Saturday 04 February 2023 11:46 AM IST

പട്ടിക്ക് കണ്ണെഴുതിക്കൊടുക്കുകയും ഉടുപ്പിടുവിക്കുകയും വേണ്ട; ഒാമനകളെ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

Asha Thomas

Senior Sub Editor, Manorama Arogyam

pet232

ഒരു നായ വീട്ടിൽ ഉണ്ടെങ്കിൽ ആ വീടിന്റെ അന്തരീക്ഷത്തിനു തന്നെ എന്തൊരു ഉത്സാഹം കലർന്ന മാറ്റമാണ് ഉണ്ടാവുന്നത്... ഏതു മടുപ്പിനെയും വിരക്തിയേയും കുടഞ്ഞെറിയുന്ന ഒരു സ്നേഹ ഊർജം ഒാമനമൃഗങ്ങൾ പ്രസരിപ്പിക്കുന്നുണ്ട്.

ഇതിനുമൊക്കെ ഉപരിയായി ആനിമൽ അസിസ്റ്റഡ് തെറപി എന്നും പെറ്റ് തെറപി എന്നുമൊക്കെയുള്ള പേരുകളിൽ നായകളെയോ മറ്റ് ഒാമനമൃഗങ്ങളെയോ മാരക രോഗങ്ങളെയോ ആരോഗ്യപരമായ സങ്കീർണാവസ്ഥകളെയോ അതിജീവിച്ചവർക്ക് ഒരു മാനസിക പിന്തുണയ്ക്കായി ഉപയോഗിക്കുന്ന രീതിയുണ്ട്. വിദേശങ്ങളിലൊക്കെ നഴ്സിങ് ഹോമുകളിൽ കഴിയുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ, മാനസികോല്ലാസത്തിനായി മൃഗങ്ങളുമായി ചേർന്നുള്ള ആക്ടിവിറ്റികൾ നിർദേശിക്കാറുണ്ട്.

നമ്മുടെ നാട്ടിൽ തെറപി എന്ന അർഥത്തിൽ ഒാമനമൃഗങ്ങളെ വളർത്തുന്നത് വ്യാപകമല്ലെങ്കിലും മൃഗങ്ങളോടുള്ള ഇഷ്ടം കൊണ്ട് മൂലം മിക്കവാറും വീടുകളിലും നായയോ പൂച്ചയോ വളർത്താറുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് കൂട്ടായി ഒാമനമൃഗങ്ങളെ വളർത്തുന്ന രീതി വ്യാപകമാണ്. അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രമുള്ള അണുകുടുംബങ്ങളുടെ അന്തരീക്ഷത്തിൽ ഒരു നായയോ പൂച്ചയോ വരുത്തുന്ന വ്യത്യാസം അദ്ഭുതകരമാണ്.

കുട്ടികളിൽ മികച്ച ഫലം

ഒാമനമൃഗങ്ങൾ കുട്ടികളുടെ വ്യക്തിത്വവളർച്ചയിലും മാനസിക വികാസത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്കൻ അക്കാദമി ഒാഫ് ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി പറയുന്നത് ഒാമനകൾ കുട്ടികളുടെ സ്വയം മതിപ്പും ആത്മവിശ്വാസവും വർധിപ്പിക്കുമെന്നാണ്. പ്രത്യേകിച്ച് നായ എന്നു പറയുമ്പോൾ 10–15 വർഷത്തോളം നീളുന്ന ഒരു കൂട്ടുകെട്ടാണ്. ഈ കൂട്ടുകെട്ടിന്റെ ദൃഢതയിൽ വളരുന്ന കുട്ടിക്ക് മറ്റുള്ളവരുമായി വിശ്വസ്തതയുള്ള ബന്ധങ്ങൾ ഉണ്ടാക്കുവാനും നിലനിർത്താനും കഴിയും. നായയോട് സ്നേഹവും കരുതലും കാരുണ്യവും കാണിക്കാൻ പഠിച്ച് വളരുന്ന കുട്ടി ചുറ്റുമുള്ളവരോട് അനുഭാവവും അനുതാപവും ഉത്തരവാദിത്തവും കാണിക്കാൻ ശ്രദ്ധാലുവായിരിക്കും.

