചൂരിൽനിന്നു വീണ്ടെടുക്കപ്പെട്ട ഇവയ്ക്ക് ഈർപ്പം നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചു വളരാൻ സാധിക്കും. താപ സന്തുലനശേഷിയും സവിശേഷമായ പാലും വെച്ചൂരിന്റെ സവിശേഷതകളാണ്. പാലിലെ കൊഴുപ്പ് വളരെ വേഗം ദഹിക്കുന്നതുകൊണ്ട് കുട്ടികൾക്കും രോഗമുക്തി നേടി വിശ്രമിക്കുന്നവർക്കും നൽകാൻ ഉത്തമമാണ് ഈ പാൽ.

വെച്ചൂരിനു സമാനമായ ഗുണങ്ങൾ മറ്റുചില നാടൻ ഇ നങ്ങൾക്കുമുണ്ട്. കാസർകോട്, വടകര, ചെറുവള്ളി, പെരിയാർ, വില്വാദ്രി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇവ തമ്മിൽ, വളരുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. നമ്മുെട ജീവിതസാഹചര്യങ്ങൾക്ക് ഏറ്റവും ചേരുന്ന നാടൻ ഇനത്തെ തിരഞ്ഞെടുക്കുകയാണു വേണ്ടത്. കുട്ടനാടൻ സാഹചര്യങ്ങളിൽ വളരുന്ന വെച്ചൂരിനെക്കാൾ മലമ്പ്രദേശങ്ങളോട് തലമുറകളായി പൊരുത്തപ്പെട്ടു കഴിയുന്ന ചെറുവള്ളി പശുക്കളായിരിക്കും ഹൈറേഞ്ചിലെ കുടുംബങ്ങൾക്കു യോജിച്ചത്. കാസർകോട് കുള്ളൻ പശുക്കൾ കേരളത്തിലെവിടെയും നന്നായി വളരുമെങ്കിലും അവയുടെ മികച്ച ഉൽപാദനക്ഷമതയും ആരോഗ്യവും പ്രകടമാകുന്നത് ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കോട്ടു തന്നെയാകണം.

കുള്ളൻപശുക്കളുെട പ്രജനനത്തിന് ബീജാധാന സൗകര്യം നമ്മുടെ മൃഗാശുപത്രികളിലുണ്ട്. മൂരികളെ സംരക്ഷിക്കാൻ സാഹചര്യമില്ലാത്തവർക്ക് ഏറ്റവും നല്ല മാർഗം ഇതുതന്നെ. അതത് ഇനത്തിൽപ്പെട്ട ബീജം തന്നെ പരമാവധി ഉപയോഗപ്പെടുത്താനും വംശശുദ്ധി സംരക്ഷിക്കാനും ശ്രമിക്കണം. പ്രജനനവിവരങ്ങൾ മാത്രമല്ല പശുവിനെ സംബന്ധിക്കുന്ന എല്ലാ രേഖകളും സൂക്ഷിക്കുകയും വേണം.

തയാറാക്കിയത്: ഡെൽന സത്യരത്ന