Wednesday 30 September 2020 03:32 PM IST : By Jacob Varghese Kunthara

ഇലത്തുമ്പിലെ പ്രാണവായു; അകത്തളത്തിൽ ശുദ്ധവായുവേകും 20 ഇനം ചെടികൾ പരിപാലിക്കാം, അറിയേണ്ടതെല്ലാം

indpl1

പുറത്തെ അന്തരീക്ഷത്തേക്കാൾ നാല് ഇരട്ടി മലിനമാണ് വീടിനകത്തെ അന്തരീക്ഷം. സൈലീൻ, ടൊളുവിൻ, കാർബൺഡൈ ഓക്സൈഡ്, ബെൻസീൻ, ട്രൈക്ലോറോ എത്തിലീൻ തുടങ്ങിയ മലിനവാതകങ്ങൾ തങ്ങി നിന്ന് ശ്വാസംമുട്ടൽ, ആസ്മ, ജലദോഷം, ഉന്മേഷക്കുറവ്, തലവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.  

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോഴും മെഴുകുതിരി കത്തിക്കുമ്പോഴുമെല്ലാം ഇത്തരം വാതകങ്ങൾ മുറിക്കുള്ളിൽ നിറയും. കബോർഡ്, വാര്‍ഡ്രോബ് ഇവ തയാറാക്കാൻ ഉപയോഗിക്കുന്ന പാർട്ടീഷൻ ബോർഡ്, പ്ലൈവുഡ് അപ്ഹോൾസ്റ്ററി, ഫ്ലോർ കാർപറ്റ് ഇവയിലും പെയിന്റിലുമെല്ലാം മലിന വാതകങ്ങളുണ്ട്. ഇത്തരം വാതകങ്ങൾ നീക്കി മുറിക്കകം ശുദ്ധീകരിക്കാൻ ഇൻഡോർ ചെടികൾ സഹായിക്കും. ചെടികളിൽ നിന്ന് മുറിയിൽ നിറയുന്ന ഈർപ്പം കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കും.

ശുദ്ധമാകട്ടെ വായുവും മനസ്സും

20 ഇനം അകത്തളച്ചെടികൾക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നു. 100 ചതുരശ്രയടി ഉള്ള മുറിയിൽ വളർച്ചയെത്തിയ രണ്ട് ചെടി മതിയാകും. 1000 ചതുരശ്ര അടി വലുപ്പമുള്ള വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ കുറഞ്ഞത് 20 ചെടികൾ വേണം. കൂടുതൽ പേർ സമയം ചെലവഴിക്കുന്ന മുറിയിൽ നൂറ് ചതുരശ്ര അടിയിൽ നാല് ചെടികൾ വളർത്താം.

അകത്തള ചെടികളിൽ പീസ് ലില്ലി, മദർ ഇൻലോസ് ടങ് പ്ലാന്റ്, ഫിംഗർ പാം, അരക്ക പാമിന്റെ ഇൻഡോർ ഇനം എന്നീ നാല് തരം ചെടികൾക്കാണ് മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാൻ ഏറ്റവും കഴിവുള്ളവത്. ഈ ചെടികൾ പലതരം മലിന വാതകങ്ങളും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന കാർബൺ കണികകളും നീക്കം ചെയ്യും. മണിപ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, ബോസ്റ്റൺ ഫേൺ, അലോ (കറ്റാർവാഴയുടെ അലങ്കാര ഇനം) ആഗ്ലോനിമ, ഇന്ത്യൻ റബർ പ്ലാന്റ്, ഡ്രസീനയുടെ ലക്കി ബാംബൂ ഉൾപ്പെടെയുള്ള ഇനങ്ങൾക്കും ഈ സവിശേഷതയുണ്ട്. വലിയ ഇലകളുള്ള മദർ ഇൻലോസ് ടങ് പ്ലാന്റ്, ഇന്ത്യൻ റബർ പ്ലാന്റ്, പീസ് ലില്ലി, ആഗ്ലോനിമ ഇവയ്ക്കെല്ലാം ചെറിയ ഇലകളുള്ള സ്പൈഡർ പ്ലാന്റ്, മണി പ്ലാന്റ്, ബോസ്റ്റൺ ഫേൺ എന്നിവയേക്കാൾ വായു ശുദ്ധീകരിക്കാനുള്ള കഴിവ് കൂടുതലാണ്. വലിയ ശ്രദ്ധയും ശുശ്രൂഷയും ഇല്ലാതെ മുറികളിൽ ഷെ ൽഫ്, മേശ, സ്റ്റാന്‍ഡ് ഇവിടങ്ങളിൽ ഇവ പരിപാലിക്കാനാകും.