ആരോഗ്യത്തിന് സഹായി

ഒാമനകൾ ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങൾക്ക് ഇടയാക്കുന്നുണ്ട്. രക്തസമ്മർദവും പ്രമേഹവും ഹൃദ്രോഗവുമൊക്കെയുള്ളവർക്ക് വ്യായാമത്തിനും മാനസികോല്ലാസത്തിനും അരുമകൾ സഹായിക്കും. പ്രഭാതത്തിലെയോ വൈകുന്നേരത്തെയോ വ്യായാമനടത്തത്തിൽ മുഷിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അരുമനായ്ക്കളെ കൂടെ കൂട്ടാം. ഒാമനകളുമായി കളിക്കുന്നതും അവയെ കുളിപ്പിക്കുന്നതും തീറ്റ നൽകുന്നതുമെല്ലാം അലസത മാറും; ഏകാന്തയും വിഷാദവും മാഞ്ഞുപോകും.

കുട്ടിക്കളിയല്ല

അരുമകളെ വളർത്തുന്നത് വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നു നാം പഠിക്കേണ്ടതുണ്ട്. ഉത്സാഹപൂർവം അരുമകളെ വാങ്ങിച്ച് ഏതാനും നാളുകൾക്കു ശേഷം അവ കടിച്ചെന്ന പറഞ്ഞുവരുന്നവരുണ്ട്. പുതിയൊരു ചുറ്റുപാടിലേക്ക് വരുമ്പോൾ അതുമായി ഇണങ്ങാൻ മൃഗങ്ങൾക്ക് സമയമെടുക്കും. ശരിയായ പെരുമാറ്റ ശീലങ്ങൾ അവരെ പഠിപ്പിച്ചെടുക്കണം; പ്രത്യേകിച്ച് നായകൾക്ക്. ആഹാര കാര്യത്തിലെന്നപോലെ അവരുടെ ശുചിത്വകാര്യങ്ങളിലും രോഗപ്രതിരോധത്തിലും അവഗണന കാണിക്കരുത്.

വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണെങ്കിൽ മാത്രം അരുമകളെ വളർത്തുവാൻ മുതിരുന്നതാണ് നല്ലത്. പ്രത്യേകിച്ചും ദീർഘകാലത്തേക്ക് പരിചരണം വേണ്ടിവരുന്ന നായകളെ ‌പോലുള്ള മൃഗങ്ങളെ. നായ്ക്കളെയാണ് വളർത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ ഉദ്ദേശം, സ്ഥസൗകര്യം എന്നിവ അനുസരിച്ച് ബ്രീഡിനെ തിരഞ്ഞെടുക്കണം. വീടിനകത്ത് വളർത്താൻ പോമറേനിയൻ, ഡാഷ്, പ്രായമായവർക്ക് സുരക്ഷയ്ക്കാണെങ്കിൽ റോട്ട്‌വീലർ, ജർമൻ ഷെപ്പേഡ്, കൂട്ടിനാണെങ്കിൽ ലാബ്രഡോർ...എന്നിങ്ങനെ തിരഞ്ഞെടുക്കാം.

കേരളത്തിൽ ഈയിടെയായി കാണുന്ന ഒരു ട്രെൻഡുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾ നായപ്രേമം മൂത്ത് നല്ല ബ്രീഡ് നായ്ക്കളെ വളർത്താൻ വാങ്ങും. ഉപരിപഠനത്തിനും മറ്റുമായി കുറച്ചുകഴിയുമ്പോൾ അവർ വീടുവിടും. പിന്നെ പ്രായമായ മാതാപിതാക്കളുടെ ബാധ്യതയാകും നായയെ വളർത്തുന്ന ഉത്തരവാദിത്തം. ഇഷ്ടമില്ലാതെ ഒാമനമൃഗങ്ങളെ വളർത്തുമ്പോഴാണ് അവയെ ഉപേക്ഷിക്കുന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.

