Wednesday 29 November 2023 03:52 PM IST : By സ്വന്തം ലേഖകൻ

പൂക്കളും തുമ്പികളും മൃഗങ്ങളും വരെ സ്വർണനിറത്തിൽ ഇന്റീരിയറിൽ; പുതുമയും ക്ലാസിക്കും, അകത്തളങ്ങളിലെ ഗോൾഡൻ ഷേഡ് അറിയാം

1870353346

ഇന്റീരിയർ നിറങ്ങളിലേക്ക് തലയെടുപ്പോടെ വീണ്ടും കടന്നുവരികയാണു സ്വർണവർണം...

ഇന്റീരിയറിലേക്കു വൻതിരിച്ചു വരവു നടത്തിയ ഗോൾഡാണ് ഇന്നത്തെ താരം. മെറ്റാലിക് നിറങ്ങൾ മലയാളികളുടെ വീടിൻ മനം കീഴടക്കിയ കാലത്തു ഗോൾഡ് ഷേഡ് ധാരാളം ആരാധകരെ സ്വന്തമാക്കിയിരുന്നു.

ഇടക്കാലത്ത് ഫീൽഡ് ഔട്ട് ആയെങ്കിലും ഇരട്ടി ശോഭയോടെ അകത്തളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണു സ്വർണനിറം. തിരിച്ചുവരവിൽ വളരെ സെലക്ടീവാണ് കക്ഷി.

എങ്ങനെ എവിടെ മുഖം കാണിച്ചാലാണു ഹിറ്റ് ആകുന്നതെന്നു സ്വർണ നിറപ്രേമികളും ഡിസൈനർമാരും തിരിച്ചറിയുന്ന ട്രെൻഡാണ്  ഇപ്പോൾ വീടിന്റെ ഇന്റീരിയറിൽ നിറയുന്നത്. ഈ തിരിച്ചുവരവിൽ സ്വർണനിറത്തിന്റെ ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം. പളപളാന്നു തിളങ്ങുന്ന മട്ട് പാടെ ഉപേക്ഷിച്ചു. ഒറ്റയ്ക്ക് തിളങ്ങുന്ന സൂപ്പർ താരമല്ല തിരിച്ചുവരവിലെ സ്വർണം. പക്കാ ടീം പ്ലേയർ. ഒപ്പമുള്ളവയോട് ഇണങ്ങി നിൽക്കുന്നതാണ് ഇന്റീരിയറിലെ പുതിയ ഗോൾഡൻ ഷേഡ്.

തിളങ്ങാതെ, തിളങ്ങുന്ന താരം

കാഴ്ചയിൽ വേറിട്ടു നിൽക്കുകയില്ല. കൃത്യമായ ധാരണയോടെ ഉപയോഗിക്കുന്ന ഗോൾഡൻ ഷേഡ് വീടിന്റെ ഇന്റീരിയറിനു ലക്ഷ്വറി ലുക് നൽകും.  ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നിപ്പിക്കാതെ സിനിമയ്ക്ക് ഒപ്പം ഒഴുകുന്ന പശ്ചാത്തല സംഗീതം പോലെ വേണം, ഇന്റീരിയറി ൽ  ഗോൾഡൻ ഷേഡ് പ്രയോജനപ്പെടുത്തേണ്ടത്. അമിതമായാൽ വിപരീതമാകും ഫലം.

രണ്ടാമത്തെ കാര്യം ഫിനിഷിങ്ങാണ്. തിളക്കം വേണ്ട, പകരം മാറ്റ് ഫിനിഷ് ആണു നല്ലത്. ഗോൾഡിന്റെ തന്നെ പല ഷേഡുകളുണ്ട്. മഞ്ഞനിറം നിറം കൂടിയും കുറഞ്ഞുമുള്ള ഷേഡുകളിൽ നിന്നു നമ്മുടെ വീടിന്റെ ശൈലിക്കും ഭിത്തിയുടെയും തറയുടെയും സോഫ്റ്റ് ഫർണിഷിങ്ങിന്റെയും നിറത്തിനും യോജിക്കുന്നതു തിരഞ്ഞെടുക്കണം.  

സ്വർണനിറത്തിന് ഇന്റീരിയറിൽ കൂട്ടായെത്തുന്ന ചില നിറങ്ങളുണ്ട്. ഇപ്പോൾ ട്രെൻഡായ മൂന്നു കൂട്ടുകാരാണ് വൈറ്റ്, ബ്ലാക്, പിങ്ക്. നീലയുടെയും പച്ചയുടെയും ഡാർക് ഷേഡും തൊട്ടുപിന്നാലെയുണ്ട്.

ഏതു ശൈലികളിലുള്ള വീടുകളിലും പൊതുവായി പ രീക്ഷിക്കാവുന്നതാണു വൈറ്റ്–ഗോൾഡ് കോംബോ. വെള്ള നിറത്തിലുള്ള ഭിത്തിയുടെ സീലിങ്ങിനോടു ചേരുന്ന ഭാഗത്തു മാത്രം ഗോൾഡ് സ്ട്രിപ് കൊടുത്താൽ വീട് പുതുമോടി നേടും.  

കേരളത്തനിമയ്ക്ക് അനുയോജ്യം

കസവുസാരിയുടെ ഭംഗി ഒന്നു വേറെ തന്നെയാണ്. ഓഫ് വൈറ്റ് നിറത്തിനൊപ്പം സ്വർണക്കസവു ചേരുമ്പോഴുള്ള ആ ഭംഗി അകത്തളത്തിനും ഇണങ്ങും. കേരള ട്രഡീഷനൽ ഇന്റീരിയറിനു പ്രത്യേകിച്ചും.