plggf1223

ചെടികൾക്ക് യോജിച്ച ഇടമൊരുക്കാം

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ മുറിയിലെ പ്രകാശം  കൂടി പരിഗണിക്കണം. കുറഞ്ഞ വെളിച്ചമുള്ള മുറിയിലേക്ക് ഇലകൾക്ക് മുഴുവൻ പച്ച നിറമുള്ളവയാണ് നല്ലത്. വെളിച്ചമുള്ള ജനൽപടി, വരാന്ത, ബാൽക്കണി ഇവിടെയെല്ലാം പച്ചയ്ക്കൊപ്പം മറ്റ് നിറത്തിലുള്ള ഇലകളുള്ള ചെടികൾ തിരഞ്ഞെടുക്കാം. വിസ്താരമുള്ള ചട്ടികളിൽ ഒന്നിലധികം  ചെടികൾ നടുമ്പോൾ ഒരേ രീതിയിൽ നനയും പ്രകാശത്തിന്റെ  ആവശ്യകതയും  ഉള്ളവ തിരഞ്ഞെടുക്കണം. സ്പൈഡർ പ്ലാന്റും സിങ്കോണിയവും കൂടുതൽ നനയും പ്രകാശവും ആവശ്യമുള്ളവയാണ്. കുറഞ്ഞ രീതിയിൽ നനയും കൂടുതൽ വെളിച്ചവും വേണ്ട സക്യുലന്റ് ഇനങ്ങളായ അലോയും മദർ ഇൻലോസ് ടങ് പ്ലാന്റും ഒരുമിച്ച് നടാം. അകത്തള സക്യുലന്റ് ചെടികൾക്ക് മണൽ ചേർത്ത, നല്ല നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. ഈ മിശ്രിതത്തിൽ ചകിരിച്ചോറ് വളരെ കുറച്ച് മതി. മണി പ്ലാന്റ്, സിങ്കോണിയം, പീസ് ലില്ലി ഇവയ്ക്ക്  ഈർപ്പം ആവശ്യമായതത് കൊണ്ട് നടാനുള്ള മിശ്രിതത്തിൽ ചകിരിച്ചോറ് ആവശ്യത്തിന് ചേർക്കാം.

ഇലകളിലെ ചെറിയ സുഷിരങ്ങളാണ് മലിന വാതകം ആഗിരണം ചെയ്ത് നീക്കുന്നത്. പകൽ സമയത്തെ പ്രകാശത്തിൽ ചെടി ആവശ്യമായ ഭക്ഷണം തയാറാക്കും. ഈ പ്രക്രിയയിൽ ഓക്സിജൻ പുറ ത്തേക്ക് തള്ളും. ഇതോടെ  മുറിക്കുള്ളിൽ ശുദ്ധവായു വർധിക്കും. ഇലകളുടെ ഇരുവശത്തുമുളള അനേകായിരം സുഷിരങ്ങളാണ് ചെടിയുടെ കാര്യക്ഷമത നിർണയിക്കുക. കാലക്രമേണ ഇലകളിൽ പൊടി തങ്ങി നിന്ന് ഈ സുഷിരങ്ങൾ അടയാനിടയുണ്ട്. മാസത്തിെലാരിക്കൽ നനഞ്ഞ പഞ്ഞിയോ തുണിയോ കൊണ്ട് ഇലകൾ തുടച്ചു വൃത്തിയാക്കുന്നത് ചെടിയുടെ കാര്യശേഷി കൂട്ടാൻ നല്ലതാണ്.