രണ്ടാമത്തെ പ്രധാനകാര്യം, മൃഗങ്ങളെ മൃഗങ്ങളായി തന്നെ കാണുക, അവയുടെ സ്വഭാവപ്രത്യേകതകളെ പരിഗണിച്ച് പെരുമാറുക എന്നതാണ്. അവരുടെ മനശാസ്ത്രം മനസ്സിലാക്കാതെ നമ്മുടെ ശീലങ്ങൾ അവരിൽ അടിച്ചേൽപിക്കരുത്. പട്ടിക്ക് കണ്ണെഴുതിക്കൊടുക്കുക, ഉടുപ്പിടുവിക്കുക പോലെയുള്ള കാര്യങ്ങൾ അവർക്ക് അലോസരമുണ്ടാക്കും. മനുഷ്യരുടെ സോപ്പും ഷാംപൂവും പെർഫ്യൂമും ഒക്കെ മൃഗങ്ങൾക്ക് അസ്വാസ്ഥ്യമുളവാക്കാം.

∙ കുട്ടികളുള്ളവർ അരുമകളെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നു നാലു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സ്വയം നിയന്ത്രിച്ചു പെരുമാറാൻ കഴിയണമെന്നില്ല. ഒാമനകളെ തങ്ങളുടെ കളിപ്പാട്ടത്തെ പോലെ കരുതി എടുത്തെറിയാനും അടിക്കാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഈ പ്രായത്തിലുള്ള കുട്ടികൾ അരുമകളുമായി കളിക്കുമ്പോൾ മുതിർന്നവർ കൂടെ വേണം. പ്രത്യേകിച്ച് കൊച്ചുകുട്ടിയും കൊച്ചുപട്ടിയും ഒരുമിച്ചു വളരുമ്പോൾ ഇത്തരം ധാരാളം പ്രശ്നങ്ങളുണ്ടാകാം. മുതിർന്നകുട്ടികളാണെങ്കിൽ, അവർക്ക് താൽപര്യമുണ്ടെങ്കിൽ ഒാമനകളെ നോക്കാൻ പരിശീലിപ്പിക്കാം.

∙ മാനസിക–ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന ചില കുട്ടികൾക്ക് അരുമകളുടെ സാന്നിധ്യം വളരെ ഗുണകരമാകുമെന്നു കണ്ടിട്ടുണ്ട്. പക്ഷേ, ചില കുട്ടികൾക്ക് മൃഗങ്ങളെ കാണുന്നതേ പേടിയാകും. അതിനാൽ കുട്ടിക്ക് അരുമകളെ ഇഷ്ടമാണെങ്കിൽ മാത്രമേ വാങ്ങിനൽകാവൂ.

∙ അലർജിയും ആസ്മയുമൊക്കെ ഉള്ളവർ രോമം കുറഞ്ഞതരം അരുമകളെ വളർത്തുന്നതാണ് ആരോഗ്യത്തിനു നല്ലത്.

∙ ഒാമനകൾക്ക് ഉമ്മ വയ്ക്കുക, പട്ടിയേയും കുട്ടിയേയും ഒരേ ബെഡ്ഡിൽ ഉറങ്ങാൻ അനുവദിക്കുക പോലുള്ള ശീലമൊക്കെ ഇന്നു കണ്ടുവരുന്നുണ്ട്. സ്നേഹപ്രകടനങ്ങൾ ഏതുവരെ പോകാമെന്നത് വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അരുമകളിൽ നിന്നുള്ള രോഗപ്പകർച്ച തടയാൻ കഴിവതും പട്ടികൾക്ക് അവരുടേതായ ഒരു ഇടമുണ്ടാക്കി അവരുടെ തനിമയിൽ പാർപ്പിക്കുന്നതാണ് ഉത്തമം.

∙ വെള്ളെലി, മുയൽ, പക്ഷികൾ പോലെ ധാരാളം അരുമകളുണ്ടെങ്കിലും നായകളാണ് 100 ശതമാനം വീട്ടിൽ വളർത്താൻ അനുയോജ്യമായ മൃഗം. പൂച്ചകൾക്ക് പോലും വന്യമായ സ്വഭാവമുണ്ട്. ഭക്ഷണം കിട്ടിയില്ലെങ്കിൽ പോലും നായ യജമാനസ്നേഹത്തിൽ കുറവുകാണിക്കില്ല. ബാക്കിയുള്ള അരുമകൾ നമ്മൾ കൊടുക്കുന്ന അതേ അളവിൽ സ്നേഹവും തിരിച്ചറിയലും കാണിക്കണമെന്നില്ല.

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എസ്. സുനിൽ കുമാർ

ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ

drsunilkumarvet@yahoo.co.in

Tags:
  • Daily Life
  • Manorama Arogyam