ഓഫ് വൈറ്റ് ചുവരുകൾ, തടി കൊണ്ടുള്ള ഫർണിച്ചറും ജനാലകളും. ഇവയ്ക്കൊപ്പം പൊന്നിൻ നിറം ഇണക്കത്തോടെ നിൽക്കും. തടിയിൽ തീർത്ത കോഫി ടേബിളില്‍ നേർത്ത സ്വർണവരകൾ വന്നാൽ എത്ര സുന്ദരമായിരിക്കും. ഇത്തരം ഗോൾഡ് ഇൻലേ വർക്കുകളിലാണു ഡൈനിങ് ടേബിളും കോഫി ടേബിളും തിളങ്ങുന്നത്. തടിക്കൊപ്പം സ്വർണം ചേരുമ്പോൾ ഇന്റീരിയറിന്റെ ഭംഗി ഇരട്ടിക്കും.

വീട്ടകങ്ങളിലേക്കു ഗോൾഡ്, സിൽവർ പോലുള്ള മെറ്റൽ തിളക്കം ആദ്യം കൈ പിടിച്ചതു ഡോർ ഹാൻഡിലുകളിലാണ്. പ്രധാനവാതിലും കടന്നു സ്വർണ വാതിൽപ്പിടികൾ  കബോർഡിലും  കിച്ചൻ കാബിനെറ്റിലും എത്തി.  ക ബോർഡ് ഹാൻഡിലുകൾ, ഡ്രോയർ നോബുകൾ എന്നിവയിൽ സ്വർണത്തിനൊപ്പം  വെള്ളിനിറവും പ്രിയങ്കരമാണ്.

കട്ടിലിന്റെ ഹെ‍ഡ് ബോർഡാണു ഗോൾഡ് ഇൻലേ പ രീക്ഷിക്കാവുന്ന മറ്റൊരിടം. ചേരുന്ന ലൈറ്റിങ് കൂടിയായാ ൽ ആഹാ, ഗംഭീരം. സോഫ്റ്റ് ഫർണിഷിങ്ങിലും സ്വർണം ചേർക്കാം. കസവു ബോർഡറുള്ള കർട്ടൻ, ഗോൾഡ് ബുട്ടാ പ്രിന്റുള്ള കുഷൻ കവർ എന്നിവ താരതമ്യേന കുറഞ്ഞ ചെലവിൽ വീടിനു പ്രൗഢി നൽകും.

സ്വർണം അലങ്കാരം

goldenn879jkkj0

സ്വർണവർണം അന്നുമിന്നും  ക്യൂരിയോസിൽ ട്രെൻഡ് ആ ണ്. നെറ്റിപ്പട്ടം, കിണ്ടി, വിളക്ക് പോലുള്ള ട്രഡീഷനൽ   അലങ്കാരങ്ങൾക്കായിരുന്നു മുൻപ് ഗോൾഡ് ഷേഡ് നൽകിയിരുന്നത്.  ഇപ്പോൾ മൃഗങ്ങളും പൂക്കളും തുമ്പികളും വരെ സ്വർണനിറത്തിൽ ഇന്റീരിയർ അലങ്കരിക്കുന്നുണ്ട്. ലാംപ് ഷേ‌ഡ്, കാൻഡില്‍ ഹോൾഡർ, ക്ലോക് എന്നിങ്ങനെയുള്ള ആക്സസറികളിലും സ്വർണം താരമാണ്.

ഓൾഡ് ഈസ് ഗോൾഡ്

പെയിന്റ് ഇളകിപ്പോയ പ്ലാന്റ്സ്റ്റാൻഡ്  തേച്ചുമിനുസപ്പെടുത്തിയ ശേഷം ഗോൾഡ് സ്പ്രേ പെയിന്റ് ചെയ്യാം. പഴയ പ്ലാസ്റ്റിക് പൂക്കളിലെ പൊടി നീക്കിയ ശേഷം ഗോൾഡ് സ്പ്രേ പെയിന്റ് ചെയ്തു മനോഹരമാക്കാം. ഇങ്ങനെ ഉപയോഗശൂന്യമായി പോയ അലങ്കാരങ്ങൾക്കു പുതുജന്മം നൽകുമ്പോൾ മറ്റു നിറങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ പുതുമയും ക്ലാസിക് സ്വഭാവവും നൽകും സ്വർണനിറം.

ലക്ഷ്വറി വാഷ് ഏരിയ

മാറിയ കാലത്തിൽ ഗോൾഡ് ഫിനിഷ് കൂടുതലും തിളങ്ങുന്നതു വാഷ് ഏരിയയിലാണ്. ഡൈനിങ് റൂമിനോടു ചേർന്നു വരുന്ന വാഷ് ഏരിയയിൽ ഗോൾഡ് ഫിനിഷ് ഉള്ള വാഷ് ബേസിൻ നൽകുന്നവരുണ്ട്. ബോൾഡ് നിറത്തിലുള്ള വാഷ് ബേസിനൊപ്പം ഗോൾഡ് ടാപ് വയ്ക്കുന്നവരും കുറവല്ല. വാഷ് ഏരിയയിലെ കണ്ണാടിക്കും ക്യൂരിയോസിനും  ഗോൾഡ് ടിന്റ് നൽകി ലക്ഷ്വറി ഫീൽ സ്വന്തമാക്കാം.

ചിത്രങ്ങൾക്ക് കടപ്പാട്:

അഡ്രസ് ഹോം കൊച്ചി, എറണാകുളം

ലെ പ്ലാറ്റിനോ, സ്റ്റേഡിയം റോഡ്, കലൂർ, കൊച്ചി

Tags:
  • Vanitha Veedu