Wednesday 06 October 2021 12:32 PM IST : By സ്വന്തം ലേഖകൻ

ഇന്റീരിയറിൽ വിസ്മയം തീർക്കുന്ന എപോക്സി ഫർണിച്ചർ പരിചയപ്പെടാം

R28766

ഇന്റീരിയറിലെ പുതിയ താരോദയമാണ് എപോക്സി ഫർണിച്ചർ. തടിയും റെസിനും ചേർത്ത് നിർമിച്ചെടുക്കുന്ന ഫർണിച്ചറാണിവ. ഡൈനിങ് ടേബിളും കോഫി ടേബിളുമെല്ലാം ഇതിലുണ്ട്. ഏത് ശൈലിയിലുള്ള ഇന്റീരിയറാണെങ്കിലും അതനുസരിച്ച് നിർമിക്കാമെന്നു മാത്രമല്ല വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചും വൈദഗ്ധ്യം ഉണ്ടെങ്കിൽ സ്വന്തമായും നിർമിച്ചെടുക്കാം. എത്ര പഴയ തടി ആണെങ്കിലും ബലമുണ്ടെങ്കിൽ ട്രീറ്റ് ചെയ്ത് ഉപയോഗിക്കാം. ചിതലരിച്ചതാണെങ്കിൽ അത്രയും നല്ലത്! (തടി ചിതലിന് ഇട്ടുകൊടുത്ത് ടേബിൾ പണിയുന്നവരുമുണ്ട്.) തടിയുടെ സ്വാഭാവികതയും ഗ്രെയിൻസുമാണ് എപോക്സി ഫർണിച്ചറിനെ കൂടുതൽ ആകർഷകമാക്കുന്നത്. ചിത്രപ്പണികള്‍ ചെയ്തും കല്ലുകൾ പാകിയും അലങ്കരിക്കാം.

R36899

റെസിൻ, ഹാർഡ്നർ‌ എന്നീ കെമിക്കലുകൾ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്ത് നിർമിച്ചെടുക്കുന്ന ദ്രാവകത്തിലേക്ക് ആവശ്യമുള്ള നിറവും ചേർ‌ത്ത്, തടി നിരത്തിവച്ച് നിർമിക്കുന്ന മോൾഡിലേക്ക് ഒഴിക്കുന്നു. എപോക്സി കട്ടിയായി തടിയുടേതിന് സമാനമായ സ്വഭാവം കൈവരുന്നു. (മുറിച്ചെടുക്കാനും പോളിഷ് ചെയ്യാനും സാധിക്കും.) പോളിഷ് ചെയ്യുന്നതോടെ ടേബിള്‍ടോപ് റെഡി. ആവശ്യാനുസരണം തടി കൊണ്ടോ മെറ്റൽ കൊണ്ടോ കാലുകൾ നൽകാം.

R1455666

പുതിയ കാലത്തെ ഇന്റീരിയറിൽ ലൈറ്റിനും നിറങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നത് വസ്തുതയാണ്. ഇതിന് മുതൽക്കൂട്ടാവുന്നു എന്നതാണ് എപോക്സി ടേബിളുകളുടെ പ്രത്യേകത. ടേബിളിന് മുകളില്‍ നൽകുന്ന ഹാങ്ങിങ് ലൈറ്റുകൾ സാധാരണ വെളിച്ചത്തിൽ കാണുന്നതിനേക്കാൾ തിളക്കത്തോടെ ടേബിളിന്റെ ഉപരിതലം കാണാൻ സഹായിക്കുന്നു. ടേബിൾ ടോപ്പിനു താഴെ ലൈറ്റ് ക്രമീകരിച്ചും മാജിക് തീര്‍ക്കാം. സുതാര്യമാ രീതിയിൽ ചെയ്തെടുക്കുന്ന ടേബിൾടോപ്പുകൾ മറ്റൊരു ആകർഷണമാണ്.

R4788

എപോക്സി ഫർണിച്ചർ ആള് വിദേശിയാണ്. നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് അധിക കാലമായിട്ടില്ല. സോഷ്യൽ മീഡിയയാണ് പലരെയും എപോക്സി ഫർണിച്ചറിന്റെ ആരാധകരാക്കിയത്.

തടി സെറ്റ് ചെയ്ത് എപോക്സി മിക്സ് ചെയ്ത് ഒഴിച്ച് പോളിഷ് ചെയ്യുന്നതാണ് പണി എന്ന് പെട്ടെന്ന് പറഞ്ഞ് തീർക്കാമെങ്കിലും 10 ദിവസത്തോളം ജോലിയുണ്ട് ഒരു ടേബിൾ ടോപ്പിന്റെ മുഴുവൻ പണിയും കഴിയാൻ. അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലി. എപോക്സി കട്ടിയാവുന്ന ആദ്യ 24 മണിക്കൂറിൽ പൊടി പോലും അടുത്തെത്താതെ സൂക്ഷിക്കണം. ശ്രദ്ധ തെറ്റിയാൽ പാളിപോവാൻ സാധ്യത കൂടുതലാണ്. ലാഭകരമാണെങ്കിലും മിക്ക ഫർണിച്ചർ നിർമാതാക്കളും ഇതിന് മുതിരാറില്ലെന്നതാണ് വാസ്തവം. അത്യാവശ്യം മുടക്കുമുതൽ ഉള്ളതുകൊണ്ടു തന്നെ നിർമിച്ചു വയ്ക്കുന്നതും പ്രായോഗികമല്ല.

R5329878

‌‘‘സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ച് എപോക്സി ഫർണിച്ചർ നിർമാണത്തിലേക്ക് ഇറങ്ങരുത്. എപോക്സി ഫർണിച്ചറിനോട് ഇഷ്ടവും പ്രതിബദ്ധതയും വേണം. ക്ഷമയോടെ ചെയ്യേണ്ട ആർട് വർക്കാണ് ഇത്,’’ എപോക്സി ഫർണിച്ചർ നിർമാണ പരിശീലകനായ മലപ്പുറം മഞ്ചേരി സ്വദേശി സുബീഷ് പറയുന്നു. ആറ് വർഷമായി എപോക്സി ഫർണിച്ചർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സുബീഷ് പ്രൊഫഷനൽ ഫൊട്ടോഗ്രഫർ കൂടിയാണ്. വിവരങ്ങള്‍ക്കു കടപ്പാട്: വാട്ടർ മാർക്ക് വുഡ് ആർട്, മഞ്ചേരി, മലപ്പുറം

Tags:
  • Design Talk