ജൈവവളങ്ങളാണ് അകത്തളചെടികളുടെ വളർച്ചയ്ക്ക് നല്ലത്. രാസവളങ്ങൾ കഴിവതും ഒഴിവാക്കുക. ദുർഗന്ധം പരത്താത്ത മണ്ണിര കംപോസ്റ്റ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി തുടങ്ങിയവ വളമായി ഉപയോഗിക്കാം. മിശ്രിതവുമായി കലർത്തി വേണം വളം നൽകാൻ. ഇലകളുടെ അറ്റം തവിട്ട് നിറം വന്നു കരിയുന്നത് ചെടി വച്ചിരിക്കുന്നിടത്തെ ചൂട് അധികമായതോ നനയ്ക്കാൻ ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുന്നതോ കാരണമാകാം. ഇലകളുടെ വലുപ്പം ക്രമാതീതമായി കുറയുന്നതും  വിളറിയ പച്ചനിറമാകുന്നതും  തണ്ടുകൾ നീളം വയ്ക്കുന്നതുമെല്ലാം ചെടിക്ക് ആവശ്യത്തിന് പ്രകാശം കിട്ടാത്തതിന്റെ ലക്ഷണങ്ങളാണ്.

ഇല ചീയൽ തടയാം

ഫലനോപ്സിസ് ഓർക്കിഡിന്റെ ഇലകൾ മഴക്കാലത്ത് അഴുകി കേടാകുന്നു. എന്താണ് പ്രതിവിധി?

ഇലകളിൽ ജലം സൂക്ഷിച്ചു വയ്ക്കുന്ന ഫലനോപ്സിസിന് വേനൽക്കാലത്ത് പോലും നന വളരെ കുറച്ച് മതി. നേരിട്ട് മഴ കൊള്ളാനും പാടില്ല. മഴക്കാലത്തിന് മുൻപ് ചെടി മുഴുവൻ അഞ്ച് മില്ലി ലീറ്റർ സ്യൂഡോമോണാസ് ലായനി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. രണ്ടാഴ്ച ഇടവേളയിൽ മഴക്കാലം മുഴുവൻ ഇത് ആവർത്തിക്കണം. ചീയൽ രോഗത്താൽ കേട് വന്ന ഇലയുടെ ഭാഗം മുഴുവൻ മുറിച്ചു നീക്കി മുറി ഭാഗത്ത് സ്യൂഡോമോണാസ് ലായനി പുരട്ടുക. ചെടി മുഴുവൻ സ്ട്രെപ്റ്റോ എന്ന ആന്റി ബയോട്ടിക് രണ്ട് മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ നാല് ദിവസം ഇടവേളയിൽ രണ്ട് – മൂന്ന് തവണ തളിച്ച് രോഗ വിമുക്തമാക്കാം. ഈ സമയത്ത് വളപ്രയോഗം ഒഴിവാക്കുക.രോഗമുള്ള ചെടി മറ്റ് ചെടികളിൽ നിന്ന് അകലെ വളർത്തണം.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള ഇലകളുടെ ആരോഗ്യം പ്രധാനമാണ്. ഇലകൾ കരുത്തോടെ വളരുന്നുണ്ടോയെന്ന ശ്രദ്ധ വേണം.

∙ ഇല െപാഴിക്കുന്ന പ്രകൃതമില്ലാത്ത നിത്യഹരിത ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്.

∙ സക്യുലന്റ് ഇനം ചെടികൾക്ക്  ശ്രദ്ധയോടെ മാത്രം നന നൽകുക. മിശ്രിതം ഉണങ്ങിയതായി തോന്നുമ്പോൾ നനച്ചാൽ മതിയാകും. സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി, മണി പ്ലാന്റ് ഇവ ചട്ടി തിങ്ങി നിറയുമ്പോൾ മിശ്രിതം മാറ്റി കൂടുതൽ വലുപ്പമുള്ള ചട്ടിയിലേക്ക് നടുക. ചുറ്റുമുള്ള തൈകൾ വേർപെടുത്തിയെടുത്ത് വേറെ ചട്ടിയിൽ നട്ട് വളർത്തിയാലും മതി.

indpl166
Tags:
  • Gardening
  • Vanitha Veedu